sections
MORE

‘സൗമ്യസംഗീതരാജി’ ;സംഗീതത്തിൽ കോർത്ത സൗഹൃദത്തിന്റെ കഥ

HIGHLIGHTS
  • ഒരു കോളേജില്‍ ഒരേ സമയം പഠിച്ച മൂന്നു ഗായകര്‍ ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു
singers-soumya-sangeetha-rajalakshmi-friendship-story
സൗമ്യ രാമകൃഷ്ണൻ, രാജലക്ഷ്മി അഭിറാം, സംഗീത ശ്രീകാന്ത്
SHARE

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം വേദിയില്‍ നടക്കുമ്പോള്‍ സ്റ്റേജിനു പിറകിൽ അധികമാരുമറിയാതെ ഒരു അപൂര്‍വ കൂടിക്കാഴ്ച കൂടി നടന്നു. ഒരു കോളേജില്‍ ഒരേ സമയം പഠിച്ച മൂന്നു ഗായകര്‍ ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു. സൗമ്യ രാമകൃഷ്ണന്‍, സംഗീത ശ്രീകാന്ത്, രാജലക്ഷ്മി അഭിരാം. സംഗീതസംവിധായകന്‍ ബിജിപാല്‍ നേതൃത്വം നല്‍കിയ സംഗീതവിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍. 2002-2005 കാലഘട്ടത്തില്‍ സെന്റ് തെരേസാസ് കോളേജിന്റെ ശബ്ദമായിരുന്നു ‘സൗമ്യസംഗീതരാജി’ എന്ന ഈ മൂവര്‍സംഘം. കാലചക്രം തിരിഞ്ഞപ്പോള്‍ പഴയ കൂട്ടുകാരികള്‍ മൂവരും വഴി തെറ്റാതെ സംഗീതലോകത്തു തന്നെ എത്തി. 

കലോത്സവവേദികളില്‍ നിന്ന് നിരവധി സംഗീതപ്രതിഭകള്‍ ചലച്ചിത്രലോകത്ത് എത്തിയിട്ടുണ്ടെങ്കിലും ഒരേ കോളേജില്‍ ഒരേ സമയം പഠിച്ചവർ പിന്നണിഗാനരംഗത്ത് സജീവമാകുന്നത് അപൂര്‍വതയാണ്. ആ അപൂര്‍വ സൗഹൃദത്തെ ഗായിക സിതാര ഒരു ഫ്രെയിമിലാക്കി. ഈ ചിത്രം ‘സൗമ്യസംഗീതരാജി’ എന്ന അടിക്കുറിപ്പോടെ ഗായിക രാജലക്ഷ്മി തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചപ്പോഴാണ് ഈ അപൂര്‍വ സൗഹൃദത്തെക്കുറിച്ച് ലോകം അറിഞ്ഞത്. 

പാട്ടും പാടി നേടിയ അഡ്മിഷന്‍

പഴയ കലാലയകാലത്തെക്കുറിച്ചു പറഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ മൂന്നു ഗായകരും ആവേശത്തിലായി. ആദ്യം സംസാരിച്ചത് രാജലക്ഷ്മി ആയിരുന്നു. ഡിഗ്രി പഠിക്കാന്‍ മറ്റൊരു കോളേജില്‍ ചേര്‍ന്ന രാജലക്ഷ്മി കറങ്ങിത്തിരിഞ്ഞ് സെന്റ്. തെരേസാസില്‍ എത്തിച്ചേരുകയായിരുന്നു. ആ കഥ രാജലക്ഷ്മി പറയും. ‘‘ഞാന്‍ ആദ്യം ചേര്‍ന്നത് വീടിന് അടുത്തുള്ള ഒരു കോളേജിലായിരുന്നു. കോളേജില്‍ ചേര്‍ന്ന ആദ്യദിവസങ്ങളില്‍ തന്നെ അഫ്സലിക്കയുടെ ഒരു കോള്‍ വന്നു. എറണാകുളം സെന്റ്.തെരേസാസില്‍ ഒരു പരിപാടിയുണ്ട്, വരണം എന്നു പറഞ്ഞായിരുന്നു ആ വിളി. അതനുസരിച്ച് പരിപാടിക്ക് പോയി. എന്റെ പാട്ട് കോളേജ് മാനേജ്മെന്റിന് വളരെ ഇഷ്ടമായി. ഡിഗ്രി അവിടെത്തന്നെ പഠിച്ചുകൂടെ എന്നായി അവര്‍. ഒടുവില്‍, പരിപാടി അവതരിപ്പിക്കാന്‍ കോളേജില്‍ പോയ ഞാന്‍ ബി.എ ഇംഗ്ലിഷ് സാഹിത്യത്തിന് പ്രവേശനം കൂടി വാങ്ങിയാണ് തിരികെ എത്തിയത്.’’ പാട്ടുകാരി കുട്ടിയായി ഒന്നാം വര്‍ഷ ക്ലാസിലേക്ക് കയറാന്‍ ചെന്നപ്പോഴാണ് രസം. ഒന്നു മുതല്‍ പത്തു വരെ ഒരേ സ്കൂളില്‍ പഠിച്ചിരുന്ന സംഗീത അതാ ഇരിക്കുന്നു ക്ലാസില്‍. ബാക്കി കഥ സംഗീത പറയും. 

rajalakshmi-abhiram
രാജലക്ഷ്മി അഭിരാം

പാട്ടു ചേര്‍ത്തു വച്ച സൗഹൃദം

സംഗീത സെന്റ് തെരേസാസില്‍ എത്തിപ്പെട്ടതിനും നിമിത്തമായത് സംഗീതം തന്നെയായിരുന്നു. സ്കൂള്‍ കാലം മുതലെ യുവജനോത്സവ വേദികളില്‍ താരമായിരുന്നു സംഗീത. ഒന്നു മുതല്‍ പത്തു വരെ പഠിച്ചത് ഏലൂരിലെ സെന്റ് ആന്‍സ് സ്കൂളില്‍. അവിടെ തന്നെയായിരുന്നു രാജലക്ഷ്മിയും പഠിച്ചിരുന്നത്. ഇരുവരും പങ്കെടുക്കാത്ത മത്സരങ്ങളില്ല. അന്നേയുള്ള സൗഹൃദമാണ് രണ്ടുപേരും തമ്മില്‍. പ്ലസ്ടു ആയപ്പോള്‍ മാത്രമാണ് രണ്ടുപേരും വെവ്വേറെ സ്കൂളില്‍ ആയിപ്പോയത്. അപ്പോഴും കലോത്സവവേദികളില്‍ ഇരുവരും സജീവമായിരുന്നു. കലോത്സവത്തിലെ പ്രകടനമാണ് സംഗീതയേയും സെന്റ് തെരേസാസില്‍ എത്തിച്ചത്. ‘‘ഡിഗ്രിക്ക് ചേരാന്‍ ഞാന്‍ സെന്റ് തെരേസാസില്‍ നിന്ന് അപേക്ഷ ഫോം വാങ്ങിയിരുന്നു. പക്ഷേ, അതിന്റെ ആവശ്യം വന്നില്ല. പാട്ടുകാരി എന്ന ലേബലില്‍ എനിക്ക് ആ കോളേജില്‍ പ്രവേശനം അനുവദിക്കുകയായിരുന്നു,’’ സംഗീത ശ്രീകാന്ത് പുഞ്ചിരിയോടെ ഓര്‍ത്തെടുത്തു. ക്ലാസ് തുടങ്ങി കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ രാജലക്ഷ്മിയും എത്തി. അത് വലിയ സര്‍പ്രൈസ് ആയിരുന്നു. പഴയ കൂട്ടുകാരിയെ വീണ്ടും കിട്ടിയപ്പോള്‍ ആകെയൊരു സന്തോഷം. അതോടെ ഒന്നുറപ്പായി, പാട്ടും കൂട്ടുമൊക്കെയായി ക്യാമ്പസ് ജീവിതം തകര്‍ക്കാമെന്ന്, സംഗീത പറഞ്ഞു.

ഈ സംഗീതരാജിയിലേക്ക് സൗമ്യയും

സംഗീതയും രാജലക്ഷ്മിയും ഒരേ ക്ലാസിലായിരുന്നെങ്കില്‍ ഈ കഥയിലെ മൂന്നാമത്തെ താരം സൗമ്യ രാമകൃഷ്ണന്‍ സയന്‍സ് ബ്ലോക്കിലായിരുന്നു. എന്നും പാട്ടും ഡാന്‍സും ആഘോഷവുമാണ് ആര്‍ട്സ് ബ്ലോക്കില്‍. എന്നാല്‍, നേരെ തിരിച്ചാണ് സയന്‍സ് ബ്ലോക്കിലെ അവസ്ഥ. കൊട്ടും പാട്ടും എന്നൊക്കെ പറഞ്ഞാല്‍ അധ്യാപകര്‍ കണ്ണുരുട്ടും. എന്നിട്ടും അവിടെ നിന്ന് അതിസാഹസികമായി സൗമ്യ രാമകൃഷ്ണന്‍ സംഗീതരാജിമാരുടെ പാട്ടുകൂട്ടിലെത്തി. കോളേജിലെ പാട്ടുസംഘത്തില്‍ ഒരു ഒഴിവു വന്നപ്പോഴായിരുന്നു അത്. പുതിയ ഗായികയെ കണ്ടെത്താനുള്ള ചുമതല കോളേജില്‍ പാട്ടു പഠിപ്പിക്കാനെത്തിയിരുന്ന സെബി നായരമ്പലത്തിനും രാജലക്ഷ്മിക്കും ആയിരുന്നു. ഇവര്‍ക്കു മുന്നിലാണ് സൗമ്യയ്ക്ക് പാടേണ്ടിയിരുന്നത്. സൗമ്യ പാടിത്തുടങ്ങിയപ്പോഴേ രാജലക്ഷ്മി സെബി സാറിനോട് പറഞ്ഞു, എന്തൊരു വ്യത്യസ്തമായ ശബ്ദം! ആ വ്യത്യസ്തമായ ശബ്ദം അന്നു മുതല്‍ സയന്‍സ് ബ്ലോക്കില്‍ നിന്ന് ആര്‍ട്സ് ബ്ലോക്കിലേക്ക് സ്ഥിരമായി ഒഴുകിത്തുടങ്ങി. 

sangeetha-sreekanth
സംഗീത ശ്രീകാന്ത്

ലൈവ് കമ്പോസിങ് സെഷനുകള്‍

കലാലയജീവിതത്തിലെ പാട്ടുകാലത്തെക്കുറിച്ചു ചോദിച്ചാല്‍ മൂന്നുപേര്‍ക്കും ഒരുപോലെ പറയാനുള്ളത് രണ്ടു പേരെക്കുറിച്ചാണ്. പാട്ടു പഠിപ്പിക്കാനെത്തിയിരുന്ന സെബി നായരമ്പലവും ചിറ്റൂര്‍ ഗോപിയും. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് ഓരോ വര്‍ഷവും യുവജനോത്സവത്തില്‍ അവതരിപ്പിക്കാനുള്ള പാട്ടുകള്‍ തയ്യാറാക്കിയിരുന്നത്. ചിറ്റൂര്‍ ഗോപിയുടെ വരികള്‍ക്ക് സെബി നായരമ്പലം സംഗീതം ചിട്ടപ്പെടുത്തും. രാജലക്ഷ്മിയും സംഗീതയും സൗമ്യയും അടങ്ങുന്ന വിദ്യാഥി സംഘത്തിനു മുന്നിലിരുന്നാണ് പാട്ടു ചിട്ടപ്പെടുത്തല്‍. ‘‘ശൂന്യതയില്‍ നിന്ന് പാട്ടുണ്ടായി വരുന്ന അനുഭവം ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത് ഈ സെഷനുകളായിരുന്നു. എത്ര വലിയ സംഗീതപഠനമാണെന്നോ അന്ന് നടന്നത്! ഇതെല്ലാം ഞങ്ങളുടെ കരിയറില്‍ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്,’’ രാജലക്ഷ്മി പറഞ്ഞു. 

ക്യാന്റീന് മുകളിലെ മുറിയും പാട്ടുമേളവും

‘‘പലരും പരീക്ഷകളുടെ സമയം വച്ചായിരുന്നു ഓരോ കലാലയ വര്‍ഷത്തെയും അടയാളപ്പെടുത്തിയിരുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതെല്ലാം പാട്ടു പരിപാടികള്‍ തന്നെയായിരുന്നു. ജൂലൈ ആകുമ്പോഴേക്കും തുടങ്ങും പരിപാടികള്‍... ആര്‍ട്സ് ക്ലബ് ഉദ്ഘാടനം... അസോസിയേഷന്‍ പരിപാടികള്‍, ഫ്രെഷേഴ്സ് ഡേ, യുവജനോത്സവം, തെരേസ്യന്‍ വീക്ക്... കോളേജ് ഡേ... അങ്ങനെ പരിപാടികള്‍ ഏതായാലും ഞങ്ങളുടെ പാട്ടുണ്ടാകും,’’ സംഗീത കോളേജ് ജീവിതം ഓര്‍ത്തെടുത്തു. 

soumya
സൗമ്യ രാമകൃഷ്ണൻ

‘‘കോളേജില്‍ വന്ന് ബാഗ് ക്ലാസില്‍ വച്ച് നേരെ പോകുന്നത് പാട്ടു പ്രാക്ടീസ് ചെയ്യാനാണ്. ക്യാന്റീന് മുകളിലത്തെ മുറിയിലാണ് പ്രാക്ടീസ്. ഒന്നു രണ്ടു തവണ പരിപാടിയില്‍ അവതരിപ്പിക്കാനുള്ള പാട്ടു പാടിയശേഷം ഞങ്ങള്‍ പതുക്കെ ഗാനമേള തുടങ്ങും. അങ്ങനെ പാടിപ്പാടി പല പാട്ടിന്റെ വരികളും ഞങ്ങള്‍ക്ക് മനപാഠമാണ്. ഹിസ് ഹൈനസ് അബ്ദുള്ളയിലെ ദേവസഭാതലം എന്ന പാട്ടൊക്കെ ഞങ്ങള്‍ അങ്ങനെ ആഘോഷമായി എത്ര തവണ പാടിയുട്ടുണ്ടെന്നോ...! അതൊരു വല്ലാത്ത കാലമായിരുന്നു, കണ്ണില്‍ തിളക്കത്തോടെ സംഗീത പറഞ്ഞു. 

എന്നെ ലൈവ് പാട്ടുകാരിയാക്കിയത് ഇവര്‍

റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ മാത്രം പാടിയിരുന്ന തന്നെ സ്റ്റേജ് ഷോകളില്‍ പാടുന്ന ഒരു പാട്ടുകാരിയാക്കി പരിവര്‍ത്തനം ചെയ്തതില്‍ തെരേസക്കാലത്ത് ഈ കൂട്ടുകാര്‍ക്ക് വലിയ പങ്കുണ്ടെന്നു പറയുകയാണ് സൗമ്യ രാമകൃഷ്ണന്‍. ‘‘കോളേജില്‍ എത്തുന്നതിന് മുന്‍പെ ബിജിപാല്‍ സാറിനു വേണ്ടി ചെറിയ റെക്കോര്‍ഡിങ്ങുകള്‍ ചെയ്യാറുണ്ടായിരുന്നു. അല്ലാതെ, ഗാനമേളയിലൊന്നും ഞാന്‍ പാടിയിരുന്നില്ല. അന്നേ രാജലക്ഷ്മിയും സംഗീതയും വേദിയിലെ താരങ്ങളാണ്. ലൈവ് പാടുമ്പോഴുള്ള അവരുടെ അനുഭവങ്ങള്‍ വന്നു പറയുമ്പോള്‍ എനിക്ക് ആവേശമായിരുന്നു. അവരുടെ ഒപ്പം കൂടി ഞാനും ഒരുപാടു കാര്യങ്ങള്‍ പഠിച്ചു. എനിക്ക് ലൈവ് ആയി വേദിയില്‍ ഒരുപാടു പേരുടെ മുന്‍പില്‍ പാട്ട് അവതരിപ്പിക്കാനുള്ള ആത്മവിശ്വസമൊക്കെ പരുവപ്പെട്ടതില്‍ ഈ സുഹൃത്തുക്കളുടെ പിന്തുണ വളരെ വലുതാണ്,’’ സൗമ്യ രാമകൃഷ്ണന്‍ പറഞ്ഞു. 

ചായനേരത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്

പാട്ടു പരിശീലിക്കാൻ ചെന്നിരിക്കുമ്പോള്‍ ഞങ്ങള്‍ എല്ലാവരും കൊതിയോടെ കാക്കുന്നത് എങ്ങനെയെങ്കിലും 11 മണി ആകാനാണ്. അപ്പോഴാണ് കോളേജില്‍ നിന്ന് ചായയും ചെറുകടിയും കിട്ടുക. രാവിലെ മാത്രമെ ചെറുകടി ഉണ്ടാകൂ. ഒരു പ്ലാസ്റ്റിക് കവറില്‍ പല തരത്തിലുള്ള ചെറുകടികളുമായാണ് ചേച്ചി എത്തുക. ഓരോരുത്തവര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള ചെറുകടി കിട്ടാന്‍ വേണ്ടി ആകെയൊരു ബഹളമായിരിക്കും. തൊട്ടടുത്ത മുറികളിലൊക്കെ മറ്റു പരിപാടികള്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടാകും. അവിടെയൊക്കെ പോയിട്ടാണ് വരുന്നതെങ്കില്‍ ചെറുകടികള്‍ കുറയും. ഒരു ദിവസം അവിടെ ആദ്യം പോയിട്ടാണ് ഞങ്ങളുടെ അടുത്ത് എത്തുന്നതെങ്കില്‍ അടുത്ത ദിവസം ഞങ്ങളുടെ അടുത്തു വന്നിട്ടേ അങ്ങോട്ടു പോകാവൂ എന്നൊക്കെ നിര്‍ബന്ധം പിടിക്കും. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിയാണ്. അത്രയും രുചിയോടെ പിന്നീടൊരിക്കലും ചായയും ചെറുകടിയും കഴിച്ചിട്ടില്ല. ആ കാലം അത്രയും രസമുള്ളതായിരുന്നു, സംഗീത പറഞ്ഞു. 

music-world
സംഗീത അധ്യാപകനായ സെബി സാറിനൊപ്പം

യാത്രയും താമസവും ഒരുമിച്ച്

അന്നൊക്കെ യുവജനോത്സവത്തിന് പോകുക എന്നു പറഞ്ഞാല്‍ ഒരു ട്രിപ്പ് പോകുന്ന പോലെയാണ്. കോളജില്‍ നിന്നു എല്ലാവരും ഒരു ബസിലാണ് പോകുക. യുവജനോത്സവവേദിയുടെ അടുത്ത് ഏതെങ്കിലും ഒരു വീട് വാടകയ്ക്ക് എടുക്കും. അവിടെയാണ് താമസിക്കുക. ഞങ്ങള്‍ അങ്ങനെ ഒരുമിച്ച് പോയത് വൈക്കത്ത് നടന്ന യുവജനോത്സവത്തിനായിരുന്നു. ഞങ്ങള്‍ക്കായിരുന്നു അന്ന് സംഘഗാനത്തില്‍ ഒന്നാം സ്ഥാനം. പത്രത്തില്‍ ഞങ്ങളുടെ ചിത്രമൊക്കെ അച്ചടിച്ചു വന്നു. അതൊരിക്കലും മറക്കാന്‍ കഴിയില്ല. രാത്രി ഏറെ വൈകി നടക്കുന്ന പരിശീലനങ്ങളും പാട്ടുകൂടലുകളും ഞങ്ങള്‍ പെണ്‍കൂട്ടത്തിന്റെ കൗമാരക്കാലത്തിന് പകര്‍ന്നു തന്ന അനുഭവങ്ങളും അറിവുകളും വളരെ വലുതായിരുന്നു, രാജലക്ഷ്മി പറഞ്ഞു. 

പാട്ടിന്റെ വഴിയെ നടന്ന കൂട്ടുകാര്‍

മൂന്നു വര്‍ഷത്തെ കലാലയജീവിതം അവസാനിപ്പിച്ച് സെന്റ് തെരേസാസിന്റെ പടിയിറങ്ങുമ്പോള്‍ ഒരു കാര്യം മൂവരും മനസിലുറപ്പിച്ചിരുന്നു. ഈ സൗഹൃദം പോലെ സംഗീതവും ഒരിക്കലും വിട്ടുപിരിയില്ലെന്ന്. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഒളിച്ചിരുന്നെ... ഒന്നിച്ചൊളിച്ചിരുന്നെ, മലര്‍വാകകൊമ്പത്ത് തുടങ്ങിയ പാട്ടുകളുമായി രാജലക്ഷ്മിയും പാറി പറക്കും കിളി, അരികിൽ പതിയെ എന്നീ പാട്ടുകളുമായി സംഗീത ശ്രീകാന്തും മഴനില കുളിരുമായ്, കണ്ണിലെ പൊയ്കയിലെ തുടങ്ങിയ പാട്ടുകളുമായി സൗമ്യ രാമകൃഷ്ണനും മലയാളികളുടെ ഇഷ്ടപാട്ടുകാരായി മാറി. കോളേജില്‍ നിന്നു പോന്നതിനുശേഷം മൂന്നുപേരും ഒരുമിച്ച് അവിടേക്ക് തിരിച്ചുപോയിട്ടില്ലെങ്കിലും പാട്ടുവഴികളില്‍ ഇടയ്ക്കിടെ ഈ മൂവര്‍സംഘം ഒത്തുചേരാറുണ്ട്. ക്യാന്റീന് മുകളിലെ മുറിയില്‍ ഇഷ്ടമുള്ള പാട്ടുകള്‍ ഉറക്കെ പാടി ആര്‍മാദിച്ചിരുന്ന കാലത്തെ ഓര്‍മകള്‍ പങ്കു വയ്ക്കാന്‍... അപ്പോഴൊക്കെ പതിനൊന്നു മണി നേരത്തെ ചായയ്ക്കും ചെറുകടിക്കും കാത്തിരുന്ന കൊച്ചു പെണ്‍കുട്ടികളാകും അവര്‍... സെബി സാറും ചിറ്റൂര്‍ ഗോപി സാറും ചേര്‍ന്നു സൃഷ്ടിക്കുന്ന പാട്ടുകേട്ട് അന്തം വിട്ടിരുന്ന ആ കാലത്തെക്കുറിച്ച് അവസാനിക്കാത്ത കഥകളും പറഞ്ഞ് കുറച്ചു നേരം. അധികം വൈകാതെ, ഒരുമിച്ച് പഴയ കലാലയത്തിലേക്ക് ഒരുമിച്ച് ഒരിക്കല്‍ക്കൂടി പോകണം, സൗമ്യസംഗീതരാജിമാര്‍ പറയുന്നു. ഈ സൗഹൃദദിനത്തില്‍ ഇതല്ലാതെ മറ്റെന്തു ആഗ്രഹമാണ് ഇവര്‍ക്കുണ്ടാവുക

ഓഗസ്റ്റ് 4ന് സൗഹൃദ ദിനമാണ്. പ്രതിസന്ധികളിൽ കൂട്ടായ ഒരു സുഹൃത്തോ, മറക്കാനാവാത്ത അനുഭവങ്ങളോ സൗഹൃദം നിങ്ങൾക്കു നൽകിയിട്ടുണ്ടോ?. അതു ലോകത്തോടു വിളിച്ചു പറയാൻ ആഗ്രഹമുണ്ടോ? എങ്കിൽ നിങ്ങളുടെ അനുഭവക്കുറിപ്പ് മൊബൈൽ നമ്പറും സുഹൃത്തുക്കളുടെ ചിത്രവും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ. തിരഞ്ഞെടുക്കുന്നവ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA