ADVERTISEMENT

ഓരോ പ്രളയത്തിലും മലയാളികൾക്ക് കാരുണ്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി ആരെങ്കിലും ഉണ്ടാകും. ചില മുഖങ്ങളും അവരുടെ കാരുണ്യവും ഒരിക്കലും മറക്കാനാവില്ല. തന്റെ തുണിക്കടയിലെ വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാംപിലേക്ക് നൽകി മാതൃകയായ നൗഷാദാണ് ഇപ്പോൾ മലയാളികൾക്ക് ആ കാരുണ്യത്തിന്റെ മുഖം. ‘നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം’ എന്നു പറഞ്ഞ് കടയിലെ തുണിത്തരങ്ങൾ ചാക്കിൽ വാരിക്കെട്ടുന്ന നൗഷാദിനെ കാണുമ്പോൾ ചിലരെങ്കിലും വിഷ്ണുവിനെ ഓർത്തിരിക്കും. കഴിഞ്ഞ പ്രളയ കാലത്ത് വിൽക്കാൻ കൊണ്ടു വന്ന കമ്പിളി ദുരിതാശ്വാസ ക്യാംപിൽ നല്‍കിയ അന്യസംസ്ഥാനക്കാരന്‍.

പ്രളയത്തെക്കുറിച്ച് അറിഞ്ഞ വിഷ്ണു തന്റെ കയ്യിലുണ്ടായിരുന്ന 50 പുതപ്പുകൾ  മാങ്ങോട് നിർമല എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലുള്ളവർക്ക് നൽകുകയായിരുന്നു. മധ്യപ്രദേശിൽ നിന്ന് പുതപ്പ് വിൽക്കാനെത്തിയ വിഷ്ണു ഇരട്ടി താലൂക്കിലെ ജീവനക്കാരിൽ നിന്നാണ് നാട്ടിലുണ്ടായ ദുരിതം അറിയുന്നത്. ഇതോടെ തന്റെ കയ്യിലുള്ള പുതപ്പുകൾ നൽകാമെന്ന് വിഷ്ണു അറിയിക്കുകയായിരുന്നു. പിന്നീട് 400 പുതപ്പുകൾ കൂടി നൽകിയാണ് അന്ന് വിഷ്ണു കേരളം വിട്ടത്. വിഷ്ണുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവർ  രംഗത്തെത്തിയിരുന്നു. വിഷ്ണുവിനെ മാതൃകയാക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

ഈ പ്രളയദുരിതത്തിൽ വിഷ്ണുവിന്റെ കാരുണ്യം നൗഷാദിലൂടെ തുടരുമ്പോൾ അത് കരുത്താകുന്നത് കേരളത്തിനാണ്. ഒന്നിച്ചു നിൽക്കാനും പോരാടാനും ഇവർ ഊർജമാകുന്നു. പ്രളയമുഖത്ത് ശക്തമായി പോരാടി കൊണ്ടിരിക്കുന്നവരും വിളിച്ചു പറയുന്നു. ‘അതെ നമ്മൾ അതിജീവിക്കും’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com