ADVERTISEMENT

എന്താണ് കാര്യമെന്ന് അറിയില്ല. മൊത്തത്തില്‍ മനസ്സിനൊരു സന്തോഷം തോന്നുന്നില്ല. നിത്യജീവിതത്തില്‍ ഇത്തരമൊരു പ്രശ്‌നം നമുക്ക് എല്ലാവര്‍ക്കും ചിലപ്പോള്‍ തോന്നിയിട്ടുണ്ടാകും. എന്നാല്‍ മനശാസ്ത്രജ്ഞയായ കരോളിന്‍ മുള്ളറിന്റെ അഭിപ്രായത്തില്‍ ഇത്തരത്തിലുള്ള സന്തോഷക്കുറവിന് അഞ്ച് കാരണങ്ങളാകാം പ്രധാനമായും ഉണ്ടാവുക.

 

വര്‍ത്തമാനകാലത്തില്‍ ജീവിക്കാതിരിക്കുക

പലരും ഒന്നുകില്‍ ഭൂതകാല ദുഖങ്ങളില്‍ ജീവിക്കുന്നവരാകും. അല്ലെങ്കില്‍ ഭാവിയെ കുറിച്ചുള്ള ആശങ്കകളില്‍ അഭിരമിക്കുന്നവരായിരിക്കും. ഇത് രണ്ടും സന്തോഷത്തെ വേലിക്കപ്പുറം നിര്‍ത്തുന്നു. നടന്ന കാര്യത്തെ പറ്റി കൂടുതലായി ചിന്തിക്കുന്നതും വരാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് വേവലാതിപ്പെടുന്നതും ഒഴിവാക്കി വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ തുടങ്ങിയാല്‍ സന്തോഷം നമ്മെ തേടിയെത്തും. പഴയ കാര്യങ്ങളെ കുറിച്ച് ആലോചിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പഴയ കാലത്തെ സന്തോഷം നിറഞ്ഞ ഓര്‍മ്മകള്‍ അയവിറക്കാം. വേദനപ്പിക്കുന്ന കാര്യങ്ങള്‍ ഒന്നും വേണ്ട. ഭാവി നമ്മുടെ കയ്യിലുള്ള കാര്യമല്ല എന്നതിനാല്‍ അതിനെ പറ്റിയും ഓവറായ ചിന്ത വേണ്ട. 

 

സ്വയം ഇരയായി ചിത്രീകരിക്കുക

''എന്നെ ആര്‍ക്കും ഇഷ്ടമല്ല. എന്നെ എല്ലാവരും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഞാന്‍ എന്തൊക്കെ ചെയ്താലും ഒടുവില്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തും''- ഇത്തരത്തില്‍ സ്വയം ഇരയായി ചിത്രീകരിക്കുന്നത് ഒഴിവാക്കുക. ഒരു കാര്യത്തിലും ജനറലൈസേഷന്‍ അഥവാ സാമാന്യവത്ക്കരണം വേണ്ട. ശരിയായിരിക്കാം. ചിലര്‍ക്ക് നിങ്ങളെ കണ്ണെടുത്താല്‍ കണ്ടുകൂടായിരിക്കും. എന്നു വച്ച് എല്ലാവരും നിങ്ങളെ വെറുക്കുന്നു എന്ന് കരുതരുത്. ആലോചിച്ചു നോക്കിയാല്‍ നിങ്ങളെ ഇഷ്ടപ്പെടുന്നവരും ഈ ലോകത്തുണ്ട് എന്ന് കണ്ടെത്താന്‍ സാധിക്കും. 

 

തനിച്ചായിരിക്കാന്‍ പേടിക്കുക

ചിലരെ കണ്ടിട്ടില്ലേ. അവരിങ്ങനെ ഒരു പ്രണയബന്ധത്തില്‍ നിന്ന് അടുത്ത ബന്ധത്തിലേക്ക് ചാടിക്കൊണ്ടേയിരിക്കും. തെറ്റായ ഒരു പങ്കാളിയെങ്കിലും ഉണ്ടാകുന്നതാണ് ആരും ഇല്ലാതിരിക്കുന്നതിനേക്കാല്‍ നല്ലതെന്ന് അവര്‍ കരുതും. ഫലമോ, സങ്കടം ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല. മുള്ളറുടെ അഭിപ്രായത്തില്‍ എല്ലാവരും ഒറ്റയ്ക്കായിരിക്കുന്നതില്‍ സംതൃപ്തി കണ്ടെത്താന്‍ പഠിക്കണം. നാം തനിച്ചായിരിക്കുന്നത് നമുക്ക് ഒരു പ്രശ്‌നമല്ലാതെയാകണം. അപ്പോള്‍ മാത്രമേ നമുക്ക് ശരിക്കും സന്തോഷം തരുന്ന ഒരു പ്രണയമോ സൗഹൃദമോ ഒക്കെ കണ്ടെത്താന്‍ സാധിക്കൂ. അല്ലാത്തതെല്ലാം വെറുതേ വിരസതയകറ്റാനും ഒറ്റയ്ക്കാകാതെ ഇരിക്കാനും നാം കണ്ടെത്തുന്ന ബന്ധങ്ങളായി പോകും. 

 

ശരീരത്തിന് ആവശ്യമായത് ലഭിക്കുന്നില്ല

നല്ല ഉറക്കം, ആവശ്യത്തിന് ഭക്ഷണം, പോഷകങ്ങള്‍, പോസിറ്റീവായ സ്പര്‍ശനം എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ കാര്യങ്ങള്‍ ലഭിക്കാതെ ഇരുന്നാലും സന്തോഷം ഉണ്ടാകില്ല. മനസ്സിന് സന്തോഷം ലഭിക്കാന്‍ ശരീരത്തെയും കാത്ത് പരിപാലിക്കുക. എപ്പോഴും കോണ്‍ക്രീറ്റ് കാടുകള്‍ കാണാതെ ഇടയ്ക്ക് പുറത്തേക്ക് ഒക്കെ ഇറക്കുക, പ്രകൃതിയുടെ പച്ചപ്പ് കാണുക, യാത്ര പോവുക, വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുക, ജീവിതത്തില്‍ പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധം പുലര്‍ത്തുക എന്നിങ്ങനെ സന്തോഷം തോന്നുന്ന കാര്യങ്ങളില്‍ ബോധപൂര്‍വം ഇടപെടണം. 

 

വികാരങ്ങള്‍ നയിക്കുന്നു

ചിന്തകള്‍ക്ക് പകരം വികാരങ്ങള്‍ക്ക് നിങ്ങളുടെ കടിഞ്ഞാണ്‍ ലഭിക്കുന്നതും പ്രശ്‌നമാണ്. നിങ്ങള്‍ എങ്ങനെ പെരുമാറണമെന്നൊക്കെ വികാരങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. നെഗറ്റീവായ വികാരങ്ങള്‍ നിയന്ത്രണം വിട്ട് പായുമ്പോള്‍ നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷം  നിങ്ങളുടെ കൈയില്ലുണ്ടാകില്ല. 

 

English Summary : What causes unhappiness?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com