sections
MORE

‘ഈ ബുധനാഴ്ച എന്റെ കല്യാണം’; സസ്പെൻസ് ഒളിപ്പിച്ച് നന്ദുവിന്റെ കുറിപ്പ്

HIGHLIGHTS
  • നന്ദു മഹാദേവ കുറിച്ചിട്ട വാക്കുകൾ കണ്ട് ആദ്യം പലരും ഒന്നമ്പരന്നു
  • പിന്നാലെ കടലു പോലെ ഒഴുകിയെത്തി ‘വിവാഹ മംഗാളാശംസകൾ!
nandu-mahadeva-post-on-new-leg
SHARE

‘ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ്! രാവിലെ പത്ത് മണിക്ക് ശുഭ മുഹൂർത്തത്തിൽ മാവേലിക്കര വെട്ടിയാർ സെന്റ് തോമസ് മാർത്തോമാ പാരിഷ് ഹാളിൽ വച്ചാണ് കല്യാണം’. ഫെയ്സ്ബുക്ക് വാളിൽ നന്ദു മഹാദേവ കുറിച്ചിട്ട വാക്കുകൾ കണ്ട് ആദ്യം പലരും ഒന്നമ്പരന്നു. വായനയ്ക്കൊടുവിൽ നന്ദുവിന്റെ ‘വധു’ ആരെന്നറിഞ്ഞതോടെ അമ്പരപ്പ് നിറകൺചിരിക്ക് വഴിമാറി. പിന്നാലെ കടലു പോലെ ഒഴുകിയെത്തി ‘വിവാഹ മംഗാളാശംസകൾ!’

താൻ ഇരുകാലുകളിൽ നടക്കാൻ പോകുന്നുവെന്ന സന്തോഷവാർത്ത പ്രതീകാത്മകമായി കുറിക്കുകയായിരുന്നു നന്ദു. കാൻസർ കവർന്നെടുത്ത നന്ദുവിന്റെ കാലിന്റെ കൃത്രിമ കാലുകളെത്തുകയാണ്. നന്ദുവിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ക്രച്ചസിന്റെ സ്ഥാനത്തെത്തുന്ന ആ കൃത്രിമ കാൽ മരണം വരെയുള്ള കൂട്ടുകാരിയാണ്.

കാൻസർ സമ്മാനിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കൃത്രിമ കാൽ എന്ന സ്വപ്നം അകലെ തന്നെ നിൽക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു കൂട്ടം നന്മമനസുകളാണ് നന്ദു ഉൾപ്പെടെയുള്ള വേദന അനുഭവിക്കുന്നവർക്ക് സഹായം നൽകുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് നന്ദു ഈ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !!

രാവിലെ പത്ത് മണിക്ക് ശുഭ മുഹൂർത്തത്തിൽ മാവേലിക്കര വെട്ടിയാർ സെന്റ് തോമസ് മാർത്തോമാ പാരിഷ് ഹാളിൽ വച്ചാണ് കല്യാണം !!

ഈ വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് ജർമ്മനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്ത മകൾ 3R80 ആണ് വധു !!

എനിക്ക് ഈ ആലോചന കൊണ്ടു വന്ന ഷഫീഖ് പാണക്കാടനോട് പെരുത്തിഷ്ടം..!!

ആരും ഞെട്ടണ്ട കേട്ടോ..!!

കല്യാണത്തിനെക്കാൾ പ്രധാന്യമുള്ള ഒരു കാര്യമാണ് ചങ്കുകളോട് പറയാനുള്ളത് !!

ഞാൻ ഇരുകാലുകളിൽ നടക്കാൻ പോകുകയാണ്..!!

ഈ സന്തോഷ വാർത്ത പറയുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ട് !!

ഞാൻ നടന്നു കാണാൻ ഏറ്റവും ആഗ്രഹിക്കുന്നത് എന്റെ ചങ്കുകൾ ഓരോരുത്തരും ആണെന്ന് എനിക്കറിയാം..!!

ആ കിട്ടുന്ന കാൽ ഒരു തരത്തിൽ പറഞ്ഞാൽ എന്റെ വധു തന്നെയാണ് !! മരണം വരെ എന്റെ ഒപ്പം നടക്കേണ്ടവൾ !! ഞാനെന്ന ഭാരത്തെ സഹിക്കേണ്ടവൾ !! ആ അർത്ഥത്തിൽ ഇതൊരു വിവാഹം തന്നെയാണ് !! അതുകൊണ്ടാണ് അങ്ങനെ തന്നെ മുഖവുര വച്ചത് !!

സർജറി കഴിഞ്ഞ് 6 മാസം ആകുന്നതിന് മുമ്പ് കാലു വയ്ക്കണം എന്നു പറഞ്ഞതാണ്.. അത് കഴിഞ്ഞാൽ നടക്കാനുള്ള ആ ഒരു കഴിവ് തലച്ചോറിൽ നിന്ന് നഷ്ടമായി തുടങ്ങും.. കൃത്യമായ ബാലൻസ് കിട്ടില്ല.. ക്രച്ചസും ആയി വല്ലാത്ത ചങ്ങാത്തത്തിൽ ആയിപ്പോകും.. നിർഭാഗ്യവശാൽ ക്യാൻസർ സമ്മാനിച്ച സാമ്പത്തികപ്രശ്നങ്ങൾ കാരണം 6 മാസത്തിനുള്ളിൽ വയ്ക്കാൻ കഴിഞ്ഞില്ല..!! 15 മാസം കഴിഞ്ഞു.. ഇപ്പോൾ അത് ലൈഫ്‌ ആൻഡ് ലിംബ് സ്പോണ്സർ ചെയ്തിരിക്കുന്നു..

പ്രൊഫസർ ഗോപിനാഥ് മുതുകാട് സാറിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ഈ ചടങ്ങിന്‌ മുഴുവൻ നേതൃത്വവും നൽകുന്നത് ശ്രീ ജോൺസൺ സാമുവേൽ സർ ആണ്..

ജാതിമത ഭേദമില്ലാതെ എത്രയോ കോടി രൂപയുടെ ഈ പുണ്യപ്രവർത്തി ചെയ്യുന്ന അദ്ദേഹത്തോട് പറയാൻ വാക്കുകളില്ല.. ഇതുമുഴുവൻ സംഘടിപ്പിക്കുന്ന ഇതിന് വേണ്ടി ഓടി നടക്കുന്ന ബേബിച്ചായനാണ് ഞങ്ങടെ ഊർജ്ജം !! ബേബിച്ചായാനോടൊപ്പം ഓടി നടക്കുന്ന രാജൻ സറും പ്രവീൻ ഇറവങ്കര സറും നന്മമരങ്ങളാണ് !! ആശംസകൾ അർപ്പിച്ചുകൊണ്ട് ആരാധ്യനായ ചിറമേൽ ഫാദറും ഉണ്ട് !! എനിക്കൊപ്പം 50 പേർക്കാണ് കാലുകൾ നൽകുന്നത് !! ജർമ്മൻ കമ്പനിയായ ഓട്ടോബോക്കിന്റെ കാലുകൾ ആണ് വിതരണം ചെയ്യുന്നത് !!

പ്രിയമുള്ളവരെല്ലാം വരണം.. അനുഗ്രഹിക്കണം.. വരുന്ന ബുധനാഴ്ച മാവേലിക്കര വച്ചാണ് !! ചങ്കുകളേ ഓരോരുത്തരെയും വിളിച്ച് പറയാൻ കഴിയുന്നില്ല. ഇതൊരു ക്ഷണം ആയിത്തന്നെ കാണണം..

കുഞ്ഞുങ്ങളെപ്പോലെ പിച്ചവച്ചു നടന്നു തുടങ്ങുന്ന എനിക്ക് പ്രിയപ്പെട്ടവരുടെ പ്രാർത്ഥന വേണം..!!

NB : നോട്ടീസ് കമന്റ് ബോക്‌സിൽ ഉണ്ട് !!

സ്നേഹം നന്മമരങ്ങളോട്..❤️

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA