പാഴ്‌വസ്തുക്കളിൽ നിന്നുമൊരു പുനർജ്ജന്മം

sculpture-from-roots-of-trees
രാജൻ
SHARE

പാഴ്‌വസ്തുക്കളെ ജീവൻ തുടിക്കുന്ന ശില്പങ്ങളാക്കി മാറ്റുന്ന രാജന്റെ കരവിരുത് കാണികൾക്ക് കൗതുകമാകുന്നു. വളയം പിടിച്ച കൈകളിൽ മെനഞ്ഞ ശില്പ ശേഖരത്തിൽ ഇഴജന്തുക്കൾ മുതൽ ശിലായുഗത്തിലെ രൂപങ്ങൾ വരെ.

ഇത് രാജൻ, എരുമേലി സ്വദേശി. ടിപ്പറിനോടുള്ള ആരാധന മൂത്ത് ഡ്രൈവറുടെ വേഷം ജീവിതത്തിൽ അണിഞ്ഞു. ഇതിനിടെ  ഒഴിവു നേരങ്ങളിലെ നേരമ്പോക്കിനായി പാറമടയിൽ നിന്നു വേരുകൾ ശേഖരിച്ച് അവയിൽ കൊത്തിയായിരുന്നു ശില്പകലയുടെ തുടക്കം. ആദ്യമൊക്കെ നേരമ്പോക്കായിരുന്നെങ്കിലും വീടിനലങ്കാരമായി കൂടുതൽ ശില്പങ്ങൾ വന്നെത്തിയതോടെ ഈ രംഗത്ത് ഒരു കൈ പയറ്റാൻ തുനിയുകയായിരുന്നു.

പാറമടയിലെ മണ്ണിളക്കി മാറ്റുമ്പോൾ ലഭിക്കുന്ന മരക്കുറ്റികളും വേരുകളുമാണ് ഓരോ സൃഷ്ടിയുടെയും പിന്നാമ്പുറം. ഇതിനോടകം രാജന്റെ കരവിരുതിൽ തെളിഞ്ഞത് പ്രാചീന മനുഷ്യരുടേയും വിവിധയിനം മൽസ്യങ്ങളുടേയും മൃഗങ്ങളുടേയും പാമ്പുകളുടേയും കൊത്തു പണികളോടു കൂടിയ അലങ്കാര ശില്പങ്ങളും ഫ്ളവർവേസുകളും പീഠങ്ങളുമാണ്. ഇവ കൂടാതെ നിലവിളക്കുകളും തൂക്കു വിളക്കുകളും മരക്കുറ്റികളിൽ നിന്നു രൂപമെടുത്തു. 

ഈട് നിൽക്കുന്നതും ബലമുള്ളതുമായ മഹാഗണി, ആഞ്ഞിലി, തേക്ക്, പ്ലാവ്, കാപ്പി എന്നിവയുടെ വേരുകളാണ് ശില്പ നിർമാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. കൊത്തു പണികളുടെ ഏറ്റക്കുറച്ചിൽ അനുസരിച്ചാണ് ശില്പങ്ങളുടെ വില. 

ക്ഷേത്ര ശില്പകലയിൽ പ്രാവീണ്യം ലഭിച്ച പൂർവ്വികരാണ് രാജന്റെ ഗുരുസ്ഥാനീയർ.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡ്രൈവർ ജോലി ഉപേക്ഷിച്ചതോടെ പൂർണ്ണ നേരം ശില്പ നിർമാണത്തിൽ സമയം ചിലവഴിക്കുകയാണിപ്പോൾ. ഇതിൽ നിന്നു ലഭിക്കുന്ന പ്രതിഫലമാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം . 

ഇപ്പോൾ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കുറുവാമുഴി-കൊരട്ടി റോഡിൽ എസ്.എൻ പമ്പിനു സമീപം എൽ.പി സ്കൂളിന് എതിർ വശത്ത് വാടക വീട്ടിലാണ് താമസം. 

വീടിന്റെ മുറ്റത്ത് നിരത്തി വച്ചിരിക്കുന്ന ശില്പങ്ങൾ കണ്ട് വരുന്ന വഴിയാത്രക്കാരാണ് രാജന്റെ ആശ്വാസം. ശില്പങ്ങൾ വിറ്റു കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം കരുപിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് രാജനും കുടുംബവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA