ADVERTISEMENT

വർഷങ്ങളായി സുജിത് കോഴിക്കോട് മലയാളികൾക്കു മുമ്പിലുണ്ട്. മിമിക്രിയിൽ തിളങ്ങി അവിടെ നിന്നു ബിഗ് സ്ക്രീനിലേക്കും മിനിസ്ക്രീനിലേക്കും ചേക്കറി. സുജിത് ചെയ്ത കഥാപാത്രങ്ങളിലൂടെയാണ് മലയാളികൾ അദ്ദേഹത്തെ തിരിച്ചറിയുന്നത്. മഞ്ഞുരുകും കാലത്തിലെ സുകേശനും പ്രളയം പ്രവചിക്കുന്ന ഭ്രാന്തനുമൊക്കെയായി സുജിത് കേരളക്കരയുടെ ശ്രദ്ധ പിടിച്ചുപറ്റി. കോഴിക്കോടൻ നർമത്തിന്റെ രസക്കൂട്ടുമായി മലയാളികളെ ചിരിപ്പിച്ച സുജിത്ത് കോഴിക്കോടിന്റെ വിശേഷങ്ങളിലൂടെ....

കലാരംഗത്തേക്കുള്ള വരവ്

അത് മിമിക്രിയിലൂടെ തന്നെ. എന്റെ ശബ്ദവും കുതിരവട്ടം പപ്പുച്ചേട്ടന്റെ ശബ്ദവും തമ്മിൽ സാമ്യം ഉണ്ടെന്ന് കൂട്ടുകാർ പറയുമായിരുന്നു. അങ്ങനെ കുതിരവട്ടം പപ്പുച്ചേട്ടനെ അനുകരിച്ച് തുടങ്ങി. നാട്ടിൽ 'പപ്പുവേട്ടൻ' എന്ന പേരും വീണു. ഒരിക്കൽ എന്റെ പരിപാടി കണ്ട കോഴിക്കോട്ടുകാരനായ പ്രസീദ് എന്നയാളാണ് പ്രഫഷണൽ മിമിക്രി ഗ്രൂപ്പിലേക്ക് കൂട്ടിക്കൊണ്ട് പോയത്. പിന്നീട്, എറണാകുളത്തെ ഒട്ടുമിക്ക പ്രഫഷണൽ ട്രൂപ്പുകളിലും അംഗമായി. രസിക, സെവൻസ്, ഗിന്നസ് എന്നിവ അവയിൽ ചില പ്രമുഖ ട്രൂപ്പുകളാണ്.

ക്യാമറയ്ക്ക് മുന്നിൽ

കെ.എസ്. പ്രസാദ് ചേട്ടൻ അവതരിപ്പിച്ചിരുന്ന ‘കോമഡിയും മിമിക്സും പിന്നെ ഞാനും’ എന്ന പ്രോഗ്രാമിലൂടെയാണ്. ക്യാമറയ്ക്ക് മുമ്പിൽ എത്തുന്നത്.മണ്ടനായ ഒരു വേലക്കാരൻ കഥാപാത്രം ആയിരുന്നു. പിന്നീട്, മഴവിൽ മനോരമയിലെ മറിമായം, തട്ടീം മുട്ടീം തുടങ്ങിയ സീരിയലുകളുടെ ഭാഗമായി. ഉപ്പും മുളകും എന്ന സീരിയലിലും അഭിനയിച്ചു.

മറക്കാനാവാത്ത 'സുകേശൻ '

ജോയ്സി സാർ മഴവിൽ മനോരമയിൽ ചെയ്ത മെഗാ ഹിറ്റ് സീരിയലായ ‘മഞ്ഞുരുകും കാല’ത്തിലെ സുകേശൻ എന്ന കഥാപാത്രമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. എല്ലാവരും എന്നെ തിരിച്ചറിയാൻ തുടങ്ങി. അതുപോലെ ശ്രദ്ധേയമായ കഥാപാത്രം ആയിരുന്നു ‘എന്ന് സ്വന്തം ജാനി’ സീരിയലിലെ മറിപ്പ് വാസു. ‘അളിയൻ Vs അളിയൻ’ എന്ന സീരിയലിലെ ഫാസിൽ ‘കറുത്ത മുത്ത്’ എന്ന സീരിയലിലെ പ്രകാശൻ. ഇവയെല്ലാം ഏറെ ജനപ്രീതി നേടിയ കഥാപാത്രങ്ങൾ ആണ്.

സിനിമയിലേക്ക്

ആദ്യ സിനിമയിലേക്കു വഴി തുറന്നത് സുഹൃത്ത് പ്രമോദ് നായർ ആണ്. അദ്ദേഹത്തിന്റെ ബന്ധു ആയിരുന്നു ‘പട്ടാളം’ സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയ റെജി നായർ. അദ്ദേഹം ‘ഒരുവൻ’ എന്ന സിനിമ ചെയതപ്പോൾ അതിൽ ഒരു വേഷം തന്നു. പിന്നീട്, ജോണി ആൻറണി സാറിന്റെ 'ഭയ്യാ ഭയ്യാ, ജോമോന്റെ സുവിശേഷം, രാജമ്മ @യാഹു, ഓറഞ്ച്, അലമാര എന്നീ സിനിമകളിൽ നല്ല വേഷങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു.

മറക്കാനാവാത്ത അനുഭവം

മുല്ലപ്പെരിയാർ ഡാം ഭീഷണിയാവുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ പ്രളയം പ്രവചിക്കുന്ന ഒരു വീഡിയോ ചെയ്തിരുന്നു. ഒരു ഭ്രാന്തന്റെ വേഷം ആയിരുന്നു. കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയത്ത് കേരളത്തെ പ്രളയം വിഴുങ്ങി. അതോടെ 'ഭ്രാന്തൻ' വീഡിയോ വൻവൈറലായി. ഭ്രാന്തന്റെ പ്രവചനം സത്യമായി എന്ന മട്ടിൽ അന്യസംസ്ഥാന ചാനലുകളിൽ വരെ വാർത്ത വന്നു. കലാ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം ആണത്.

sujith-kozhikode-1

പിന്നെ, അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ സന്തോഷം, ഈയിടെ ചെയ്ത 'മാനിഷാദ' എന്ന ഹ്രസ്വ ചിത്രം വമ്പൻ ഹിറ്റ് ആയി മാറിയതാണ്.ഒരു ദിവസം കൊണ്ട് രണ്ടു ലക്ഷം പേർ കണ്ട മാനിഷാദ ഇപ്പോഴും ഹിറ്റ് ആയി തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com