ADVERTISEMENT

സിദ്ധാർഥ് വേണുഗോപാൽ, ആമുഖം ആവശ്യമില്ലാത്ത മിനിസ്‌ക്രീനിലെ താരസാന്നിധ്യം. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് സീരിയലായ ഭാഗ്യജാതകത്തിലെ അരുൺ ഷേണായ് എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അരുൺ ഷേണായി എന്ന നെഗറ്റിവ് കഥാപാത്രം പൊസിറ്റിവ് ഇമേജിലേക്ക് മാറിയപ്പോഴും സിദ്ധാർഥ് മികച്ച പ്രകടനവുമായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. ചെയ്ത സീരിയലുകളെല്ലാം സൂപ്പര്‍ഹിറ്റുകൾ എന്ന പതിവ് തുടരുന്ന സിദ്ധാർഥ് വേണുഗോപാല്‍ മനസ്സു തുറക്കുന്നു.

അഭിനയലോകത്തേക്ക്

ഏറെ ആഗ്രഹിച്ചാണ് ഞാൻ അഭിനയ രംഗത്ത് എത്തിയത്. അതിനായി കുറെ കഷ്ട്ടപ്പെട്ടിട്ടും ഉണ്ട്. ചെറുപ്പത്തിലേ അഭിനയിക്കാൻ ഇഷ്ടമായിരുന്നു. പഠിക്കുന്ന കാലത്ത് നാടകങ്ങളിൽ സജീവമായിരുന്നു. കോളജിൽ പഠിക്കുമ്പോൾ പ്രഫഷണൽ നാടകങ്ങളിൽ സജീവമായി. അതിനിടയ്ക്ക് എപ്പോഴോ ആങ്കറിങ് എന്ന മോഹം തലയ്ക്കു പിടിച്ചു. ഒരു സ്വകാര്യ ചാനലിൽ അവതാരകനായി കുറച്ച് നാൾ പ്രവർത്തിച്ചു. അക്കാലയളവിലും നാടകങ്ങളിൽ സജീവമായിരുന്നു. ഒരിക്കൽ എന്റെ നാടകം കണ്ട സുഹൃത്തിന്റെ ചേട്ടനും  സീരിയൽ, സിനിമ നിർമാതാവുമായ അരുൺ ഘോഷാണ് സീരിയലിൽ അവസരം നൽകുന്നത്. കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. അതിനാൽ അഭിനയത്തിൽ നിന്ന് സംതൃപ്തിയും ഊർജവും ലഭിച്ചു. പ്രേക്ഷകർ കഥാപാത്രങ്ങളെ സ്വീകരിച്ചതോടെ ഈ രംഗത്ത് എന്റെ ആത്മവിശ്വാസം വർധിച്ചു

siddharth-venugopal-1

പ്രേക്ഷകരാണ് കരുത്ത്

പ്രേക്ഷകർ നൽകുന്ന സ്നേഹവും പിന്തുണയുമാണ് എനിക്ക് കരുത്താകുന്നത്. മുന്നോട്ടു പോകാൻ അതെന്നെ സഹായിക്കുന്നു. ആളുകൾ തിരിച്ചറിയുന്നതും അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതും വളരെ പോസിറ്റിവ് ആയി കാണുന്ന ആളാണു ഞാൻ. ചിലർ നെഗറ്റിവ് അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. ഇത് തിരുത്തലോടെ മുന്നോട്ടു പോകാൻ സഹായിക്കുന്നു. വീട്ടിലെ ഏറ്റവും വലിയ വിമർശകർ അമ്മയും ചേട്ടനുമാണ്. അമ്മയുടെ അഭിപ്രായങ്ങൾക്ക് വളരെ പ്രാധാന്യം നൽകുന്ന ആളാണ് ഞാൻ. അതിനാൽ ആവശ്യമായ തിരുത്തലുകൾ വരുത്താറുണ്ട്. ക്രിട്ടിക്ക് എന്ന നിലയിൽ ചേട്ടന്റെ അഭിപ്രായങ്ങളും വളരെ മൂല്യമേറിയതാണ് 

സിനിമയാണ് ലക്ഷ്യം

ഏറെ ആസ്വദിച്ചാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. പുതിയ കാര്യങ്ങൾ പഠിക്കുകയും കഥാപാത്രങ്ങളോട് പരമാവധി മര്യാദ പുലർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സീരിയലിൽ തന്നെ ഒതുങ്ങി നിൽക്കാൻ യാതൊരു ഉദ്ദേശ്യവുമില്ല. എന്റെ ലക്ഷ്യം സിനിമയാണ്. അതിനായി പരിശ്രമിക്കും. പ്രേക്ഷകർ സ്വന്തം കയ്യിലെ പണം മുടക്കി വന്നു കാണുന്ന സിനിമയുടെ ഭാഗമാകുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. അതിനാൽ സിനിമയിൽ എത്താനുള്ള ശ്രമങ്ങൾ നടത്തും. നല്ല കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷക മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടണം എന്നാണ് മോഹം.

പ്രണയ വിവാഹമായിരിക്കും

വിവാഹം ഉടനെയില്ല. ആദ്യം കരിയർ സെറ്റ് ചെയ്യുക എന്നതിനാണ് പ്രാധാന്യം . എന്തായാലും ഞാൻ പ്രണയിച്ചായിരിക്കും വിവാഹം കഴിക്കുക എന്ന് ഉറപ്പ്. അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ആരെ വിവാഹം കഴിക്കുമെന്നോ, എപ്പോൾ കഴിക്കുമെന്നോ പറയാനാകില്ല. പാർട്ടികളിലോ കല്യാണങ്ങളിലോ വഴിയോരത്തോ വച്ച് ഞാൻ എന്റെ പ്രണയിനിയെ കണ്ടു മുട്ടിയേക്കാം. എന്നാൽ ഇതുവരെ അങ്ങനെ ഒരാളില്ല.

siddharth-venugopal-2

ചാലക്കുടിക്കാരൻ ചങ്ങാതി

തൃശ്ശൂര്‍കാരനാണ്. കൃത്യമായിപറഞ്ഞാൽ ഒരു പാവം ചാലക്കുടിക്കാരൻ ചങ്ങാതി. വീട്ടിൽ അമ്മയും സഹോദരനുമാണുള്ളത്. സന്തുഷ്ട കുടുംബം. അച്ഛൻ മരിച്ചിട്ട് രണ്ടു വർഷമായി. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അച്ഛന്റെ മരണം. ഇപ്പോൾ ഷൂട്ടിങ്ങിന്റെ ഭാഗമായി തിരുവനന്തപുരത്താണ് താമസം. യാത്രകൾ ചെയ്യാനുള്ള അസൗകര്യം കണക്കിലെടുത്ത് തലസ്ഥാനനഗരിയുടെ സൗന്ദര്യം ആസ്വദിച്ച് ജീവിക്കുന്നു. ഇടയ്ക്ക് ഒരു ദിവസം അവധി കിട്ടിയാൽ ഉടനെ നാട്ടിലേക്ക് തിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com