sections
MORE

അച്ഛനെ കൊന്ന മക്കളെ വെറുതെ വിടണം; തെരുവിലിറങ്ങി ജനങ്ങൾ

HIGHLIGHTS
  • മൂന്നര ലക്ഷം പേർ നിവേദനത്തിൽ ഒപ്പിട്ടു
  • സ്വയം രക്ഷയായിരുന്നു ലക്ഷ്യമെന്ന് പ്രതിഭാഗം
sisters-who-killed-father-touch-hearts-of-people
മിഖായേൽ മക്കളോടൊപ്പം
SHARE

പിതാവിനെ കൊലപ്പെടുത്തിയ മൂന്നു പെണ്‍കുട്ടികളുടെ മോചനം ആവശ്യപ്പെട്ട് റഷ്യയിൽ ജനങ്ങളുടെ പ്രകടനം. 2018 ജൂലൈ 27ന്  57കാരനായ മിഖായൽ ഖാചാതുറിയാനെ അടിച്ചും കുത്തിയും കൊന്ന മക്കളായ ക്രിസ്റ്റീന, എയ്ഞ്ചലീന, മരിയ എന്നിവരെ മോചിപ്പിക്കണം എന്നാണ് ആവശ്യം. പെൺകുട്ടികൾ നേരിട്ട പീഡന വിവരങ്ങൾ പുറത്തു വന്നതോടെയാണ് ഇവരെ വെറുതെ വിടണമെന്ന് അപേക്ഷിച്ച് ലക്ഷക്കണക്കിന് ആളുകൾ ഒപ്പിട്ട നിവേദനം കോടതിയിൽ സമർപ്പിച്ചത്. പലയിടത്തായി പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുന്നുണ്ട്.

മുറി വൃത്തിയാക്കിയത് ശരിയായില്ല എന്ന കാരണം പറഞ്ഞ് മിഖായൽ മൂന്നു മക്കളെയും മുറിയിലേക്കു വിളിച്ചു വരുത്തി ശാസിച്ചു. ശിക്ഷയായി അവരുടെ കണ്ണുകളിൽ കുരുമുളക് സ്പ്രേ അടിച്ചു. കരഞ്ഞു കൊണ്ട് തങ്ങളുടെ മുറിയിലേക്ക് ഒാടിയ മൂവരും അച്ഛൻ ഉറങ്ങിയപ്പോൾ തിരിച്ചു വന്ന് കയ്യിൽ കത്തിയും ചുറ്റികയും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പൊലീസിനെ വിളിച്ച് അച്ഛനെ കൊന്ന വിവരം അറിയിച്ചു.

30 കുത്തുകളാണ് മിഖായേലിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ശരീരത്തിന്റെ പലഭാഗങ്ങളും ചതഞ്ഞ നിലയിലായിരുന്നു. കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചിരുന്നു. കൊലപാതക വിവരം നാടിനെ ഞെട്ടിച്ചു. എന്നാൽ അന്വേഷണം ആരംഭിച്ച പൊലീസിന്റെ കണ്ടെത്തലുകൾ പെൺകുട്ടികൾ നേരിട്ട കഠിനമായ പീഡനം വെളിച്ചത്തു കൊണ്ടു വന്നു.

മൂന്നു വർഷമായി മാനസികമായും ശാരീരികമായും മിഖായേൽ മക്കളെ പീഡിപ്പിക്കുകയായിരുന്നു. അച്ഛന്റെ അടി കിട്ടാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല. ചെറിയ തെറ്റുകൾ കണ്ടെത്തി വലിയ ശിക്ഷകൾ നൽകുക പതിവായിരുന്നു. ലൈംഗികമായി ഉപയോഗിച്ചതായും ഇവർ പൊലീസിനോടു പറ‍ഞ്ഞു. ഗാർഹിക പീഡനം സഹിക്കാനാവാതെ വന്നപ്പോൾ അച്ഛനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

2015ൽ ഭാര്യ ഔരേലിയയെ മിഖായേൽ വീട്ടിൽ നിന്നു പുറത്താക്കിയിരുന്നു. അന്നു ഗാർഹിക പീഡനം ആരോപിച്ച് ഔരേലിയ പൊലീസിനെ സമീപിച്ചു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇയാൾക്കെതിരെ നടപടി സ്വീകരിക്കാനായില്ല. പിന്നീട് ഔരേലിയ താമസം മാറി. മക്കളെ കൂടെ കൂട്ടാനോ അവരുമായി ബന്ധപ്പെടാനോ ഇയാൾ സമ്മതിച്ചില്ല. ഇക്കാലയളവിൽ മക്കളെ കഠിനമായി പീഡിപ്പിക്കാൻ തുടങ്ങി. തടവിലാക്കിയതിനു സമാനമായിരുന്നു ജീവിതം. മറ്റുള്ളവരോടു സംസാരിക്കാൻ പോലും മക്കൾക്ക് അനുവാദം നൽകിയില്ല. മയക്ക്മരുന്ന് കടത്ത് റാക്കറ്റിലെ കണ്ണിയായിരുന്നു മിഖായേലെന്നും വെളിപ്പെടുത്തലുകൾ ഉണ്ടായി.

ഈ വിവരങ്ങൾ പുറത്തുവന്നതോടെ പെൺകുട്ടികള്‍ കുറ്റവാളികളല്ല, ഇരകളാണ് എന്നും വെറുതെ വിടണമെന്നും ആവശ്യമുയർന്നു. മൂന്നര ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം കോടതിയിൽ സമർപ്പിച്ചു.

സ്വയം രക്ഷ മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. അതിനാൽ ഇവരെ മോചിപ്പിച്ച്, സാധാരണ ജീവിതം നയിക്കാൻ അവസരം ഒരുക്കണമെന്ന് പ്രതിഭാഗം വാദിക്കുന്നു. മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയത്. അതിനാൽ ശിക്ഷയായി 20 വർഷം തടവ് നൽകണം എന്നാണ് വാദിഭാഗത്തിന്റെ ആവശ്യം.

റഷ്യയിൽ ഗാർഹിക പീഡനം  വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഉളളത്. നിയമത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും പരാജയമാണ് ഇതെന്നും ആരോപണങ്ങളുണ്ട്. എന്തായാലും റഷ്യൻ ജനത കാത്തിരിക്കുകയാണ് ഈ സഹോദരിമാരുടെ വിധി അറിയാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA