ADVERTISEMENT

കയ്യിലൊരു മോതിരവുമായി  കാമുകിക്ക് മുന്നിൽ ഒരു മുട്ട് കുത്തി നിൽക്കുന്ന കാമുകൻ. "എന്നെ നീ വിവാഹം ചെയ്യുമോ?" എന്ന ചോദ്യം കേട്ട് അവിശ്വസനീയതയോടെ വാ പൊത്തി നിൽക്കുന്ന കാമുകി. അപൂർവം ചില സിനിമകളിൽ കാമുകനും കാമുകിയുമായി ഒരു റോൾ വച്ചു മാറ്റം നടക്കാമെങ്കിലും ഈ മുട്ട് കുത്തലിൽ ഒരു മാറ്റവും ഉണ്ടാകില്ല. സിനിമയിലോ ജീവിതത്തിലോ ആകട്ടെ, പ്രപ്പോസൽ സീൻ ആണോ മുട്ടുകുത്തൽ മസ്റ്റാണ്. ഒരു ആചാരം കണക്കെ. പ്രപ്പോസലും മുട്ടു കുത്തലും തമ്മിലുള്ള ബന്ധം എന്താണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

പ്രപ്പോസൽ സമയത്തെ ഈ മുട്ട് കുത്തലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ഉത്ഭവം ഫ്യൂഡൽ കാലഘട്ടത്തിലാണെന്ന് എൻഗേജ്മെൻറ് വെബ്സൈറ്റായ എൻഗേജ്മെൻറ് റിംഗ് ബൈബിൾ പറയുന്നു. കൃത്യമായി പറഞ്ഞാൽ ചക്രവർത്തിമാരും രാജാക്കന്മാരും അവർക്ക് താഴെ പ്രാദേശിക പ്രഭുക്കന്മാരും നാട് വാണ കാലഘട്ടം.

ഗെയിം ഓഫ് തോൺസ് സീരിസിലൊക്കെ നാം കണ്ടിട്ടുള്ളതു പോലെ പ്രഭുക്കന്മാർ അവരുടെ രാജാക്കന്മാരുടെ മുന്നിൽ ആദരവോടെ വാൾ കാൽക്കൽ വച്ച് മുട്ട് കുത്തിയിരുന്നു. അവരുടെ വിശ്വാസ്യതയുടെയും ആദരവിന്റയും അനുസരണയുടെയും അടിമത്തത്തിന്റേയുമൊക്കെ ചിഹ്നമായിരുന്നു ഈ മുട്ട് കുത്തൽ. മതപരമായ ചടങ്ങുകൾക്കും ഈ മുട്ട് കുത്തൽ പതിവായിരുന്നു. അക്കാലത്ത് വിവാഹവും മതവും തമ്മിൽ അഭേദ്യമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്.

അതിനാൽ തന്നെ സമൂഹത്തിൽ മാന്യതയുള്ള  വ്യക്തി ഒരു സ്ത്രീയോട് വിവാഹ അഭ്യർത്ഥന നടത്തുമ്പോൾ രാജാവിനോടോ ദൈവത്തോടോ കാണിച്ചിരുന്ന അതേ ബഹുമാനം അവരോട് പുലർത്തിയിരുന്നു. സ്ത്രീയോടുള്ള തന്റെ കൂറും അചഞ്ചലമായ പ്രേമവും ഒക്കെയാണ് മുട്ടുകുത്തലിലൂടെ പുരുഷൻ പ്രകടിപ്പിച്ചിരുന്നത്. വിവാഹവുമായി ബന്ധപ്പെട്ട മതപരമായ ചടങ്ങുകൾക്കൊപ്പം പ്രപ്പോസൽ മുട്ടുകുത്തലും അങ്ങനെ ഒരാചാരമായി.

അടുത്ത തവണ ഒരാൾ മോതിരവുമായി നിങ്ങളുടെ മുന്നിൽ മുട്ട് കുത്തുമ്പോൾ ഓർക്കുക. ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല; നൂറ്റാണ്ടുകൾ കടന്ന് വന്ന വിശ്വാസ പ്രഖ്യാപനത്തിന്റെ മഹത്തായ ആചാരമാണെന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com