ഭ്രമണത്തിലെ ജോൺ സാമുവലിനെ സ്വീകരിച്ചതിന് നന്ദി: വിൻ സാ​ഗർ

HIGHLIGHTS
  • പഠിക്കുന്ന സമയത്തു തന്നെ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നു.
  • 'ജോൺ സാമുവൽ' എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടും എന്ന് എനിക്കു തോന്നി
win-sagar-article-image-1
SHARE

മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് സീരിയൽ ഭ്രമണത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ അഭിനേതാവാണ് വിൻ സാ​ഗർ. ആദ്യ സീരിയലിൽ തന്നെ അഭിനന്ദനവും സ്നേഹവും തേടിയെത്തുമ്പോൾ പ്രേക്ഷകരോട് വിൻസാ​ഗറിന് പറയാനുള്ളത് നന്ദി മാത്രമാണ്. വില്ലത്തരങ്ങളുള്ള ജോൺ സാമുവൽ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ന്യായീകരിക്കുന്നതു കാണുമ്പോൾ, അയാളുടെ നിസ്സഹായാവസ്ഥകളിൽ ഒപ്പം വേദനിക്കുമ്പോൾ വിൻ സാ​ഗറിന് അ​ദ്ഭുതമാണ്. വിൻസാ​ഗർ തന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

വിൻ സാഗർ(Win Saagar), വെറൈറ്റി പേര്

ശരിക്കുള്ള പേര് സേതു സാഗർ എന്നാണ്. ഇൻഡസ്ട്രിയിൽ വരുമ്പോൾ വ്യത്യസ്തമായ ഒരു പേരു വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് ന്യൂമറോളജി വെച്ചു ചെയ്യാമെന്നു തീരുമാനിച്ചു. ഒരു വിദ​ഗ്‌ദനെ കണ്ടു. അദ്ദേഹം ഇതിനു പിന്നിലെ ശാസ്ത്രവും ഉദാഹരണങ്ങളും പറഞ്ഞു തന്നു. അങ്ങനെ വിൻ സാ​ഗറായി.

എൻജിനീയറിങ് വിട്ട് കലയുടെ വഴിയേ...

പ്ലസ് ടു കഴിഞ്ഞ് എംബിബിഎസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ മെറിറ്റിൽ സീറ്റ് കിട്ടില്ല എന്നു മനസ്സിലായതോടെ എൻജിനീയറിങ്ങിനു ചേർന്നു. കെമിക്കൽ എൻജിനീയറിങ് ആയിരുന്നു. 

പഠിക്കുന്ന സമയത്തു തന്നെ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ എന്റേത് തീവ്രമായ ആ​ഗ്രഹമായിരുന്നോ എന്ന് അറിയില്ലായിരുന്നു.

എൻജിനീയറിങ്ങിനോടു താൽപര്യമില്ലായിരുന്നു. എങ്കിലും കോഴ്സ് പൂർത്തിയാക്കി. ക്യാംപസ് സെലക്‌ഷൻ കിട്ടി ജോലിക്കു കയറി. അങ്ങനെ ആറു മാസം അവിടെ ജോലി ചെയ്തു. പക്ഷേ അതിനിടയില്‍ ഒരു കാര്യം മനസ്സിലായി. ഇതെന്റെ മേഖലയല്ല എന്ന്. മനസ്സു നിറയെ അഭിനയമായിരുന്നു.  മടുത്തു മടുത്ത് ജോലി ചെയ്തിട്ട് കാര്യമില്ല. നമുക്ക് സന്തോഷം നൽകുന്ന, അർഥവത്തായ കാര്യങ്ങള്‍ ചെയ്യണം. അങ്ങനെ രണ്ടും കൽപിച്ച് ജോലി രാജിവച്ചു. 

winsagar-1

അഭിനയരംഗത്തേക്ക് 

ഞാൻ ഒരു ടാലന്റ് ഷോയിൽ പങ്കെടുത്തു. അങ്ങനെയാണ് കുറച്ചൊക്കെ പരിശീലനം കിട്ടുന്നത്. പരസ്യത്തിലൂടെയാണ് ക്യാമറയ്ക്കു മുൻപിൽ എത്തുന്നത്. പിന്നീട് പല പ്രമുഖ ബ്രാൻഡുകളുടെ പരസ്യത്തിൽ അഭിനയിച്ചു. ഇതോടൊപ്പം ചില ചാനൽ പരിപാടികളിൽ അവതാരകനായി. ആ സമയത്ത് മലിനീകരണ നിയന്ത്രണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ ജോലി ഉണ്ടായിരുന്നു. എന്നാൽ അഭിനയത്തിൽ കൂടുതൽ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. പരസ്യങ്ങളിൽ അതിനുള്ള സാധ്യത കുറവാണല്ലോ. 

ഞാൻ ഒരു 6 മാസത്തെ ഇടവേളയെടുത്ത് പിഎസ്‌സി കോച്ചിങ്ങിനു പോയി. പരീക്ഷയെഴുതി ഒരു സ്ഥിരം ജോലി സ്വന്തമാക്കി. അതിനുശേഷം വീണ്ടും അഭിനയിക്കാൻ ഇറങ്ങി. പക്ഷേ, ഇത്തവണ പരസ്യങ്ങൾ അധികം ചെയ്യുന്നില്ല എന്നു തീരുമാനിച്ചിരുന്നു. ഒരു സിനിമയിൽ ചെറിയൊരു വേഷം ചെയ്യാൻ അവസരം കിട്ടി. ‘ഒരു നക്ഷത്രമുള്ള ആകാശം’ എന്നായിരുന്നു സിനിമയുടെ പേര്.

അപ്രതീക്ഷിതമായ ‘ഭ്രമണം’

അപ്രതീക്ഷിതമായാണ് ഭ്രമണത്തിൽ അവസരം ലഭിച്ചത്. പ്രൊഡക്‌ഷന്‍ കൺട്രോളർ സുനിൽ പനച്ചിമൂട് ചേട്ടനാണ് എന്ന വിളിച്ച് ഭ്രമണം എന്ന സീരിയലിൽ നെഗറ്റീവ് കഥാപാത്രം ചെയ്യാൻ ആളെ ആവശ്യമുണ്ടെന്ന് അറിയിച്ചത്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായ വിക്രമൻ നമ്പൂതിരി സാറിനെ വിളിച്ച് സംസാരിക്കാനും നിർദേശിച്ചു. ഇന്നു തന്നെ നേരിട്ടു പോയി ജോയ്സി സാറിനെ കാണാൻ വിക്രമൻ സർ പറഞ്ഞു.

അങ്ങനെ ഞാൻ ജോയ്സി സാറിനെ പോയി കണ്ട് സംസാരിച്ചു. അദ്ദേഹം കഥാപാത്രത്തെ കുറിച്ച് പറഞ്ഞു തന്നു. അന്നേ ഭ്രമണം ഹിറ്റാണ്. ‘ജോൺ സാമുവൽ’ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടും എന്ന് എനിക്കു തോന്നി.

നേരെ മുംബൈയിലേക്ക്

മുംബൈയിൽ ഒരു ഫ്ലാഷ് ബാക്ക് ആയിരുന്നു അഭിനയിക്കാൻ ഉണ്ടായിരുന്നത്. ശരിയാകുമോ, പ്രേക്ഷകർ അംഗീകരിക്കുമോ എന്നെല്ലാം ചിന്തിച്ചപ്പോൾ എനിക്കു പേടി തോന്നി. എന്തായാലും സംപ്രേക്ഷണം ചെയ്തപ്പോൾ മികച്ച അഭിപ്രായം തേടിയെത്തി.  ഭ്രമണത്തിന്റെ ഫ്ലാഷ്ബാക്ക് സീനുകൾ മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. അവസാനദിവസത്തെ ഷൂട്ടും തീർത്ത് വീട്ടിലെത്തിയപ്പോഴാണ് ജോൺ സാമുവൽ എന്ന കഥാപാത്രം വീണ്ടും വരുന്നു എന്ന് അറിഞ്ഞത്. അങ്ങനെ മുഴുനീള വേഷവുമായി വീണ്ടും ഭ്രമണത്തിലേക്ക്. 

സന്തോഷം തോന്നിയ നിമിഷങ്ങൾ

ഞാൻ നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചു. പക്ഷേ ഒരു ആർടിസ്റ്റ് എന്ന നിലയിൽ ആരും തിരിച്ചറിഞ്ഞിട്ടില്ല. ഭ്രമണം ഹിറ്റായതിനു ശേഷം ജോൺ സാമുവൽ അല്ലേ എന്നു ചോദിച്ച് ആളുകൾ വരികയും അഭിനന്ദിക്കുകയും ചെയ്തു. സീനിയർ ആർട്ടിസ്റ്റായ കാലടി ഓമന അമ്മ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അമ്പലത്തിലിരിക്കുന്ന സമയത്ത് ഒരു മുത്തശ്ശി വന്ന് എന്തിനാണ് അനിതയെ ഉപ​ദ്രവിക്കുന്നത് എന്നു ചോദിച്ചു. ആ കഥാപാത്രത്തോടായിരുന്നു മുത്തശ്ശി സംസാരിച്ചത്. ഇതെല്ലാം വളരെ സന്തോഷം തോന്നിയ സന്ദർഭങ്ങളാണ്. അത്രയും ആഴത്തിൽ ആ കഥാപാത്രം എത്തിയതു കൊണ്ടാണല്ലോ ഈ അനുഭവങ്ങൾ ഉണ്ടാകുന്നത്.

ജോൺസാമുവൽ അദ്ഭുതപ്പെടുത്തി

വ്യക്തിത്വമുള്ള ഒരു പുരുഷകഥാപാത്രമാണ് ജോൺ സാമുവൽ. നല്ല അഭിനയ സാധ്യതയുള്ള കഥാപാത്രം. രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്നു. നെ​ഗറ്റീവ് കഥാപാത്രം ആയിട്ടു പോലും ആളുകൾക്ക് ജോൺ സാമുവലിനെ ഇഷ്ടമാണ്. ഇത് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. നായികാ കഥാപാത്രമായ അനിതയെ ആക്രമിക്കുന്ന രം​ഗങ്ങൾ വരെ ഉണ്ടായിരുന്നു. എന്നിട്ടും ജോൺ സാമുവലിനെ സ്ത്രീകൾ ഉൾപ്പെടയുള്ള പ്രേക്ഷകർ ന്യായീകരിച്ചു. 

winsagar-2

സിനിമ ഒരു സ്വപ്നം

ദൈവാനു​ഗ്രഹം കൊണ്ട് ആദ്യ സീരിയലിൽ തന്നെ മികച്ചൊരു കഥാപാത്രം കിട്ടി. ഒരുപാട് സീരിയൽ ചെയ്യണമെന്നല്ല, ഭ്രമണത്തിലേതു പോലെ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നേ ആ​ഗ്രഹമുള്ളൂ. സിനിമ ഒരു സ്വപ്നമാണ്. ചെറിയതാണെങ്കിലും വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ അവസരം കിട്ടിയാൽ  അഭിനയിക്കും. എല്ലാ ആ​ഗ്രഹങ്ങളും സാധിക്കും എന്നാണ് വിശ്വാസം.

പ്രേക്ഷകരോടു പറയാനുണ്ട്

ജോൺ സാമുവലിന് ആദ്യ ഭാ​ഗത്ത് ഒരുപാട് അഭിന്ദനങ്ങൾ കിട്ടി. രണ്ടാമത് ഇരട്ടി പ്രായത്തിലാണ് സ്ക്രീനിലെത്തിയത്. എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ആദ്യ ഭാ​ഗത്തിൽ നിന്നു കഥാപാത്രത്തിന്റെ സ്വഭാവം വളരെയധികം മാറിയിട്ടുണ്ട്. പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ഭയപ്പെട്ടിരുന്നു. പക്ഷേ അവർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. യൂട്യൂബിലെ കമന്റുകളിൽ സ്നേഹവും പിന്തുണയും കാണാം. എല്ലാത്തിനും നന്ദി.

കുടുംബം

കോട്ടയത്ത് മണിമലയിലാണ് വീട്. അച്ഛൻ വിദ്യാസാ​ഗർ. എൻഎസ്എസ് കോളജിൽ പ്രൊഫസറായിരുന്നു. അമ്മ ശോഭ. ഒരു മൂത്ത സഹോദരനുണ്ട്. മനു സാ​ഗർ, വിക്രം സാരാഭായ് സ്പേസ് സെന്ററിൽ സയൻന്റിസ്റ്റ് എൻജിനീയറാണ്. അദ്ദേഹം വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്താണ് താമസം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA