ADVERTISEMENT

ജൂനിയർ ചേംബർ ഇന്റർനാഷനൽ ടെൻ ഔട്ട് സ്റ്റാൻഡിങ് യങ് പഴ്സൻ (TOYP) രാജ്യാന്തര അവാർഡിന്റെ അന്തിമഘട്ടത്തിൽ കോട്ടയം ആർപ്പൂക്കര സ്വദേശി അനീഷ് മോഹനും. 2019 ലെ മികച്ച പത്തു പ്രതിഭകൾക്കു നൽകുന്ന പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ലോകമെമ്പാടും നിന്നുള്ള ഇരുപതുപേരാണ് ഇടം നേടിയത്. ഇതിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന പത്തു പേർക്കാണ് പുരസ്കാരം. ഇന്ത്യയിൽനിന്ന് അനീഷ് മാത്രമാണ് പട്ടികയിലുള്ളത്.

ജെസിഐ നാലുകോടി ചാപ്റ്ററാണ് അനീഷിനെ നാമനിർദേശം ചെയ്തത്. വ്യക്തിഗത ഉന്നമന വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ഇരുനൂറോളം നാമനിർദേശങ്ങളാണ് ഉണ്ടായിരുന്നത്.

2009 ൽ ഒരു ട്രെയിൻ അപകടത്തിൽ ഇടതുകാലും വലതു കൈയും നഷ്ടപ്പെട്ട അനീഷ് ആർപ്പൂക്കര പഞ്ചായത്തിലെ ജീവനക്കാരനും സാമൂഹിക പ്രവർത്തകനും പ്രചോദനാത്മക പ്രഭാഷകനുമാണ്. സന്നദ്ധ സംഘടനയായ ഇപ്കായ് യുടെ നാഷനൽ കോഓർഡിനേറ്ററും പരിശീലകനുമായ അനീഷ്‌   ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പരിപാടികളിൽ സ്ഥിര സാന്നിധ്യമാണ്.

രാജ്യാന്തര തലത്തിൽ ലഭിക്കുന്ന വോട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് പുരസ്കാര നിർണയം. https://toyp.jci.cc/ എന്ന വെബ് സൈറ്റിൽ ഫെയ്സ്ബുക്കിലൂടെ അനീഷിനു വോട്ട് ചെയ്യാം.  ഓഗസ്റ്റ് 20 മുതൽ 26 വരെയാണ് ഓൺലൈൻ വോട്ടിങ്. ആർപ്പൂക്കര തിരുനല്ലൂർ മോഹന്റെയും വത്സമ്മയുടേയും ഇളയ മകനാണ് അനീഷ്. കോട്ടയം ഗിരിദീപം സെൻട്രൽ സ്കൂളിലെ അധ്യാപികയായ നിധി സുകുമാരനാണ് ഭാര്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com