മൂന്നു മക്കൾ മദ്രസയിലേക്ക്, മൂന്നു പേർ അമ്പലത്തിലേക്ക്; അമ്മയും ഉമ്മയുമായി സുബൈദ

HIGHLIGHTS
  • ശ്രീധരന് ഒന്നര വയസ്സുള്ളപ്പോൾ അമ്മ മരിച്ചു
  • രമണിയും ലീലയും മണവാട്ടിമാരായി പടിയിറങ്ങുന്നത് തെന്നാടൻ വീട്ടിൽനിന്ന്
the-heart-touching-story-of-a-mother
ഷാനവാസും ശ്രീധരനും. (ഇൻസൈറ്റില്‍) സുബൈദ
SHARE

ചക്കി മരിച്ച ദിവസം സുബൈദയ്ക്കു മൂന്നു കുഞ്ഞുങ്ങൾ കൂടി ജനിച്ചു; രമണി, ലീല, ശ്രീധരൻ. അബ്ദുൽ അസീസ് ഹാജിയുടെയും സുബൈദയുടെയും നിലമ്പൂർ കാളികാവ് തെന്നാട് വീട്ടിൽ അങ്ങനെ 3 ആൺമക്കളും 3 പെൺമക്കളും കളിച്ചു വളർന്നു. രാവിലെ മൂന്നു കുട്ടികൾ മദ്രസയിലേക്കും മൂന്നുപേർ അമ്പലത്തിലേക്കും പോകും. 

വൈകിട്ട് 3പേർ ഖുർആൻ ഓതാനിരിക്കുമ്പോൾ 3പേർ കുളിച്ച് കുറി തൊട്ട് അതേ വീട്ടിൽ ഭഗവാനോടു കൈകൂപ്പി പ്രാർഥിക്കും. കളിച്ചും പഠിച്ചും ഒരുമിച്ചുറങ്ങിയും പയ്യെപ്പയ്യെ വലിയവരായിപ്പോയ അവരുടെ പേരുകൾ പ്രായത്തിന്റെ കണക്കുനോക്കിയാൽ ഈ ക്രമത്തിൽ പറയാം;  രമണി, ഷാനവാസ്, ലീല, ജാഫർ, ശ്രീധരൻ, ജോഷിന. ഈ കഥ മുഴുവൻ ലോകമറിയുന്നത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. അന്ന്, 64–ാം വയസിൽ സുബൈദ മരിച്ചു.

ശ്രീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ജൂൺ 17ന് ശ്രീധരൻ സുഹൃത്തുക്കൾക്കായി മാത്രം ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടു; ‘എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി. അവരുടെ കബറിടം വിശാലമാക്കിക്കൊടുക്കാൻ പ്രാർഥിക്കണണേ...’ കണ്ടവർക്കെല്ലാം സംശയം. അമ്മയാണോ എന്ന് ചിലർ. തൊപ്പിയിട്ടു നിൽക്കുന്ന ശ്രീധരന്റെ ഫോട്ടോ കണ്ടപ്പോൾ, യഥാർഥപേര് ശ്രീധരൻ തന്നെയാണോ എന്ന് വേറെ ചിലർ. പരിഹാസവും ട്രോളലും തുടങ്ങിയപ്പോൾ ശ്രീധരൻ അടുത്ത പോസ്റ്റിട്ടു.

‘ഞാനാരാണ് എന്ന സംശയം തീർക്കാനാണ് ഈ പോസ്റ്റ്. ഞാൻ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കാളികാവിലാണ്. ഇപ്പോ ഒമാനിൽ. ഇന്നലെ എന്റെ ഉമ്മ മരിച്ചു എന്നു പോസ്റ്റിട്ടപ്പോൾ ചിലർക്കൊരു സംശയം. തൊപ്പിയിട്ട ഫോട്ടോ കണ്ടപ്പോൾ ഒരു മുസൽമാന് ശ്രീധരൻ എന്നു പേരിടുമോ എന്ന് വേറെയൊരു സംശയം. എനിക്ക് ഒരു വയസ്സായപ്പോ അമ്മ മരിച്ചതാ. രണ്ട് ചേച്ചിമാരും ഉണ്ട്. അച്ഛനും ഉണ്ടായിരുന്നു. അമ്മ മരിച്ച ദിവസം തന്നെ, ആ ഉമ്മയും ഉപ്പയും ഞങ്ങളെ കൊണ്ടുവന്ന് അവരുടെ വീട്ടിൽ താമസിപ്പിച്ചു. ഞങ്ങളെ മൂന്നുപേരെയും സ്വന്തം മക്കളെപ്പോലെ വിദ്യാഭ്യാസം തന്നു വളർത്തി. ചേച്ചിമാർക്ക് കല്യാണപ്രായമാതോടെ അവരെ കല്യാണം കഴിപ്പിച്ചുവിട്ടതും അവരാ. ഉപ്പാക്കും ഉമ്മാക്കും മക്കളില്ലാത്തോണ്ടല്ല ഞങ്ങളെ വളർത്തിയത്. അവർക്കും മൂന്നു മക്കളുണ്ട്. ചെറുപ്രായത്തിലേ ഞങ്ങളെ കിട്ടിയിട്ടും ഞങ്ങടെ ജാതി മാറ്റാൻ ശ്രമിച്ചില്ല അവര്. പെറ്റമ്മയെക്കാൾ വലുതല്ല പോറ്റമ്മ എന്നു പറയാറുണ്ടെങ്കിലും ഞങ്ങൾക്ക് ഇവർ പോറ്റമ്മയല്ല, പെറ്റമ്മ തന്നെയാണ്....’

കുഞ്ഞു ശ്രീധരനെ മാറോട് ചേർത്ത് ഉമ്മയും ഉപ്പയും

തെന്നാടൻ വീട്ടിലെ ജോലിക്കാരിൽ ഒരാളായിരുന്നു അടയ്ക്കാക്കുണ്ട് മൂർക്കൻ വീട്ടിൽ ചക്കി. ശ്രീധരന് ഒന്നര വയസ്സുള്ളപ്പോൾ ചക്കി മരിച്ചു. അടക്കം കഴിഞ്ഞ് വീട് മൂകമായി നിൽക്കുമ്പോഴാണ് സുബൈദയുടെ വരവ്. ശ്രീധരനെ വാരിയെടുത്ത്, ചേച്ചിമാരായ പതിനൊന്നുകാരി രമണിയെയും ആറുവയസ്സുകാരി ലീലയെയും കൂട്ടി സുബൈദ തെന്നാടൻ വീട്ടിലേക്കു നടന്നു. പിന്നീട് മൂന്നു പേരുടെയും വിലാസത്തിലുമുണ്ടായി ആ മാറ്റം. മൂർക്കൻ വീട്ടിൽ ശ്രീധരൻ എന്നു പറഞ്ഞാൽ ആളുകൾ കൈമലർത്തും. തെന്നാടൻ വീട്ടിലെയാണോ എന്നു ചിലപ്പോൾ തിരിച്ചുചോദിക്കും. മദ്രസ അധ്യാപകൻ കൂടിയായിരുന്ന അബ്ദുൽ അസീസ് ഹാജിക്കും സുബൈദയ്ക്കും ജനിച്ച കുട്ടികളിൽ മൂത്തവൻ ഷാനവാസ്. ശ്രീധരനെ മാറോട് ചേർത്ത്, രമണിയെയും ലീലയെയും കൂട്ടി ഉമ്മ കോലായിലേക്കു കയറിവരുന്ന ചിത്രം ഇപ്പോഴും ഷാനവാസിന്റെ മനസ്സിലുണ്ട്. അതിലും നല്ലൊരു ഫ്രെയിം പിന്നെയൊരിക്കലും കണ്ടിട്ടില്ലെന്ന് ഫൊട്ടോഗ്രഫറായ ഷാനവാസ് പറയും. ജാഫറും ശ്രീധരനും സമപ്രായക്കാരായിരുന്നു. പഠനത്തിലും കറക്കത്തിലും ഉമ്മയുടെ പരിചരണത്തിലും അവർ ഇരട്ടകളായി. ‘എട ചങ്ങായീ’ എന്നു മാത്രമായിരുന്നു ഉപ്പയുടെ ഏറ്റവും വലിയ ശാസനാവാചകമെന്ന് ശ്രീധരൻ. കുഞ്ഞനിയത്തിയായി ജോഷിന പിന്നീട് ജനിച്ചു.

സ്നേഹം; അതാണ് തെന്നാടൻ വീട് 

രമണിയും ലീലയും മണവാട്ടിമാരായി പടിയിറങ്ങുന്നത് തെന്നാടൻ വീട്ടിൽനിന്നാണ്. വരൻമാരെ കണ്ടുപിടിക്കാനും വിവാഹം നടത്താനും ഉപ്പയും ഉമ്മയും ഓടിനടന്നു. മമ്പാട് എംഇഎസ് കോളജിലെ പഠനം കഴിഞ്ഞ് പതുക്കെ പല പല ജോലികളിലേക്കു കടന്നപ്പോൾ ശ്രീധരന് ‘വീട്ടുകാർ’ വിവാഹാലോചന തുടങ്ങി. അപ്പോഴേക്കും 5 സെന്റ് സ്ഥലം ശ്രീധരൻ വാങ്ങിയിരുന്നു. പുതിയ വീട്ടിലേക്കു മാറാനുള്ള ‘നീക്കം’ രഹസ്യമായാണ് ശ്രീധരൻ നടത്തിയത്. സ്ഥലം വാങ്ങിയതും കൂര പണിതതുമൊക്കെ അറിഞ്ഞപ്പോൾ ഉപ്പയും ഉമ്മയും ആദ്യമായി മുഖം കറുപ്പിച്ചു. പിന്നീട് സ്വന്തം കാലിൽ നിൽക്കാറായ മകനെയും മരുമകളെയും അവർ പുതിയ വീട്ടിൽ കൊണ്ടാക്കി. ശ്രീധരനും ഭാര്യ തങ്കമ്മുവും അങ്ങനെ പുതിയ വീട്ടിലേക്കു മാറി. ഇപ്പോൾ ശ്രീധരന് 46 വയസ്സ്. ഒമാനിലെ മുസഫയിൽ അൽ ത്വയ്ബത് സൂപ്പർമാർക്കറ്റിൽ ടെക്സ്റ്റെയിൽസ് വിഭാഗത്തിലെ ജീവനക്കാരൻ. പത്താംക്ലാസുകാരൻ അൻശ്യാം ആണ് മകൻ. 

ഉണ്ട്, മനസ്സിൽ എപ്പോഴും ഉമ്മ

ശ്രീധരൻ ഗൾഫിലേക്കു പോയതിനു പിന്നാലെയാണ് ഉമ്മയ്ക്ക് വൃക്കരോഗം ബാധിച്ചതും ഗൾഫിലെ സ്റ്റുഡിയോ പൂട്ടി, ഉമ്മയെ നോക്കാൻ ഷാനവാസ് നാട്ടിലെത്തിയതും. ചികിത്സയ്ക്കു പോകുമ്പോഴൊക്കെ സുബൈദ ഷാനവാസിനെ ഒരു കാര്യം ഓർമിപ്പിക്കുമായിരുന്നു, ‘ശ്രീധരൻ അറിയണ്ട. അവൻ അതൊക്കെ ഇട്ട് ഓടിവന്നാൽ കഷ്ടപ്പാടാവും’. ക്ഷീണാവസ്ഥയിലേക്കു പോയപ്പോഴാണ് ശ്രീധരൻ അറിയുന്നത്. അവധിയപേക്ഷ പാസായി വരുമ്പോഴേക്കും മരണവാർത്തയെത്തി. മയ്യിത്ത് കാണാൻ വയ്യാത്തതിനാൽ ശ്രീധരൻ വന്നില്ല. ഉമ്മയ്ക്കായി വാങ്ങിവച്ച അത്തർകുപ്പികളും മഫ്തയും നെഞ്ചോട് ചേർത്ത് മസ്കത്തിലെ മുറിയിലിരുന്ന് കരഞ്ഞു. പ്രാർഥിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA