ADVERTISEMENT

ഇഷ്ടമില്ലാതെ നടക്കുനന വിവാഹങ്ങൾ, ഭാര്യയെ ഒരു ലൈംഗിക വസ്തുവായി മാത്രം കാണുന്ന പുരുഷന്മാർ, ഭർത്താവിനെ അംഗീകരിക്കാനാകാത്ത സ്ത്രീകൾ... വിവാഹബന്ധത്തിലെ പ്രശ്നങ്ങൾ നിരവധിയാണ്. പ്രശ്നങ്ങൾ കാരണം ജീവതം മുഴുവൻ എരിഞ്ഞു തീരുന്നവരുണ്ട്. കൗണ്‍സിലിങ്ങിനായി എത്തുന്നവരുടെ അനുഭവങ്ങള്‍ മനശാസ്ത്രജ്ഞയാ കലാ മോഹൻ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ പങ്കുവച്ച അനുഭവം ജീവിതത്തിൽ കേട്ട ഏറ്റവും മനോഹരമായ അനുഭവം എന്നാണ് കല വിശേഷിപ്പിച്ചത്.

കാമുകൻ അപകടത്തിൽ കൊല്ലപ്പെട്ടു ദിവസങ്ങള്‍ക്കകം വീട്ടികാർ മറ്റൊരാളെ കൊണ്ടു വിവാഹം ചെയ്യിപ്പിച്ച പെൺകുട്ടി. പിന്നീട് തുടർച്ചയായ തേടിയെത്തിയ കഷ്ടപ്പാടുകൾ. ഒടുവിൽ ആ സ്ത്രീയുടെ ജീവിതത്തിലേക്ക് കഷ്ടപ്പാടുകള്‍ അറിഞ്ഞ് സ്നേഹിക്കുകയും ചേർത്തു പിടിയ്ക്കുകയും ചെയ്യുന്ന ഒരു പുരുഷൻ കടന്നു വരുന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് അവർ വിവാഹിതരാകുമ്പോൾ മധുരം വിതരണം ചെയ്ത് അവരുടെ മകൾ ഉണ്ടായിരുന്നു. 

കല മോഹന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്; 

ഏറ്റവും മനോഹരമായ ഒരു കഥ കേട്ട ദിവസം. അത് ഇന്നാണ്. കഥയല്ലിത് ജീവിതം. ജീവന്റെ ജീവനായി പ്രണയിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള വീട്ടുകാരുടെ അനുവാദം തേടി പോകവേ അയാൾ അപകടത്തിൽ മരണപ്പെട്ടു. കരഞ്ഞു തീർക്കാൻ പോലും സമയം കിട്ടുന്നതിന് മുൻപേ വീട്ടുകാർ ആ പെൺകുട്ടിക്ക് മറ്റൊരു വിവാഹം നടത്തി. ഒട്ടും യോജിക്കാൻ കഴിയാത്ത മാനസികാവസ്ഥ. വിവാഹം കഴിഞ്ഞു, വിദേശത്ത് പോയെങ്കിലും അവൾക്കൊരു ഭാര്യ ആകാൻ പറ്റിയില്ല. 

ഭർത്താവായ ആളിനെ അംഗീകരിക്കാൻ പറ്റുന്നില്ല. അയാളുടെ ലൈംഗികാക്രമണം അതിഭീകരം ആയിരുന്നു. പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഒരുവൻ.

അയാളിലെ പ്രശ്നങ്ങൾ ഏറെ കുറെ അറിയുന്ന അയാളുടെ തന്നെ കൂട്ടുകാരൻ അവളുടെ രക്ഷകനായി. അവർ തമ്മിൽ അടുത്തു. ഗർഭിണി ആയി. നാട്ടിലെത്തിയ അവൾ വിവാഹമോചനത്തിന് കേസ് കൊടുത്തു. സദാചാരത്തിന്റെ വെള്ളപ്പട്ടു ധരിച്ച കുടുംബക്കാരും സ്വന്തക്കാരും ഒറ്റപ്പെടുത്തി.

അവർ പോലും അവളെ പിഴച്ചവൾ എന്ന് പറഞ്ഞു അട്ടഹസിച്ചപ്പോൾ, അവൾ തളർന്നു. പക്ഷേ, അവളുടെ കൂട്ടുകാരൻ കൂടെ നിന്ന് ഓരോ സങ്കടങ്ങളെയും അരുമയോടെ തഴുകി. മുറിവുകൾ ക്രമേണ ഉണങ്ങി തുടങ്ങി. ഗർഭിണി ആയ അവൾക്കു സ്വന്തക്കാർ പോലും തുണയുണ്ടായില്ല. വിവാഹമോചന കേസ് എട്ടു വർഷത്തോളം നീണ്ടു. ഒന്നും വേണ്ട, ബന്ധത്തിൽ നിന്നൊരു മോചനം മാത്രം മതിയെന്നവൾ അറിയിച്ചിട്ടും ഇത്രയും വർഷമെടുത്തു കുരുക്കുകൾ ഊരിയെടുക്കാൻ.

എട്ടു വർഷം കഴിഞ്ഞവൾ, വീണ്ടും വിവാഹിതയായി. അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് ലഡു വിതരണം ചെയ്ത ആ കുറുമ്പത്തി പെണ്ണാണ് അവളുടെ അമ്മയുടെ കഥ എന്നോട് പറഞ്ഞത്. അമ്മയുടെയും അച്ഛന്റെയും പോലെ ഒരു പ്രണയം എനിക്കുണ്ടാകണം. എത്ര വർഷമാണ് എന്റെ അച്ഛൻ കാത്തിരുന്നത്. അമ്മയെ ചതിക്കാൻ ഒരുക്കമല്ലായിരുന്നു.

ആ അച്ഛന്റെ മോളല്ലേ ടീച്ചറെ ഞാൻ. അമ്മയുടെ കഥകൾ മുഷിഞ്ഞു നാറിയതാണെന്നും പറഞ്ഞു എന്നെ പ്രണയിച്ചവൻ ഇന്നലെ ബ്രേക്കപ് പറഞ്ഞു. എനിക്ക് ഒട്ടും സങ്കടം തോന്നിയില്ല. ഞാൻ രക്ഷപെട്ടെന്നേ തോന്നിയുള്ളൂ. എല്ലാ ആണുങ്ങളും മോശമല്ലല്ലോ ടീച്ചറെ. എന്റെ അച്ഛനെ പോലെ ഒരാൾ എനിക്കും വരും. അഭിമാനത്തോടെ അവൾ പറഞ്ഞു.

എനിക്ക് ആ ആണിന്റെ പെണ്ണിനോട്, അതായത് അവളുടെ അമ്മയോട് വല്ലാത്ത ബഹുമാനം ഉണ്ടായി. നിങ്ങൾക്ക് ഇങ്ങനെ ഒരുവന്റെ സ്നേഹം കിട്ടിയല്ലോ. ഇങ്ങനെ ഒരു മോളെ നിങ്ങൾ വാർത്തെടുത്തല്ലോ. സ്ത്രീയായി ജനിച്ചാൽ പോരാ. സ്ത്രീയായി തീരാനും ഭാഗ്യം വേണം. എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു.

ഭ്രാന്തിന്റെ, മരണത്തിന്റെ വഴികളിൽ നിന്ന് ഒരു സ്ത്രീയെ രക്ഷിച്ചെടുത്ത്, അവളുടെ അഭിമാനത്തെ കാത്തു രക്ഷിച്ച പുരുഷന്, എന്റെ കൂപ്പുകൈ..🙏🙏🙏

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com