sections
MORE

ദുരന്തമുഖത്ത് കാരിരുമ്പിന്റെ കരുത്തോടെ കടലിന്റെ മക്കൾ; പ്രളയാനുഭവക്കുറിപ്പ്

HIGHLIGHTS
  • കടലിൽ നിന്നു തിരിച്ചെത്തിയത് 36 മണിക്കൂറിനുശേഷം
  • വയറിനേക്കാൾ ആളിയത് മനസ്സായിരുന്നു
kerala-floods-fisherman-rescue-experience
വയനാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്ന മൽസ്യത്തൊഴിലാളികൾ
SHARE

പ്രളയം വിഴുങ്ങി കൊണ്ടിരിക്കുന്ന വയനാട്ടിലെ, താരതമ്യേന  വലിയ ഭീഷണികൾ ഇല്ലാത്ത പുൽപള്ളിയിൽ നിന്നു ഞാനും ദിലിനും വിനീതും കൽപ്പറ്റയ്ക്കു തിരിച്ചത് അണ്ണാറക്കണ്ണനും തന്നാലായതെന്തെങ്കിലും ചെയ്യാമെന്നു കരുതിയാണ്. എന്തു ചെയ്യണമെന്നോ, എവിടെ തുടങ്ങണമെന്നോ അറിയാത്ത ഞങ്ങളെ ആരോ  സിവിൽ സ്റ്റേഷൻ  കൺട്രോൾ റൂമിൽ എത്തിച്ചു. തിരക്കിനിടയിൽ റവന്യൂ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ ഞങ്ങളുടെ മൊബൈൽ നമ്പർ ശേഖരിച്ചു, വിളിക്കാം എന്ന് പറഞ്ഞു. പുറത്തേറിങ്ങി ചായകുടിച്ചു വരുമ്പോൾ രാവിലെ കൽപ്പറ്റ സിവിൽ സ്റ്റേഷന്റെ പുറത്ത് കൈലിമുണ്ടും പഴയ കോട്ടുമിട്ട് സലാമിക്ക എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിൽക്കുന്നു. കൂടെ ലോറിയിൽ ഒരു കൂറ്റൻ ബോട്ടും.

36 മണിക്കൂറോളം കടലിൽ പോയി തിരിച്ചെത്തിയപ്പോൾ അവരെ കാത്തിരുന്നത് ബേപ്പൂർ സിഐയുടെ വിളി ആണ്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് പോകണം. ഉടനെ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ എത്തുക. ലോറിയിൽ വള്ളവും കയറ്റി നേരെ കോഴിക്കോട്, അവിടെ കൺട്രോൾ റൂമിൽ നിന്നുള്ള  നിർദേശത്തിനായി കാത്തിരുന്നത് മണിക്കൂറുകൾ.

കാത്തിരിപ്പിനെയും മുഷിപ്പിനെയും മറന്നു സലാമിക്കയും കൂടെ സഖാവ് ബഷീർക്ക, സക്കീർക്ക, ആലിക്ക, മുഹമ്മദ് ഇക്ക പിന്നെ എവിടെ നിന്നോ കോഴിക്കോട് ചരക്ക് ഇറക്കാൻ ലോറിയുമായി വന്ന അണ്ണനും. രാത്രി വൈകി വയനാട് എത്താനുള്ള നിർദേശം ലഭിച്ചു.         

പുലർച്ച 4 മണിക്ക് കൽപ്പറ്റ സിവിൽ  സ്റ്റേഷനിൽ എത്തിയ ഈ ടീമിനെ ഞങ്ങൾ പരിചയപ്പെടുന്നത് രാവിലെ 8 മണിക്ക്. സിവിൽ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരിഞ്ഞ ഞങ്ങൾക്ക് 11 മണിയോടെ കുപ്പാടിത്തറ വില്ലജ് ഓഫിസർ മഹേഷ്‌ സാറിനെ സഹായിക്കാനുള്ള നിർദേശം കൺട്രോൾ റൂമിൽ നിന്ന് ലഭിച്ചു. കൂടെ സലാമിക്കയും ടീമിനെയും കുപ്പാടിത്തറ എത്തിക്കുക. ഞങ്ങളുടെ കൂടെ വിപീഷ് കൂടി ചേർന്നു. തന്നാൽ കഴിയുന്നത് ചെയ്യാനായി ഒറ്റക്ക് സിവിൽ സ്റ്റേഷനിലേക്കു വന്നതാണ് ആശാൻ. ‘കൂടെ പോരുന്നോ’ എന്നു ചോദിക്കാൻ കാത്തിരുന്ന പോലെ, ഇതു വരെ ഒരു  പരിചയവും ഇല്ലാത്ത ഞങ്ങളോടൊപ്പം വിപീഷും റെഡി. കടലിന്റെ മക്കൾക്ക് വഴിയൊരുക്കൽ ആയിരുന്നു ഞങ്ങളുടെ ആദ്യ ഡ്യൂട്ടി. ദിലിന്റെ താർ ആ ഡ്യൂട്ടി ഭംഗിയായി ചെയ്തു.  

ലോറിയിൽ നിന്ന് വള്ളമിറക്കിയപ്പോൾ ഞങ്ങൾ ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല കൂടെ പോകേണ്ടി വരുമെന്ന്. ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ അവരുടെ കൂടെ ഇറങ്ങി തിരിച്ചത് അവരുടെ ഒറ്റ  വാക്കു കൊണ്ടാണ്. തിരിച്ച് കരയ്ക്കെത്തിക്കും എന്ന വാക്ക്. വള്ളം എന്ന് അവര്‍ പറഞ്ഞെങ്കിലും അതൊരു ഒന്നൊന്നര സ്പീഡ് ബോട്ട് തന്നെയാണ്. യാത്ര തുടങ്ങിയത് വയലിലൂടെ ആണെങ്കിലും പിന്നെ കാമുകിനും തെങ്ങിനും മുകളിലൂടെ ആയി. ഇടക്ക് ഇലക്ട്രിക് പോസ്റ്റിന്റെ ‌മുകളിലൂടെ ആയപ്പോൾ വിപീഷ് പതുക്കെ എന്നെ തിരിഞ്ഞു നോക്കി തുടങ്ങി.  നീന്തൽ അറിയാത്ത ഞങ്ങൾ വിറച്ചു. ആളുള്ള സ്ഥലങ്ങളിൽ സക്കീർക്ക നീന്തി കരക്കു കയറി വിവരങ്ങൾ അറിഞ്ഞു വന്നു. ബാണാസുര സാഗർ ഡാം തുറന്നെന്നു കരയിൽ നിന്ന് വില്ലജ് ഓഫിസർ അറിയിച്ചപ്പോൾ ആശങ്കയുടെ നിഴലിൽ ആയി ഞങ്ങൾ. മഴയുടെ ശക്തി കൂടിയത് ആകെ ഭീതിയിൽ ആഴ്ത്തി. പക്ഷേ, അവസാന വീട്ടുകാരും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി ഞങ്ങൾ തിരിച്ചു. 

ഉച്ച ഭക്ഷണം കഴിച്ചത് വൈകുന്നേരം 5 മണിക്ക്. വയറിനേക്കാൾ നെഞ്ചിലായിരുന്നു കാളൽ. അതിനാൽ ഭക്ഷണ കാര്യം എല്ലാവരും മറന്നിരുന്നു. റേഷൻ മേടിക്കാനും വീട് മാറി താമസിക്കാൻ ഉള്ളവരെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു. മണിമല കുന്നിലെ ക്യാംപിലേക്കു വേണ്ട സാമഗ്രികൾ സുരക്ഷിതമായി എത്തിച്ചു. ഈ ബോട്ട് യാത്രകൾ കൊണ്ട് തന്നെ ഞങ്ങളുടെ സ്വന്തം ഇക്കമാരായി കഴിഞ്ഞിരുന്നു ബേപ്പൂർ ടീം. അവരുടെ കരുതലും ചങ്കു പറിച്ചു കൊടുക്കുന്ന സ്നേഹം. ഞങ്ങൾ തല പിന്നോക്കവും നെഞ്ച് മുന്നോക്കവും ഉള്ളവരാണെന്ന് ഇടയ്ക്ക് സലാമിക്ക പറയുന്നുണ്ടായിരുന്നു. പക്ഷേ, പുതിയ തലമുറയെ തലയും നെഞ്ചും മുന്നോക്കം ഉള്ളവരായി വളർത്തണമെന്നാണ് അവരുടെ ആഗ്രഹം. നേരം ഇരുട്ടിയപ്പോൾ നാട്ടുകാരുടെ സഹായത്തോടെ വള്ളം തിരിച്ചു ലോറിയിൽ കയറ്റിയപ്പോൾ കണ്ണിലൂടെ പൊന്നീച്ച പാറി. നടുവിന്റെ ബോൾട്ടുകൾ ഒക്കെ ഇളകി.

കൽപ്പറ്റ കോഫി ഹൗസ് അടയ്ക്കാൻ തുടങ്ങുമ്പോൾ ആണ് ഞങ്ങൾ തിരിച്ച് എത്തുന്നത്. അവർ ഞങ്ങൾക്കു വേണ്ടി വീണ്ടും തുറന്നു. പുറകെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ രാത്രി ഭക്ഷണത്തിനായി അവിടെ എത്തി. തണുത്തു വിറച്ചിരിക്കുന്ന ഞങ്ങളെ കണ്ടു അദ്ദേഹം വിശേഷം തിരക്കി. അപ്പോഴും കടലിന്റെ മക്കൾക്ക്  ഒന്നേ പറയാൻ  ഉള്ളു ‘സാറേ വള്ളത്തിന്റെ ലൈസെൻസ് ഫീസ് അയ്യായിരം രൂപയിൽ നിന്നും അൻപതിനായിരം ആക്കിയിട്ടുണ്ട്. അത്  കുറയ്ക്കാൻ നടപടി ഉണ്ടാകുമോ’ എന്ന്. പഠിച്ചിട്ടു പറയാം എന്നു പറഞ്ഞ മന്ത്രി അവരെ അഭിനന്ദിക്കാൻ മറന്നില്ല. ‌തിരിച്ചു കൺട്രോൾ റൂമിൽ എത്തി റിപ്പോർട്ട് ചെയ്ത് പിരിയാൻ തുടങ്ങിയപ്പോൾ ഞങ്ങളെ അവർ സ്നേഹം കൊണ്ട് പൊതിഞ്ഞു. അങ്ങനെ പറഞ്ഞാൽ അൽപം കുറഞ്ഞു പോകും. സ്വന്തം സഹോദരന്മാരെപ്പോലെ കാണാവുന്ന ആറു പേരെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ. ബേപ്പൂർ എത്തിയാൽ വിളിക്കണം. ഐസ് ഇടാത്ത മീൻ തരാം എന്ന് സക്കീർക്ക.

‌എന്തായാലും ഇനി ബേപ്പൂർ പോകുന്നുണ്ടെങ്കിൽ അവരെ കാണണം. അവരെ അറിയണം. അവരുടെ സ്നേഹം അനുഭവിക്കണം. സലാമിക്കയുടെ ആഗ്രഹം പോലെ തലയും നെഞ്ചും മുന്നോക്കമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ അവർക്കു കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. കടലിന്റെ മക്കൾക്ക്‌ ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി.

സിറാജ് വയനാട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA