ADVERTISEMENT

പ്രായമാകുമ്പോൾ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കി ഭാരമിറക്കുന്നവരും സ്വന്തം മക്കളിൽ കുറ്റം മാത്രം കണ്ടുപിടിക്കുന്നവരും ഈ അച്ഛനെയും മകനെയും അറിയണം. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളുള്ള മകൻ സിജോയ്ക്കു വേണ്ടിയാണ് പറപ്പൂർ സ്വദേശി അറങ്ങാശ്ശേരി ജോസ് ജീവിക്കുന്നത്. മകനെ കയ്യിൽ ചേർത്തു പിടിച്ച് പള്ളിയിലേക്ക് പോകുന്ന ആ അപ്പൻ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. മകന്റെ കണ്ണുകളും കയ്യുകളും ശ്വാസവുമായി ആ അപ്പൻ മാറി. കണ്ണുകൾ കൊണ്ട് അവന് ശാസനകളും നൽകി പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ജോസ് മകനെ ചേർത്തു പിടിച്ചു.

അൾത്താരയിലെ രൂപത്തിലേക്ക് കൈകൂപ്പാൻ സിജോയെ ജോസ് പഠിപ്പിച്ചതു പോലെ ആ നാട്ടിലെ വേറൊരു അച്ഛനും മകനെ പഠിപ്പിച്ചു കാണില്ല. പ്രായവും ആരോഗ്യവും തളർത്തിയപ്പോൾ മാത്രമാണ് ജോസ് സിജോയെ മാറ്റി നിർത്തിയത്. എന്നിട്ടും വിശേഷദിവസങ്ങളിൽ മകനെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരാൻ ആ അപ്പൻ തിരക്കു കൂട്ടും. 

തൃശൂർ സെന്റ്. തോമസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ഡെയ്സൻ പാണേങ്ങാടനാണ് പിതൃവാത്സല്യത്തിന്റെ പ്രതീകമായ ‘ജോസേട്ടന്റെ’ ജീവിതം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

ജോസിലെ നന്മയ്ക്കും സ്നേഹത്തിനും കരുണയ്ക്കും നന്ദി പറയുന്ന ഹൃദയസ്പർശിയായ കുറിപ്പിന്റെ പൂർണരൂപം വായിക്കാം;

ഇതും ഒരപ്പൻ

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി, പറപ്പൂരിലേയും സമീപ പ്രദേശങ്ങളിലേയും ആളുകൾക്ക് പരിചിതരാണ് അറങ്ങാശ്ശേരി ജോസേട്ടനും മകന്‍ സിജോമോനും. കാഴ്ചകളിലെ സ്ഥൈര്യഭാവം ഉണ്ടെങ്കിലും ആ അപ്പനേയും മകനേയും അടുത്തറിഞ്ഞിട്ടുള്ള അധികമാളുകൾ നാട്ടിലുണ്ടാകാനിടയില്ല. അപ്പന്റെ 'ടാ' എന്ന വിളിക്കപ്പുറം ഒരുപക്ഷേ പേരുപോലും നാം വിളിക്കാൻ മറന്നു പോയ സിജോയ്ക്ക് പ്രായം മുപ്പത്തിയഞ്ചിൽ ഏറെയായി. ജോസേട്ടനുമായുള്ള സംസാരത്തിനിടയിൽ സിജോമോൻ എന്നല്ലാതെ, ഒരിയ്ക്കൽ പോലും സിജോ എന്ന് ഉച്ചരിച്ചു കേട്ടിട്ടില്ല.

പളളിയിലും സമീപവഴികളിലുമാണ് ഈ അപ്പനേയും മകനേയും നാം കൂടുതൽ കണ്ടിട്ടുണ്ടാകുക. പള്ളിമുറ്റത്ത് എത്തിക്കഴിഞ്ഞാൽ ജോസേട്ടന്റെ കയ്യിൽ നിന്ന് കുതറിയോടി ജിജ്ഞാസയോടെയും അതിലേറെ സ്വാതന്ത്ര്യത്തോടെയും പള്ളിക്ക് അകവും പുറവും കൊച്ചു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ ആസ്വദിക്കുന്ന സിജോ എത്രയോ പേരുടെ കണ്ണുകൾ ഈറനണിയിച്ചിട്ടുണ്ട്.

പഴയ പള്ളിയുടെ വരാന്തകളിലെ നിശ്ചലചിത്രങ്ങൾ സിജോയേക്കാൾ മനോഹരമായി വേറെയാരും ആസ്വദിച്ചിട്ടുണ്ടാകില്ല. പള്ളിയകത്തെ വിശുദ്ധ രൂപങ്ങളുടെ ഭാവങ്ങൾ സിജോയേക്കാൾ നന്നായി മനസ്സിലാക്കിയവർ നമ്മുടെ നാട്ടിലുണ്ടാകാനിടയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. സിജോ, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരാളായിരുന്നീട്ടുകൂടി, വടിയുടേയോ മറ്റു സമ്മർദ്ദങ്ങളുടേയോ അതിപ്രസരമില്ലാതെ, കണ്ണുകൾ കൊണ്ടു സംസാരിക്കുമായിരുന്നു അവർ. അപ്പന്റെ കണ്ണുകളെക്കൊണ്ട് ആജ്ഞാപിക്കപ്പെടുകയും ആശ്വസിക്കപ്പെടുകയും നിശ്വസിക്കുകയും ചെയ്തിരുന്നു അവൻ.

പള്ളിയകത്തിരുന്ന് കൈകൾ കൂപ്പി പ്രാർത്ഥിക്കാൻ സിജോയെ ജോസേട്ടൻ പഠിപ്പിച്ചതു പോലെ മറ്റൊരപ്പനും പറപ്പൂരിൽ മക്കളെ പരിശീലിപ്പിച്ചിട്ടുണ്ടാവില്ല. കൂപ്പിയ കൈകളിൽ നിന്നു മാറിയ അവന്റെ ശ്രദ്ധ തിരിച്ചുവരാൻ അപ്പന്റെ നോട്ടം ഒന്നു മതിയായിരുന്നു. അങ്ങനെ അപ്പന്റെ കണ്ണുകളാലും കൈവിരലുകളാലും മുഖഭാവങ്ങളാലും നിയന്ത്രിതമായ, പരിഭവങ്ങളില്ലാത്ത സിജോയുടെ രൂപഭാവങ്ങൾ പതിറ്റാണ്ടുകൾ മുമ്പേ പറപ്പൂരുകാർ എത്രയോ തവണ കണ്ടിരിക്കുന്നു.

അവരറിയാതെ‌ അവരെ സ്നേഹിച്ച, സഹതാപത്തിനപ്പുറം അവരെ മനസ്സിലാക്കിയ കുറച്ചു പേരൊക്കെ നമുക്കിടയിലുണ്ട്. തെങ്ങിൻ പട്ടയിലെ  ഓലയിൽ നിന്ന് ഈർക്കിലി മുകളിലേക്ക് ഊരി വിടുന്നതാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളതിൽവച്ച് അവന്റെ ഇഷ്ട വിനോദം. അക്കാരണം കൊണ്ടു തന്നെ ഓല അവന്റെ സന്തത സഹചാരി ആയിരുന്നു. പള്ളിയകത്തേക്ക് പ്രവേശിക്കും മുൻപ് ആ തെങ്ങോലകൾ പിടിച്ചു വാങ്ങി പള്ളിയുടെ വശത്തെ തെങ്ങിൻ തടത്തിലിടുന്നത് ആത്മവേദനയോടെ അവൻ നോക്കി നിൽക്കും. പിന്നീട് പുറത്തേക്ക് വരുമ്പോൾ ആ ഓലകളെടുത്ത്, ഈർക്കിൽ ആകാശത്തേയ്ക്ക് ഉരിഞ്ഞുവിടുന്നത് നിർവൃതിയോടെ തുടരുന്നതും എത്രയോ തവണ കണ്ടിരിക്കുന്നു. തെങ്ങിന്റെ ഓലയോടുള്ള അവന്റെ ഇഷ്ടം മനസ്സിലാക്കി, അവനു വേണ്ടി തെങ്ങിൻ പട്ടകൾ വെട്ടി നൽകിയ അയൽക്കാർ വരെയുണ്ടെന്നത് അവരെ മനസ്സിലാക്കിയവർ നമ്മുടെ നാട്ടിലുമുണ്ടെന്നതിന്റെ തെളിവാണ്.

ജോസേട്ടൻ, കൊരട്ടിയിലെ മധുര കോട്സിൽ നിന്നും പിരിഞ്ഞു വന്നതു പോലും സിജോയെ നോക്കാനാണെന്ന് തോന്നിപോയിട്ടുണ്ട്. തുടർന്ന് ഈയടുത്ത കാലം വരെ, സിജോ അപ്പനൊപ്പം പിതൃവാത്സല്യം അനുഭവിച്ച് കൂടെയുണ്ടായിരുന്നു. അപ്പന്റെ പ്രായാധിക്യവും ആരോഗ്യക്കുറവും തന്നെയാവണം മുതലമടയിലെ സ്ഥാപനത്തിലേയ്ക്ക് അവനെയാക്കാൻ കാരണം. എങ്കിലും സാധിക്കുമ്പോഴും വിശേഷാവസരങ്ങളിലും അവനെ പറപ്പൂരിലേയ്ക്ക് കൂട്ടികൊണ്ടുവരാൻ ജോസേട്ടൻ കാണിക്കുന്ന ഔൽസുക്യം ഒന്നുമതി, അവരുടെ ആത്മബന്ധത്തെ നിർവ്വചിച്ച് അതിന് നൂറ് മാർക്കിടാൻ.

ഇവിടെ സിജോയും അപ്പനും നൻമയുടെ ഒരു പ്രതീകവും മാതൃകയുമാണ്...

ഉൽപ്പാദനക്ഷമതയില്ലാത്ത പ്രായത്തിൽ മാതാപിതാക്കളെ വഴിയരികുകളിൽ ഉപേക്ഷിക്കുന്ന മക്കൾക്ക്...

മാതാപിതാക്കളുടെ പ്രായാധിക്യ ചെയ്തികളിൽ മുഖം തിരിക്കുന്ന മക്കൾക്ക് ...

യാതൊരു നിയന്ത്രണവുമില്ലാതെ മക്കളെ കയറൂരി വിടുന്ന മാതാപിതാക്കൾക്ക്...

മക്കളുടെ ചെയ്തികളിലെപ്പോഴും പരാതി പറയുന്ന മാതാപിതാക്കൾക്ക് ...

അനാവശ്യ കാര്യങ്ങൾക്ക് മാതാപിതാക്കളെ ചൂഷണം ചെയ്യുന്ന യുവാക്കൾക്ക്...

പഠനത്തിന്റേയും സ്വഭാവ വൈകല്യങ്ങളുടേയും പേരിൽ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന സാഹചര്യങ്ങൾക്ക്...

നന്ദി ജോസേട്ടൻ;

നിങ്ങളിലെ നൻമയ്ക്ക്...

നിങ്ങളിലെ കരുണയ്ക്ക്...

നിങ്ങളിലെ മാതൃകയ്ക്ക്...

നിങ്ങളിലെ വാൽസല്യത്തിന്...

നിങ്ങളുടെ നന്മയ്ക്ക്, ദൈവം കൂട്ടിരിയ്ക്കട്ടെ.

✍ഡെയ്സൻ പാണേങ്ങാടൻ, തൃശ്ശൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com