ADVERTISEMENT

മൂന്നു പതിറ്റാണ്ടിലേറയായി നസീർ സംക്രാന്തി മലയാളികളെ ചിരിപ്പിക്കുന്നു. നാട്ടിലെ വേദികളിൽ തുടങ്ങിയ ആ കലാജീവിതം ഇന്ന് ബിഗ് സ്ക്രീനില്‍ എത്തി നില്‍ക്കുന്നു. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും കഠിന വഴികളിലൂടെ നടന്നാണ് നസീർ മലയാള പ്രേക്ഷകരുടെ പ്രിയതാരമായത്. ഇന്ന് അംഗീകാരങ്ങളുടെയും പ്രശസ്തിയുടെയും തണലിൽ നിൽക്കുമ്പോഴും അദ്ദേഹം ഒരു പച്ചയായ മനുഷ്യനാണ്, മലയാളികളുടെ പ്രിയപ്പെട്ട കമലാസനൻ ആണ്. നസീർ സംക്രാന്തിയുടെ ജീവിതത്തിലൂടെ.

ബാല്യം കഠിനം

ഞങ്ങൾ 5 മക്കളായിരുന്നു. ഞാൻ രണ്ടാമത്തെ കുട്ടിയാണ്. എനിക്ക് 7 വയസ്സുള്ളപ്പോഴാണ് വാപ്പ മരിക്കുന്നത്. വീട്ടിലെ സാഹചര്യങ്ങൾ മോശമായിരുന്നതു കൊണ്ട് എന്നെ മലപ്പുറത്ത് തിരൂരങ്ങാടിയിലുള്ള ഒരു യത്തീംഖാനയിൽ പഠിക്കാൻ അയച്ചു. ഒരിക്കൽ വീട്ടിലേക്കു വന്നതിനുശേഷം മലപ്പുറത്തേക്കു തിരിച്ചു പോകാൻ പൈസ ഇല്ലായിരുന്നു. അതോടെ  ആറാം ക്ലാസില്‍ പഠനം അവസാനിച്ചു. വീട്ടിലെ കാര്യങ്ങൾ മോശമായിരുന്നതു കൊണ്ട് ജോലിക്ക് ഇറങ്ങി. മീൻ കച്ചവടം, ലോട്ടറി വിൽപന, പത്രം ഇടൽ, ഹോട്ടൽ സപ്ലെയർ അങ്ങനെ ചെയ്യാനാവുന്ന ജോലിയെല്ലാം ചെയ്തു.

കലാരംഗത്തേക്ക്

15 വയസ്സിൽ കലാരംഗത്തേക്ക് ഇറങ്ങി. അമ്പലങ്ങളിലെ പരിപാടികൾക്ക് അവസരം ചോദിച്ചു വാങ്ങുമായിരുന്നു. വേദികളോട് ഒരു പ്രത്യേകതരം ആവേശമായിരുന്നു. ഇതാണ് എന്റെ തൊഴിൽ എന്ന് ഉറപ്പിച്ചു. ആദ്യ കാലത്തെ് പൈസ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഷോ കഴിഞ്ഞ് കോട്ടയത്തു കൊണ്ടു വന്ന് ഇറക്കും. പിന്നെ സംക്രാന്തി വരെ നടക്കണം. 5 കിലോമീറ്റർ ദൂരമുണ്ട്. ചിലപ്പോൾ ഷോയ്ക്കിടയിൽ കിട്ടുന്ന കട്ടൻകാപ്പിയും ബോണ്ടയും ആയിരിക്കും അന്നത്തെ ഭക്ഷണം.

nazeer-sankranthi-1

പിന്നീട് പ്രഫഷനൽ ട്രൂപ്പുകളിലെത്തി. മംഗളം, ജനനി, വീണാ വോയസ്, കലാഭവൻ അങ്ങനെ പല ട്രൂപ്പുകൾക്കു വേണ്ടി പ്രവർത്തിച്ചു. പതുക്കെ ചാനലുകളിലെ കോമഡി പരിപാടികളിൽ അവസരം കിട്ടി തുടങ്ങി. 

‘തട്ടീം മുട്ടീം’ ജീവിതം മാറി

വേദികളിലും ചാനലുകളിലും പല വേഷങ്ങളും ചെയ്തെങ്കിലും ആളുകൾ തിരിച്ചറിയുന്നത് ‘തട്ടീം മുട്ടീം’ എന്ന മഴവില്‍ മനോരമയിലെ ഹാസ്യ പരമ്പരയിലൂടെയാണ്. ഇന്നു ഞാൻ കമലാസനനാണ്. സംവിധായകൻ ഉണ്ണിച്ചേട്ടന്‍ വിളിച്ചിട്ട് ഒരു ദിവസത്തേക്കു പോയതാണ്. അന്നത്തെ പ്രകടനം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ഞാൻ സീരിയലിലെ സ്ഥിരം സാന്നിധ്യമായി. എല്ലാവരും കാണുന്ന ഒരു സീരിയല്‍ ആയതിനാൽ ഞാനും ശ്രദ്ധിക്കപ്പെട്ടു. ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ ‘കമലാസനൻ’ എനിക്കു നേടിത്തന്നു. 

ജീവിതം സന്തോഷം

ഈ ജീവിതം തന്നെ സന്തോഷമാണ്. എല്ലാ ഗൾഫ് രാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചു. യൂറോപ്പിൽ പോയി. ഈ ഓഗസ്റ്റില്‍ അമേരിക്കയിലേക്ക് പോകുന്നുണ്ട്. ഇതു നാലാം തവണയാണ് അമേരിക്കയിലേക്ക്. അത്ര വിദ്യാഭ്യാസമൊന്നും ഇല്ലാത്ത എനിക്ക് ഇതൊക്കെ സാധിക്കുക എന്നു പറയുന്നതു തന്നെ ഒരു ഭാഗ്യമല്ലേ. ജീവിതം ഒരു കരയ്ക്കടുത്തു.

അന്നു വേദനിച്ചു

ആദ്യ കാലത്ത് ഗൾഫ് രാജ്യങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ പോകുന്ന സംഘത്തിൽ നിന്ന് എന്നെ മാറ്റി നിർത്തുക പതിവായിരുന്നു. താരമൂല്യം ഉള്ള ആളുകളെ പകരം കൊണ്ടുപോകും. അന്ന് ഒരുപാട് വേദനിച്ചിട്ടുണ്ട്. പിന്നീട് 1995ലാണ് ആദ്യമായി ഗള്‍ഫിൽ പരിപാടി അവതരിപ്പിക്കാൻ പോകുന്നത്.

thattem-mutim

ഒന്നും നഷ്ടമല്ല

ഒരുപാട് പഠിച്ചവർ പലരും ഒന്നും ചെയ്യാനില്ലാതെ നടക്കുന്നില്ലേ. ദൈവം ഒരു കഴിവ് തന്ന് ജീവിക്കാൻ അവസരം ഒരുക്കി. അതുകൊണ്ട് നഷ്ടപ്പെട്ടു പോയതിനെക്കുറിച്ച് ഓർത്ത് വേദനിക്കുന്നില്ല. ഇന്നു ടിക് ടോക്കിൽ കമലാസനനെ അനുകരിക്കുന്നവരുണ്ട്. ഒരാൾ പറഞ്ഞാണ് അറിഞ്ഞത്. നോക്കൂ എന്നെ ആളുകൾ അനുകരിക്കുന്നു. സന്തോഷിക്കാൻ ഇതൊക്കെ ഉള്ളപ്പോൾ നഷ്ടപ്പെട്ടതിനെ ഓര്‍ത്തു വേദനിക്കുന്നത് എന്തിനാണ്. അന്നു കഷ്ടപ്പെട്ടതിനൊക്കെ ഇപ്പോൾ ഫലം കിട്ടി. ഇനി ഒരു ആഗ്രഹം കൂടിയേ ഉള്ളൂ. ആവശ്യത്തിനു സൗകര്യങ്ങളുള്ള ഒരു വീടു വയ്ക്കണം.

കുടുംബം

ഭാര്യ ജെസീന വീട്ടമ്മയാണ്. മൂന്നു മക്കളുണ്ട്. രണ്ടു പെണ്ണും ഒരാണും. നാഷ്മി, നിഷാന, നാഷിദ്. മകൻ പഠിക്കുന്നു. പെൺമക്കൾ വിവാഹിതരായി. ഇരുവർക്കും ഓരോ മക്കളുണ്ട്. മരുമക്കൾ രണ്ടാളും ഗൾഫിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com