ADVERTISEMENT

മലയാള സീരിയൽ രംഗത്തെ മുൻനിര നായികമാരിൽ ഒരാൾ ആണ് സോണിയ ശ്രീജിത്ത്. ‘മകളുടെ അമ്മ, ചക്രവാകം, പറയിപെറ്റ പന്തിരുകുലം, ഓട്ടോഗ്രാഫ്, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി’ എന്നിവയാണ് സോണിയയുടെ പ്രധാന സീരിയലുകൾ. ഇപ്പോൾ, ഭർത്താവ് ശ്രീജിത്തിനും ക്രിസ്സിനും ഒപ്പം അബുദാബിയിലാണ് സോണിയ. സീരിയൽ ഓർമകൾ താരം പങ്കുവയ്ക്കുന്നു.

‘‘കുട്ടിക്കാലം മുതൽക്കെ ഞാൻ കലാരംഗത്ത് ഉണ്ടായിരുന്നു. മൂന്നാം വയസ്സു മുതൽ ശാസ്ത്രീയമായി നൃത്തം പഠിച്ചു തുടങ്ങി.സ്കൂൾ തലത്തിൽ കലാതിലകം ആയിരുന്നു. അമൃത ടി.വിക്ക് വേണ്ടി ചിത്രീകരിച്ച ‘കുമാര സംഭവം’ ആയിരുന്നു ആദ്യ സീരിയൽ. രതീദേവിയുടെ വേഷം ആയിരുന്നു. കെ.മധു സാർ ആയിരുന്നു സംവിധാനം. പക്ഷേ, എന്തുകൊണ്ടോ ആ സീരിയൽ പുറത്തു വന്നില്ല. അതൊരു സങ്കടമായി.

അങ്ങനെയിരിക്കെയാണ് എ.എം നസീറിന്റെ ‘മകളുടെ അമ്മ’ എന്ന സീരിയലിലേക്ക് വിളി വരുന്നത്.മാനസയും രശ്മി സോമനും ആയിരുന്നു നായികമാർ. ഒരു അനിയത്തി കഥാപാത്രം ആയിരുന്നു എന്റേത്. ആ സീരിയലിലൂടെ ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി. പിന്നെ, ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയൽ ശ്രീകുമാരൻ തമ്പി സാർ സംവിധാനം ചെയ്ത ‘പാട്ടുകളുടെ  പാട്ട്’ ആയിരുന്നു.

എന്നെ സംബന്ധിച്ച് മറക്കാനാവാത്ത ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഓട്ടോഗ്രാഫിലെ നാൻസിയാണ്. എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ‘ഓട്ടോഗ്രാഫ്’ ആണ്.

sonia-sreejith-family

ജീവിതത്തിലെ ഒരു തീരാവേദന സമ്മാനിച്ച സീരിയൽ കൂടി ആയിരുന്നു ‘ഓട്ടോഗ്രാഫ്.’ ആ സീരിയലിൽ ഒപ്പം അഭിനയിച്ച നടൻ ശരത്ത് ബൈക്ക് അപകടത്തിൽ മരിച്ച സംഭവം ആണത്. ശരത്തിനെ ഓർക്കുമ്പോൾ ഇപ്പോഴും കണ്ണു നിറയും.

അച്ഛനും അമ്മയ്ക്കും ഏകമകളാണ് ഞാൻ. സഹോദരങ്ങൾ ഇല്ലാതിരുന്ന എനിക്ക് സ്വന്തം അനുജനെ പോലെ ആയിരുന്നു ശരത്. ഞാൻ ഗർഭിണി ആയിരുന്ന സമയത്ത് എപ്പോഴും ശരത് വിളിക്കുമായിരുന്നു. എന്നിട്ടു ചോദിക്കും. ‘‘ചേച്ചീ, ഞാൻ എന്നാ അമ്മാവൻ ആകുന്നത്?’’

എനിക്ക് കുഞ്ഞു പിറക്കുന്നതിനു മുമ്പേ ശരത് അപകടത്തിൽ മരിച്ചു. വല്ലാത്തൊരു ഷോക്ക് ആയിരുന്നു അത്. എന്റെ കുഞ്ഞിനെ കാണാൻ കൊതിച്ചിരുന്ന ശരത് അതിനുമുമ്പേ...

കഴിഞ്ഞ വർഷം ഞങ്ങൾ കുഞ്ഞിനെയും കൊണ്ടു ശരത്തിന്റെ വീട്ടിൽ പോയിരുന്നു. ശരത്തിന്റെ അമ്മ മോനെ എടുത്ത് ശരത്തിന്റെ കുഴിമാടത്തിനരുകിൽ എത്തി. എന്നിട്ട്, മോനോട് പറഞ്ഞു.‘‘മാമനെ വിളിച്ചേ, ദേ അമ്മാവൻ മോനെ കാണുന്നുണ്ട്’’എന്ന്.

sonia-sreejith

കണ്ടു നിന്ന എനിക്കു കരച്ചിലടക്കാനായില്ല. ഇപ്പോഴും ശരത്തിനെ ഓർക്കുമ്പോൾ. എവിടെയെങ്കിലും അവന്റെ ചിത്രം കാണുമ്പോൾ കണ്ണു നിറയും. അവന്റെ ആ ചോദ്യം നെഞ്ച് പൊള്ളിക്കും. ‘‘ചേച്ചീ, എന്നാ ഞാൻ അമ്മാവൻ ആകുന്നത്?’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com