sections
MORE

ആദ്യ പ്രതിഫലം 20 രൂപ; ഉല്ലാസ് പന്തളം മനസ്സു തുറക്കുന്നു

mimicry-artist-ullas-pandalam-interview
SHARE

മിനിസ്ക്രീനിൽ മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ഉല്ലാസ് പന്തളം. സംഭാഷണങ്ങള്‍ കൊണ്ടു മാത്രമല്ല, ആ ഭാവങ്ങളും ചിരിയും നിശബ്ദതയുമെല്ലാം പ്രേക്ഷരിൽ ചിരി നിറച്ചു. ഉല്ലാസിന്റെ പ്രകനങ്ങൾക്കു വേണ്ടി മലയാളികൾ കാത്തിരുന്നിട്ടുണ്ട്. ഇന്ന് വിദേശത്തും സ്വദേശത്തും നിരവധി വേദികളിൽ ഉല്ലാസും സംഘവും ചിരിമഴ പെയ്യിക്കുന്നു. ഉല്ലാസ് പന്തളത്തിന്റെ ചിരി വിശേഷങ്ങളിലൂടെ...

കലയുടെ ലോകത്തേക്ക്

ചെറുപ്പം മുതലേ പാട്ടും മിമിക്രിയും വലിയ ഇഷ്ടമായിരുന്നു. അങ്ങനെ കണ്ടു തുടങ്ങിയ ആഗ്രഹമാണ്. മിമിക്രി, നാടകം, ഗാനമേള ഇത് എവിടെ ഉണ്ടെങ്കിലും അവിടെ പാഞ്ഞെത്തും. എന്നാൽ സ്കൂളിലോ കോളജിലോ പഠിക്കുന്ന സമയത്ത് വേദിയിലൊന്നും കയറിയിട്ടില്ല. 

നാട്ടിൽ ഞങ്ങളുടെ ഒരു ക്ലബുണ്ട്. അതിന്റെ ഓണാഘോഷ പരിപാടിക്ക് ടിവിയിലൊക്കെ കണ്ടിട്ടുള്ള സ്കിറ്റുകൾ ചെയ്യും. ദിലീപേട്ടന്റെയും നാദിർഷിക്കയുടെയും ഓണത്തിനിടയ്ക്കു പുട്ടുകച്ചവടത്തിലെ സ്കിറ്റുകളാണ് പ്രധാനമായും അവതരിപ്പിച്ചിരുന്നത്. അങ്ങന മിമിക്രി ചെയ്യാൻ തുടങ്ങി. സുഹൃത്തുക്കളെല്ലാം കൂടി തട്ടികൂട്ടി ഞങ്ങൾ ഒരു ട്രൂപ്പുണ്ടാക്കി. എനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 20 രൂപയാണ്. 

സഹോദരതുല്യനായ പന്തളം ബാലൻ ചേട്ടന്‍ തിരുവനന്തപുരത്ത് തുടങ്ങിയ ‘ഹാസ്യ’ എന്ന ട്രൂപ്പിലൂടെയാണ് പ്രഫഷനൽ മിമിക്രിയിലേക്ക് ചുവടുവയ്ക്കുന്നത്.

മിമിക്രിയും പെയിന്റിങ്ങും

ചില സീസണുകളിൽ മാത്രമല്ലേ മിമിക്രി ഉണ്ടായിരുന്നുള്ളൂ. ഒരു മാസം ഓണം, ഒരു മാസം ക്രിസ്മസ്, മൂന്നു മാസം ഉത്സവങ്ങൾ, കൂടാതെ ഒരു 10 പരിപാടികൾ വേറെയും കിട്ടുമായിരിക്കും. ബാക്കിയുള്ള സമയം നാട്ടില് പണിക്ക് പോകുമായിരുന്നു. എല്ലാം ചെയ്തിട്ടുണ്ട്. അന്നു മിമിക്രി ആയി നടക്കുന്ന സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. സീസൺ കഴിഞ്ഞാൽ വേറെ ജോലി തേടി പോകണം. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, അന്നൊന്നും ചാനലുകളിൽ അവസരം കിട്ടിയിരുന്നില്ല.

ullas-pandalam-2

പെയിന്റിങ് പണിക്ക് പോകുന്ന സമയത്താണ് കോമഡി സ്റ്റാർസിൽ അവസരം ലഭിക്കുന്നത്. ഏകദേശം 15 വർഷം മുൻപ്. അതു ജീവിതത്തിൽ വലിയൊരു അനുഗ്രഹമായി. ഇപ്പോൾ സ്വന്തമായി പരിപാടികൾ നടത്തുന്നു.

കൂടിച്ചേരുന്ന തമാശകൾ 

വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളുമായി ഒരു കൂടലുണ്ടല്ലോ. അവിടെ പറയുന്ന തമാശകളൊക്കെ സ്കിറ്റുകളിൽ ഉൾപ്പെടുത്തുമായിരുന്നു. എല്ലാവരും പല വഴിക്കായതുകൊണ്ട് ഇപ്പോൾ അത്തരം കൂടലുകൾ ഇല്ല. 

ഇന്ന് സ്കിറ്റ് ചെയ്യുന്നതിനു മുൻപ് ആർടിസ്റ്റുകൾ എല്ലാവരും ഇരിക്കും. എഴുത്തുകാരും ഉണ്ടാകും. അങ്ങനെ എല്ലാവരും കൂടിയാണ് ഇന്ന് സ്കിറ്റുകൾ വികസിപ്പിക്കുന്നത്.

മറക്കാനാവില്ല ആ നിമിഷം

എന്നെ ആദ്യമായി സിനിമയിലേക്ക് വിളിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി. ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചു. ഇനി കുംഭാരീസ്, മാസ്ക്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ സിനിമകൾ വരാനിരിക്കുന്നു. കുറേ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരു വേഷം കിട്ടുന്നത് സ്വപ്നം കണ്ടാണ് ഇരിക്കുന്നത്. ആളുകൾ ഓർത്തിരിക്കുന്ന ഒരു മുഴുനീള കഥാപാത്രം. 

ullas-pandalam-1

വിമർശനങ്ങള്‍ പരിധിവിടുമ്പോൾ

ഇന്നു പരിപാടികള്‍ക്കു പോകുന്നത് തന്നെ ടെൻഷനാണ്. ആളുകൾ പണ്ടത്തെ പോലെയല്ല. പലരീതിയിലാണ് പ്രതികരിക്കുന്നത്. യൂട്യൂബിൽ ഓരോ സ്കിറ്റിനും വരുന്ന കമന്റുകൾ നോക്കിയാൽ ഇക്കാര്യം അറിയാം. വിമർശിക്കാൻ വേണ്ടി മാത്രം ചില ആളുകളുണ്ട്. വളരെ മോശം ഭാഷയാണ് ഇവർ ഉപയോഗിക്കുന്നത്. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. മനസ്സിൽ ചിന്തിക്കാത്ത കാര്യങ്ങൾക്ക് ആയിരിക്കും ചിലപ്പോൾ വിമർശനങ്ങൾ ഉയരുക. പിന്നീട് പലരും പറഞ്ഞു അതൊന്നും ശ്രദ്ധിക്കേണ്ട. നല്ല വിമർശനങ്ങൾ സ്വീകരിച്ച് തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഏതു പരിപാടിയായാലും നന്നാക്കാനാണ് നമ്മൾ ശ്രമിക്കുക. ചിലപ്പോൾ അതിനു സാധിക്കാതെ പോയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.

കുടുംബം

പന്തളത്താണ് താമസം. അമ്മ, പെങ്ങൾ, അനിയനും ഭാര്യയും രണ്ടു മക്കൾ എന്നിവർ ഉൾപ്പെടുന്ന വലിയ കുടുംബമാണ് ഞങ്ങളുടേത്. എന്റെ ഭാര്യ നിഷ, വീട്ടമ്മയാണ്.രണ്ട് ആൺമക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA