ADVERTISEMENT

ആദ്യമായി കാൻസർ എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ, കേട്ടതിനേക്കാൾ ഭയാനകമായ കഥകളാണ് നന്ദു മഹാദേവയെ തേടി എത്തിയത്. കീമോ ചെയ്യരുത്, മുടി കൊഴിയും, മരണം ഉറപ്പ്, ജീവിതം നഷ്ടമായി..... ഇങ്ങനെ ‘ഭീകരമായ’ ലേഖനങ്ങൾ മാത്രം. ഓസ്റ്റിയോ സർകോമ ഹൈഗ്രഡ് എന്ന ബോൺ കാൻസർ സ്ഥിരീകരിച്ച ഒരാൾ ഇതെല്ലാം വായിച്ചാല്‍ തളർന്നു പോകാനേ തരമുള്ളൂ. ബാക്കി ജീവിതം നൈരാശ്യത്തിൽ അവസാനിക്കാനും.

പക്ഷേ തിരുവനന്തപുരം ഭരതന്നൂർ സായി കൃഷ്ണയിൽ നന്ദു ചിന്തിച്ചത് മറ്റൊരു തരത്തിലായിരുന്നു. പോരാടണം, ഇനി കാൻസർ എന്നു തിരയുമ്പോൾ അതിജീവന കഥകൾ ഇൻർനെറ്റിൽ നിറയണം. നന്ദു പോരാടി, അതിശക്തമായി തന്നെ. തന്റെ ആശയങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. അത് കേരളം മുഴുവൻ കേട്ടു. കാൻസറിനോടു പോരാടൻ മറ്റുള്ളവർക്ക് കരുത്തായി. ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വരുമ്പോൾ നന്ദു തോൽക്കും എന്നു കാൻസർ കരുതി കാണണം. എന്നാൽ നന്ദുവും അവന്റെ ആശയങ്ങളും കൂടുതൽ ശക്തിയാർജിക്കുകയാണ് ചെയ്തത്. ഇന്ന് നന്ദു മഹാദേവ എന്നു തിരഞ്ഞാൽ ഗൂഗിൾ നല്‍കുക പോരാട്ടത്തിനു പ്രചോദനമാകുന്ന ലേഖനങ്ങളാണ്.

‘ബുധനാഴ്ച എന്റെ ‘വിവാഹമാണ്’. ജർമനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്ത മകളാണ് വധു’ കൃത്രിമക്കാൽ വയ്ക്കുന്നതിനെ കുറിച്ച് നന്ദു സമൂഹമാധ്യമത്തിലെഴുതി. ആ ക്ഷണക്കത്ത് കേരളക്കരയുടെ ഹൃദയം കവർന്നു. നന്ദു വിവാഹിതനായി. ഇനി പരിശീലന കാലം.

പരിശീലനം തുടങ്ങി

ഇനി ഒരു മാസം പരിശീലനമാണ്. കൃത്രിമ കാൽ ലഭിച്ചവർക്ക് പല സ്ഥലത്താണ് ഓട്ടോബോക് പരിശീലനം ഒരുക്കുന്നത്. എനിക്ക് ശ്രീകാര്യത്താണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. അതു കഴിഞ്ഞാലേ ഉദ്ദേശിക്കുന്ന പോലെ നടക്കാനാവൂ. കാല്‍ മുറിക്കുന്നതിനു മുൻപ് കിടപ്പിലായിരുന്നു. അങ്ങനെ രണ്ടര വർഷമായി രണ്ടു കാലിൽ നടന്നിട്ടില്ലായിരുന്നു. ഇനി രണ്ട് കാലും കുത്തി നടക്കാം. 

ഒന്നര കോടിയോളം രൂപ മുടക്കിയാണ് ജോൺസൻ സാമുവൽ എന്നയാളാണ് 48 പേർക്ക് ഈ കാലുകൾ നൽകിയത്. എന്നെ വളരെയധികം അദ്ഭുതപ്പെടുത്തിയ ഒരാളാണ് അദ്ദേഹം. ഒരു നേരത്തെ ഭക്ഷണം വാങ്ങികൊടുത്ത് ലൈവില്‍ വരുന്ന ആളുകളുണ്ട് ഈ നാട്ടിൽ. എന്നാൽ ഇത്ര രൂപ മുടക്കിയ അദ്ദേഹം വേദിയിൽ കയറി ഇരിക്കാൻ പോലും തയാറായില്ല.

ശുഭാപ്തിവിശ്വാസം

ഞാനെപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. നമ്മുടെ ജീവിതം ഒരു ഐസ്ക്രീം പോലയൊണ്. തിന്നാലും ഇല്ലെങ്കിലും സമയം ആകുമ്പോൾ അലിഞ്ഞു പോകും. സന്തോഷിച്ചാലും ദുഃഖിച്ചാലും സമയം ആകുമ്പോള്‍ ജീവിതം അവസാനിക്കും. അങ്ങനെ ഒരു കാഴ്ചപ്പാട് ഉള്ളതു കൊണ്ടു തന്നെ ജീവിതം ആസ്വദിക്കുന്നു. 

ഈശ്വര വിശ്വാസവും കാഴ്ചപ്പാടുകളുമാണ് അതിനു കരുത്തായത്. ഇങ്ങനെയാരു കാഴ്ചപ്പാട് എന്നിൽ വളർത്തിയത് എന്റെ അമ്മയാണ്. പിന്നെ മഹാദേവനിലുള്ള വിശ്വാസവും. അതാണ് പേരിൽ മഹാദേവനെ ചേർത്തു വച്ചിരിക്കുന്നത്. കുടുംബം, സുഹൃത്തുക്കൾ, ബന്ധുക്കൾ ഞാൻ അറിയാത്ത എനിക്കുവേണ്ടി പ്രാര്‍ഥിച്ച ഒരുപാട് പേരുണ്ട്. പിന്തുണ നൽകിയവരുടെ പേരുകൾ പറഞ്ഞാൽ തീരില്ല.

nandu-mahadeva-2

ശസ്ത്രക്രിയയുടെ സമയത്ത് ജെയിംസ് എന്ന് പേരുള്ള ഒരു ചേട്ടന്‍ പളനിയിൽ പോയി നേർച്ച നേർന്ന് എന്നെ കാണാൻ വന്നു. ഇപ്പോഴും സ്ഥിരമായി ഗുരുവായൂർ അമ്പലത്തിൽ നേർച്ച നേരുന്നവരുണ്ട്. ഇതൊക്കെ എനിക്ക് നൽകുന്ന കരുത്തും വിശ്വാസവും വളരെ വലുതാണ്. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്നു പ്രവചിക്കപ്പെട്ടിടത്തു നിന്നാണ് തിരിച്ചു വന്നത്. അന്നും ഇന്നും എനിക്ക് ശുഭാപ്തി വിശ്വാസത്തിനു കുറവില്ല. മനസ്സ് തന്നെയാണ് പ്രധാനം. രണ്ടു ദിവസമേ ഉള്ളുവെങ്കിൽ ആ രണ്ടു ദിവസം സന്തോഷമായി ജീവിക്കുക.

അതിജീവനം

തെറ്റായ പ്രചാരണങ്ങൾ കാരണം ചികിൽസ തേടാത്ത നിരവധി പേരുണ്ട്. ഭയപ്പെട്ട് ജീവിക്കുന്നവർ. അങ്ങനെയുള്ളവർക്ക് ബോധവത്കരണം ലക്ഷ്യമിട്ടാണ് അതിജീവനം ആരംഭിക്കുന്നത്. ഇന്ന് 120ലധികം അംഗങ്ങളുണ്ട്. പലവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ചിരിച്ചു കൊണ്ട് രോഗത്തെ നേരിടാൻ എല്ലാവർക്കും അറിയാം. 

കാൻസർ സ്ഥിരീകരിച്ചാൽ പോരാടാന്‍ തയാറാണ് എന്നു വിളിച്ചു പറയുന്നവരായി സമൂഹം മാറി. ഫെബ്രുവരി 4ന് കാൻസർ ദിനത്തിൽ ആദ്യമൊക്കെ ദുരിതങ്ങളും വേദനകളുമായിരുന്നു വാർത്തകളായിരുന്നത്. എന്നാൽ ഇന്ന് എല്ലാം പോരാട്ട കഥകളാണ്. അങ്ങനെ ഒരു മാറ്റത്തിൽ അതിജീവനത്തിനും അതിലെ അംഗങ്ങൾക്കും പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ട്.

സ്വപ്നങ്ങൾ 

കാൻസർ രോഗികൾക്കു വേണ്ടി കൂടുതൽ പ്രവര്‍ത്തനങ്ങൾ ചെയ്യണം. പ്രതിസന്ധികൾ വന്നാൽ എല്ലാം കഴിഞ്ഞു എന്നു പറഞ്ഞ് ആരും ഇരിക്കരുത്. എത്ര നിസ്സാരകാര്യങ്ങൾക്കാണ് പലരും ജീവിതം അവസാനിപ്പിക്കുന്നത്. അതിന്റെ നഷ്ടം എത്ര വലുതാണ്. ഒരു ഉദാഹരണം പറയാം. ഓട്ടോബോക്കിന് 1.5 കോടിയുടെ കൃത്രിമ കാലുണ്ട്. മൈക്രോ ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്. പക്ഷേ അതിനൊരിക്കലും ദൈവം നമുക്ക് തന്ന കാലിന്റെ നൂറിൽ‌ ഒരംശം പോലും പ്രവർത്തിക്കില്ല. അപ്പോൾ നമുക്ക് ലഭിച്ച ഈ ശരീരത്തിന്റെ വില ഒന്ന് ചിന്തിച്ചു നോക്കൂ. 

അതൊന്നും മനസ്സിലാക്കാതെ ചെറിയ കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന, ലഹരിക്ക് അടിമകളായി ജീവിതം നശിപ്പിക്കുന്നവരെ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. സമൂഹത്തിന് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ എല്ലാവരും ചെയ്താൽ എത്ര നന്നായിരിക്കും. എനിക്ക് സാധിക്കുന്നത് ഞാൻ ചെയ്യണം. ഒരു പുസ്തകം എഴുതാൻ പദ്ധതിയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com