sections
MORE

കൊച്ചിയില്‍ ഇങ്ങനെ ഒരു സിനഗോഗുണ്ട്... ആ കഥ ജോസഫായി പറയും

HIGHLIGHTS
  • കടവുഭാഗം സിനഗോഗിനെ വീണ്ടെടുത്ത വ്യക്തി
  • സിനഗോഗും പരിസരവും വിട്ടുപോകാൻ ജോസഫായിക്ക് തോന്നിയില്ല
SHARE

കൊച്ചിയിലെ സിനഗോഗ് എന്നു പറയുമ്പോൾ ആദ്യം മനസിലേക്ക് വരിക മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ് ആയിരിക്കും. കേരളത്തിലുള്ള വിരലിലെണ്ണാവുന്ന ജൂതരും അവരുടെ ഓർമകളും മട്ടാഞ്ചേരിയിൽ ഒതുങ്ങുന്നില്ല എന്നതാണ് യാഥാർഥ്യം. കൊച്ചിക്കായലിനപ്പുറവും മലയാളനാടിന്റെ സുരക്ഷിതത്വം തേടി ഇവിടെയെത്തിയവരുടെ പിൻഗാമികളുണ്ട്. അങ്ങനെയൊരാളെ ഷേണായീസ് തീയറ്ററിനു അടുത്തുള്ള ജൂതത്തെരുവിലെ കടവുഭാഗം സിനഗോഗിൽ കാണാം. പേര് ഏലിയാസ് ജോസഫായി. സിനഗോഗിന് തൊട്ടടുത്തായി അലങ്കാരമത്സ്യങ്ങളുടെ കട നടത്തുന്ന ഇദ്ദേഹത്തെ ബാബു എന്ന പേരിലാണ് സുഹൃത്തുക്കൾക്കും സഞ്ചാരികൾക്കും പരിചയം. നാമവശേഷമായിക്കൊണ്ടിരുന്ന കടവുഭാഗം സിനഗോഗിനെ വീണ്ടെടുത്ത വ്യക്തി എന്ന നിലയിലായിരിക്കും കാലം ഇനി ഏലിയാസ് ജോസഫായിയെ ഓർക്കുക. കാരണം, ആരും സംരക്ഷിക്കാതെ നാശത്തിന്റെ വക്കിലായിരുന്ന കടവുഭാഗം സിനഗോഗിനെ നവീകരിച്ചതിനു പിന്നിൽ ഇദ്ദേഹത്തിന്റെ വർഷങ്ങൾ നീണ്ട പരിശ്രമമുണ്ട്. 

അന്ന് നിറയെ ആളുകളുണ്ടായിരുന്നു

കടവുഭാഗം സിനഗോഗിലെ നീളൻ ബെഞ്ചിലിരുന്ന് ഓർമകൾ പങ്കുവയ്ക്കുകയാണ് ഏലിയാസ് ജോസഫായി. ‘‘ആ ബെഞ്ചിലാണ് അപ്പനും അനിയന്മാരും ഇരിയ്ക്കാറുള്ളത്,’’ തനിക്ക് അഭിമുഖമായി ഇട്ടിരിക്കുന്ന ബെഞ്ച് ചൂണ്ടി ഏലിയാസ് ജോസഫായി പറഞ്ഞു. ‘‘എണ്ണൂറു വർഷം പഴക്കമുള്ള സിനഗോഗ് ആണിത്. 1970കൾ വരെ ഇവിടെ നിറയെ ആളുകളുണ്ടായിരുന്നു. പ്രാർഥനകൾ നടന്നിരുന്നു. എന്റെ പിതാവ് മരിക്കുന്നത് ആ വർഷമാണ്. അദ്ദേഹം ഈ സിനഗോഗിന്റെ ഹസാൻ ആയിരുന്നു. അതിനുശേഷം പലരും ഇസ്രായേലിലേക്കു തിരിച്ചു പോയി. എന്റെ അനുജന്മാരും കുടുംബവും കേരളം വിട്ടു. അവർക്ക് കേരളത്തോട് പ്രത്യേകിച്ച് നൊസ്റ്റാൾജിയ ഒന്നും തോന്നിയിരുന്നില്ല,’’ ജോസഫായി ഓർക്കുന്നു. പക്ഷേ, തലമുറകളുടെ ഓർമകൾ പേറുന്ന സിനഗോഗും പരിസരവും വിട്ടുപോകാൻ ജോസഫായിക്ക് തോന്നിയില്ല. ചെറിയ കച്ചവടങ്ങളുമായി ജോസഫായി ഇവിടെ തന്നെ കൂടി. മുംബൈയിൽ നിന്ന് ഒഫേറയെ ജീവിതസഖിയാക്കി. 

Kadavumbagam-Synagogue

ഓർമകൾക്ക് നോ വയസ്

കുട്ടിക്കാലത്ത് അപ്പനൊപ്പമാണ് ഏലിയാസ് ജോസഫായി ആദ്യമായി മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ് കാണാൻ പോയത്. 1968ലായിരുന്നു അത്. അന്ന് ജോസഫായിക്കു പ്രായം 12. പരദേശി സിനഗോഗിൽ വിരിച്ചിട്ടുള്ള ചൈനീസ് ടൈലുകൾ കുഞ്ഞു ജോസഫായിയെ മോഹിപ്പിച്ചു. അവർ ആരാധനയ്ക്കായി ഒത്തുകൂടുന്ന കാവുഭാഗം സിനഗോഗിലും മട്ടാഞ്ചേരി സിനഗോഗിൽ ഉള്ളതുപോലെ ചൈനീസ് ടൈലുകൾ വിരിക്കണമെന്ന മോഹം മനസിൽ കയറിക്കൂടിയത് ആ യാത്രയിലാണ്. എന്നാൽ ആ ആഗ്രഹം സഫലമാകുന്നതിന് ജോസഫായിക്ക് പിന്നേയും നാലര ദശാബ്ദക്കാലം കാത്തിരിക്കേണ്ടി വന്നു. ആദ്യം സ്വന്തം കുടുംബത്തിന് കയറിക്കിടക്കാൻ ഉറപ്പും സുരക്ഷിതത്വവുമുള്ള ഒരു വീട് വേണമായിരുന്നു. അതു യാഥാർഥ്യമാകാൻ നീണ്ട വർഷങ്ങളുടെ അധ്വാനം വേണ്ടി വന്നു. എങ്കിലും അപ്പോഴൊന്നും സിനഗോഗിനെ ജോസഫായി കൈവിട്ടില്ല. നവീകരണ പദ്ധതികൾക്കായുള്ള ഭീമമായ തുക എങ്ങനെ കണ്ടെത്തണമെന്ന ചിന്തയായിരുന്നു എപ്പോഴും!

Jewish-synagogue

ആ അദ്ഭുതം സംഭവിച്ചു

ഡിസംബറിൽ ഞങ്ങൾക്ക് ഹനുഖ എന്നു പറയുന്ന ഉത്സവം ഉണ്ട്. 2014  ൽ നടന്ന ഹനുഖയിൽ വൈകുന്നേരം ഞാൻ വിളക്കു തെളിയിച്ചു സാധാരണ പോലെ പ്രാർഥിക്കുകയായിരുന്നു. പ്രാർഥന കഴിഞ്ഞ് എന്റെ മുന്നിലുള്ള വിളക്കിനു സമീപം ഇരിക്കുമ്പോൾ ഒരു ഉൾവിളി ഉണ്ടായി. മൂന്നു പേർ എന്റെ അന്വേഷിച്ച് നടക്കുന്നുണ്ട് എന്നൊരു തോന്നൽ. ഞാൻ പെട്ടന്നു തന്നെ പുറത്തുപോയി നോക്കിയപ്പോൾ മൂന്നു പേർ അവിടെ എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. അവരോട് ചോദിച്ചു നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത് ? ബാബുവിനെയാണ് അന്വേഷിക്കുന്നത് എന്ന് അവർ പറഞ്ഞു. സഞ്ചാരികളായെത്തിയ ഡോ. ആരി ഗ്രീൻസ്പാം, ഡോ. നെയ്തൻ, ആരി സൊവോതോഫ്സ്കി എന്നിവരായിരുന്നു എന്നെ അന്വേഷിച്ചെത്തിയത്. കേരളത്തിലെ ജൂതന്മാരുടെ കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. അതിനിടയിൽ സിനഗോഗ് നവീകരണവും വിഷയമായി കടന്നു വന്നു. ലോകമെമ്പാടുമുള്ള ജൂതന്മാരുടെ സഹകരണത്തോടെ ഈ സിനഗോഗ് നവീകരിച്ചെടുക്കുമെന്ന തീരുമാനത്തിലാണ് ആ സംഭാഷണം അവസാനിച്ചത്. 

Jewish-synagogue-10

വർഷങ്ങൾക്കു ശേഷമുള്ള സബാത്ത് 

നവീകരണം അൽപമെങ്കിലും തുടങ്ങാനായത് 2016ലായിരുന്നു. അതിനു നിമിത്തമായത് ഡോ. ആരി ഗ്രീൻസ്പാമിന്റെ ഒരു ഫോൺ കോളായിരുന്നു.  കടവുഭാഗം സിനഗോഗിൽ വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന സബാത്ത് ആചരിക്കാൻ ഒരു കൂട്ടം ജൂതന്മാരുമായി അദ്ദേഹം കൊച്ചിയിലേക്ക് എത്തുന്നു എന്നതായിരുന്നു വാർത്ത. സിനഗോഗിൽ ഏതെങ്കിലും തരത്തിലുള്ള പ്രാർത്ഥനകളോ ചടങ്ങുകളോ നടത്തണമെങ്കിൽ ചുരുങ്ങിയത് 10 മുതിർന്ന പുരുഷന്മാർ വേണം എന്നതാണ് ജൂതനിയമം. കേരളത്തിൽ അത്രയും ജൂതന്മാർ ഇല്ലാത്തതിനാൽ അത്തരം പ്രാർത്ഥനകളൊന്നും സിനഗോഗിൽ നടന്നിരുന്നില്ല. ഡോ. ആരിയുടെ ഫോൺ വരുമ്പോൾ തറയിലൂടെ എലികൾ ഓടി നടക്കുന്ന അവസ്ഥയിലായിരുന്നു സിനഗോഗ്. ഡോ. ആരി നിർദേശിച്ച ഒത്തുചേരലിനു മുൻപ് പ്രാഥമിക നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചു. അതിനു ലോകമെമ്പാടുമുള്ള ജൂതരുടെ ചെറിയ സഹായങ്ങളെത്തി. ഈറോഡ് നിന്ന് ജൂതനായ സാമുവൽ എന്ന വ്യക്തി അവരുടെ കമ്മ്യൂണിറ്റിയിൽ നിന്ന് വളണ്ടിയർമാരെ ഈ പണികൾക്കായി കൊച്ചിയിലേക്കയച്ചു. ഒന്നരലക്ഷം ബജറ്റ് പ്രതീക്ഷിച്ചിരുന്ന പണികൾ ഈ ഒത്തൊരുമയുടെ പിൻബലത്തിൽ 65000 രൂപയിൽ തീർന്നു. കോൺക്രീറ്റ് ചെയ്ത തറയിൽ ചുവന്ന പരവതാനി വിരിച്ച് ഡോ.ആരിയേയും സുഹൃത്തുക്കളെയും ജോസഫായി സ്വാഗതം ചെയ്തു. അങ്ങനെ, വർഷങ്ങൾക്കുശേഷം കടവുഭാഗം സിനഗോഗ് പ്രാർഥനകളാൽ മുഖരിതമായി. 

Jewish-synagogue-7

ചെട്ടിനാട് ടൈലുകൾ കൊച്ചിയിലേക്ക്

സബാത്തിനു ശേഷം ജൂതസുഹൃത്തുക്കൾ മടങ്ങിയതിനു ശേഷവും ജോസഫായി നവീകരണപ്രവർത്തനങ്ങൾ തുടർന്നു. കുട്ടിക്കാലത്ത് പരദേശി സിനഗോഗിൽ കണ്ട ചൈനീസ് ടൈലുകൾ പോലെ വളരെ അമൂല്യമായ ടൈലുകൾ കൊണ്ടായിരിക്കണം തന്റെ പൂർവികരുടെ സിനഗോഗ് അലങ്കരിക്കേണ്ടതെന്ന് ആഗ്രഹമായിരുന്നു ജോസഫായിയുടെ മനസിൽ. കൈകൊണ്ട് ചിത്രപ്പണികൾ ചെയ്ത അത്തരം ടൈലുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യണമെങ്കിൽ ഒട്ടേറെ കടമ്പകൾ കടക്കണമായിരുന്നു.ഈറോഡ് നിന്നുള്ള സാമുവൽ വീണ്ടും സഹായവുമായെത്തി. ചെട്ടിനാട് ടൈലുകളെ അദ്ദേഹം ജോസഫായിക്ക് പരിചയപ്പെടുത്തി. ചെട്ടിനാട് ടൈലുകളുടെ വർണവൈവിധ്യവും പഴയമയും സൗന്ദര്യവും ജോസഫായിയെ ആകർഷിച്ചു. അങ്ങനെ, ചെട്ടിനാട് ടൈലുകൾ കടവുഭാഗം സിനഗോഗിന്റെ ഭാഗമായി. 

Jewish-synagogue-9

വിളക്കുകൾക്കു പറയാനുണ്ട് കഥകൾ

സിനഗോഗിന് അകത്തേക്ക് കയറിയാൽ പല നിറങ്ങളിലുള്ള മനോഹരമായ ചില്ലുവിളക്കുകൾ കാണാം. മലപ്പുറംകാരൻ ബക്കറും ചെന്നൈയിൽ നിന്നുള്ള സ്വാമി ഹരിപ്രാസാദും സംഭാവന ചെയ്ത വിളക്കുകളാണ് കടവുഭാഗം സിനഗോഗിൽ വെളിച്ചം പരത്തുന്നത്. സിനഗോഗ് സന്ദർശിക്കാനെത്തിയ സ്വാമി ഹരിപ്രാസാദ് അദ്ദേഹത്തിന്റെ അമ്മയുടെ ഓർമയ്ക്കായി വിളക്കുകൾ നൽകാൻ തീരുമാനിക്കുകയായിരുന്നു. അതിനുള്ള ക്വട്ടേഷൻ ലഭിച്ചത് ബക്കർക്കായിരുന്നു. സ്വാമിയുടെ നിർദേശപ്രകാരം നൽകിയ വിളക്കുകൾക്കു പുറമെ കുറച്ചു വിളക്കുകൾ ബക്കറും സിനോഗിനു നൽകി. അങ്ങനെ, കടവുഭാഗം സിനഗോഗ് പഴയ പ്രൗഢിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. അതിന്റെ പൂർണതയ്ക്കായി, സെഫർ തോറ എന്നു വിളിക്കപ്പെടുന്ന ജൂതരുടെ വിശുദ്ധഗ്രന്ഥം 2018 ഡിസംബറിൽ ജോസഫൈൻ  ഇസ്രായേലിൽ പോയി കൊണ്ടു വന്നു. ഇപ്പോൾ കടവുഭാഗം സിനഗോഗ് പൂർണമായ അർത്ഥത്തിൽ ആരാധന നടത്താൻ സജ്ജമാണ്. പക്ഷേ, അതിനുള്ള ജൂതർ ഇവിടെയില്ല. എങ്കിലും ജൂതപാരമ്പര്യം പങ്കുവയ്ക്കുന്ന പൈതൃക സ്മാരകമായി ഈ സിനഗോഗ് സംരക്ഷിക്കപ്പെടണം എന്നാണ് ജോസഫായിയുടെ ആഗ്രഹം. 

story-of-kadavumbagam-synagogue-and-life-of-josephayi

സിനഗോഗ് ഇനി ആരു സംരക്ഷിക്കും

ഏലിയാസ് ജോസഫായിക്ക് ഇപ്പോൾ 63 വയസുണ്ട്. മക്കളൊക്കെ ഇസ്രായേലിലാണ്. ഇന്നല്ലെങ്കിൽ നാളെ അങ്ങോട്ടേക്ക് പോകേണ്ടി വരുമെന്ന് ജോസഫായിക്ക് അറിയാം. 'ഒരു ജൂതനായി ജീവിക്കാൻ കേരളത്തിൽ കഴിയില്ല. ഇവിടെ ഞങ്ങളുടെ ആളുകളില്ല.' ജോസഫായി പറയുന്നു. ' നമ്മുടെ പാരമ്പര്യം  ഒരു ദിവസം കൊണ്ട് പൊട്ടി മുളക്കുന്നതല്ല. അത് തലമുറകൾ കൈമാറിവരുന്നതാണ്. ഞാൻ എന്റെ ചെറുപ്പകാലം ആലോചിക്കുന്നതുകൊണ്ടാണ് ഈ കാര്യങ്ങൾ എല്ലാം കൊണ്ടുനടക്കുന്നത്. എന്തുകൊണ്ട് എന്റെ മക്കൾ ഇത് കാത്തുസൂക്ഷിക്കുന്നില്ല എന്നു ചോദിച്ചാൽ അവർക്ക് സന്തതിപരമ്പരകൾ ഉണ്ടാകണമെങ്കിൽ ഒരു ജൂതൻ തന്നെവേണം അതുകൊണ്ട് അവർ ഇസ്രായേലിലേക്ക് പോയി. എനിക്കും പോകേണ്ടി വരും. പക്ഷേ, ഇസ്രായേലിൽ പോയിട്ട് ഞാൻ എന്തു ചെയ്യാനാണ്?' ഉത്തരമില്ലാത്ത ഈ ചോദ്യത്തിൽ കുരുങ്ങിയാണ് ജോസഫായിയുടെ ദിവസങ്ങൾ മുന്നോട്ടു പോകുന്നത്. ഒന്നുറപ്പാണ്... ജോസഫായി കൊച്ചിയിൽ ഉള്ളിടത്തോളം കാലം കടവുഭാഗം സിനഗോഗ് തലയുയർത്തി തന്നെ നിൽക്കും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA