sections
MORE

വിവാഹത്തിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല; ‘ലോലിതനും മണ്ഡോദരിയും’ പറയുന്നു

HIGHLIGHTS
  • വിവാഹം ലളിതമായിരിക്കണമെന്ന് ആഗ്രഹിച്ചു
  • പ്രേക്ഷകരുടെ ആ ഇഷ്ടം തന്നെയാണ് ഞങ്ങളുടെ നിലനിൽപ്
SHARE

നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി

നീയെൻ അരികിൽ നിന്നൂ..

കണ്ണുനീർ തുടയ്ക്കാതെ, ഒന്നും പറയാതെ 

നിന്നൂ ഞാനുമൊരന്യനെപ്പോൽ...

വെറും അന്യനെ പോൽ....

തിരുവന്തപുരത്തെ വീട്ടിലിരുന്ന് എസ്.പി ശ്രീകുമാർ തന്റെ ജീവന്റെ പാതിയായ സ്നേഹയ്ക്കു വേണ്ടി പാടുകയാണ്... പാടി നിറുത്തിയപ്പോൾ ശ്രീകുമാർ ആത്മഗതമെന്നോണം പറഞ്ഞു– ‘ഇനി അന്യൻ അല്ലല്ലോ അല്ലേ!’ അതിമനോഹരമായ പുഞ്ചിരിയായിരുന്നു ആ ആത്മഗതത്തിന് സ്നേഹയുടെ മറുപടി. 

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പരമ്പരകളിലൂടെ ശ്രദ്ധേയരായ സ്നേഹ ശ്രീകുമാറും എസ്.പി ശ്രീകുമാറും വിവാഹിതരായത് ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ആർഭാടങ്ങളില്ലാതെ, അധികം അതിഥികളില്ലാതെ ഇരുവരും തൃപ്പൂണിത്തറയിലെ ക്ഷേത്രത്തിൽ വച്ചു വിവാഹിതരാകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മിനി സ്ക്രീനിലെ മണ്ഡോദരിയെയും ലോലിതനെയും ഇഷ്ടപ്പെടുന്നവർ ഇത്രയധികമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വിവാഹ വിഡിയോയ്ക്കു ലഭിച്ച പ്രതികരണം. വിവാഹത്തിനു ശേഷം തിരുവനന്തപുരത്തുള്ള ശ്രീകുമാറിന്റെ വീട്ടിലെത്തിയ നവദമ്പതികൾ ആക്ഷനും കട്ടും ഇല്ലാത്ത ജീവിതത്തെക്കുറിച്ച് മനോരമ ഓൺലൈനോടു മനസു തുറന്നു. 

പ്രണയം സംഭവിച്ചത്

സ്നേഹ: സാധാരണ സംഭവിക്കാറുള്ള പോലെ വളരെ സിസ്റ്റമാറ്റിക്കായി പ്രൊപ്പോസലോ അങ്ങനെയൊന്നും സംഭവിച്ചതല്ല. ഞങ്ങൾ ഒന്നിച്ചു പ്രോഗ്രാം ചെയ്തിരുന്നവരാണ്. ഒന്നിച്ച് അറിയാവുന്നവരാണ്. വീട്ടിലെ കാര്യങ്ങളടക്കം ഞങ്ങളുടെ ടീമിന് മൊത്തം ഷെയർ ചെയ്യാറുണ്ടായിരുന്നു. എല്ലാം അറിയുന്ന രണ്ടുപേർ ആയതുകൊണ്ട് അത് എപ്പോഴോ സംഭവിച്ചു പോയ കാര്യമാണ്. ഈയൊരു ദിവസമാണ് ഇഷ്ടമാണ് എന്നു പറഞ്ഞതെന്നു പറയാൻ ഞങ്ങൾക്ക് അറിയില്ല. അതു രൂപം കൊണ്ടു വന്നതാണ്. 

sneha-sreekumar-wedding

ശ്രീകുമാർ: ഒരുപാടു കാലമായി അറിയുന്നവർ ആയതിനാൽ എന്നെ മനസിലാക്കാനുള്ള മനസ് സ്നേഹയ്ക്കുണ്ട് എന്നൊരു വിശ്വാസം തോന്നി. വിശ്വാസമല്ല, അങ്ങനെയാണ്. ഇങ്ങനെയൊരു വിവാഹം എന്ന അവസ്ഥയിലേക്ക് എത്തുമെന്നുള്ളത് ഞങ്ങൾ വിചാരിച്ചതല്ല. 

സ്നേഹയെ ഞെട്ടിച്ച ഹഗിനു പിന്നിൽ

ശ്രീകുമാർ: ഹഗ് ചെയ്തത്... ആ ഇഷ്ടം കൂടുതലായി തോന്നി. വീട്ടുകാരും എല്ലാവരുമൊക്കെ അവിടെ വളരെ സന്തോഷത്തോടെ നിൽക്കുന്നതു കണ്ടപ്പോൾ എന്റെ സന്തോഷം എനിക്ക് പ്രകടിപ്പിക്കണമെന്നു തോന്നി. പ്രകടിപ്പിച്ചു. 

sneha-sreekumar-wedding-7

സ്നേഹ: അത് ഭയങ്കര സർപ്രൈസിങ് ആയിരുന്നു. എനിക്ക് പെട്ടന്ന് അയ്യോ എന്നായിപ്പോയി. കാരണം ഒരുപാടു പേർ നോക്കി നിൽക്കുന്നു. ചുറ്റിനും ക്യാമറകളും! ശരിക്കും ഞെട്ടിപ്പോയി

വിളിക്കാതെ വന്ന അതിഥികൾ

സ്നേഹ: അമ്പലത്തിലേക്ക് കയറിച്ചെന്നപ്പോൾ കുറെ ക്യാമറകളുണ്ട്. ഞാൻ ചോദിച്ചപ്പോൾ എന്റെ ചേട്ടൻ പറഞ്ഞു, അതു വേറെ വല്ല കല്ല്യാണങ്ങൾക്കു വന്നതാകുമെന്ന്! അതിന്റെ തിരക്കായിരിക്കുമെന്ന് കരുതി. കാരണം, ഞങ്ങൾ ഒരുപാടു പേരെ വിളിച്ചിട്ടോ അറിയിച്ചിട്ടോ ഉണ്ടായിരുന്നില്ല. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നെയാണ് എനിക്കു മനസിലായത് ഞങ്ങളുടെ കല്ല്യാണത്തിനു വന്ന അതിഥികളാണ് ആ ക്യാമറകൾ മുഴുവനും എന്ന്. 

sneha-sreekumar-wedding-4

വിവാഹം ലളിതമായിരിക്കണമെന്ന് ആഗ്രഹിച്ചു

സ്നേഹ: സത്യം പറഞ്ഞാൽ, ഞങ്ങൾക്കു രണ്ടുപേർക്കും ഒരു രജിസ്റ്റർ മാര്യേജിന് ആയിരുന്നു താൽപര്യം. അത്രയേ ഞങ്ങൾ ആഗ്രഹിച്ചിരുന്നുള്ളൂ. എന്നാൽ, വിവാഹം എന്നു പറയുമ്പോൾ നമ്മൾ പരിഗണിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ടല്ലോ! നമ്മുടെ മാതാപിതാക്കളുടെ സന്തോഷം... അതും കാണണമല്ലോ! അവർക്ക് അമ്പലത്തിൽ വച്ച് താലികെട്ടൽ നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ചെറിയ രീതിയിൽ വീട്ടുകാർ മാത്രമായി ഒരു ചടങ്ങ്.... അത്രമാത്രമേ ഞങ്ങളും ഉദ്ദേശിച്ചിരുന്നുള്ളൂ

ലോലിതൻ മുടി വെട്ടാതെ വന്നതിനു പിന്നിൽ

സ്നേഹ: ചിലർ കമന്റിട്ടതൊക്കെ ഞാൻ വായിച്ചിരുന്നു. കല്ല്യാണത്തിന്റെ ദിവസമെങ്കിലും വൃത്തിക്കു നിന്നുകൂടെ എന്നുള്ള കമന്റുകൾ! ശ്രീകുമാറിന്റെ വർക്കിന്റെ ഭാഗമായി മുടി വളർത്തിയിരിക്കുന്നതാണ്. ഉടനെ അതിന്റെ ഷൂട്ട് ഉള്ളതുകൊണ്ട്, മുടി വെട്ടിയാൽ ചെറിയ സമയത്തിനുള്ളിൽ അതു വളരില്ല. അതുകൊണ്ടാണ് ആൾ മുടി വെട്ടാതെ ഇരുന്നത്. 

actor-sreekumar-weds-sneha

ശ്രീകുമാർ: ഞാൻ കല്ല്യാണം കഴിക്കാൻ വേണ്ടി മുടി വളർത്തിയതോ അല്ലെങ്കിൽ കല്ല്യാണം കഴിക്കാൻ വേണ്ടി മുടി വെട്ടിയതോ അല്ല. ഒരു വർക്കിനു വേണ്ടി വളർത്തിയതാണ്. അതു കഴിയുമ്പോൾ മുടി വെട്ടും.  

എല്ലാം പോസറ്റീവ്

ശ്രീകുമാർ: ഞങ്ങളുടെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്ന പോലെ ഞങ്ങളെയും പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് വിവാഹത്തിനു ലഭിച്ച പോസറ്റീവ് കമന്റുകൾ. ഇനി മുന്നോട്ടും അതുണ്ടാകുമെന്നാണ് പ്രതീക്ഷ. 

സ്നേഹ: പ്രേക്ഷകരുടെ ആ ഇഷ്ടം തന്നെയാണ് ഞങ്ങളുടെ നിലനിൽപ് എന്നു പറയുന്നത്. ആ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ അഭിനേതാക്കൾ എന്ന രീതിയിൽ അറിയപ്പെടില്ലായിരുന്നു. ഇനിയങ്ങോട്ടും നിങ്ങളുടെ വീട്ടിലെ ആൾക്കാരായി ഞങ്ങളെ സ്വീകരിക്കണം.

English Summary : Sneha Sreekumar, Ps Sreekumar reveals their love story, Video Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA