ADVERTISEMENT

പ്രണയം അഞ്ചാം വര്‍ഷം പിന്നിട്ടപ്പോള്‍ തോന്നി, ഇനി കാത്തിരിക്കുന്നതെന്തിനാണ് ? വിവാഹം ചെയ്തു കൂടെ ? എല്ലാവരേയും അറിയിച്ച്,  എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയാകണം വിവാഹമെന്ന് നിവേദ് സ്വപ്നം കണ്ടിരുന്നു. ഒരു ഗേ ആയതുകൊണ്ട് ആരെയും അറിയിക്കാതെ, സമൂഹത്തെ ഭയന്ന് ജീവിക്കാൻ അവൻ ഒരുക്കമല്ലായിരുന്നു. തന്റെ പ്രിയതമൻ റഹീമിനോട് കാര്യം പറഞ്ഞു. പൂർണസമ്മതം. വിവാഹിതരായി പുതുവർഷത്തെ സ്വീകരിക്കാൻ ഇരുവരും ഒരുങ്ങിയിരിക്കുകയാണ്. അതിനു മുമ്പ് പ്രീവെഡ്ഡിങ് ഷൂട്ട് നടത്തി, അതു തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച് നിവേദ് ലോകത്തോട് വിളിച്ച് പറഞ്ഞു. ‘ഞങ്ങൾ വിവാഹിതരാകുന്നു’

കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളാകാൻ ഒരുങ്ങുന്ന നിവേദിന്റെയും റഹീമിന്റെയും പ്രീവെഡ്ഡിങ് ഷൂട്ടിനു പിന്നിലെ കഥ ഇതാണ്. സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുമ്പോഴും തനിക്കു ലഭിച്ച നല്ല ആശംസകളുടെ സന്തോഷത്തിലാണ് നിവേദ്. വിവാഹത്തെക്കുറിച്ച് നിവേദ് ആന്റണി ചുള്ളിക്കൽ മനോരമ ഓണ്‍ലൈനോട് സംസാരിക്കുന്നു.

നിവേദിന്റെ ഫെയ്സ്ബുക്കിലൂടെയാണ് വിവാഹവാർത്ത പങ്കുവച്ചത്. പ്രതികരണങ്ങൾ എങ്ങനെയുണ്ട്?

എന്റെ ഫെയ്സ്ബുക്ക് പേജിലും ടിക്ടോക്കിലുമെല്ലാം നല്ല പ്രതികരണങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ. വാർത്തയാക്കിയ പല ഓൺലൈൻ മാധ്യമങ്ങളുടെ താഴെ മോശം കമന്റുകൾ വന്നുവെന്ന് കേൾക്കുന്നു. പക്ഷേ ഞാനത് ശ്രദ്ധിക്കുന്നില്ല. എനിക്കു ലഭിച്ച നല്ല ആശംസകളിൽ സന്തോഷം കണ്ടെത്താനാണ് ഇഷ്ടപ്പെടുന്നത്. ഭയപ്പെട്ടു ജീവിക്കാൻ തുടങ്ങിയാൽ അതിനു മാത്രമേ സമയം കാണൂ. 

പ്രീവെഡ്ഡിങ് ഷൂട്ട് അല്ലേ പങ്കുവച്ചത്. വിവാഹ തീയതി തീരുമാനിച്ചോ ?

gay-couples-nived-and-rahim-3

പുതുവർഷം പിറക്കുന്നതിന് മുമ്പ് വിവാഹം ഉണ്ടാകും. ഹാളിന്റെ കാര്യത്തിൽ തീരുമാനം ആകാത്തതുകൊണ്ടാണ് തീയതി കൃത്യമായി പറയാനാകാത്തത്. വിവാഹം കഴിഞ്ഞശേഷം എല്ലാവരും അറിയിക്കുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു. സാധാരണ ഒരു വിവാഹം പോലെ എല്ലാവരേയും അറിയിച്ച് വേണം പുതുജീവിതം തുടങ്ങാൻ. ‘സേവ് ദ് ഡേറ്റ്’ നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ തീയതി ഉറപ്പാകാത്തതിനാൽ അതു നടന്നില്ല. മെഹന്ദി ഉൾപ്പടെയുള്ള ചടങ്ങുകൾ വിവാഹത്തിന് ഉണ്ടാകും.

വിവാഹിതരാകാനുള്ള തീരുമാനത്തിനു കാരണം ? 

ഞങ്ങളുടെ ബന്ധം ശക്തമായി മുന്നോട്ടു പോകാന്‍ തുടങ്ങിയിട്ട് 5 വർഷം പിന്നിട്ടു. ഞങ്ങളുടെ കമ്യൂണിറ്റിയിൽ തന്നെ പലർക്കും ഇത് അദ്ഭുതമാണ്. ഈ ശക്തമായ ബന്ധം വിവാഹത്തിലൂടെ പൂര്‍ണതയിൽ എത്തിക്കണമെന്ന് തോന്നി. ഒരു കുഞ്ഞിനു വേണ്ടി ഞങ്ങൾ ആലോചിച്ചു തുടങ്ങിയിരുന്നു. വിദേശത്തു പോയി ഐവിഎഫ് വഴി കുഞ്ഞിന് ജന്മം നല്‍കാമെന്നാണ് കരുതിയിരുന്നത്. എന്നാൽ ബെംഗളൂരുവിലുള്ള ഒരു അടുത്ത സുഹൃത്ത് ഞങ്ങൾക്കു വേണ്ടി ഐവിഎഫ് വഴി അമ്മയാകാമെന്നു പറഞ്ഞു. അവളുടെ കുടുംബാംഗങ്ങളും ഇതിനു സമ്മതിച്ചു. എന്തായാലും രണ്ടു വർഷം കഴിയുമ്പോൾ ഞങ്ങളുടെ കുട്ടി വരും. അതിനു മുമ്പ് വിവാഹിതരാകാം എന്നു തോന്നി.

വീട്ടുകാർ വിവാഹത്തിന് അനുകൂലമാണോ ?

ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടുകാർ ഇത് അംഗീകരിക്കാൻ തയാറല്ല. അംഗീകരിക്കുമെന്നു കരുതി കൂടിയാണ് ഞങ്ങൾ 5 വർഷം കാത്തിരുന്നത്. പക്ഷേ അവർക്കു സമ്മതമല്ല. എന്നു കരുതി വീട്ടുകാർ ഞങ്ങളെ ഭീഷണിപ്പെടുത്തുകയൊന്നും ഉണ്ടായിട്ടില്ല. അംഗീകരിക്കുന്നില്ല എന്നു മാത്രം. അല്ലാതെ വേറെ പ്രശ്നങ്ങളുമില്ല.

വിവാഹത്തിന് നിയമസാധുതയില്ലല്ലോ ?

nived-rahim-kerala-gay-couples-3

ഇല്ല. ട്രാൻസ്ജെൻഡേഴ്സിനു മാത്രമേ നിയമസാധുത ലഭിച്ചിട്ടുള്ളൂ. ഗേ കമ്യൂണിറ്റിയും ഇപ്പോൾ വളരെ ശക്തമാണ്. ഞങ്ങൾ ഇപ്പോഴും പോരാട്ടത്തിലാണ്. വിവാഹസാധുതയും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും ലഭിക്കണം. ഇതുവരെ ഒന്നും നടന്നിട്ടില്ല. 

ഗേ ആണ് എന്നത് സാമൂഹിക ജീവിതത്തെ ബാധിക്കുന്നുണ്ടോ ?

ഞാനിപ്പോൾ ബെംഗളൂരുവിലാണ് ഉളളത്. ഞാന്‍ ഗേ ആണ് എന്ന് വ്യക്തമാക്കി കൊണ്ടു തന്നെയാണ് ജീവിക്കുന്നത്. ഇതുവരെ യാതൊരു പ്രതിസന്ധികളും നേരിട്ടിട്ടില്ല. കൂട്ടുകാരെ സഹപ്രവർത്തകരോ അവഗണിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. ആൺ–പെൺ സുഹൃത്തുക്കളെല്ലാം അപ്പാർട്ട്മെന്റിൽ വരികയും താമസിക്കുകയും ചെയ്യാറുണ്ട്. എനിക്ക് നല്ല പിന്തുണ നൽകി ഒപ്പം നിൽക്കുന്നുമുണ്ട്. ബെംഗളൂരു വളരെ സ്വാതന്ത്ര്യമുള്ള ഒരു നഗരമാണ്. ഇവിടെ ഗേ പാർട്ടികൾ നടക്കാറുണ്ട്. ഇതുവരെ കുഴപ്പമൊന്നുമുണ്ടായിട്ടില്ല. കേരളത്തിലും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. എല്ലാത്തിനും നമ്മുടെ പെരുമാറ്റം വലിയൊരു ഘടകമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

കേരളത്തിൽ എവിടെയാണ്? റഹിം എന്തു ചെയ്യുന്നു ?

ഞാൻ കൊച്ചി സ്വദേശിയാണ്. ജോലിയും താമസവും ഇപ്പോൾ ബെംഗളൂരുവിലാണ്. എന്റെ ഇക്കു (റഹിം) യുഎഇയിൽ ടെലിഫോൺ എൻജിനീയറാണ്. അദ്ദേഹം ആലപ്പുഴ സ്വദേശിയാണ്. ഇപ്പോൾ എനിക്കൊപ്പം ബെംഗളൂരുവിലുണ്ട്. ഫെയ്സ്ബുക്കിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ പ്രെപ്പോസ് ചെയ്തു. പിന്നീട് കൊച്ചിയിൽ വച്ച് ആദ്യമായി കണ്ടു.

സത്വം വെളിപ്പെടുത്താതെ ജീവിക്കുന്നവരോടു പറയാനുള്ളത് ?

gay-couples-nived-and-rahim-1

ഞാൻ വിവാഹവാർത്ത പരസ്യമാക്കിയത് എനിക്കു പ്രശ്തി കിട്ടാൻ വേണ്ടിയല്ല. ഗേ ജീവിതം ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളെ എനിക്കറിയാം. പക്ഷേ, സമൂഹത്തെ ഭയന്നും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയും അവർ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കും. എന്നിട്ട് ഒരു വർഷത്തിനുള്ളിൽ വിവാഹമോചനം നേടിയവരുണ്ട്. അതുപോലെ ഭാര്യയും കുട്ടിയും ഉണ്ടാകും. എന്നിട്ടും അവർക്ക് രഹസ്യമായി ഗേ ബന്ധങ്ങളുണ്ടാകും. അങ്ങനെ മുഖംമൂടി ധരിച്ചാണ് പലരും ജീവിക്കുന്നത്. ഇത് ഒരുപാട് മാനസിക സംഘർഷങ്ങളാണ്  നൽകുക. ഒരു പെൺകുട്ടിയുടെ ജീവിതം തകരുകയും ചെയ്യും. ഇപ്പോഴും വൈകിയിട്ടില്ല എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്. 

ഞാനും ഇക്കുവും എല്ലാം വളരെ ഓർത്തഡോക്സ് ആയ കുടുംബത്തിൽ ജനിച്ചു വളര്‍ന്നവരാണ്. സാധാരണ ജോലിക്കാരാണ്. ഞങ്ങൾക്ക് ഇതു ചെയ്യാമെങ്കില്‍ ആർക്കും അവരവരുടെ സത്വം തിരിച്ചറിഞ്ഞ് ജീവിക്കാം. സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടി ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് നാട്ടിൽ നിർത്തി, എനിക്കും ഇക്കുവിനും വിദേശത്തു പോയി ബന്ധം തുടരാമായിരുന്നു. ആരും അറിയില്ല. അവധിക്ക് മാത്രം നാട്ടിൽ വന്നാൽ മതി. പക്ഷേ അങ്ങനെ രണ്ടു പെൺകുട്ടികളുടെ ജീവിതം ഇല്ലാതാക്കാൻ ഞങ്ങൾ തയാറല്ലായിരുന്നു.

സമൂഹത്തോട് എന്താണ് പറയാനുള്ളത് ? 

തല്ലി വളർത്താത്തുകൊണ്ടാണ് ആളുകൾ ഗേയും ട്രാൻസും ലെസ്ബിയനുമൊക്കെ ആകുന്നതെന്നു വിശ്വസിക്കുന്നവര്‍ ഒരുപാട് ഉണ്ട് ഇപ്പോഴും. അവർ മനസ്സിലാക്കേണ്ടത് ഏതു മനുഷ്യനിലും പുരുഷ ഹോർമോണുകളും സ്ത്രീ ഹോർമോണുകളും ഉണ്ട്. ഇതിന്റെ അളവിലെ ചെറിയ വ്യത്യാസങ്ങൾ മനുഷ്യനിലെ മാറ്റങ്ങൾക്കു കാരണമാകും. ജനിക്കുമ്പോൾ ആർക്കും ഇതൊന്നും തീരുമാനിക്കാനാകില്ലല്ലോ. പരസ്പരം അംഗീകരിച്ചും സ്നേഹിച്ചും ജീവിക്കാം. നമ്മളെല്ലാം മനുഷ്യരല്ലേ.

English Summary : Gay couples Nived and Rahim plans to marry before new year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com