ADVERTISEMENT

നിഷ്കളങ്കമായി ഹാസ്യവും വ്യത്യസ്തമായ ചിരിയുംകൊണ്ടാണ് ബിനു അടിമാലി മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്തത്. അടിമാലി സർക്കാർ സ്കൂളിൽ നിന്നാണ് ബിനുവിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലയോടുള്ള ആവേശമാണ് എതിർപ്പുകളെ അതിജീവിക്കാനും ഈ രംഗത്ത് സജീവമാകാനും കരുത്തേകിയതെന്ന് ബിനു പറയും. പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ വിശേഷങ്ങളിലൂടെ....

‌അടിമാലി സ്കൂളിന്റെ കലാകാരൻ

ഞങ്ങൾ 5 മക്കളായിരുന്നു. 5 പേരും അടിമാലി സ്കൂളിന്റെ കലാകാരന്മാരായിരുന്നു. കലാചരിത്രത്തിൽ മത്സരവേദികളിൽ ഞങ്ങൾ നേടി കൊടുത്ത ഒരുപാട് പോയിന്റുകൾ ഉണ്ട്. അഞ്ചുപേരും മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. മിമിക്രി, മോണോആക്ട്, സംഘഗാനം, ലളിതഗാനം തുടങ്ങി എല്ലാ മത്സരത്തിലും ഉണ്ടായിരുന്നു. മനസ്സിൽ മുഴുവൻ കലാകാരൻ ആകണമെന്ന് ആഗ്രഹമായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് അമ്മച്ചി നല്ല പ്രോത്സാഹനം നൽകി. മത്സരം നടക്കുന്ന സമയത്ത് ഭക്ഷണം പൊതിഞ്ഞ് വരും, ഉപദേശങ്ങൾ തരും. അങ്ങനെയായിരുന്നു തുടക്കം.

പ്രഫഷനലാക്കിയ ‘അടിമാലി ഫെസ്റ്റ്’

ഞങ്ങളുടെ നാട്ടിൽ ‘അടിമാലി ഫെസ്റ്റ്’ എന്ന പേരിലൊരു ആഘോഷം എല്ലാവർഷവും സംഘടിപ്പിക്കുമായിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 10 ദിവസം നീണ്ടു നിൽക്കുന്ന  ആ പരിപാടി വളരെ പ്രശ്സതമായിരുന്നു. സുഹൃത്തായ ഫൈസൽ അടിമാലിയാണ് നമുക്കും ട്രൂപ്പ് തുടങ്ങി ഒരു പരിപാടി അവതരിപ്പിക്കാം എന്ന നിർദേശം മുന്നോട്ടു വച്ചത്. അങ്ങനെ ഫൈസലും ഞാനും മറ്റൊരു സുഹൃത്തായ ഷൈജു അടിമാലിയും ചേർന്ന് ട്രൂപ്പ് തുടങ്ങി. ഒരു ധൈര്യത്തിന് എറണാകുളത്തു നിന്നുള്ള കലാകാരന്മാരും ഒപ്പം ഉണ്ടായിരുന്നു. പരിപാടി വളരെ ശ്രദ്ധ നേടി. പിന്നീട് ചില കൂടുതൽ പ്രോഗ്രാമുകൾക്ക് അവസരം കിട്ടിത്തുടങ്ങി.

എതിർപ്പുകൾ വന്നു, വിട്ടുകൊടുത്തില്ല

binu-adimali-2

എന്നാൽ കല പ്രഫഷനാക്കി മാറ്റുന്നതിനെ വീട്ടുകാർ എതിർത്തു. വർഷത്തിൽ ഒരുപാട് പരിപാടികൾ ഒന്നും അന്ന് ഉണ്ടാകില്ല. റിയാലറ്റി ഷോകളോ, ടെലിവിഷന്‍ ഷോകളോ അന്ന് ഇല്ല. അങ്ങനെ ഒരു സാഹചര്യത്തിൽ മകൻ മിമിക്രി, നാടകം എന്നു പറഞ്ഞ് നടന്നാൽ എങ്ങും എത്താതെ പോകുമോ എന്നായിരുന്നു വീട്ടുകാരുടെ ആശങ്ക. സഹോദരങ്ങൾ ഓരോ ജോലികളിൽ പ്രവേശിച്ചിരുന്നു. ഞാൻ അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോയി.

ഇന്നും ചോദിക്കും, രക്ഷപ്പെടുമോ

കലാകാരനെ പ്രോത്സാഹിപ്പിക്കുന്നവരേക്കാൾ തളർത്താന്‍ ശ്രമിക്കുന്നവർ ആയിരിക്കും കൂടുതൽ. ‘നീ ഇതൊക്കെ നിർത്തി വല്ല പണിക്കും പോടാ’, ‘വെറുതെ ഭാവി കളയണ്ട’ എന്നിങ്ങനെ ആയിരിക്കും കൂടുതൽ ഉപദേശങ്ങൾ. 10 ദിവസത്തെ പ്രോഗ്രാം കഴിഞ്ഞു വന്നത് അറിഞ്ഞാലും ചിലർ ചോദിക്കും നീ ജോലിക്കൊന്നും പോകുന്നില്ലേ എന്ന്. ഇപ്പോഴും അത്തരം ചോദ്യങ്ങളുണ്ട്. ‘ഇതുകൊണ്ട് വല്ല കാര്യമുണ്ടോ, ഭാവിയുണ്ടോ, രക്ഷപ്പെടുമോ’ എന്നൊക്കെയാണ് അറിയേണ്ടത്. ഏതൊരു കലാകാരനും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോയി കാണും. പക്ഷേ, ആത്മാർഥമായി നീ രക്ഷപ്പെടുമെടാ എന്നു പറയുന്നവരും ഉണ്ടാകും.

മിനിസ്ക്രീനിലൂടെ വളർന്നു

രസികരാജ എന്ന ടെലിവിഷൻ പ്രേഗ്രാമിലൂടെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. കോമഡി സ്റ്റാർസ് കൂടുതൽ ശ്രദ്ധയും വേദികളും നേടിത്തന്നു. അന്ന് വിധികർത്താക്കളായിരുന്ന കൽപന ചേച്ചിയും മണിയൻപ്പിള്ള രാജു ചേട്ടനുമെല്ലാം ഒരുപാട് പിന്തുച്ചു. സ്കിറ്റ് മോശമായാൽ രാജു ചേട്ടൻ നന്നായി വഴക്ക് പറയും. എനിക്ക് ആദ്യമായി സിനിമയിൽ അവസരം തന്നതും അദ്ദേഹമാണ്. തൽസമയം ഒരു പെണ്‍കുട്ടി ആയിരുന്നു ആ സിനിമ. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് അങ്ങനെ സാധിച്ചു. ഇതുവരെ ചെറുതും വലുതുമായ അമ്പതോളം സിനിമകൾ ചെയ്തു. 

binu-adimali-1

ഹിറ്റായി ആ ചിരി

സംഭാഷണം മറന്നു പോയപ്പോഴോ മറ്റോ ആണ് ആദ്യമായി അങ്ങനെ ചിരിച്ചത്. പക്ഷേ അതു ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പല സ്കിറ്റുകളിലും ഉൾപ്പെടുത്തി. ഇപ്പോൾ സ്കിറ്റിൽ അങ്ങനെ ചിരിക്കാറില്ല. ക്ഷണിക്കപ്പെടുന്ന വേദികൾ ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ മാത്രമേ ആ ചിരി ഉണ്ടാവാറുള്ളൂ.

സ്വപ്നങ്ങളല്ല, ചെറിയ ആഗ്രഹങ്ങൾ

വല്യ സ്വപ്നങ്ങളൊന്നുമില്ല. ചെറിയ ചെറിയ ആഗ്രഹങ്ങള്‍ മാത്രം. കലാകാരന്‍ എന്ന നിലയിൽ ആളുകൾ തിരിച്ചറിയുക, സ്നേഹിക്കുക. സിനിമയിൽ ഓർത്തിരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുക. വല്യ തിരക്കുള്ള ആളൊന്നും ആകേണ്ട, പട്ടിണിയില്ലാതെ ജീവിക്കാൻ സാധിക്കണം. അങ്ങനെയൊക്കെ ചില ആഗ്രഹങ്ങൾ.

കുടുംബം

ഭാര്യ ധന്യ. മൂന്നു മക്കളുണ്ട്. ആത്മിക്, മീനാക്ഷി, ആമ്പൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com