sections
MORE

കാൽ നഷ്ടമാക്കി കാൻസർ, നെഞ്ചോടു ചേർത്ത് ഭർത്താവ്; ഹൃദയം തൊടും കുറിപ്പ്

HIGHLIGHTS
  • 10-ാം ക്ലാസിൽ പഠിക്കുമ്പോൾ കാൽമുട്ടിൽ കാൻസർ വന്നു
  • അയാളുടെ സ്നേഹത്തിനു മുൻപിൽ ഞാൻ വീണു പോയി
fight-cancer-with-love-manjulekha-facebook-post-on-husband-love
ആനന്ദ് രാജും മ​ഞ്ജുലേഖയും
SHARE

ആത്മാർഥമായ സ്നേഹം കൊണ്ട് വിധിയെ വെല്ലുവിളിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. പോരായ്മകളോ ബലഹീനതകളോ ബാഹ്യസൗന്ദര്യമോ ഒന്നും ആ സ്നേഹത്തിനു മുൻപിൽ തടസ്സമാകില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കാൻസർ മഞ്ജുലേഖയുടെ കാൽമുട്ടുകളെ കീഴടക്കുന്നത്. സ്റ്റീല്‍ റാഡുകളുമായി മഞ്ജു ജീവിതത്തിലേക്ക് തിരച്ചു വന്നു. 

ഇതിനൊന്നും ആനന്ദ് രാജിന്റെ മനസ്സിലെ പ്രണയത്തെ തോൽപ്പിക്കാനായില്ല. വർഷങ്ങൾക്കുശേഷം തന്റെ പ്രണയം തുറന്നു പറഞ്ഞു. ആറു വർഷം പ്രണയിച്ചു. എതിര്‍പ്പുകളെ ഇല്ലാതാക്കി അവർ ഒന്നായി. വിവാഹശേഷം വിധി വീണ്ടും പരീക്ഷണങ്ങളുമായി എത്തി. ഇത്തവണ മഞ്ജുവിന്റെ കാൽ മുറിച്ചു മാറ്റേണ്ടി വന്നു. പക്ഷേ, വാത്സല്യത്തോടെ മഞ്ജുവിനെ നെഞ്ചിൽ ചേർത്തു പിടിച്ച് പോരാടാൻ ആനന്ദ് രാജ് മുൻപിൽ നിന്നു. 

മഞ്ജുലേഖ എന്ന അധ്യാപിക പങ്കുവച്ച തന്റെ ജീവിതകഥ സോഷ്യൽ ലോകം നെഞ്ചേറ്റുകയാണ്. ജീവിതം പോരാട്ടമാണെന്നും സ്നേഹിക്കുന്നവർ ഒപ്പമുണ്ടെങ്കിൽ എന്തും നേരിടാമെന്നും മഞ്ജു വിളിച്ചു പറുമ്പോൾ നെഞ്ചോടു ചേർത്ത് ആനന്ദ് ഒപ്പമുണ്ട്.

മഞ്ജുലേഖയുടെ കുറിപ്പ് വായിക്കാം; 

2008- ജനുവരി മാസം ഏഴാം തീയതി. രാവിലെ 10 മണിക്ക് എനിക്ക് ഒരു കോൾ വന്നു. പുതിയ നമ്പറിൽ നിന്നും. ആ കോൾ ഞാൻ അറ്റൻഡ് ചെയ്തു. അയാൾ എന്നോടു ചോദിച്ചു ‘മഞ്ജുലേഖ അല്ലേ.’ ഞാൻ ‘അതെ’ എന്നു മറുപടി നൽകി.

‘സുഖമാണോ’

സുഖമാണ്, നിങ്ങളാരാ?– ഞാൻ തിരിച്ചു ചോദിച്ചു.

അതിന് ഉത്തരമൊന്നും പറയാതെ അയാൾ എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ട് എന്നും പറഞ്ഞു. ഒരുനിമിഷം ഞാൻ ഞെട്ടിപ്പോയി. എന്നിട്ട് വീണ്ടും ചോദിച്ചു നിങ്ങൾ ആരാണ് എന്ന്.

സേവ്യർ ആണെന്നും ഒപ്പം പഠിച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു.

‘അങ്ങനെ ഒരു പേര് എനിക്ക് ഓർമ ഇല്ലല്ലോ’

‘നന്നായി ആലോചിച്ചു നോക്കൂ, പിടികിട്ടും’ എന്നു പറഞ്ഞ് അയാൾ ഫോൺ കട്ടാക്കി.

പിറ്റേദിവസം രാവിലെ അയാൾ വീണ്ടും വിളിച്ചു. ആരാണെന്ന് മനസ്സിലായോ എന്നു ചോദിച്ചു. നിങ്ങൾ പറയുന്ന പേരിലുള്ള ഒരാളെ എനിക്ക് അറിയില്ല. എന്റെ കൂടെ പഠിച്ചിട്ടില്ല എന്നു ഞാൻ പറഞ്ഞു. അയാൾ നല്ല മലയാളം സംസാരിക്കുന്നുണ്ടായിരുന്നു. എന്റെ കുടുംബത്തിലുള്ള ആരെങ്കിലും വിളിച്ച് പറ്റിക്കുന്നതാവും എന്നു ഞാൻ കരുതി. ആരാണെന്നു സത്യം പറയാനും എന്ത് അറിഞ്ഞിട്ടാണു വിവാഹം കഴിക്കണമെന്നു പറഞ്ഞതെന്നും ചോദിച്ചു.

‘‘എനിക്ക് എല്ലാം അറിയാം. നീ 10-ാം ക്ലാസിൽ പഠിക്കുമ്പോൾ കാൽമുട്ടിൽ കാൻസർ വന്നു. മുഴുവനും എടുത്തു കളഞ്ഞിട്ട് സ്റ്റീൽ റാഡ് ഇട്ടിട്ടുണ്ട്. ഒരു വർഷം പഠനം ഉപേക്ഷിച്ചു. വീണ്ടും പഠിച്ചു എംഎസി പൂർത്തിയാക്കി. ഇപ്പോൾ കാഞ്ചീപുരത്ത് സർക്കാർ സ്കൂളിൽ പിജി ടീച്ചറായി ജോലി ചെയ്യുന്നു.’’ 

ഞാൻ ഞെട്ടി. എന്നെക്കുറിച്ച് ഇത്രയും കാര്യങ്ങൾ അറിയാം. ആരാണെന്നു ഞാന്‍ വീണ്ടും ചോദിച്ചു. ഞാൻ ആരാണെന്ന് അറിഞ്ഞാൽ ഫോൺ കട്ട് ചെയ്യരുത്. സംസാരിക്കണം എന്ന് അയാൾ പറഞ്ഞു. ഞാൻ സമ്മതിച്ചു.

അയാളുടെ യഥാർഥ പേര് ആനന്ദരാജ്. എന്റെ വീടിനടുത്തു നിന്ന് ഒന്നര കിലോമീറ്റർ അകലെ താമസം. എന്നെക്കുറിച്ച് എങ്ങനെ ഇത്രയും കാര്യങ്ങൾ അറിയാം എന്നു ഞാൻ ചോദിച്ചു. 

‘‘സ്കൂളിൽ പഠിക്കുന്ന സമയം തൊട്ടു കാണാൻ തുടങ്ങിയതാണ്. എനിക്ക് നിന്നെ ഇഷ്ടമാണ്. വിവാഹം കഴിക്കാൻ താൽപര്യമുണ്ട്. 

‘‘എനിക്ക് സ്നേഹിക്കാനും വിവാഹം കഴിക്കാനും പറ്റില്ല. നല്ലൊരു സുഹൃത്താവാം. സംസാരിക്കാം.’’

‘‘നീ സുഹൃത്തായി സംസാരിച്ചോളൂ. ഞാനൊരു കാമുകിയോട് സംസാരിക്കുന്നതുപോലെ സംസാരിക്കും. എന്നെങ്കിലും നിനക്ക് എന്നോട് ഇഷ്ടം തോന്നിയാൽ പറഞ്ഞാൽ മതി.’’

ആറു മാസങ്ങൾക്കു ശേഷം അയാളുടെ സ്നേഹത്തിനു മുൻപിൽ ഞാൻ വീണു പോയി. വിവാഹം കഴിക്കാൻ ഒരുപാട് തടസങ്ങളുണ്ട്. ജാതി, മതം. പിന്നെ, എനിക്ക് ഒരു അനിയത്തിയും ഉണ്ട്. ഇതെല്ലാം അദ്ദേഹത്തോടു ഞാൻ പറഞ്ഞു. 

‘‘ഒളിച്ചോടി വിവാഹം കഴിക്കുന്നതിനോട് എനിക്കും താൽപര്യമില്ല. എന്നെങ്കിലും നിന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ വിവാഹം കഴിക്കാം.’’ ഞാന്‍ സമ്മതിച്ചു.

അയാൾ വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. ഒരു വർഷത്തിനുശേഷമാണ് എന്നെ കാണാൻ വരുന്നത്. ശബ്ദം മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ. ആദ്യമായി കാണാൻ പോകുന്ന ആകാംഷയിലാണ് ഞാൻ.

അന്നു വൈകുന്നേരം മൂന്നു മണിയോടുകൂടി എന്നെ കാണാൻ 850 കിലോമീറ്റർ ദൂരം കടന്നു വന്നു. സ്കൂളിൽ വച്ചായിരുന്നു കാണുന്നത്. കണ്ടപ്പോൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എന്തുപറ്റി എന്നു ചോദിച്ചപ്പോൾ ഒന്നുമില്ലെന്നും ഒരുപാടു വർഷങ്ങൾക്കുശേഷം കണ്ട സന്തോഷമാണെന്നും പറഞ്ഞു.

10 മിനിറ്റേ സമയം ഉള്ളൂ. രണ്ടുപേരും പരസ്പരം സംസാരിച്ചു. അയാൾക്ക് ഇറങ്ങാനുള്ള സമയമായി. 

‘ഞാനിറങ്ങുന്നു’

‘ശരി’ 

അയാൾ എന്നെ കെട്ടിപ്പിടിച്ചു. നെറുകയിൽ ഒരു ചുംബനം തന്നു. എനിക്ക് ആദ്യമായി കൊണ്ടുവന്ന സമ്മാനം ഒരു പെർഫ്യൂം ആയിരുന്നു.

അങ്ങനെ ഞങ്ങളുടെ പ്രണയം മൂന്നാം വർഷത്തിലേക്ക് അടുത്തു. അദ്ദേഹത്തിനു വന്ന വിവാഹാലോചനകൾ ഉപേക്ഷിച്ച് എനിക്കു വേണ്ടി കാത്തിരുന്നു. മകളെ വിവാഹം കഴിച്ചു തരാമോ എന്ന് അയാൾ എന്റെ അച്ഛനോടു ചോദിച്ചു. ഒരിക്കലും സമ്മതിക്കില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. മറ്റൊരാളെ വിവാഹം ചെയ്തു കൂടെ എന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചു. 

‘എത്രകാലം വേണമെങ്കിലും നിനക്കുവേണ്ടി കാത്തിരിക്കും. വിവാഹം കഴിക്കാനാണ് സ്നേഹിച്ചത്. എന്റെ ഭാര്യയായി നീ ജീവിക്കാൻ‍ വേണ്ടി. അല്ലാതെ കളഞ്ഞിട്ടു പോകാനല്ല’ എന്നായിരുന്നു മറുപടി. എന്റെ കണ്ണു നിറഞ്ഞു.

ഞങ്ങൾക്ക് 6 വർഷം കാത്തിരിക്കേണ്ടി വന്നു. അവസാനം വിവാഹം കഴിച്ചു തന്നു. ചെറിയ ചെറിയ വഴക്കുകൾ ഉണ്ടായാലും സന്തോഷത്തോടെ ആയിരുന്നു ഞങ്ങളുടെ ജീവിതം. പക്ഷേ ഒന്നര വർഷങ്ങൾക്കുശേഷം എന്റെ ജീവിതം ആകെ മാറി മറിഞ്ഞു. 

ഒരു ദിവസം കാലിൽ വേദനയുണ്ടായി. കാലു നിലത്തുവയ്ക്കാനാവാത്ത അവസ്ഥ. ചെന്നൈയിലായിരുന്നു ചികിത്സ. എല്ലാരും കൂടി ആശുപത്രിയിലെത്തിച്ചു. കാലിൽ ഇൻഫെക്ഷൻ ആയിട്ടുണ്ടെന്നു പരിശോധനയ്ക്കുശേഷം ഡോക്ടർ പറഞ്ഞു.

കാലു തുറന്ന് ക്ലീൻ ചെയ്ത് റാഡ് മാറ്റണം. ശസ്ത്രക്രിയ കഴിഞ്ഞു വീട്ടിലെത്തി. 10 ദിവസം കഴിഞ്ഞപ്പോൾ വീണ്ടു വല്ലാതെ വേദന തോന്നി. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാം എന്നു തീരുമാനിച്ചു.

ഇൻഫെക്ഷൻ ആയിട്ടുണ്ടെന്നും വ‍‍ൃത്തിയാക്കണമെന്നും ആ ഡോക്ടറും പറഞ്ഞു. എന്നാൽ ഒരു പ്രാവശ്യം മാത്രമേ ചെയ്യാനാവൂ എന്നും പരമാവധി ശ്രമിക്കാമെന്നും ഡോക്ടർ. ആ ഓപ്പറേഷനും വിജയിച്ചില്ല. അവസാനം എനിക്ക് ഒരു കാൽമുഴുവനും കളയേണ്ടി വന്നു.

അപ്പോഴും ആദ്യം തന്ന വാത്സല്യത്തോടെ എന്നെ നെഞ്ചോടു ചേർത്തു പിടിച്ചു നിറകണ്ണുകളോടെ നിൽക്കുന്ന എന്റെ ചേട്ടനെ കണ്ടു. എത്ര വിഷമം തോന്നിയാലും എന്റെ മുമ്പിൽ നിന്ന് ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കില്ല. തകർന്നു പോയി എന്നു കരുതിയ എന്റെ ജീവിതം ‘ഒരിക്കലും തകരില്ല’ എന്നു പറഞ്ഞ് ഉയർത്തിപ്പിടിച്ചു ആ പാവം മനുഷ്യൻ.

ഇപ്പോൾ എനിക്ക് വെപ്പു കാലുണ്ട്. ‍ഞാൻ നടക്കുന്നുണ്ട്, സ്കൂളിൽ പോകുന്നുണ്ട്. എന്റെ അച്ഛനായും അമ്മയായും ഒരു നല്ല ഭര്‍ത്താവായും അദ്ദേഹം കൂടെയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA