ADVERTISEMENT

വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സൗപര്‍ണിക. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മറുതീരം തേടി’ എന്ന സീരിയലിൽ അഭിരാമി എന്ന കഥാപാത്രത്തെയാണ് സൗപർണിക ഇപ്പോൾ അവതരിപ്പിക്കുന്നത്. സീരിയിലിലെ അനുഭവങ്ങൾ പലപ്പോഴായി പ്രേക്ഷകരോടു പങ്കുവച്ചിട്ടുള്ള താരം, രസകരമായ ഒരു അനുഭവം ആരാധകരുമായി പങ്കുവയ്ക്കുന്നു.

കൊതുകുകടി കാരണം ഉറക്കം നഷ്ടപ്പെട്ട ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സന്ദർഭം ഉണ്ട്. എറണാകുളത്ത് ഷൂട്ടിങ് നടക്കുന്ന സമയം. ഹോട്ടലിലാണ് താമസിച്ചിരുന്നത്. മുറി ക്ലീന്‍ ചെയ്യാൻ താക്കോൽ റിസപ്ഷനിൽ ഏൽപ്പിച്ചാണു ഷൂട്ടിനു പോയത്. രാത്രി വൈകിയാണ് ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയത്. വേഗം ഉറങ്ങാൻ കിടന്നു. പക്ഷേ തലേദിവസത്തിൽ നിന്നു വ്യത്യസ്തമായി കൊതുകിന്റെ കടിയാണ് കാത്തിരുന്നത്.

ഞാൻ എണീറ്റു ലൈറ്റ് ഓൺ ചെയ്തു. അതാ ഒരു ജനൽ തുറന്നു കിടക്കുന്നു. റൂം വൃത്തിയാക്കാൻ വന്നവർ അടയ്ക്കാൻ മറന്നു പോയതാണ്. വേഗം ജനലടച്ച് വീണ്ടും കിടന്നു. പക്ഷേ മുറിയിലുള്ള കൊതുകുകൾ വിടുന്ന മട്ടില്ല. എനിക്കാണെങ്കിൽ നല്ല ഉറക്കും വരുന്നുണ്ട്. ‍ഡെങ്കിയും ചിക്കുൻ ഗുനിയയുമെല്ലാം പടർന്നു പിടിക്കുന്ന കാലമായതു കൊണ്ട് പേടിയുമുണ്ട്. ടേബിളിൽ ഇരിക്കുന്ന ബാഗിൽ കൊതുക് കടിക്കാതിരിക്കാൻ പുരട്ടുന്ന ലേപനം ഉണ്ട്. അവിടെ കിടന്നു കൊണ്ടു തന്നെ അതെടുത്ത് മുഖത്തും കയ്യിലും തേച്ചു.

പുരട്ടി കഴിഞ്ഞപ്പോഴാണ് മണത്തിൽ എന്തോ മാറ്റം തോന്നിയത്. മുഖം നീറാന്‍ തുടങ്ങി. വേഗം എഴുന്നേറ്റ് ലൈറ്റ് ഇട്ടു. നോക്കിയപ്പോള്‍ പുറം വേദനയ്ക്ക് പുരട്ടുന്ന ബാം ആണ് മുഖത്തു തേച്ചത്. തണുത്ത വെള്ളത്തിൽ മുഖം കഴുകി കഴുകി ഒരു വിധം നേരം വെളുപ്പിച്ചു. ഇപ്പോഴും കൊതുകിനെ കാണുമ്പോൾ ആ രാത്രി ഓർമവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com