sections
MORE

വേദനിക്കാന്‍ വേറെ ഒരുപാട് കാര്യങ്ങളുണ്ട്: ജോബി

HIGHLIGHTS
  • കേരള യൂണിവേഴ്സിറ്റി കലാപ്രതിഭ ആയിരുന്നു
  • അച്ചുവേട്ടന്റെ വീട് ആദ്യ സിനിമ
malayalam-actor-joby-interviewe-on-life
SHARE

ഉയരം കുറഞ്ഞവരെ ഹാസ്യത്തിന് വേണ്ടിയുള്ള വസ്തുവായി സിനിമകളിൽ ഉപയോഗിച്ചിരുന്ന കാലഘട്ടത്തിൽ കഥാപാത്രങ്ങളായി ശ്രദ്ധ നേടാമെന്നു തെളിയിച്ച കലാകാരനാണ് ജോബി. കലയിലും ജീവിതത്തിലും ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുന്ന ഒരാൾ. വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത്, പല സംഘടനകളുടേയും നേതൃസ്ഥാനം ജോബി വഹിച്ചിട്ടുണ്ട്. ദൂരദർശനിലെ പരിപാടികളിലൂടെ മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചു. ഒരു വസ്തുവായല്ല, കഥാപാത്രമായി തന്നെ. ഔദ്യോഗിക തിരക്കുകളെ തുടർന്ന് അഭിനയ ജീവിതത്തിൽ ഇടവേളകൾ വന്നെങ്കിലും മലയാളികൾക്ക് ഈ മുഖം മറക്കാനാവില്ല. പ്രിയകലാകാരന്റെ വിശേഷങ്ങളിലൂടെ...

കലാപ്രതിഭയായി സിനിമയിലേക്ക്

സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ പങ്കെടുക്കുമായിരുന്നു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പ്രഫഷനൽ മിമിക്രിയുടെ ഭാഗമാകാൻ തുടങ്ങി. അന്നു മിമിക്രി പ്രശസ്തമായി വരുന്നതേയുള്ളൂ. കൂട്ടുകാർ പകരുന്ന കരുത്ത് വളരെ വലുതാണ്. പിന്നീട് കേരള യൂണിവേഴ്സിറ്റിയുടെ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. അതു വളരെ വാർത്താ പ്രാധാന്യം നേടി. അങ്ങനെയാണ് ബാലചന്ദ്രമേനോൻ സർ ‘അച്ചുവേട്ടന്റെ വീട്’ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. പിന്നീടാണ് ദൂരദർശൻ വരുന്നത്. അതിൽ അവസരം കിട്ടി. തുടർച്ചായി ദൂരദർശനിലെ പരിപാടികളുടെ ഭാഗമായി. അതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 

joby-4

പ്രതിസന്ധികൾ ചവിട്ടുപടികളാക്കണം

എനിക്ക് ഉയരം കുറവാണ്. എന്റെ കുറവുകളെ പോസിറ്റീവ് ആയി കാണാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. പ്രതിസന്ധികളെ ചവിട്ടുപടികളാക്കി മാറ്റാൻ ശ്രമിച്ചു. എവിടെയും ഇടിച്ചു കയറാനും നന്നായി സംസാരിക്കാനുമുള്ള കഴിവ് ഉണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും നേതൃസ്ഥാനങ്ങൾ തേടിയെത്തി. അങ്ങനെ നേതൃത്വഗുണമുള്ള ഒരു വ്യക്തിയാണ് അജയ്(ഗിന്നസ് പക്രു). എന്തുകാര്യവും സമർപ്പണ മനോഭാവത്തോടു കൂടി ചെയ്യാനും അദ്ദേഹം ശ്രദ്ധിക്കും. അതുകൊണ്ട് പക്രുവിന് എവിടെ പോയാലും സ്ഥാനം ലഭിക്കും. ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് പ്രയത്നങ്ങളുടെ ഫലമാണിത്.

joby-3

വ്യവസ്ഥിതിയിൽ ഒതുങ്ങിയില്ല

എനിക്ക് മുൻപ് സിനിമയിൽ വന്ന ഉയരം കുറഞ്ഞവർക്ക് സ്ഥിരമായി ചില വേഷങ്ങളുണ്ടായിരുന്നു. കാലിന്റെ അടിയിൽ കൂടി പോകുന്ന, അടിച്ച് ഓടിപ്പിക്കുന്ന ചില കഥാപാത്രങ്ങൾ. സിനിമയിൽ തമാശയ്ക്കു വേണ്ടി ഉപയഗിച്ചിരുന്ന ഒരു വസ്തു എന്ന രീതിയിലായിരുന്നു അത്. ആ വ്യവസ്ഥിതിയെ തകർത്ത് പുറത്തു വരാൻ എന്തുകൊണ്ടോ എനിക്ക് സാധിച്ചു. ഞാൻ കലാപ്രതിഭ ആയിരുന്നത് ആകാം കാരണം. അല്ലെങ്കിൽ വിദ്യാഭ്യാസമായിരിക്കാം. ഞാൻ എംഎ പൂർത്തിയാക്കിയിട്ടുണ്ട്. അതെല്ലാമായിക്കാം.

വേദനിക്കാന്‍ വേറെ കാര്യങ്ങളുണ്ട്

ഉയരം കുറവിനെ അതിജീവിച്ചു. വേദനിച്ച് ഇരുന്നിട്ട് കാര്യമില്ല എന്ന് അറിയാമായിരുന്നു. വേദനിക്കാനാണ് എങ്കിൽ വേറെ ഒരുപാട് കാര്യങ്ങളുണ്ട്. എനിക്കു രണ്ടു മക്കളാണ്. രണ്ടാമത്തെ ആൾക്ക് ഓട്ടിസം ആണ്. അവൻ സംസാരിക്കില്ല, ഒന്നും ശ്രദ്ധിക്കാനാവില്ല. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനാകില്ല, ഹൈപ്പർ ആക്ടീവാണ്. എന്നാൽ അതും ആലോചിച്ച് ദുഃഖിച്ചിരിക്കാറില്ല. എല്ലാം ഒരു അവസ്ഥയാണ്. മുന്നോട്ടു പോയേ തീരൂ.

മണ്ണാങ്കട്ടയും കരിയിലയും

‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന സിനിമയിലെ അഭിനയത്തിന് എനിക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നു. അതാണ് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. ‘അച്ചുവേട്ടന്റെ വീട്’ എന്ന ആദ്യ ചിത്രത്തിലും നല്ല കഥാപാത്രമായിരുന്നു. വളരെ മികച്ചതെന്നു പറയാൻ നിരവധി കഥാപാത്രങ്ങളൊന്നും ഇല്ല. 

joby-2

ശബ്ദവും ശ്രദ്ധിക്കപ്പെട്ടു 

എന്റേതല്ലാത്ത ഒരുപാട് കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തിട്ടുണ്ട്.  ലുട്ടാപ്പിക്ക് കൊടുത്ത ശബ്ദമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മൈഡിയർ കുട്ടിച്ചാത്തനിലെ കുട്ടികളിൽ ഒരാൾക്കു വേണ്ടി ഡബ് ചെയ്തിരുന്നു. ഹിന്ദിയിലും ഞാൻ തന്നെയാണ് ശബ്ദം കൊടുത്തത്.

joby-family

ഔദ്യോഗിക ജീവിതം

കെഎസ്എഫ്ഇയുടെ ഉള്ളൂർ ബ്രാഞ്ച് മാനേജർ ആണ്. പല സംഘടനകളുടെയും നേതൃനിരയിലും സ്ഥാനം വഹിക്കാൻ അവസരം ലഭിച്ചു. എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കാനാണ് ഇഷ്ടം.

കുടുംബം

ഭാര്യ സൂസൻ. മുത്തയാൾ സിദ്ധാർഥ് ഡിഗ്രി കഴിഞ്ഞു. രണ്ടാമത്തെ മകൻ ശ്രേയസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA