ADVERTISEMENT

വെയിൽ തിളയ്ക്കുമ്പോൾ ആലുവയിൽ ദേശീയപാതയോരത്താണ് അഫ്സറിനെ (ശരിയായ പേരല്ല) കണ്ടത്. 18 വയസ്സേയുള്ളൂ. ബംഗാൾ സ്വദേശി. 2 വർഷമായി കേരളത്തിലെത്തിയിട്ട്. തലയ്ക്കു മീതെ കാക്കത്തണൽ പോലുമില്ലാതെ, ചുട്ടുപഴുത്ത ടാറിലേക്കിറങ്ങിയാണു നിൽപ്. കയ്യിൽ ‘ഹോട്ടൽ’ എന്നെഴുതിയ ബോർഡ്. റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്കു മുന്നിൽ ബോർഡ് കാട്ടി ശ്രദ്ധയാകർഷിക്കുക, വാഹനം ഒതുക്കിയാൽ ഹോട്ടൽ കാട്ടിക്കൊടുത്തു പാർക്കിങ് ഒരുക്കുക. ഇതാണു ജോലി. ‘ഇതു മാത്രമാണോ ജോലി’ എന്നു ചോദിച്ചപ്പോൾ ‘‘രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഇതാണു ജോലി, ഇടവേളകളിൽ ഹോട്ടലിലെ ജോലികളും ചെയ്യണം’’ എന്നായിരുന്നു മറുപടി. രാവിലെ 7 മുതൽ പാതിരാത്രി ഒരു മണി വരെ ജോലി നീളും. ശമ്പളം 10,000 രൂപ. ഈ ജോലിയിൽ തൃപ്തനാണോ എന്ന ചോദ്യത്തിന് ഒരു വരണ്ട ചിരിയായിരുന്നു മറുപടി. തിരികെ നടക്കുമ്പോൾ അഫ്സർ പിന്നാലെ ഓടിവന്നു ചോദിച്ചു,

‘‘ഭായി സാബ്, ആപ്കേ പാസ് മേരേ ലിയേ കോയി ഓർ കാം ഹേ?’’ അഫ്സർ വെറും ഒരു മുഖമല്ല, നഗരത്തിലെ പാതയോരങ്ങളിൽ ജീവിതം കരിച്ചു കളയുന്ന വലിയ സംഖ്യയിലെ ഒരക്കം മാത്രമാണ്. ഏറ്റവും ദയനീയമായ തൊഴിൽസാഹചര്യത്തെ നിവൃത്തികേടു കൊണ്ടു മാത്രം സ്വീകരിക്കേണ്ടി വരുന്ന ‘മനുഷ്യ ബോർഡുകളിൽ’ ഒരാൾ മാത്രം.

എന്തുകൊണ്ട് മനുഷ്യബോർഡ്?

ഉത്തരം ലളിതമാണ്. വഴിയോരത്തുനിന്നു സ്ഥാപനങ്ങളുടെ ബോർഡുകൾ അപ്രത്യക്ഷമാവുകയാണ്. കോടതിയുത്തരവു പ്രകാരം ഇത്തരം ബോർഡുകൾക്കെതിരെ കർശന നടപടിയാണു നഗരസഭയും മറ്റു തദ്ദേശഭരണ സ്ഥാപനങ്ങളും സ്വീകരിക്കുന്നത്. റോഡിൽനിന്ന് 50 മീറ്റർ മാറിയേ സ്ഥാപനങ്ങളുടെ ബോർഡുകൾ സ്ഥാപിക്കാൻ വ്യവസ്ഥയുള്ളു. മിക്ക റോഡുകളുടെയും നിലവാരവും വീതിയും കൂടി. വാഹനങ്ങൾക്കു വേഗവും. ഇതോടെ വഴിയോരത്തുള്ള ഹോട്ടലുകൾ യാത്രക്കാരുടെ കണ്ണിൽപ്പതിയാൻ വേണ്ട സ്വാഭാവിക സമയം ലഭിക്കാതെയായി. ഹോട്ടൽ തുറന്നു വച്ചിട്ട് ആളെത്തിയില്ലെങ്കിൽ എന്തു ചെയ്യും? ഈ പ്രതിസന്ധിക്ക് ആരുടെയോ തലയിൽ വിരിഞ്ഞ പരിഹാരമാകണം വഴിയോരത്തെ മനുഷ്യ ബോർഡുകൾ.

അന്നമാണ് പ്രശ്നം

ബോർഡുമായി നിരത്തിലിറങ്ങുന്ന മിക്കവരും താമസിക്കുന്നതു തന്നെ ഭക്ഷണശാലകളിലാണ്. എന്നാൽ കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നവരുടെ എണ്ണമാകട്ടെ വളരെക്കുറവ്. ഈ ജോലി ചെയ്യുന്ന മലയാളികൾ മിക്കവരുടെയും തൊഴിൽസാഹചര്യങ്ങൾ തമ്മിൽ ഭേദമാണ്. എന്നാൽ ഇതര സംസ്ഥാനക്കാരിൽ പലർക്കും ഭക്ഷണ സമയം കഴിഞ്ഞു ‘ഹോട്ടൽ’ ബോർഡ് താഴെ വച്ച ശേഷം മാത്രമേ വയറു നിറയ്ക്കാനാവാറുള്ളൂ. ഇതിൽ ഇവർക്കു പരാതിയുമില്ല, കാരണം ഭക്ഷണമല്ലല്ലോ, തൊഴിലല്ലേ പ്രധാനം!

എങ്ങനെ നടപടിയെടുക്കും

ഈ ആശയക്കുഴപ്പത്തിലാണു പ്രധാനമായും ലേബർ വകുപ്പ്. കർശന നടപടിയെടുത്താൽ തൊഴിലാളിയുടെ ഉള്ള പണി പോകും. കാണുന്നവർക്കിത് അടിമപ്പണി ആണെങ്കിലും മിക്ക തൊഴിലാളികളുടെയും അവസാന ആശ്രയമാകും ഇത്തരം ജോലികൾ. അതു കൊണ്ടു തന്നെ പ്രധാനമായും തൊഴിൽസാഹചര്യം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകാനേ ലേബർ വകുപ്പിനു കഴിയാറുള്ളൂ. നല്ല വെയിലുള്ളപ്പോൾ കുടയില്ലാതെ ഇവരെ തെരുവിൽ നിർത്തരുതെന്നു വകുപ്പു നിർദേശം നൽകിയിരുന്നു. പലരും പാലിക്കാറില്ലെന്നു മാത്രം.

ശബളം

മലയാളി – പ്രതിമാസം: 12000–15000,

പ്രതിദിനം: 400–500

ഇതരസംസ്ഥാനക്കാരൻ – പ്രതിമാസം– 7,500–12,00

പ്രതിദിനം–250–400

നിയമവശം

അന്തസ്സായി ജോലി നോക്കാനുള്ള തൊഴിൽസാഹചര്യം നിഷേധിക്കുന്നതു ഭരണഘടനയുടെ ആർട്ടിക്കിൾ 21 നൽകുന്ന അവകാശം ഹനിക്കുന്നു. ജോലി സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ കർത്തവ്യം തൊഴിൽവകുപ്പിന് ഇക്കാര്യത്തിൽ ഇടപെടാൻ കഴിയും.

തണൽ, ആവശ്യാനുസരണം കുടിക്കാൻ ജലം, ഭക്ഷണം എന്നിവയെല്ലാം തൊഴിലാളിക്കു ലഭിക്കുന്നു എന്നുറപ്പു വരുത്തേണ്ടതും അധികൃതരുടെ ഉത്തരവാദിത്തം.

ആരോഗ്യവശം

ദിവസവും മണിക്കൂറുകൾ നീളുന്ന നിൽപു മൂലം വിവിധ രോഗങ്ങൾക്കു സാധ്യത.

വെരിക്കോസ് വെയ്ൻ മുട്ടിനു തേയ്മാനം നടുവേദന കഠിന സാഹചര്യങ്ങളിലെ ജോലിയെ തുടർന്നുള്ള മാനസിക പ്രയാസങ്ങൾ, 

മരവിപ്പ് വെയിലിൽ ഏറെ സമയം ജോലി ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന ത്വക് രോഗങ്ങൾ ഭക്ഷണക്രമം, ജല ഉപഭോഗം എന്നിവ താളം തെറ്റുന്നതിനാലുള്ള രോഗങ്ങളും പ്രശ്നങ്ങളും

(വിവരങ്ങൾക്ക് കടപ്പാട്: ഡോ. പി.ജെ.സിറിയക്, ആർഎംഒ, എറണാകുളം ജനറൽ ആശുപത്രി)

ഞാനില്ല, നിങ്ങളോ?

ആളുകളെ വിളിച്ചു കയറ്റേണ്ടി വരുന്നതു സ്ഥാപനത്തിന്റെ പോരായ്മയാണു കാണിക്കുന്നതെന്നാണു തികച്ചും വ്യക്തിപരമായ അഭിപ്രായം. ഞാനാണെങ്കിൽ ഒരിക്കലും അത്തരമൊരു സ്ഥാപനത്തിൽ ഭക്ഷണം കഴിക്കാൻ കയറില്ല. ഹോട്ടലുകൾക്കു മുന്നിലെ ‘മനുഷ്യ ബോർഡുകൾ’ ഒട്ടും ആശാസ്യകരമായ പ്രവണതയല്ല. ഇത്തരം നടപടികൾ ഒഴിവാക്കണം എന്ന് അസോസിയേഷൻ 2 മാസം മുൻപും ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ആളെ നിയോഗിക്കുന്നതു കൊണ്ട് എവിടെയെങ്കിലും കച്ചവടം കൂടുന്നതായും അറിയില്ല. വിവിധ സ്ഥാപനങ്ങൾ തമ്മിൽ ആരോഗ്യകരമല്ലാത്ത മത്സരാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു എന്ന പോരായ്മയും ഇത്തരം നടപടികൾക്കുണ്ട്.

അസീസ് മൂസ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്

മനുഷ്യാവകാശ ലംഘനം

നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് ഇത്തരം ‘മനുഷ്യ ബോർഡുകളി’ലൂടെ വെളിവാകുന്നത്. മറ്റു തൊഴിലുകൾ കിട്ടാനില്ലാത്ത ഒരുവന്റെ ദയനീയാവസ്ഥയാണിവിടെ ചൂഷണം ചെയ്യുന്നത്. പലരും തുച്ഛമായ ശമ്പളത്തിനാണു വെയിലും മഴയും കൊണ്ടു വഴിയരികിൽ നിൽക്കുന്നത്. കൃത്യ സമയത്തു ഭക്ഷണം പോലും ലഭിക്കാതെ ഈ ജോലി നോക്കേണ്ടി വരുന്നവരുണ്ട്. ഇതര സംസ്ഥാനത്തൊഴിലാളികളാണെങ്കിൽ നിശബ്ദം ഇതെല്ലാം സഹിച്ചു ജോലി നോക്കും. ഇതു കൊണ്ടാണ് ഈ രംഗത്തു കൂടുതലും ഭായിമാരെ കാണാൻ സാധിക്കുന്നത്. കുറച്ചുകാലം മുൻപു മനുഷ്യാവകാശ കമ്മിഷൻ ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. വെയിലും മഴയുമേൽക്കാതെ ഇവർ ജോലി ചെയ്യുന്നു എന്നുറപ്പു വരുത്താനും കമ്മിഷൻ നിർദേശിച്ചിരുന്നു. എന്നാൽ പതിവു പോലെ ചെറിയ ഇടവേളയ്ക്കു ശേഷം എല്ലാം പഴയപടിയായി.

പി.എ.പ്രേം ബാബു മനുഷ്യാവകാശപ്രവർത്തകനും എറണാകുളം ജനാധിപത്യ സംരക്ഷണ വേദി പ്രസിഡന്റും

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com