sections
MORE

വിനയ്, എങ്ങനെയാണ് നിനക്ക് മകനോട് അതു പറയാനായത് ; ഈ നെഹ്റു ചിത്രം നെഞ്ചു നീറ്റുന്ന ഒരു കഥ

HIGHLIGHTS
  • അനുജാത് വരച്ച നെഹ്രുവിന്റെ ചിത്രമാണു ശിശുദിനത്തിൽ മനോരമയിൽ വന്നത്
  • പേരിനൊപ്പമുള്ള സ്ത്രീ വെറുമൊരു അമ്മയാണെന്നു കരുതരുത്
heart-touching-story-behind-malayala-manorama-children-s-day-special-drawing
ശിശുദിനത്തിനു മനോരമയുടെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ചിത്രം(ഇടത്), വിനയ് ലാൽ (വലത് മുകളിൽ), അനുജാത് (വലത് താഴെ)
SHARE

നന്ദി പറയാനായി ഇന്നലെ രാവിലെത്തന്നെ വിനയ് ലാലിനെ വിളിക്കണമെന്നു കരുതിയതാണ്. വിട്ടുപോയി. വൈകീട്ടു വിളിച്ചപ്പോൾ കിട്ടിയതുമില്ല. ഫോണുകൾ പലപ്പോഴും കിട്ടാത്തൊരു ദിവസമായതിനാൽ പിന്നീടു വിളിക്കാമെന്നു കരുതി. പക്ഷെ രാത്രി സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞു, വിനയ് ലാലിന്റെ ഭാര്യ സിന്ധു മരിച്ചുവെന്ന്. സിന്ധുവിനു 40 വയസ്സുകാണും. ഒന്നുകൊണ്ടും മരിക്കേണ്ട പ്രായമല്ല. എന്തെങ്കിലും പ്രശ്നമുള്ളതായി കേട്ടതുമില്ല. 

വിനയ്‌ലാലിന്റെ മകൻ അനുജാത് സിന്ധു വിനയ്‌ലാൽ നന്നായി ചിത്രം വരയ്ക്കും. ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ അവൻ വരച്ച തൃശൂർ തേക്കിൻകാടിന്റെ ചിത്രത്തിലെ സൂക്ഷ്മത കണ്ടു അന്തം വിട്ടുപോയിട്ടുണ്ട്. പ്രത്യേകമയൊരു രചനാ ശൈലി. വിനയ് ലാലിന്റെ രക്തത്തിലെ ചിത്രകരാന്റെ ക്രോമസോം കൂടുതൽ ശുദ്ധിചെയ്തു അവനിലേക്കു നൽകിയതായി തോന്നി. പിന്നീടു രാജ്യാന്തര പുരസ്ക്കാരങ്ങൾവരെ അവനെ തേടി വന്നതായി വായിച്ചു. 

ശിശുദിനത്തിനു മനോരമയുടെ എഡിറ്റോറിയൽ പേജിൽ ഒരു കുട്ടി വരച്ച നെഹ്റുവിന്റെ ചിത്രം കൊടുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം ബന്ധപ്പെട്ടവരുടെ മനസ്സിൽ വന്നതു അനുജാതിന്റെ പേരായിരുന്നു. ചിത്രം വരച്ചു കിട്ടുമോ എന്നു ചോദിക്കാൻ 12നു  വിളിച്ചപ്പോൾ വിനയ്‌ലാലിനെ കിട്ടിയില്ല. തിരിച്ചു വിളിക്കാനുള്ള മെസേജിട്ടു. വൈകീട്ടു തിരിച്ചു വിളിച്ചു. മകനോടൊരു ചിത്രം വരയ്ക്കാൻ ഏൽപ്പിക്കണമെന്നു പറഞ്ഞപ്പോൾ വിനയ്‌ലാൽ പറഞ്ഞു ഞാൻ ഒരത്യാവശ്യത്തിനു കോഴിക്കോടു മെഡിക്കൽ കോളജിൽ വന്നിരിക്കുകയാണെന്ന്. മകനോടു പറഞ്ഞു എങ്ങിനെയെങ്കിലും വരപ്പിക്കണമെന്നു നിർബന്ധിച്ചപ്പോൾ വിനയ് സമ്മതിച്ചു. ശിശുദിന പടമായതിനാൽ 13നു പടം കിട്ടണമെന്നു പ്രത്യേകം ഓർമിപ്പിച്ചു. 

രാത്രി വീണ്ടും വിളിച്ചപ്പോൾ പറഞ്ഞു ഐസിയുവിനു മുന്നിലാണെന്ന്. ഏതെങ്കിലും വേണ്ടപ്പെട്ടവരെ സഹായിക്കാൻ പോയതാണെന്നു കരുതി വീണ്ടും നിർബന്ധിച്ചു. നാളെ വൈകീട്ടു നിർബന്ധമായും കിട്ടണമെന്നു പറഞ്ഞു. മകനു പരീക്ഷയാണെന്നും രാവിലെ 7.30നു പോയാൽ സന്ധ്യയ്ക്കെ തിരിച്ചെത്തൂ എന്നെല്ലാം വിനയ് പറയുന്നുണ്ടായിരുന്നു. അതിനിടയിലും വരപ്പിക്കാമെന്നും പറഞ്ഞു. 

പിറ്റേന്നു രാവിലെ വിളിച്ചപ്പോൾ ഫോണെടുത്തില്ല. 2 മണിക്കു വിളിച്ചപ്പോൾ പറഞ്ഞു 5 മണിക്കെങ്കിലും പടം കിട്ടണമെന്ന്. മകൻ തൃശൂരിലെ വീട്ടിലാണെന്നും സ്കൂളിൽനിന്നു തിരിച്ചു വന്നാൽ ഉടൻ വരയ്ക്കാൻ ഏർപ്പാടിക്കിയിട്ടുണ്ടെന്നും പറഞ്ഞു. താൻ കോഴിക്കോട്ടുതന്നെയാണെന്നും ഐസിയുവിനു മുന്നിലാണെന്നും വീണ്ടും പറഞ്ഞു. തികച്ചും വ്യക്തിപരമായ കാര്യമാകുമെന്നതിനാൽ എന്തു പറ്റിയെന്നു ചോദിച്ചില്ല. വിനയ്‌ലാൽ പറഞ്ഞതുമില്ല. 

നാലരയോടെ വിനയിന്റെ സുഹൃത്തു വിളിച്ചു പടം വരച്ചു കഴിഞ്ഞുവെന്നു പറഞ്ഞു. അതു ഓഫിസിൽ എത്തിച്ചുതരാമെന്നും പറഞ്ഞു. നെഹ്റുവിന്റെ മനോഹരമായൊരു ചിത്രം. വിനയിന്റെ മകൻ അനുജാതിനെ വിളിച്ചു നന്ദി പറഞ്ഞു. നാളത്തെ ഇന്ത്യ എന്താകണമെന്നാണു സ്വപ്നമെന്നൊരു കുറിപ്പും ചോദിച്ചു വാങ്ങി. പരീക്ഷയുടെ തിരക്കിനിടയിലും അതു ചെയ്തതിനു വീണ്ടും നന്ദി പറഞ്ഞു. 

അനുജാത് വരച്ച നെഹ്റുവിന്റെ ചിത്രമാണു ശിശുദിനത്തിൽ മനോരമയിൽ വന്നത്. വൈകീട്ടു വിനയ്‌ലാലിനെ വിളിച്ചുവെങ്കിലും കിട്ടിയില്ല. രാത്രി ഭാര്യ സിന്ധു മരിച്ചുവെന്ന വിവരമെത്തി. 

ഇന്നലെ തൃശൂർ കുണ്ടുവാറ എംജി നഗറിലുള്ള വിനയിന്റെ വീട്ടിൽപ്പോയി. മുറ്റം നിറഞ്ഞു കവിഞ്ഞു ജനമാണ്. അകത്തെ മുറിയിൽ വിളക്കിനുമുന്നിൽ സിന്ധു ഉറങ്ങുന്നു. വിനയും അനുജാതും വരാന്തയിൽ അടുത്തടുത്തിരിക്കുന്നുണ്ട്. 

അടുത്തിരുന്നപ്പോൾ വിനയ്‌ലാൽ സംസാരിച്ചു. വിളിക്കുമ്പോഴെല്ലാം സിന്ധു കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയുവിലായിരുന്നു. ഞാൻ ഉറങ്ങാതെ പുറത്തും. അനുജാത് ഇവിടെ തൃശൂരിലെ വീട്ടിലും. മനോരമയിലേക്കൊരു പടം വേണമെന്നു പറഞ്ഞപ്പോൾ പറ്റില്ല എന്നു പറയാൻ തോന്നിയില്ല. അവനാണെങ്കിൽ വളരെ പതുക്കെ ആസ്വദിച്ചു ദിവസങ്ങളെടുത്തു വരയ്ക്കുന്ന ആളാണ്. പക്ഷെ അവനോടു ഞാൻ പെട്ടെന്നു വരയ്ക്കാൻ പറഞ്ഞു. നന്നാകില്ലെന്നു പറഞ്ഞുവെങ്കിലും വരച്ചു കൊടുക്കാൻ പറഞ്ഞു. 14നു രാവിലെ സിന്ധുവിന്റെ ഹൃദയത്തിനൊരു സർജറി ഉണ്ടായിരുന്നു. അതു കഴിഞ്ഞു വരുമ്പോൾ ഇവർ വരച്ച പടം പത്രത്തിൽ അച്ചടിച്ചു വന്നതു കാണിച്ചു സന്തോഷിപ്പിക്കാമെന്നു ഞാൻ മോഹിച്ചു. 

anujath-sindhu-vinay-lal
സിന്ധു, വിനയ് ലാൽ

ഏറെക്കാലമായി സിന്ധു ഹൃദയതകരാറുമായി പോരാടുകയാണ്. ഒരു ഉരുള ചോറ് ഉണ്ടാൽപ്പോലും കിതയ്ക്കും. ശ്വാസം കിട്ടാതെ വിഷമിക്കും. ഹൃദയത്തിലെ രക്തത്തിന്റെ പമ്പിങ് താളം തെറ്റിയിരിക്കുന്നു. ദിവസങ്ങളായി ഐസിയുവിലാണ്. 14നു നടക്കുന്ന ശസ്ത്രക്രിയയിലൂടെ എല്ലാം ശരിയാകമെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. പക്ഷെ ഒന്നും ശരിയാകാൻ നിൽക്കാതെ സിന്ധു പോയി. പ്രായം 42. ജീവിച്ചു തുടങ്ങുന്ന സമയം. 

പ്രിയപ്പെട്ട വിനയ് ലാൽ, 

കറന്റ് ബുക്ക്സിന്റെ കവറിൽ നീ വരച്ച ചിത്രങ്ങൾ കണ്ടു അകം നോക്കാതെ  ഞാനെത്രയോ പൂസ്തകങ്ങൾ വാങ്ങിയിട്ടുണ്ട്. എന്റെ പല സുഹൃത്തുക്കളുടെയും സ്ഥാപനങ്ങൾ മുഖംവരച്ചതു നീയാണ്. പക്ഷെ സ്വന്തം ഭാര്യ മരണത്തിൽനിന്നും കയ്യകലത്തു നിൽക്കുമ്പോൾ മകനോടു ചിത്രം വരയ്ക്കാൻ പറഞ്ഞ നിന്നെപ്പോലെ ഒരച്ഛനെ ഞാനിതുവരെ കണ്ടിട്ടില്ല. മകനു വളരെ ചെറുപ്പത്തിലെ നിറങ്ങളുടെ ലോകം സമ്മാനിച്ചു സ്വതന്ത്രനായി വിട്ട ഒരച്ഛനാണു നിങ്ങൾ. മനസ്സാകെ കലങ്ങി മറിഞ്ഞു ഐസിയുവിനു മുന്നിൽ നിൽക്കുമ്പോഴും ഒരു ചിത്രം വരച്ചു കൊടുക്കാൻ മകനോടു പറയാനുള്ള മനസാന്നിധ്യം നിനക്ക് ആരാണു സമ്മാനിച്ചത്. തൊട്ടടുത്ത ദിവസം മരണത്തിനും ജീവിതത്തിനും ഇടിലുള്ള നൂൽപ്പാലത്തിലൊരു ശസ്ത്രക്രിയക്കു ഭാര്യ കാത്തു കിടക്കവെ എങ്ങിനെയാണു നിനക്ക് മകനോടിതു പറയാനായത്. 

പരീക്ഷയായതിനാൽ അമ്മയെ കാണാൻ പോലും പോകാതെ  വീട്ടിലിരിക്കുന്ന പഠിക്കുന്ന മകനോടാണിതു പറയുന്നത്. പരീക്ഷ ദിവസം ഒരു ഇഢലി കൂടുതൽ കഴിക്കുന്നതുപോലും തടയുന്ന അച്ഛനമ്മമാരുടെ കാലമാണിത്. അമ്മ ഐസിയുവിൽ ശ്വാസം കിട്ടാതെ കിതയ്ക്കുകയാണെന്നു അറിഞ്ഞു കൊണ്ടു ഏതു മകനാണ് വിനയ് ഇതുപോലെ ചിരിക്കുന്ന കുട്ടികളുടെ നടുവിൽ അതിലും നന്നായി ചിരിക്കുന്ന നെഹ്റുവിനെ വരയ്ക്കാനാകുക. തുടർച്ചയായി വിളിക്കുമ്പോഴും ഒരു തവണപോലും എന്റെ ഭാര്യയും അനുജാതിന്റെ അമ്മയുമാണ് ഐസിയുവിലെന്നു പറയാൻപോലും നീ തയ്യാറായില്ല. അനുജാതിന്റെ മുഴുവൻ പേര് അനുജാത് സിന്ധു വിനയ്‌ലാൽ എന്നാണ്. അമ്മയുടെ പേരും മകന്റെ പേരിനൊപ്പം വിനയ്‌ ചേർത്തിരിക്കുന്നു. അകത്തുനിന്നു തേങ്ങലുകൾ ഉയരുമ്പോൾ വിനയ് പറഞ്ഞു,  ഇപ്പോൾ അമ്മ പേരിൽ മാത്രം ബാക്കിയായി. ആളില്ല. 

അനുജാതിന്റെ മനോരമയിൽ വന്ന ഫോട്ടോയും അവൻ വരച്ച ചിത്രവും സിന്ധുവിനെ കാണിക്കാനായില്ലെന്നു വിനയ് പറഞ്ഞു. ശസ്ത്ക്രിയ കഴിഞ്ഞു ഉണരുമ്പോൾ കാണിക്കാനായി കാത്തുവച്ചിരുന്നതാണിത്. കേരളം മുഴുവൻ അവന്റെ പടം വന്നുവെന്നതു സന്തോഷമല്ലെ. വിനയ്‌ലാൽ പറഞ്ഞു. 

പ്രിയപ്പെട്ട അനുജാത്, 

അനസ്തീഷ്യയുടെ മയക്കത്തിൽനിന്നും ഉണരുന്ന അമ്മ, മകൻ വരച്ച ചിത്രം കണ്ടു കണ്ണുതുറക്കണമെന്നു കരുതുന്നൊരു അച്ഛനുണ്ടായതു നിന്റെ പുണ്യം. അതു കണ്ടു സന്തോഷിക്കുമായിരുന്നൊരു അമ്മയുണ്ടായതും നിന്റെ പുണ്യം. നിന്റെ പേരിനൊപ്പമുള്ള സ്ത്രീ വെറുമൊരു അമ്മയാണെന്നു കരുതരുത്. എത്രയോ കുട്ടികൾക്കു കിട്ടാതെപോയൊരു അമ്മയാണിത്. നിന്നെ ചേർത്തു പിടിച്ചു കത്തിച്ചുവച്ച നിലവിളക്കിനടുത്തിരിക്കുന്നതു അത്യപൂർവ്വമായൊരു അച്ഛനാണ്. മരണത്തിന്റെ അബോധാവസ്ഥയിലേക്കു പോകുമ്പോൾ ഒരു പക്ഷെ നിന്റെ അമ്മ അവ്യക്തമായെങ്കിലും അച്ഛൻ നിന്നോടു നെഹ്റുവിനെ വരയ്ക്കാൻ ഫോണിൽ പറഞ്ഞതു കേട്ടുകാണും. വരയ്ക്കുന്നതു അമ്മ സ്വപ്നം കണ്ടുകാണുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA