ADVERTISEMENT

താൻ വിവാഹിതനാകുന്ന വിവരം മുൻകാമുകിയെ അറിയിച്ചുള്ള യുവാവിന്റെ സന്ദേശം വൈറലാകുന്നു. ട്വിറ്ററിലൂടെ യുവതിയാണ് തനിക്കു ലഭിച്ച സന്ദേശം പങ്കുവച്ചത്. നാളെ വിവാഹമായതുകൊണ്ട് സന്ദേശം അയക്കാൻ തീരുമാനിക്കുകയായിരുന്നു.  തനിക്കു നൽകിയ കരുതലിനും സ്നേഹത്തിനും നന്ദി അറിയിക്കുകയാണ് യുവാവ്. ഭാവി വധുവിനും ഇതേക്കുറിച്ച് അറിയാമെന്നും പറയുന്നു.

യുവതിക്കു ലഭിച്ച സന്ദേശം ഇങ്ങനെ:-

‘‘ഞാൻ നാളെ വിവാഹിതനാവുകയാണ്. നിനക്ക് ഈ മെസേജ് അയക്കണമെന്നു തോന്നി (ഇക്കാര്യം എന്റെ ഭാവി വധുവിനും അറിയാം). എന്റെ ആദ്യ പ്രണയിനി ആയതിനു നന്ദി. എപ്പേഴും എന്നെ പ്രചോദിപ്പിച്ചതിനും പ്രശ്നങ്ങളിൽ ഒപ്പം നിന്നതിനും അസുഖബാധിതനായപ്പോഴും നിരാശനായപ്പോഴും കരുതൽ കാണിച്ചതിനും നന്ദി. 

പ്രണയിക്കുമ്പോൾ നമ്മൾ ചെറുപ്പമായിരുന്നു. അന്ന് നിന്റെ പ്രണയത്തിന്റെ തീവ്രത എനിക്കറിയാം. ഇപ്പോൾ നിനക്ക് എങ്ങനെ പ്രണയിക്കാനാവുമെന്ന് എനിക്ക് ഊഹിക്കാം. അത്ര മനോഹരമായാണ് നിന്റെ ഹൃദയം സൃഷ്ടിച്ചിരിക്കുന്നത്. നിന്നെ ഭാര്യയായി ലഭിച്ചയാൾ ഭാഗ്യവാനാണ്. അയാൾ നിന്നോടു സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്നു എന്നു ഞാൻ പ്രത്യാശിക്കുന്നു. കാരണം അതിൽ കൂടുതൽ നീ അർഹിക്കുന്നു.

എങ്ങനെ മറ്റൊരാളെ പ്രണയിക്കണമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്. ദേഷ്യവും നിരാശയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും നീ എന്നെ പഠിപ്പിച്ചു. ഞാൻ നിന്നോടു കടപ്പെട്ടിരിക്കുന്നു. നിന്റെ ജീവിതത്തിൽ സന്തോഷവും സ്നേഹവും നിറയട്ടെ’’.

ഈ ട്വീറ്റ് വൈറലായതിനു പിന്നാലെ ‘മെസേജിനു മറുപടി നൽകിയോ, എന്തായിരുന്നു മറുപടി’ എന്നീ ചോദ്യങ്ങൾ കമന്റു ബോക്സിൽ നിറഞ്ഞു. ഇതോടെ താന്‍ നൽകിയ മറുപടിയും യുവതി പങ്കുവച്ചു. ‘‘എന്താണു പറയേണ്ടത് എന്നറിയാത്ത നിമിഷങ്ങളായിരുന്നു അത്’’ എന്നാണ് ട്വീറ്റിനൊപ്പം യുവതി കുറിച്ചത്.

‘‘സുഹൃത്തേ ഞാൻ കരയുകയാണ്. ആദ്യമേ തന്നെ അഭിനന്ദനങ്ങൾ നേരുന്നു. എനിക്ക് നിന്നെ വേണമെന്നു തോന്നിയപ്പോഴെല്ലാം ഒപ്പം നിന്നതിനു നന്ദി. നിന്റെ കരുണയുള്ള വാക്കുകൾക്കും നന്ദി. നിന്നെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു. 

നീ ജീവിത പങ്കാളിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ട്. നിന്റെ സന്തോഷത്തിൽ ഞാനും പങ്കാളിയാകുന്നു. നിന്റെ മകൾക്ക് നീ നല്ലൊരു അച്ഛനായിരിക്കും. നിന്നെ വിവാഹം കഴിക്കുന്നവൾ ഭാഗ്യവതിയാണ്. നിനക്കും കുടുംബത്തിനും ആശംസകൾ’’.

പ്രണയം അവസാനിപ്പിച്ച് ശത്രുക്കളെപ്പോലെ പിരിയുന്നവർ ഇതു കണ്ടു പഠിക്കണമെന്നാണ് ട്വിറ്ററിലെ കമന്റുകൾ. ആരോഗ്യകരമായ സൗഹൃദം കാത്തു സൂക്ഷിക്കാനും കാര്യങ്ങളെ പക്വതയെ സമീപിക്കേണ്ടത് എങ്ങനെയെന്നും ഇവർ കാണിച്ചു തരുന്നതായി സോഷ്യൽ ലോകം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com