ADVERTISEMENT

ഈ പ്രളയദുരിതത്തിൽ മലയാളികളെ കൂടുതൽ പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്ത മനുഷ്യൻ, കൊച്ചി ബ്രോഡ്‌വേയിലെ തെരുവോര കച്ചവടക്കാരൻ വൈപ്പിൻ മാലിപ്പുറം പനച്ചിക്കൽ നൗഷാദ്. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് കൊണ്ടു വന്ന പുത്തൻ തുണിത്തരങ്ങളാണ് അദ്ദേഹം ദുരിതാശ്വാസ ക്യാംപുകളിലേക്ക് നൽകിയത്. നിരവധി അഭിനന്ദനങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. എന്നാൽ കലാകാരനായ ഡാവിഞ്ചി സുരേഷ് അദ്ദേഹത്തിന് ആദരവ് അർപ്പിച്ച് ഒരുക്കിയ വസ്ത്രചിത്രമാണ് ഏറെ ശ്രദ്ധ നേടിയത്.

നിലത്ത് വിവധ നിറത്തിലുള്ള വസ്ത്രങ്ങൾ ചേർത്തുവച്ചാണ് നൗഷാദിന്റെ ചിത്രം ഒരുക്കിയത്. തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ട് ആദരവ് നൽകുകയായിരുന്നു സുരേഷ്. വീട്ടിലേക്ക് വെള്ളം കയറുമോ എന്നു സംശയിച്ച് തുണികൾ കെട്ടിവച്ചിരിക്കുകയായിരുന്നു. ഇതിൽ നിന്ന് മാറാനുള്ള വസ്ത്രം എടുക്കുമ്പോഴാണ് ഇങ്ങനെ ഒരു ആശയം സുരേഷിന് ലഭിക്കുന്നത്. അതേക്കുറിച്ച് ‍ഡാവഞ്ചി സുരേഷ് മനോരമ ഓൺലൈനോട്.

‘‘വീടിന്റെ പടി വരെ വെള്ളമെത്തി. ഞാൻ ചേട്ടന്റെ വീട്ടിലേക്ക് മാറിയിരുന്നു. വെള്ളം കുറഞ്ഞപ്പോൾ വൃത്തിയാക്കാൻ വേണ്ടി വീട്ടില്‍ വന്നതാണ്. തുണികളും മറ്റു സാധനങ്ങളും മുകളിലെ നിലയിലേക്ക് മാറ്റിയിരുന്നു. വസ്ത്രം മാറ്റാനായി തുണിക്കെട്ടുകൾ അഴിക്കുമ്പോഴാണ്, വസ്ത്രങ്ങള്‍ കൊണ്ടു നൗഷാദ് ഇക്കയെ വരച്ചാലോ എന്നു തോന്നിയത്. 

ഞാനും ഭാര്യം മക്കളും ചേർന്ന് വസ്ത്രങ്ങൾ താഴേക്കെത്തിച്ചു. അതിൽ നല്ല നിറങ്ങൾ നോക്കി എടുത്ത് നൗഷാദിക്കയുടെ രൂപം ഒരുക്കി. ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്നു കരുതിയില്ല. അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കാം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ഒടുവിൽ അത് ഇങ്ങനെയൊരു ചിത്രമായി മാറി.

നൗഷാദിക്കയിലെ നന്മയ്ക്കുള്ള അംഗീകരമാണ് ആ ചിത്രത്തിനു ലഭിക്കുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഇതൊക്കെയല്ലേ ചെയ്യാൻ പറ്റൂ. സന്തോഷം മാത്രം.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com