sections
MORE

ഇരകളെല്ലാം കുടുംബത്തിന്റെ അത്താണികൾ; പകക്കനൽ ജീവനെടുക്കുമ്പോൾ...

HIGHLIGHTS
  • സമാനമായ അഞ്ചു സംഭവങ്ങളാണ് കഴിഞ്ഞ നാലു മാസത്തിനിടയിൽ റിപ്പോർട്ട് ചെയ്തത്
love-failure-leads-to-murder-continues-incidents-in-kerala
SHARE

പകക്കനൽ നീറിയെരിഞ്ഞു കൊലക്കളമൊരുക്കുന്ന പ്രവണത കേരളത്തിൽ തുടർച്ചയാകുന്നു. ആലപ്പുഴ വള്ളികുന്നത്തു വനിതാ സിവിൽ പൊലീസ് ഓഫിസറെ വെട്ടിവീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനു പുറമേ കൊലപാതക ശ്രമമുൾപ്പെടെ സമാനമായ അഞ്ചു സംഭവങ്ങളാണ് കഴിഞ്ഞ നാലു മാസത്തിനിടയിൽ റിപ്പോർട്ട് ചെയ്തത്.

കൃത്യം ഉറപ്പിക്കാൻ ‘പ്ലാൻ ബി’

ഇരയുടെ മരണം എങ്ങനെയും ഉറപ്പിക്കുക എന്ന മാനസികാവസ്ഥയിലായിരുന്നു ആക്രമണങ്ങളിൽ മിക്കതും. തിരുവല്ലയിലും വള്ളികുന്നത്തും നടന്ന ആക്രമണ രീതികളിൽ ഇത് വ്യക്തം. അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളിൽ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. ഏതുവിധത്തിലും കൊലപ്പെടുത്തണമെന്നു തീരുമാനിച്ചതിന്റെ സൂചനയാണിത്. മാസങ്ങൾക്കു മുൻപ് തിരുവല്ലയിൽ വിദ്യാർഥിനി കൊലചെയ്യപ്പെടുമ്പോഴും പ്രതി സമാന മാനസികാവസ്ഥ പ്രകടിപ്പിച്ചിരുന്നു. പെട്രോൾ, കത്തി, കയർ, ലൈറ്റർ എന്നിവ ഉൾപ്പെടെ എല്ലാ തയാറെടുപ്പുകളോടും കൂടിയാണ് പ്രതി എത്തിയത്. കുത്തിയോ വെട്ടിയോ ഇരയെ തളർത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ച രീതിയിലും സമാനതയുണ്ട്.

സൗമ്യയെ കൊല്ലാൻ മുൻപും ശ്രമം

വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നുണ്ടായ പകയാണ് വള്ളികുന്നത്തു വനിതാ സിവിൽ പൊലീസ് ഓഫിസർ സൗമ്യയുടെ കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. പൊലീസിലെ പരിശീലനകാലത്ത് ഇരുവരും സൗഹൃത്തിലായിരുന്നു. കടം വാങ്ങിയ ഒന്നരലക്ഷം രൂപ തിരികെ നൽകിയെങ്കിലും വാങ്ങാൻ തയ്യാറാകാതിരുന്ന അജാസ് സൗമ്യയെ വിഹാഹം കഴിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യ ഇതിനെ എതിർത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 

അജാസ് സൗമ്യയെ മുൻപും കൊല്ലാൻ ശ്രമിച്ചിരുന്നതായും സൗമ്യയുടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും ഇക്കാര്യം വള്ളികുന്നം എസ്ഐയെ അറിയിച്ചിരുന്നതായും സൗമ്യയുടെ അമ്മ പറയുന്നു. സൗമ്യയുടെ മകനും സമാനമായ മൊഴി പൊലീസിനു നൽകിയിട്ടുണ്ട്. തനിക്ക് എന്തെങ്കിലും പറ്റിയാൽ ഇക്കാര്യങ്ങൾ പൊലീസിനോട് പറയണമെന്ന് സൗമ്യ മകനോട് പറഞ്ഞിരുന്നത്രെ.

തിരുവല്ലയിലും വില്ലൻ പ്രണയം നിരസിച്ചത്

പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ പകതീർക്കാൻ വിദ്യാർഥിനിയെ തിരുവല്ല നഗരത്തിൽ പട്ടാപ്പകൽ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തിയത് 2019 മാർച്ച് 13 ന്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു(18)വാണു പ്രതി. 

പെൺകുട്ടിയെ വകവരുത്താൻ പെട്രോൾ, കത്തി, കയർ, ലൈറ്റർ എന്നിവ ഉൾപ്പെടെ എല്ലാ തയാറെടുപ്പുകളോടും കൂടിയാണ് പ്രതി എത്തിയതെന്ന് തെളിവെടുപ്പിൽ മനസിലായിരുന്നു. ഇതിനോട് ഏറെ സമാനമാണ് സൗമ്യയുടെ കൊലപാതകവും. കൊലനടത്താൻ ഒരു മാർഗം പരാജയപ്പെട്ടാൽ മറ്റൊന്നു വിജയിപ്പിക്കാനാണ് പ്രതി പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. 

കൊലപാതകശ്രമം നടത്തി അബുദാബിയിലേക്ക്

കൊച്ചി പനമ്പിള്ളിനഗറിൽ  പ്രണയാഭ്യർഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമം നടന്നത് 2019 മാർച്ച് 14 ന്. പാലക്കാട് തച്ചമ്പാറ പൂവത്തിങ്കൽ മനു(24)വാണു പ്രതി. സംഭവശേഷം അബുദാബിയിലേക്കു പോയ പ്രതിയെ പൊലീസ് ഒരു മാസത്തിനുശേഷം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു.

ടിക്ടോക് – പ്രണയം –  കൊലപാതകം

വിവാഹാഭ്യർഥന നിരസിച്ച എൻജിനീയറിങ് വിദ്യാർഥിനി തൃശൂർ ചിയ്യാരം മച്ചിങ്ങൽ നീതു(22)വിനെ വടക്കേക്കാട് കല്ലൂക്കാടൻ നിധീഷ് കുത്തിവീഴ്ത്തിയശേഷം തീവച്ചു കൊന്നത് 2019 ഏപ്രിൽ 4 ന്. ടിക് ടോക് സ്വാധീനവും ഇംഗ്ലിഷ് സിനിമകളുടെ ലഹരിയും ഉൾപ്പെടെ ദുരൂഹമായ പലതും ചർച്ചചെയ്യപ്പെട്ട സംഭവമായിരുന്നു ഇത്. വിവാഹത്തോളം എത്തിയ പ്രണയമായിരുന്നു ഇവിടെ തകർന്നു വീണത്.

വീട്ടിൽക്കയറി  കൊലപ്പെടുത്താൻ ശ്രമം

സൗഹൃദം ഒഴിവാക്കിയ യുവതിയെ കോട്ടയം മീനടം വട്ടക്കുന്ന് നെടുങ്ങോട്ട് ഷിൻസ് കൊലപ്പെടുത്താൻ ശ്രമിച്ചത്. 2019 മേയ് 28 ന്. യുവതിയുടെ വീട്ടിൽക്കയറി തലയിണകൊണ്ടു വായും മൂക്കും പൊത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം.

നഴ്സിങ് അസിസ്റ്റന്റ് ആക്രമിക്കപ്പെടുന്നു

വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് ചെങ്ങന്നൂർ സ്വദേശി പുഷ്പലത(39)യെ ആംബുലൻസിന്റെ മുൻ ഡ്രൈവർ കൊല്ലം ശാസ്താംപൊയ്ക റോഡുവിള വീട്ടിൽ നിഥിൻ വെട്ടിപ്പരുക്കേൽപിച്ചത് 2019 മേയ് 31. ആക്രമണത്തിൽ പുഷ്പലതയുടെ വലതുചെവിയുടെ പകുതി മുറിഞ്ഞുപോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA