ADVERTISEMENT

കാറ്റും കോളും നിറഞ്ഞ ജീവിതത്തിൽ മക്കളെ തന്റെ നെഞ്ചോടു ചേര്‍ത്തു നിർത്തിയ ഒരമ്മ അമ്മ. ഭർത്താവുമായി വേർപിരിഞ്ഞപ്പോഴും മക്കളെ അവർ കൈവിട്ടില്ല. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുക, മകളെ നല്ലരീതിയിൽ വിവാഹം കഴിപ്പിച്ച് അയക്കുക എന്നീ സ്വപ്നങ്ങളായിരുന്നു അമ്മയുടെ മനസ്സു നിറയെ. തന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ആ അമ്മ ഓരോ രൂപയും ചേർത്തുവച്ചു. നിരവധി അവഗണനകളും പരിഹാസങ്ങളും സഹിക്കേണ്ടി വന്നപ്പോഴും അവർ തളർന്നില്ല. കടമകൾ ഒന്നൊന്നായി നിറവേറ്റി. 

ഒടുവിൽ ആ അമ്മയുടെ ഏറ്റവും വലിയ സ്വപ്നവും പൂർത്തിയായി. മകളുടെ കല്യാണം.  26 വർഷം കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയ മകളെ, അവൾക്കിഷ്ടപ്പെട്ടയാളുടെ കൈകളിൽ ഏൽപ്പിച്ചു. തളർത്താൻ ശ്രമിച്ചവരേയും വേദനിപ്പിച്ചവരേയും സാക്ഷിയാക്കി തന്നെ മകളുടെ വിവാഹം നടത്തി. മണ്ഡപത്തിൽ തല ഉയർത്തി ആ അമ്മ നിന്നു. പക്ഷേ മകൾ വരന്റെ ഒപ്പം പോകുമ്പോൾ അമ്മ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു.

തന്റെ അമ്മയുടെ ജീവിതപോരാട്ടം പങ്കുവച്ച് പാർവതി എന്ന പെൺകുട്ടി എഴുതിയ കുറിപ്പ് സോഷ്യല്‍ ലോകത്തിന്റെ ഹൃദയം കവരുകയാണ്.

പാര്‍വതിയുടെ കുറിപ്പ് വായിക്കാം;

ഇത് വെറും ഫോട്ടോസ് അല്ല... ഇതില്‍ ഒരുപാടുണ്ട് പറയാൻ...

27-7-1992, ക൪ക്കിടകമാസം ശക്തമായ മഴയും കാറ്റും ഉള്ളപ്പോഴാണ് ഞാൻ ജനിച്ചതെന്നാണ് എന്റെ മുത്തച്ഛൻ (അമ്മയുടെ അച്ഛൻ) പറഞ്ഞത്. അമ്മയ്ക്ക് സിസേറിയൻ ആയിരുന്നു. കുറച്ച് സങ്കീർണം ആയിരുന്നു. കുഞ്ഞിനെയോ അമ്മയേയോ, ഒരാളെയേ കിട്ടുകയുള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത്. അമ്മയ്ക്ക് ആ സമയത്തു ബോധം ഉണ്ടായിരുന്നില്ല. പക്ഷേ ദൈവത്തിന്റെ കൃപകൊണ്ട് രണ്ട് പേ൪ക്കും ഒന്നും സംഭവിച്ചില്ല. അമ്മ 3 ദിവസം ഐസിയുവിൽ ആയിരുന്നു. അത്രയും ദിവസം മുത്തച്ഛനും മുത്തശ്ശിയുമാണ് എന്നെ നോക്കിയത്.

ഞാൻ കുറച്ച് വലുതായപ്പോൾ ഡാഡി ഞങ്ങളെ ഹൈദരാബാദിലേക്കു കൊണ്ടു പോയി. ഞാൻ ജനിക്കുന്നതിന് മുമ്പേ ഡാഡീയും അമ്മയും അവിടെ ആയിരുന്നു. ഡാഡിയുടെ ജോലി അവിടെ ആയിരുന്നു. അതു കഴിഞ്ഞ് കുറേ കഴിഞ്ഞപ്പോൾ കുഞ്ഞൂസ് ഉണ്ടായി. അപ്പോഴേക്കും ഞങ്ങള്‍ നാട്ടില്‍ വന്നു.

അങ്ങനെ ഞങ്ങള്‍ വലുതായി. ഞാൻ സ്കൂളിൽ പഠിക്കുവാണ്. വീടിന്റെ അടുത്തുള്ള ഒരു സ്കൂൾ. കുഞ്ഞൂസ് ചെറുതാ, എന്റെ അമ്മ നന്നായി പഠിക്കുമായിരുന്നു. ഒരുപാട് പഠിക്കാന്‍ പറ്റാത്തതിന്റെ വിഷമം ഇപ്പോളും ഉണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളെ നന്നായി പഠിപ്പിക്കണം, നല്ല സ്കൂളിൽ വിടണം എന്നൊക്കെ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ വീട്ടമ്മയായ അമ്മയുടെ കയ്യിൽ അതിനുള്ള പണം ഇല്ലായിരുന്നു. ഡാഡിയോടു പറയാനേ അമ്മക്ക് പറ്റുമായിരുന്നുള്ളൂ. 

അങ്ങനെ കുറച്ചു നാൾ കഴിഞ്ഞ് അമ്മയ്ക്ക് ഒരു ജോലി കിട്ടി. അടുക്കളയിൽ നിന്ന് അമ്മ ലക്ഷ്യത്തിലേക്ക് പറക്കാൻ തുടങ്ങി. ഒരുപാട് കഷ്ടപ്പെട്ടു. അസൂയക്കാര്‍ അമ്മയെ തള൪ത്താൻ പലതും ചെയ്തു. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ യാതനകളും കണ്ണുനീരും പേറി.... ദുഷ്ടരായ ആളുകളുടെ ചതി മൂലം ഡാഡിയും അമ്മയും വേ൪പിരിഞ്ഞു. അമ്മ ഒറ്റയ്ക്കായി. പക്ഷേ ഞാനും കുഞ്ഞൂസും ഇടവും വലവും ഉണ്ടായിരുന്നു. അമ്മയെ ഞങ്ങള്‍ കൈവിട്ടില്ല. അമ്മയുടെ കഷ്ടപ്പാട് എത്ര മാത്രം ആണെന്ന് അറിയാമായിരുന്നു. അന്നു മുതല്‍ ഞങ്ങള്‍ ഒന്നായി നിന്നു. വാടക വീട്ടില്‍ താമസിച്ചു. അമ്മ ഞങ്ങളെ നല്ല സ്കൂളിലും കോളജിലും ഒക്കെ വിട്ട് പഠിപ്പിച്ചു. അമ്മയെ ഉപേക്ഷിച്ചവരുടെ മുമ്പിൽ അന്തസായി ഞങ്ങള്‍ ജീവിച്ചു.

എല്ലാ കാര്യങ്ങളും കൂട്ടിമുട്ടിക്കാൻ കഷ്ടപെടുന്ന അമ്മ. ഞങ്ങളെ പഠിപ്പിക്കാനൊക്കെ വലിയ തുക വേണ്ടി വന്നു. എനിക്കും കുഞ്ഞൂസിനും നല്ല ജോലി കിട്ടിയപ്പോൾ അമ്മയ്ക്ക് കുറച്ച് ആശ്വാസം ആയി. എന്റെ വിവാഹം ആയിരുന്നു അമ്മയുടെ അടുത്തസ്വപ്നം. അതിനുവേണ്ടിയുള്ള ഓട്ടമായിരുന്നു പിന്നീട്. കൂട്ടിവച്ച് കുറേയൊക്കെ ഉണ്ടാക്കി. ആരോഗ്യം പോലും മറന്ന് എനിക്കു വേണ്ടി കുറേ കഷ്ടപ്പെട്ടു.

എനിക്ക് വിവാഹപ്രായം ആയി. ഇഷ്ടപ്പെട്ട ആളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അമ്മ എനിക്ക് തന്നിട്ടുണ്ടായിരുന്നു. അങ്ങനെ ഞാൻ മനുവിനെ കണ്ടെത്തി. അമ്മയും കുഞ്ഞൂസും സന്തോഷപൂ൪വം സമ്മതിച്ചു.

‘‘അച്ഛനില്ലാത്ത മക്കളെ നീ എങ്ങനെ വിവാഹം ചെയ്ത് അയക്കും?  എവിടെ നിന്നെങ്കിലും ചെറുക്കനെ കിട്ടുമോ?  നീ ഒറ്റയ്ക്ക് എന്തു ചെയ്യാനാ..... നിന്നെകൊണ്ട്  ഒരു വിവാഹം നടത്താനൊന്നും പറ്റില്ല, അച്ഛൻ ഇല്ലാത്തതുകൊണ്ട് ചെറുക്കനെയും കിട്ടില്ല – എന്നൊക്കെ കുറേ ദുഷ്ടജന്മങ്ങൾ പറഞ്ഞു. അമ്മ ആരോടും തിരിച്ചൊന്നന്നും പറഞ്ഞില്ല. എന്റെ വിവാഹനിശ്ചയം നടത്തി. ഒരു മാസം കഴിഞ്ഞ് വിവാഹം തീരുമാനിച്ചു. വെല്ലുവിളിച്ചവരെ ആദ്യം വിവാഹത്തിനു ക്ഷണിച്ചു

വിവാഹദിവസം അമ്മയുടെ ആഗ്രഹം പോലെ ഞാൻ അണിഞ്ഞൊരുങ്ങി. അമ്മയുടെ കഷ്ടപ്പാടിന്റെയും വേദനകളുടെയും ലക്ഷ്യം ആണ് നിറവേറാൻ പോകുന്നത്. ഞാൻ ഓഡിറ്റോറിയത്തിലേക്ക് കയറി. എല്ലാവരും എന്റെ ഒപ്പം വന്നു. മണ്ഡപത്തിലേക്ക് കയറി മനുവിന്റെ ഒപ്പം ഇരുന്നു. ആ സമയത്ത് എന്റെ അമ്മയെ നോക്കിയപ്പോൾ അഭിമാനം തോന്നി. മനു എന്റെ കഴുത്തില്‍ താലികെട്ടുമ്പോൾ അമ്മ അഭിമാനത്തോടെ തല ഉയർത്തി നിന്നു. എല്ലാം കഴിഞ്ഞ് തള്ളി പറഞ്ഞവരൊക്കെ വന്ന് അമ്മയെ അഭിനന്ദിച്ചു. അമ്മ ചിരിയോടെ അതെല്ലാം കേട്ടു.

എനിക്ക് പോകാൻ സമയമായി. അവിടെ ഉണ്ടായിരുന്നവരൊക്കെ നിറകണ്ണുകളോടെ എന്നെ യാത്രയാക്കുന്നു. പക്ഷേ, ഞാൻ തിരഞ്ഞത് അമ്മയെ ആണ്. എത്ര നോക്കിയിട്ടും കണ്ടില്ല. അതാ അവിടെ ഒരു കസേരയിൽ ഇരിക്കുന്നു. 26 വർഷം കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തിയ എന്നെ പിരിയാന്‍ പോകുന്നതിന്റെ വേദന കടിച്ചമർത്തി ഇരിക്കുകയാണ്. ഞാൻ ചെന്നു പിടിച്ചപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു. ഇത്രയും വർഷം കൂട്ടുകാരെ പോലെയായിരുന്നു ഞങ്ങൾ മൂന്നു പേരും ജീവിച്ചത്. പെട്ടെന്ന് ഞാൻ മറ്റൊരു കുടുംബത്തിലേക്ക് പോകുന്നത് അവർക്ക് സഹിക്കാൻ ആവില്ലായിരുന്നു. എനിക്കും അങ്ങനെ തന്നെ. ഇനി ഞാൻ അവിടെ അതിഥി ആണല്ലോ....

എന്തൊക്കെ ആണെങ്കിലും എന്റെ അമ്മയും കുഞ്ഞൂസും എന്റെ ജീവന്റെ പകുതി ആണ്. ഇപ്പോൾ മനുവും. എനിക്ക് ഞങ്ങളുടെ കുടുംബം സ്വര്‍ഗമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com