sections
MORE

ഉള്ളിലെ കലയാണ് നിഷാദിന്റെ ശബ്ദം!

HIGHLIGHTS
  • നിരവധി വേദികളിൽ വൺമാൻ ഷോ അവതരിപ്പിക്കുന്നുണ്ട്
  • ഗവ.എൽപി സ്കൂളിൽ താൽക്കാലിക ഡ്രോയിങ് ടീച്ചറാണ്
nishad-poochakkal-imitating-movie-stars
നിഷാദ് നടന്മാരായ ജഗതി, പ്രേംനസീർ എന്നിവർ തയ്യൽ ജോലി ചെയ്യുന്നത് അനുകരിക്കുന്നു.
SHARE

നിഷാദ് പറഞ്ഞുകൊണ്ടേയിരിക്കും, ചില ശബ്ദങ്ങളല്ലാതെ വാക്കുകൾ പൂർണമായുണ്ടാകില്ല. ഒരു ശ്രവണ സഹായി കാതില്‍ പിടിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായൊന്നും കേൾക്കുകയുമില്ല. എങ്കിലും വേദികളിൽ അനുകരണകലയുമായി ഉലകം ചുറ്റുകയാണ് നിഷാദ് പൂച്ചാക്കൽ. അനുകരണം ശബ്ദത്തിൽ ഇല്ലെന്നേയുള്ളൂ; ഉടൽ നിറയെയുണ്ട് നിഷാദിന്.

വീടുകൾ തോറും നടന്ന് ആക്രി പെറുക്കിവിറ്റ് ഉപജീവനം നടത്തിയിരുന്ന പൂച്ചാക്കൽ നിഷാദ് മൻസിലിൽ ഷിഹാബുദീന്റെയും വീട്ടമ്മയായിരുന്ന നബീസയുടെയും മക്കളായ നിഷാദിനും നിജാസിനും ജന്മനാ ശബ്ദവും കേൾവിയും അന്യമായിരുന്നു. ഇരുവരും പത്താം ക്ലാസുവരെ പഠിച്ചു. പുസ്തകം നോക്കി എഴുതിപ്പഠിക്കാൻ പറയുമ്പോൾ നിഷാദ് പുസ്തകത്തിലെ ചിത്രങ്ങൾ മുതൽ അക്ഷരങ്ങൾ വരെ സ്വന്തം ബുക്കിൽ പകർത്തിയാണ് പഠിച്ചിരുന്നത്. ചിത്രങ്ങൾ പഠിക്കാനുള്ളതല്ലെന്ന് എത്ര പറഞ്ഞിട്ടും അവനു മനസ്സിലായില്ല. പക്ഷേ, നിഷാദ് വളർന്നപ്പോൾ ഉപജീവനത്തിന് ആ ചിത്രരചന ഉപകരിച്ചു. പെരുമ്പളം ഗവ.എൽപി സ്കൂളിൽ താൽക്കാലിക ഡ്രോയിങ് ടീച്ചർ കൂടിയാണ് നിഷാദ്.

ടിവിയിൽ എപ്പോഴും ക്രിക്കറ്റ് മാത്രം കാണുന്ന കുട്ടിയായിരുന്നു നിഷാദ്. ക്രിക്കറ്റിലെ മറ്റു ബഹളമൊന്നും കേൾക്കാൻ കഴിയാത്തതിനാൽ ഓരോ ക്രിക്കറ്റ് താരത്തിന്റെയും ശരീരഭാഷ പഠിക്കലായിരുന്നു അവന്റെ വഴി. അതിൽ നൂറു മാർക്ക് കിട്ടിയപ്പോൾ നാട്ടിലെ ക്ലബിന്റെ ഓണാഘോഷത്തിന് നാലാം ക്ലാസുകാരനായ നിഷാദ് ആദ്യമായി മിമിക്രി അവതരിപ്പിച്ചു. തുടർന്ന്, ഒട്ടേറെ വേദികൾ. ചില ടിവി പരിപാടികളിലും നിഷാദ് പ്രത്യക്ഷപ്പെട്ടു.

nishad-poochakal-2
കെ.പി ഉമ്മറിനെയും ആശോകനെയും അനുകരിക്കുന്ന നിഷാദ്

അർബുദബാധയെത്തുടർന്ന് പത്തു വർഷം മുൻപ് ബാപ്പ മരിച്ചപ്പോൾ നിഷാദും ഉമ്മയും കൂടി പൂച്ചാക്കലിനു സമീപം ഒരു പെട്ടിക്കട തുറന്നു. നിഷാദ് തയ്യലും തുടങ്ങി.

അതിനിടയിൽ, മഴവിൽ മനോരമ ഉൾപ്പെടെ ചില ചാനലുകളിലെ കോമഡി പരിപാടികളിൽ നിഷാദിന്റെ മൂകാനുകരണം ശ്രദ്ധിക്കപ്പെട്ടു. ചലച്ചിത്രതാരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളും വ്യത്യസ്ത ജോലികൾ ചെയ്യുന്നതെങ്ങനെയാകുമെന്ന കൗതുകമാണ് നിഷാദിന്റെ പ്രധാന നമ്പർ. (ഇതോടൊപ്പമുള്ള ചിത്രത്തിൽ കാണുന്നത് വ്യത്യസ്ത താരങ്ങൾ നിഷാദിന്റെ തൊഴിലായ തയ്യൽ ജോലി ചെയ്താൽ എങ്ങനെയാകുമെന്ന അവതരണമാണ്)

ഇപ്പോൾ കേരളത്തിലെമ്പാടും നിരവധി വേദികളിൽ വൺമാൻ ഷോ അവതരിപ്പിക്കുന്നുണ്ട്. കുവൈറ്റ്, ദുബ‍ായ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ പരിപാടികളിലും പങ്കെടുത്തു. അടുത്തു തന്നെ ഓസ്ട്രേലിയയിൽ പോകാനാകുമെന്ന സന്തോഷവും നിഷാദിനുണ്ട്.  ജുമൈലത്ത് ആണ് നിഷാദിന്റെ ഭാര്യ. മക്കൾ ഫിദ ഫാത്തിമയും ഫഹദും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA