sections
MORE

അതെ, ഞാൻ പ്രണയത്തിലാണ്; റ‌ബേക്ക സന്തോഷ് മനസ്സു തുറക്കുന്നു

HIGHLIGHTS
  • ഇപ്പോൾ ജീവിതം മുഴുവൻ യാത്രയാണ്
  • വീട്ടുകാർ പഠിക്കാൻ നിർബന്ധിക്കാറില്ല
actress-rebecca-santhosh-about-love-and-life
റബേക്ക സന്തോഷ്
SHARE

മലയാള മിനിസ്ക്രീൻ ആരാധകരെ ആവേശത്തിലാക്കാൻ അഡ്വക്കേറ്റ് കാവ്യ എന്ന പേര് ധാരാളമാണ്. പക്വതയുള്ള, തീ പാറുന്ന സംഭാഷണങ്ങളുമായി എതിരാളികളെ  പിടിച്ചിരുത്തുന്ന കഥാപാത്രം. ഈ കഥാപത്രത്തിനു ജീവൻ പകരുന്ന റബേക്ക സന്തോഷും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളാണ്. എന്നാൽ കഥാപാത്രത്തിന്റെ പക്വതയൊക്കെ സ്ക്രീനിൽ മാത്രമേയുള്ളൂ. യഥാർഥ ജീവിതത്തിൽ ഒട്ടും പക്വതയില്ലാത്ത, സ്വപ്നങ്ങൾക്ക് പിന്നാലെ പായാൻ ആഗ്രഹിക്കുന്ന, എല്ലാക്കാര്യങ്ങളെയും സിംപിളായി കൈകാര്യം ചെയ്യുന്ന ആളാണു താനെന്ന് റബേക്ക പറയുന്നു.

പുറത്തിറങ്ങിയാൽ ആളുകൾ ‘കാവ്യയല്ലേ’ എന്നു ചോദിച്ച് അടുത്തു വരും. കണ്ണടവയ്ക്കാതെ പുറത്തിറങ്ങിയാൽ കാവ്യയെ പോലെ കണ്ണട വയ്ക്കാൻ പറയും. കോടതിയിലെ പ്രകടനത്തിന് അഭിനന്ദിക്കും. തനിക്ക് കിട്ടുന്നതിനേക്കാൾ സ്വീകാര്യത താൻ അവതരിപ്പിക്കുന്ന ‘കാവ്യ’യ്ക്ക് ലഭിക്കുമ്പോള്‍ റബേക്കയുടെ ഹൃദയം നിറയും.

വായാടിയായ, ക്ലാസിലെ മാവേലിയായ, കൂട്ടുകാരുടെ ബെസ്റ്റിയായ, യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന റബേക്കയുടെ വിശേഷങ്ങളിലൂടെ....

അയ്യോ ഞാൻ ഇവിടൊക്കെ തന്നെ ഉള്ളതാ...

‘‘എന്റെ പേര് റബേക്ക, കാവ്യയും ഞാൻ തന്നെ’’ കാവ്യയല്ലേ എന്നു ചോദിച്ച് പരിചയപ്പെടാൻ വരുന്നവരോട് റബേക്ക സ്ഥിരം പറയുന്ന കാര്യമാണിത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയരംഗത്തേക്ക് വരുന്നത്. ‘കുഞ്ഞിക്കൂനൻ’ എന്ന സീരിയയിലിലൂടെയായിരുന്നു തുടക്കം. ആ സമയത്ത് പരീക്ഷയൊക്കെ ഒഴിവാക്കിയായിരുന്നു അഭിനയം. അതിനാൽ എട്ടിൽ എത്തിയപ്പോൾ പഠനത്തിൽ മാത്രമായി ശ്രദ്ധ. 9  ൽ പഠിക്കുമ്പോഴാണ് തിരുവമ്പാടിതമ്പാൻ എന്ന സിനിമ ചെയ്യുന്നത്. പിന്നെ ഒരു സീരിയൽ കൂടി ചെയ്തു. ഡിഗ്രി ആദ്യവർഷമാണ് ‘നീർമാതളം’ എന്ന സീരിയൽ ചെയ്യുന്നത്. തൊട്ടടുത്ത വർഷം അഡ്വക്കേറ്റ് കാവ്യയും. പിന്നീടങ്ങോട്ട് ആ വേഷത്തിലും രൂപത്തിലുമാണ് അറിയപ്പെട്ടത്. അതെന്താണെന്നു ചോദിച്ചാൽ എനിക്കറിയില്ല. റബേക്കയെന്നാൽ ഒട്ടുമിക്ക പ്രേക്ഷകർക്കും കാവ്യയാണ്. ഞാനും അതു തന്നായി ആസ്വദിക്കുന്നുണ്ട്. 

rebecca-santhosh-2

ആരാ പറഞ്ഞേ എനിക്ക് പക്വതയുണ്ടെന്ന്!

അഡ്വക്കേറ്റ് കാവ്യ ബോൾഡും പക്വത ഉള്ളവളുമാണ്. എന്നാൽ ഈ ഞാൻ അങ്ങനെയല്ലാട്ടോ. പപ്പായുടേയും അമ്മയുടെയും ചെറിയ കുഞ്ഞ് എന്നു പറഞ്ഞെന്നെ കളിയാക്കാറുണ്ട്. ഒരുപാട് സംസാരിക്കാൻ ഇഷ്ടപ്പെടുന്ന, എല്ലാകാര്യങ്ങളും പൊസിറ്റീവ് ആയി കാണുന്ന, ചിരിക്കാൻ ഏറെ ഇഷ്ടമുള്ള ഒരാളാണു ഞാൻ. ശബ്ദം പോലെ തന്നെ കൊച്ചു പിള്ളേരുടെ സ്വഭാവമാണ് എനിക്കെന്നാണ് എല്ലാവരും പറയുന്നത്. സെറ്റിലെ ഒരു കലപില കുട്ടിയാണ് ഞാൻ.

തൃശൂരിൽ നിന്ന് പാലായിലൂടെ തിരുവനന്തപുരത്തേക്ക്...

ഇപ്പോൾ ജീവിതം മുഴുവൻ യാത്രയാണ്. നാട് പാലായാണ്. എന്നാൽ പപ്പയും അമ്മയും ബിസിനസുമായി സെറ്റിൽ ആയിരിക്കുന്നത് തൃശൂരിൽ ആണ്. ഞാൻ പഠിക്കുന്നത് എറണാകുളം സെന്റ് തെരേസാസിലും ഷൂട്ടിങ് നടക്കുന്നത് തിരുവനന്തപുരത്തും. അതുകൊണ്ട് ജീവിതം ഇപ്പോൾ ഒരു ജില്ലയിൽ നിന്ന് മറ്റൊന്നിലേക്കുള്ള ഓട്ടമാണ്. സ്വന്തമായി ഡ്രൈവ് ചെയ്ത് ഈ യാത്രകൾ ഓരോന്നും ഞാൻ ആസ്വദിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് ഷൂട്ടും കഴിഞ്ഞു മടങ്ങുമ്പോൾ പാലായിലെ തറവാട്ടിൽ കയറും. അവിടെ നിന്ന് തൃശൂരിലെ വീട്ടിലേക്ക്. അവിടെ വിശ്രമം. അടുത്ത ദിവസം എറണാകുളത്തേക്ക്.

ക്ലാസിലെ ‘മാവേലി’ 

എന്റമ്മേ.... മാവേലി എന്ന വിളിയാ ക്ലാസിൽ എത്തിയാൽ വരവേൽക്കുന്നത്. മാസത്തിൽ 15  ദിവസം ഷൂട്ട് ഉണ്ട്. ബാക്കി 15 ദിവസത്തില്‍ ശനിയും ഞായറും കഴിഞ്ഞ് എട്ട്,10  ദിവസമൊക്കെയാണ് ക്ലാസിൽ കയറുന്നത്. പിന്നെ അവർ ‘മാവേലി’ എന്നല്ലാതെ എന്താണ് വിളിക്കുക. എന്നാലും കൂട്ടുകാർക്ക് വലിയ കാര്യമാണ്. പഠനവും സൗഹൃദവും നന്നായി ആസ്വദിക്കാറുണ്ട്.

View this post on Instagram

Last pic in this series 😎

A post shared by Rebecca Santhosh 👼 (@rebecca.santhosh) on

അധ്യാപകർക്ക് ഇഷ്ടമാണ്

വീട്ടുകാർ പഠിക്കാൻ നിർബന്ധിക്കാറില്ല. സ്വന്തം കരിയർ സ്വയം കണ്ടെത്തുക എന്നാണ് അവരുടെ നയം. പഠിക്കാൻ തീരുമാനിച്ചാൽ ഞാൻ പഠിക്കും എന്ന ഉറപ്പ് അവർക്കുണ്ട്. അതുകൊണ്ട് തന്നെ പി.ജിക്ക് ബിസിനസ് അനലറ്റിക്സ് എടുക്കുമ്പോൾ അവർക്ക് അദ്ഭുതമായിരുന്നു. പഠിക്കാൻ ഏറെയുണ്ട്. ഷൂട്ടിങ് തിരക്കിൽ ക്ലാസിൽ കയറാൻ പറ്റാറില്ല എന്നു കരുതി പഠിക്കാതെ ഇരിക്കുന്നില്ല കേട്ടോ. സെറ്റിൽ ഇരുന്നു സമയം കിട്ടുമ്പോൾ ഞാൻ പഠിക്കും. കാരണം പഠിക്കാൻ എനിക്ക് ഇഷ്ടമാണ്. ക്ലാസിൽ കയറാഞ്ഞിട്ടും കൃത്യമായി പഠനം മുന്നോട്ടു കൊണ്ട് പോകുന്നതു കൊണ്ട് അധ്യാപകർ‌ക്ക് എന്നോട് ഇഷ്ടമാണ്.

സെന്റ് തെരേസാസ് മിസ്  ചെയ്യും 

എറണാകുളത്തെ ഏറ്റവും അടിപൊളി കോളേജുകളിൽ ഒന്നാണ് സെന്റ് തെരേസാസ്. പറഞ്ഞിട്ടെന്താ, ഷൂട്ടിങ് തിരക്കു കാരണം ഞാൻ കോളേജ് ലൈഫ് നന്നായി മിസ് ചെയ്യുന്നുണ്ട്. തെരേസിയൻ വീക്ക് ആഘോഷം ഒരാഴ്ചയാണ്. എന്നാൽ ഒരു വർഷം പോലും എനിക്ക് അതിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല. അതു വല്ലാത്ത വിഷമമാണ്. എന്നിരുന്നാലും സൗഹൃദങ്ങൾ കട്ടക്ക് കാത്ത് സൂക്ഷിക്കുന്നതുകൊണ്ട് ഒരു പരിധിവരെ കോളേജിന്റെ ആമ്പിയൻസ് നിലനിർത്താൻ സാധിക്കുന്നു. പിന്നെ എല്ലാവരോടും വളരെ വേഗം ചങ്ങാത്തം കൂടുന്ന പ്രകൃതവുമാണ്.

ഫാഷൻ , യാത്രകൾ , പെറ്റ് ഒത്തിരിയിഷ്ടം 

അഭിനയം, പഠനം എന്നിവ മാറ്റിനിർത്തിയാൽ ഫാഷൻ നന്നായി ഫോളോ ചെയ്യാറുണ്ട്. പലവിധ കോസ്റ്റ്യൂമുകൾ, സ്റ്റൈൽ എന്നിവ പരീക്ഷിക്കും. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകൾ, സെലിബ്രിറ്റി ഫാഷൻ എന്നിവ ഫോളോ ചെയ്യും. റെഡ്, ബ്ലാക്ക്, വൈറ്റ് എന്നിവയാണ് ഇഷ്ടമുളള നിറങ്ങൾ. ഈ നിറങ്ങളിൽ ഏത് വെറൈറ്റി വേണമെങ്കിലും പരീക്ഷിക്കും. 

ബുള്ളറ്റ് ഓടിക്കാൻ അറിയാം. അതുകൊണ്ട് തന്നെ ബുള്ളറ്റിൽ സോളോ റൈഡുകൾ നടത്തണം എന്നുണ്ട്. ഇതു വരെ പറ്റിയിട്ടില്ല. ഓരോ സ്ഥലത്തെയും സംസ്കാരം അടുത്തറിയുക എന്നതാണ് യാത്രയുടെ ഉദ്ദേശം. പ്ലാൻ ചെയ്ത് താമസിയാതെ നടപ്പാക്കും. പിന്നെ ഇഷ്ടം പട്ടിക്കുട്ടികളോടാണ്. വീട്ടിൽ ഉണ്ടായിരുന്ന പട്ടിക്കുട്ടി കഴിഞ്ഞ വർഷം ചത്തു പോയി. പുതിയ പട്ടിക്കുട്ടിക്ക് ഓർഡർ കൊടുത്ത് കാത്തിരിക്കുകയാണ്. 

സിനിമയ്ക്ക് അടിമ

ഹോബി എന്താണെന്നു ചോദിച്ചാൽ സംഗീതം, ഡാൻസ് എന്നൊക്കെ  പറയാം. എന്നാൽ യാഥാർഥ്യം ഞാൻ നെറ്റ്ഫ്ലിക്സിന് അടിമയാണ് എന്നതാണ്. സിനിമകൾ എത്ര കണ്ടാലും മതിയാവില്ല. നല്ലതും ചീത്തയും എല്ലാം കാണും. ഓരോ സിനിമയും ഓരോ ക്രിയേഷൻ ആണ്. അതിന്റെയെല്ലാം ക്രിയേറ്റിവ് സൈഡിൽ കൂടുതൽ ശ്രദ്ധിക്കും. 

അയാം ഇൻ ലവ് 

പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് ധൈര്യത്തോടെ പറയും. മാർഗം കളി സിനിമയുടെ സംവിധായകൻ ശ്രീജിത്ത് വിജയനാണ് കക്ഷി. ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രണയമല്ല. അതുകൊണ്ട് തന്നെ ഫീൽഡിൽ എല്ലാവർക്കും അറിയാം. എപ്പോൾ കല്യാണം കഴിക്കും എന്നു ചോദിച്ചാൽ നോ ഐഡിയ. ഞങ്ങൾ രണ്ടാൾക്കും കരിയറിൽ ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്. അതുകൊണ്ട് വീട്ടുകാരുടെ പിന്തുണയോടു കൂടി എല്ലാം മുന്നോട്ട് പോകുന്നു. 

സംവിധാനവും പ്രിയം 

അഭിനയം മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ട വേറെയും മേഖലകൾ എനിക്കിഷ്ടമാണ്. സിനിമാറ്റോഗ്രഫി, സംവിധാനം, എഡിറ്റിങ് എന്നിങ്ങനെ എല്ലാം അഭിരുചിയുള്ള മേഖലകളാണ്. സംവിധാനം കുറേക്കൂടി സീരിയസ് ആയി കാണുന്നുണ്ട്. അടുത്തിടെ ഒരു പരസ്യ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ആരംഭം കുറിച്ചിരുന്നു. ശ്രീജിത്ത് വിജയൻ ആയിരുന്നു ഡയറക്റ്റർ. ലാലേട്ടനോടൊപ്പം അസിസ്റ്റന്റ് ഡയറക്റ്ററായി തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. 

English Summary : Actress Rebecca Santhosh on her love and life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA