ADVERTISEMENT

ബ്രേക്ക് അപ്പുകള്‍ തീര്‍ച്ചയായും ഹൃദയം തകര്‍ക്കുന്നവയാണ്. നമ്മളെ ആര്‍ക്കും വേണ്ട, ഒന്നിനും കൊള്ളാത്തവരാണ് എന്നിങ്ങനെയുള്ള നെഗറ്റീവ് ചിന്തകളും ഒരു ബ്രേക്ക് അപ്പ് സൃഷ്ടിക്കും. അന്നേ വരെയുള്ള നമ്മുടെ ജീവിതരീതികൾ തെറ്റിക്കുന്ന ബ്രേക്ക് അപ്പിന്റെ വേദന അതിലൂടെ കന്നു പോയവര്‍ക്കു മാത്രമേ മനസ്സിലാക്കാന്‍ സാധിക്കൂ. എന്തു കൊണ്ടാണ് ഒരു പ്രണയബന്ധത്തിന്റെ അവസാനം ഇത്രമാത്രം വേദനാജനകമാകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ.

ബ്രേക്ക് അപ്പ് വേദനയ്ക്ക് ചില ശാസ്ത്രീയ വശങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ശരീരത്തിന് അടിയന്തിര സാഹചര്യം

ബ്രേക്ക് അപ്പ്, പ്രത്യേകിച്ചും പ്രതീക്ഷിക്കാതെ എത്തുന്ന ബ്രേക്ക് അപ്പ് നിങ്ങളെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുള്ള ശരീരത്തിന്റെ ആ പ്രത്യേക തയ്യാറെടുപ്പിലേക്ക് തള്ളി വിടും. ഓടുക അല്ലെങ്കില്‍ പോരാടുക എന്ന ആദിമ മനുഷ്യന്റെ പ്രതികരണാത്മക ചോദന തന്നെ. ഈ സമയത്ത് നമ്മുടെ ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളും ഈ ഓട്ടത്തിനും പോരാട്ടത്തിനും വേണ്ടിയുള്ളതായിരിക്കും. ഇത് നമ്മുടെ ഹൃദയമിടിപ്പേറ്റുകയും വിറയല്‍ ഉണ്ടാക്കുകയും ചെയ്യാം. മസിലുകള്‍ മുറുകുകയും വിശപ്പ് കെടുകയും ദഹനത്തിന് പ്രശ്‌നങ്ങളുണ്ടാകുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. ശരീരം ജാഗ്രതയോടെ ദീര്‍ഘകാലം ഇരുന്ന് കഴിയുമ്പോള്‍ തലവേദനയും വയര്‍ വേദനയും മസില്‍ വേദനയമുമെല്ലാം അനുഭവപ്പെടാം. 

മനസ്സിന്റെ വേദന ശരീരത്തിലേക്ക്

ഒരു ശാരീരിക വേദനയോട് പ്രതികരിക്കുന്ന വിധം തന്നെ ശരീരം ബ്രേക്ക് അപ്പിനോട് പ്രതികരിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിന് ഒരു വേദനയുണ്ടാകുമ്പോള്‍ ഉദ്ദീപിക്കപ്പെടുന്ന തലച്ചോറിലെ ഭാഗങ്ങള്‍ തന്നെ ബ്രേക്ക് അപ്പിന്റെ സമയത്തും പ്രതികരിക്കാന്‍ തുടങ്ങും. ഇതിനാലാണ് ബ്രേക്ക് അപ്പ് മനസ്സിന് മാത്രമല്ല ശരീരത്തിനും ഹൃദയം പൊട്ടുന്ന പോലെയൊക്കെയുള്ള വേദന സമ്മാനിക്കുന്നത്. 

നിങ്ങളുടെ ശരീരം ബ്രേക്ക്അപ്പിനാല്‍ സ്വാധീനിക്കപ്പെട്ടു എന്നു തോന്നിയാൽ ആവശ്യത്തിന് ഉറങ്ങിയും നന്നായി ആഹാരം കഴിച്ചും സാധാരണ ഗതിയിലാക്കാന്‍ ശ്രമിക്കണം. ഉറങ്ങാനോ, കഴിക്കാനോ, ദൈനംദിന കാര്യങ്ങള്‍ ചെയ്യാനോ സാധിക്കാത്ത വിധം ബ്രേക്ക് അപ്പ് നിങ്ങളെ നിശ്ചലനാക്കിയെങ്കില്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. 

തലച്ചോറിന്റെ രസതന്ത്രം മാറും

ഒരാള്‍ ബ്രേക്ക് അപ്പിലൂടെ കടന്ന് പോകുമ്പോള്‍ സന്തോഷവും സുഖവുമായും ബന്ധപ്പെട്ട ന്യൂറോട്രാന്‍സ്മിറ്ററുകളായ ഡോപ്പമിനും സെറോടോണിനുമെക്കെ ഉത്പാദിപ്പിക്കപ്പെടുന്ന തോത് കുറയും. ഇത്തരം ത്വരിതമായ രാസ മാറ്റങ്ങള്‍ക്ക് നിങ്ങളുടെ തലച്ചോര്‍ വിധേയമാകുന്നതിനാല്‍ ഇതിനെ മറികടക്കാന്‍ പിണങ്ങിപ്പോയ വ്യക്തിയുമായി വീണ്ടും ഒന്നിക്കാനുള്ള ത്വര ഉള്ളില്‍ ഉണ്ടാകും. ഈ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ തോതിലുള്ള കുറവ് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വയ്യാത്ത അവസ്ഥ ഉണ്ടാക്കും. ചിലര്‍ക്ക് അതു ഡിപ്രഷനു തന്നെ കാരണമാകാം. ബുദ്ധിമുട്ടേറിയ ബ്രേക്ക് അപ്പിലൂടെ കടന്ന് പോകുമ്പോള്‍ നിങ്ങളുടെ മാനസിക ആരോഗ്യം നിരീക്ഷിക്കാനും  വേണ്ടി വന്നാല്‍ പ്രഫഷണല്‍ സഹായം തേടാനും മറക്കരുത്. 

അതിജീവനത്തിന്റെ ഭാഗം

ചില ജീവിവര്‍ഗ്ഗങ്ങള്‍ക്ക് ഒരുമിച്ച് കഴിയുമ്പോഴാണ് അതിജീവനത്തിന് കൂടുതല്‍ സാധ്യതകളുള്ളത്. സാമൂഹിക ജീവിയായ മനുഷ്യന്റെയും അവസ്ഥ വ്യത്യസ്തമല്ല. അതിനാല്‍ തന്നെ നമ്മുടെ സാമൂഹിക ബന്ധങ്ങളില്‍ ഒന്ന് നഷ്ടപ്പെടുമ്പോള്‍, അത് പ്രണയമാകുമ്പോള്‍ പ്രത്യേകിച്ചും, ശക്തമായ നെഗറ്റീവ് വികാരങ്ങളുണ്ടാകുന്നു. 

ബ്രേക്ക് അപ്പ് വേദനയുടെ ഒരു കാരണം ഇത്തരത്തില്‍ നമ്മുടെ പരിണാമത്തില്‍ തന്നെ ഒളിഞ്ഞു കിടപ്പുണ്ട്. ഒരു സംഘത്തില്‍ നിന്നോ സാമൂഹിക വൃത്തത്തില്‍ നിന്നോ തിരസ്‌കൃതനാകുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ പാര്‍പ്പിടവും ഭക്ഷണവും എല്ലാം നഷ്ടപ്പെടുത്തി അവന്റെ അതിജീവനത്തെ അപകടത്തിലാക്കുന്ന ഒന്നാണ്. ബ്രേക്ക് അപ്പിലൂടെ ഒരു ഇണ നഷ്ടപ്പെടുമ്പോഴും മനുഷ്യന്റെയുള്ളില്‍ ഉണരുന്നത് ഈ ആദിമ അതിജീവന ചോദനയാണ്. 

യുക്തിപരമായ വിശദീകരണങ്ങള്‍ ആവശ്യം

ഒരു പ്രണയ ബന്ധം നാം ആസൂത്രണം ചെയ്ത രീതിയില്‍ പോയില്ലെങ്കില്‍ അത് എന്തുകൊണ്ട് എന്നു കണ്ടെത്താന്‍  പലപ്പോഴും ആഗ്രഹമുണ്ടാകും. കാരണങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍ അവ ഭാവിയില്‍ ഒഴിവാക്കാമല്ലോ. പക്ഷേ, പലപ്പോഴും ബ്രേക്ക് അപ്പിനു പിന്നിലെ കാരണങ്ങള്‍ യുക്തി കൊണ്ട് മനസ്സിലാക്കാന്‍ സാധിക്കാറില്ല. അതുകൊണ്ട് നമ്മുടെ തലച്ചോറിന് അതു വിശകലനം ചെയ്യാന്‍ കഴിയില്ല. 

പ്രണയ ബന്ധങ്ങളുടെ സങ്കീര്‍ണ്ണത കാരണം അവ പരാജയപ്പെടുമ്പോള്‍ ഒരിക്കലും യുക്തിക്ക് ബോധ്യമാകുന്ന കാരണങ്ങള്‍ കണ്ടെത്താനാവില്ല. ശരിയായ വിവരങ്ങള്‍ ലഭിക്കാതാകുമ്പോള്‍ പലര്‍ക്കും അവരെ തന്നെ കുറ്റപ്പെടുത്താനുള്ള വാസന ഉണ്ടാകും. കാരണങ്ങള്‍ തേടി വീണ്ടും വീണ്ടും ബ്രേക്ക്അപ്പിലേക്ക് പിന്‍തിരിഞ്ഞ് നടക്കുന്നതും ആ പങ്കാളിയുമായി ഇതേ കുറിച്ച് സംസാരിച്ച് വ്യക്തത വരുത്താന്‍ ശ്രമിക്കുന്നതും വേദന വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ബ്രേക്ക് അപ്പിന്റെ കാരണങ്ങള്‍ കൃത്യമായി കണ്ടു പിടിക്കുന്നത് പലപ്പോഴും അസാധ്യമാണ്. 

നിക്ഷേപം നഷ്ടപ്പെട്ട പോലെ

പ്രണയങ്ങൾ അതിശയകരമാം വിധം സന്തോഷം നല്‍കുന്നവയാണ്. അതേ സമയം നിങ്ങളില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ അവ കവര്‍ന്നെടുക്കുന്നുമുണ്ട്. നമ്മുടെ ജീവിതത്തിലെ മാസങ്ങളും വര്‍ഷങ്ങളും എടുത്താകാം നാം ഒരു ബന്ധത്തില്‍ എത്തിപ്പെടുന്നത്. അത് തകരുക എന്നാല്‍ നമ്മുടെ വികാരപരമായ ഊര്‍ജ്‌വും അതിനുവേണ്ടി ചെലവഴിച്ച ഭൗതിക വിഭവങ്ങളും നഷ്ടമായി എന്നാണ്. 

വികാരങ്ങളുടെയും, ശ്രദ്ധയുടെയും സമയത്തിന്റെയും പണത്തിന്റെയുമൊക്കെ വലിയ നിക്ഷേപമാണ് ഓരോ ബന്ധങ്ങളും. അതിനു വേണ്ടി നാം ചെലവാക്കിയതൊക്കെയും വെറുതേയായി എന്ന ചിന്ത ബ്രേക്ക്അപ്പ് ഉണ്ടാക്കാം. എന്നാൽ ആ പങ്കാളിയുമായുള്ള ബന്ധം മുറിയുമെങ്കിലും അതിലൂടെ നിങ്ങള്‍ക്ക് ലഭിച്ച ഓര്‍മ്മകളും അനുഭവങ്ങളും അമൂല്യമാണെന്ന് ചിന്തിക്കണം. 

ജീവിതം കൂടുതല്‍ ബുദ്ധിമുട്ടാകും

ഒരുമിച്ച് താമസിക്കുന്ന പങ്കാളികളെ സംബന്ധിച്ച് ബ്രേക്ക് അപ്പ് എന്നത് ഒരാളിലേക്ക് കൂടുതല്‍ ജോലിയെത്തുന്നു എന്നതാണ്. ഒരുമിച്ച് അനായാസം ചെയ്തിരുന്ന പലതും ഇനി മുതല്‍ ഒറ്റയ്ക്ക് ചെയ്യുകയെന്നത് ജീവിതം കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കാം. അകലെയിരുന്ന് പ്രേമിക്കുന്നവരെ സംബന്ധിച്ചാണെങ്കില്‍, ചിലര്‍ക്ക് ഓർമകളാണ് പണി തരുക. അതേ വരെ പങ്കാളി ഓര്‍ത്തു വച്ചിരുന്ന നമ്പരുകള്‍, വിലാസങ്ങള്‍, പ്രധാന തീയതികള്‍ തുടങ്ങിയവ സ്വയം ഓര്‍ക്കാൻ തുടങ്ങേണ്ടി വരും. 

ബ്രേക്ക് അപ്പില്‍ നിന്നും ജീവിതം തിരിച്ചു പിടിക്കാനായി അതിനാല്‍ തന്നെ ശാരീരികമായും മാനസികമായും അല്‍പം കൂടുതല്‍ അദ്ധ്വാനിക്കേണ്ടി വരുമെന്ന് ചുരുക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com