sections
MORE

അവർ വീണ്ടുമെത്തി, ഓർമ പൂക്കുന്ന മുത്തശ്ശിമരങ്ങളുടെ തണലിലേക്ക്

HIGHLIGHTS
  • 1967-70 സ്പെഷൽ ബിഎസ്‌സി ഫിസിക്സ് ബാച്ച്
  • 16 പേരാണ് തങ്ങളുടെ ക്യാംപസിലേക്കു തിരിച്ചെത്തിയത്
cms-college-bsc-physics-batch-reunion-after-50-years
SHARE

അരനൂറ്റാണ്ട്! സിഎംഎസ് ക്യാംപസിലെ മുത്തശ്ശിമരങ്ങൾ വാൽസല്യത്തോടെ ആ വരവു കണ്ടുനിന്നു. അരനൂറ്റാണ്ടിനിപ്പുറം അവർ 16 പേർ തിരിച്ചെത്തിയിരിക്കുന്നു. യൗവനത്തിന്റെ ചോരത്തിളപ്പിൽ എന്തു കുസൃതിയും കാട്ടിയിരുന്നവർ, അവരാണ് മടങ്ങിവരുന്നത്. 

1967—70 സ്പെഷൽ ബിഎസ്‌സി ഫിസിക്സ് ബാച്ച്. അവർ 20 പേരായിരുന്നു. സൗഹൃദത്തിന്റെ താളുകളിൽ പേരെഴുതിയിട്ട് ക്യാംപസിൽ നിന്ന് പിരിഞ്ഞവർ. അൻപതു വർഷം കഴിഞ്ഞ് വീണ്ടും കാണുമ്പോൾ രണ്ടുപേർ ജീവിതത്തിൽ നിന്നുതന്നെ യാത്ര പറഞ്ഞിരിക്കുന്നു. രണ്ടു പേർക്ക് ആരോഗ്യപ്രശ്നങ്ങൾ. ബാക്കി 16 പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ക്യാംപസിലേക്കു തിരിച്ചെത്തിയത്. അവരിൽ ഏഴുപേരെത്തിയത് ജീവിതപങ്കാളിക്കൊപ്പമായിരുന്നു. 

ഓർമകളുടേതായിരുന്നു ആ പുനസ്സമാഗമം. ജനുവരി മൂന്നിനായിരുന്നു അത്; കോട്ടയം സിഎംഎസ് കോളജിലെ റവ. ജൊസഫ് ഫെൻ മെമ്മോറിയൽ ഹാളിൽ. ഇപ്പോഴത്തെ പ്രിൻസിപ്പൽ ഡോ. സാം ഡാനിയേൽ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു. ഗവർണർ വരുന്ന ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ അദ്ദേഹം വേഗം മടങ്ങി. തോമസ് ജോൺ, അബ്രഹാം സി തരകൻ എന്നിവരായിരുന്നു പഴയ കൂട്ടുകാരുടെ കൂടിച്ചേരലിനു മുൻകൈയെടുത്തത്. പഴയ അധ്യാപകരിൽ ചിലരും എത്തിയിരുന്നു തങ്ങളുടെ പ്രിയപ്പെട്ട കുട്ടികളെ കാണാൻ. പി.ടി. ജോൺ, പി.കെ ദേവസ്യ, സി.കെ രാജമ്മ, കോശിവർഗീസ് അങ്ങനെ എല്ലാവരും ചേർന്ന് ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ പോയി, ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു, ഓർമകളിലൂടെ കൈകോർത്തു നടന്നു. അവർക്ക് ഓർത്തുപറയാൻ ഏറെയുണ്ടായിരുന്നു. പഴയ കാലം, തമാശകൾ, വഴക്കുകൾ, പരിഭവങ്ങൾ, സ്നേഹങ്ങൾ, കുസൃതികൾ... അവിടെ ആ കൂട്ടുകാർ പഴയ കൗമാരക്കാരായി. അക്കാലത്തെ കഥകൾ പറഞ്ഞുപൊട്ടിച്ചിരിച്ചു. 

സ്പെ‌ഷൽ ബിഎസ്‌സിയിലെ മിടുക്കർ

സ്പെഷൽ ബി എസ് സി ബാച്ചിലെ അംഗങ്ങളായിരുന്നു അവർ. അന്ന് ജനറൽ ബിഎസ്‌സിയും സ്പെഷൽ ബിഎസ്‌സിയും ഉണ്ടായിരുന്നു. നാലോ അഞ്ചോ കോളജിൽ മാത്രമേ സ്പെഷൽ ബിഎസ്‌സി കോഴ്സ് ഉണ്ടായിരുന്നുള്ളൂ. പ്രീഡിഗ്രിക്ക് മികച്ച മാർക്കുള്ള, സയൻസിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഉന്നതവിദ്യാഭ്യാസത്തിനു പോകുന്ന മിടുക്കരായ വിദ്യാർഥികൾക്കുവേണ്ടിയായിരുന്നു ആ കോഴ്സ്. മൂന്നു വർഷത്തിനു ശേഷം ആ കോഴ്സ് നിർത്തുകയായിരുന്നു. കോളജിലെ മൂന്നു ബാച്ചിലെ വിദ്യാർഥികൾക്ക് മാത്രമാണ് സ്പ‌െഷൽ ബിഎസ്‌സി പഠിക്കാൻ സാധിച്ചത്.

old-students

ക്യാംപസിന്റെ മുഖച്ഛായ മാറിയിട്ടില്ല

ഇത്ര കാലത്തിനു ശേഷവും പല കെട്ടിടങ്ങൾക്കും മാറ്റമില്ല. ക്യാംപസ് ഒന്നു മുഖം മിനുക്കിയിട്ടുണ്ട്. എങ്കിലും പഴയ പ്രൗഢിക്കു മാറ്റമൊന്നുമില്ല. രണ്ടുവർഷം മുമ്പും ഇങ്ങനെയൊന്നു കൂടിയിരുന്നു. പഠിച്ചിറങ്ങി 48 വർഷത്തിനു ശേഷമായിരുന്നു ആ കൂടിക്കാഴ്ച. അന്ന് എല്ലാവരും ഒരുമിച്ചു പഴയ ക്ലാസിൽ പോയി ഇരുന്നു, പിന്നെ ബോട്ടിങ് നടത്തി. ഏറെക്കാലത്തിനു ശേഷം കണ്ടതിനാൽ ചിലർക്കു കൂട്ടുകാരുടെ പേര് ഓർത്തെടുക്കാൻ കുറച്ചു സമയമെടുത്തു. എങ്കിലും അരമണിക്കൂറിനുള്ളിൽ അവർ പഴയ കുസൃതിക്കാരായ കുട്ടികളായി. 

ഇക്കുറി ക്ലാസ്മുറിയിലിരിക്കാനായില്ല എങ്കിലും...

ഇത്തവണ വിദേശത്തുള്ളവർക്കും പങ്കെടുക്കാനായി ആറുമാസം മുൻപേ തീയതി തീരുമാനിച്ചിരുന്നു. കോട്ടയം സ്വദേശികൾ രണ്ടുപേർ മാത്രം. പലരും കേരളത്തിലെ മറ്റു ജില്ലകളിൽ. ചിലർ ബെംഗളൂരുവിലും കാനഡയിലും മസ്കറ്റിലുമൊക്കെ. ഇത്തവണ കോളജിൽ ക്ലാസുകൾ നടക്കുന്നതിനാൽ ക്ലാസ് മുറിയിൽ പോയി ഇരിക്കാനായില്ലെന്ന സങ്കടം അവർക്കുണ്ട്. എങ്കിലും ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ മേധാവി ഡോ. റീനു ജേക്കബ് വന്ന് പ്രത്യേകം ക്ഷണിച്ച് ഡിപ്പാർട്ട്മെന്റിലേക്കു കൊണ്ടുപോയി. കൂട്ടായ്മയ്ക്കു ശേഷം പഴയതുപോലെ ഒരു ഗ്രൂപ്പ് ഫോട്ടോയെടുത്തു. 70 ൽ എടുത്ത ഫോട്ടോയിലെ അതേ സ്ഥാനത്തുതന്നെ നിൽക്കാൻ ശ്രമിച്ചുകൊണ്ടായിരുന്നു ഫോട്ടോയെടുപ്പ്. പിന്നെ, 2022 ൽ വീണ്ടും കാണാമെന്ന ഉറപ്പിൽ യാത്ര പറച്ചിൽ. 

ക്യാംപസിലെ മുത്തശ്ശിമരങ്ങൾ കാത്തിരിക്കുകയാണ്, തങ്ങളുടെ പഴയ കുസൃതിക്കാരുടെ തിരിച്ചുവരവിനായി... 

English Summary : Cms college kottaym BSC Physics Batch reunion after 50 years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA