sections
MORE

‘ശംഭു ഇനി നൈറ്റി ഊരണ്ട’ എന്നായിരുന്നു റിമിയുടെ കമന്റ്

HIGHLIGHTS
  • വേറെ വേഷങ്ങൾ ചെയ്തു കൂടേ എന്നു ചോദിക്കുന്നവരുണ്ട്.
mimicry-artist-sambu-kallara-life-story
ശംഭു കല്ലറ
SHARE

ചില രൂപങ്ങളില്‍ ഉറച്ചു പോകുന്ന മനുഷ്യരുണ്ട്. അവരെ മറ്റൊരു വേഷത്തിലും പ്രേക്ഷകർക്ക് അംഗീകരിക്കാനാവില്ല. ചിലർ അതൊരു ദൗർഭാഗ്യമായി കാണും. മറ്റു ചിലർ അതിനെ ഭാഗ്യമായും. മലയാള മിനിസ്ക്രീനിൽ സുപരിചിതനാണ് ശംഭു കല്ലറ. നിരവധി ആരാധകരുണ്ട് ശംഭുവിന്, അല്ല ശംഭുവിന്റെ സ്ത്രീ വേഷങ്ങൾക്ക്.

അപ്രതീക്ഷിതമായി ചെയ്തു തുടങ്ങി വേഷം പിന്നീട് തന്നിൽ ഉറച്ചു പോയതാണെന്ന് ശംഭു പറയും. ചെയ്യാൻ മടിച്ചു നിന്നുണ്ട് ഒരുപാട്. പക്ഷേ, ഇന്നത് ജീവിതത്തിന്റെ ഭാഗമായി ഉറച്ചിരിക്കുന്നു. വേദികളിൽ ചിരിപൊട്ടിക്കുന്ന, ഓടിച്ചാടി നടക്കുന്ന സ്ത്രീ വേഷത്തിനുള്ളിൽ പച്ചയായ ഒരു മനുഷ്യനുണ്ട്.

കൂട്ടുകാരിലൂടെ മിമിക്രിയിലേക്ക്

തിരുവനന്തപുരം ജില്ലയിലെ കല്ലറയിലാണ് വീട്. എട്ടാം ക്ലാസു വരെ കല്ലറ സ്കൂളിലാണ് പഠിച്ചത്. എട്ടിൽ തോറ്റപ്പോൾ തോന്നക്കൽ സ്കൂളിലേക്ക് മാറ്റി. അഖിൽ മണികണ്ഠൻ, സജി സബാന എന്നിവരെ പരിചയപ്പെടുന്നതും കലാജീവിതം തുടങ്ങുന്നതും അവിടെ നിന്നാണ്. പിന്നീട് സന്തോഷ് വേങ്ങോട് എന്ന ആർടിസ്റ്റ് വഴിയാണ് മിമിക്രി വേദികളിലേക്ക് എത്തുന്നത്. സാബു ചേട്ടൻ വഴിയാണ് പ്രഫഷനൽ വേദികളിലേക്ക് അവസരം കിട്ടുന്നത്. 2001ൽ ആയിരുന്നു അത്. മിമിക്സ് ഗാനമേളയായിരുന്നു അന്ന് പ്രധാനമായും ചെയ്തിരുന്നത്. 

മിമിക്സ് ഗാനമേളയുടെ കാലം കഴിഞ്ഞതോടെ മിമിക്രി വിടേണ്ട സാഹചര്യം വന്നു. കാരണം സ്കിറ്റ് കളിക്കാൻ അറിയില്ലായിരുന്നു. അതുവരെ അവസരമൊന്നും കിട്ടയിരുന്നില്ല. 

അപ്രതീക്ഷിത സ്ത്രീ വേഷം

പണ്ട് സുരാജേട്ടന്റെ കുടിയനും സ്ത്രീയായി സജീവൻ മുഖത്തല എത്തുന്ന സ്കിറ്റുകൾ ഉണ്ടായിരുന്നു. അന്നത്തെ ഹിറ്റാണ് അതെല്ലാം. സജി ചേട്ടൻ ഞങ്ങളുടെ ട്രൂപ്പിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയം, ഒരു ദിവസം അദ്ദേഹം എന്തോ ആവശ്യത്തിനു പുറത്തു പോയി. അന്നു പകരം ഞാൻ സ്ത്രീയായി സ്കിറ്റിൽ വേഷമിട്ടു. ‘നീ ചെയ്യുന്നതു കൊള്ളാം, വെറൈറ്റി ആണ് എന്നെല്ലാം അവിടെ ഉണ്ടായിരുന്നവർ പറഞ്ഞു. അങ്ങനെ സജീവൻ ചേട്ടനാണ് എന്നോട് ആ വേഷം ചെയ്തോളാൻ പറഞ്ഞത്. അങ്ങനെയാണ് സ്ത്രീവേഷം ചെയ്യാൻ തുടങ്ങിയത്. 2004ൽ ആണ് അത്. അതുവരെ എല്ലാ വര്‍ഷവും ട്രൂപ്പുകളിൽ അവസരം ചോദിച്ച് പോകണമായിരുന്നു. എന്നാൽ പിന്നീട് പല ട്രൂപ്പുകളും എന്നെ വന്നു വിളിക്കാൻ തുടങ്ങി.

എപ്പോഴും തമാശയല്ല

വേറെ വേഷങ്ങൾ വല്ലതും ചെയ്തു കൂടേ എന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ ലഭിക്കുന്ന വേഷങ്ങളല്ലേ ചെയ്യാനാവൂ. ‘നിനക്ക് ഇതേ മാത്രേ ഉള്ളൂ’ എന്നു ചിലപ്പോൾ സ്റ്റേജിലേക്ക് കയറാൻ നിൽക്കുമ്പോഴാകും കൂടെയുള്ളവർ വന്നു ചോദിക്കുക. ഞാന്‍ തന്നെ ഒരുപാട് മടിച്ചാണ് ചെയ്തിരുന്നത്. ചാനലുകളിൽ ആദ്യമൊക്കെ അവസരം കിട്ടിയപ്പോൾ വേണ്ട എന്നു വച്ചതും ഇതുകൊണ്ട് തന്നെയാണ്. പിന്നീട് എന്റെ സുഹൃത്ത് സജിൻ പുനലൂരിന്റെ നിർബന്ധത്തിലാണ് വീണ്ടും സ്ത്രീ വേഷങ്ങളുമായി തിരിച്ചു വന്നത്. സ്കിറ്റുകളിൽ മുഴുനീള വേഷം കിട്ടിത്തുടങ്ങിയതോടെ ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് പേർ ഈ വേഷങ്ങൾ ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതോടെ കൂടുതൽ ധൈര്യം കിട്ടി.

മറ്റു വേഷങ്ങൾ ചെയ്യണ്ട

മറ്റു വേഷങ്ങള്‍ ചെയ്താൽ അതു വേണ്ട എന്നു പറയുന്നവരുണ്ട്. അത് രസമില്ല, സ്ത്രീ വേഷം തന്നെ ചെയ്താൽ മതി എന്നെല്ലാം ചിലർ നേരിട്ടു കാണുമ്പോള്‍ പറയും. ഒരിക്കൽ റിമി ടോമിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഞാൻ ഒരു സ്കിറ്റിൽ പുരുഷനായി തന്നെ അഭിനയിച്ചു. എന്നാൽ സ്കിറ്റ് കഴിഞ്ഞപ്പോൾ ‘ശംഭു ഇനി നൈറ്റി ഊരണ്ട’ എന്നായിരുന്നു റിമിയുടെ കമന്റ്.

സ്ത്രീ വേഷം സിനിമയിലേക്ക്

എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം സിനിമയിലേക്ക് അവസരം കിട്ടിയതാണ്. ഒരു സ്കിറ്റ് കണ്ട് സംവിധായകൻ ലാൽ സാർ നേരിട്ടു വിളിച്ചു. സിനിമയിൽ അവസരം തരാമെന്നും സ്ത്രീ വേഷം തന്നെയായിരിക്കും എന്നു പറഞ്ഞു. അങ്ങനെ ഒരു വിളി കിട്ടുന്നതു തന്നെ ഭാഗ്യമല്ലേ. ആളുകൾ ഇന്ന് എന്നെ തിരിച്ചറിയുന്നതും സ്ത്രീവേഷം ചെയ്യുന്നതുകൊണ്ട് തന്നെയാണ്. ചെയ്യാൻ സാധിക്കുന്നത് ഭംഗിയാക്കുക. അത്രയേ ഉള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA