sections
MORE

‘ആദ്യ സിനിമയുടെ പ്രതിഫലം നിർഭയ കേസിലെ ആരാച്ചാരുടെ മകൾക്ക്’

HIGHLIGHTS
  • 5 പെൺമക്കളുടെ അച്ഛനാണ് പവൻ ജല്ലാദ്
  • അദ്ദേഹത്തെ സഹായിക്കേണ്ടത് കടമയാണ്
sukanyeah-krishna-decided-gift-first-remuneration-to-pavan-jallad
SHARE

താൻ ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പ്രതിഫലം നിർഭയ കേസിലെ ആരാച്ചാർ പവൻ ജല്ലാദിന്റെ മകൾക്ക് വിവാഹസമ്മാനമായി നൽകുമെന്ന് നടിയും ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ സുകന്യ കൃഷ്ണ. 2012ൽ നിർഭയ അതിക്രൂരമായ കൊല ചെയ്യപ്പെട്ടതു മുതൽ ആഗ്രഹിക്കുന്ന കാര്യമാണ് പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കണം എന്നത്. അതിനാൽ ശിക്ഷ നടപ്പാക്കാൻ മുന്നോട്ട് വന്ന പവൻ ജല്ലാദിനോട് ഏറെ ബഹുമാനമുണ്ടെന്നും സുകന്യ കൃഷ്ണ പറയുന്നു. ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യം സുകന്യ സംസാരിക്കുന്നു.

ബഹുമാനമാണ് ആ അച്ഛനോട് 

നമ്മുടെ നാട് മുഴുവൻ നിർഭയയെ ഓർത്ത് കരഞ്ഞിട്ടുണ്ട്. ഒടുവിൽ അവൾക്ക് നീതി ലഭിക്കുകയാണ്. വധശിക്ഷ നടപ്പാക്കാൻ ആരാച്ചാരായി പവൻ ജല്ലാദ് എന്നയാൾ മുന്നോട്ട് വന്നിരിക്കുന്നു. അഞ്ചു പെണ്മക്കളുടെ അച്ഛനായ അദ്ദേഹം, ആറാമത്തെ മകളുടെ സ്ഥാനം നിർഭയയ്ക്ക് നൽകുന്നു എന്നാണ് പറഞ്ഞത്. എത്ര വൈകാരികമായാണ് അദ്ദേഹം ശിക്ഷ നടപ്പാക്കുന്നതെന്ന് അതിലൂടെ ഊഹിക്കാം. 

ഈ ജോലിക്ക് കിട്ടുന്ന പ്രതിഫലം കൊണ്ട് മകളുടെ വിവാഹം  നടത്തണം എന്നാണ് അദ്ദേഹം പറഞ്ഞത്. ആ അച്ഛനോട് എനിക്കു ബഹുമാനം തോന്നി. അദ്ദേഹത്തെ സഹായിക്കേണ്ടത് എന്റെയും കടമയാണെന്നു  തോന്നി. അങ്ങനെയാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നതിന് എനിക്ക് ലഭിക്കുന്ന പ്രതിഫലം അദ്ദേഹത്തിനു നല്‍കാമെന്നു തീരുമാനിച്ചത്.

പവൻ ജല്ലാദിലേക്ക്

ഈ തീരുമാനം എടുത്തശേഷം പവൻ ജല്ലാദിന്റെ നമ്പർ കണ്ടെത്തുക എന്നതായിരുന്നു നേരിട്ട വലിയ വെല്ലുവിളി. അതിനായി പരിചയത്തിലുള്ള എല്ലാ മാധ്യമ പ്രവർത്തകരോടും ജയിൽ അധികൃതരോടും സഹായം അഭ്യർഥിച്ചു. എന്നാൽ അതീവ രഹസ്യമായാണ് അദ്ദേഹത്തിന്റെ നമ്പർ സൂക്ഷിച്ചിക്കുന്നത്. എങ്കിലും എന്റെ ഉദ്ദേശ ശുദ്ധി മനസിലാക്കി വിശാൽ എന്ന ഒരു മാധ്യമ സുഹൃത്ത് നമ്പർ സംഘടിപ്പിച്ചു തന്നു. ഉടനെ പവൻ ജല്ലാദിനെ വിളിക്കുകയും ചെയ്തു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ എല്ലാ കോളുകളും അദ്ദേഹം സ്വീകരിക്കുന്നില്ല. പിന്നീട് തിരിച്ചു വിളിക്കുകയാണ് പതിവ് എന്നും അറിഞ്ഞു. അദ്ദേഹത്തിന്റെ വിളിക്കായി കാത്തിരിക്കുകയാണ് ഞാൻ. വിളി വന്നില്ലെങ്കിൽ വീണ്ടും അങ്ങോട്ടു വിളിക്കും. അദ്ദേഹം സമ്മതിച്ചാൽ അന്നു തന്നെ പണം അക്കൗണ്ടിലൂടെ കൈമാറും.

sukanya-krshna

ആരാച്ചാരാകാൻ കഴിഞ്ഞിരുന്നെങ്കിൽ

നിർഭയ കേസ് മാത്രമല്ല, സ്ത്രീകൾക്കെതിരെയുള്ള ഓരോ അക്രമവും ഏറെ വേദനയും അമർഷവും ഉണ്ടാക്കുന്നു. ആർക്കു വേണമെങ്കിലും ആക്രമിക്കാവുന്ന രണ്ടു വിഭാഗങ്ങളാണ് സ്ത്രീകളും ട്രാൻസ്ജെൻഡറുകളും. ആ അവസ്ഥ മാറണം. ഇത്തരം കേസുകളിൽ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിച്ചാൽ മാത്രമേ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയൂ. നിർഭയ കേസിൽ ശിക്ഷ നടപ്പാക്കാൻ ആരാച്ചാരെ കിട്ടുന്നില്ല എന്ന് ആദ്യം കേട്ടപ്പോൾ ആരാച്ചാരാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.

ആദ്യ  സിനിമയെപ്പറ്റി

‘ദ് ക്യാബിൻ’ എന്നാണ് സിനിമയുടെ പേര്. ഒരു മുഴുനീള കഥാപാത്രമാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. ചിത്രീകരണം പുരോഗമിക്കുകയാണ്. ഗുഡല്ലൂരിൽ നിന്നു ചാവക്കാട്ടേക്കുള്ള ഒരു കുടുംബത്തിന്റെ യാത്രയാണ് വിഷയം. ജോയ് മാത്യു, ബിഗ്‌ബോസ് ഫെയിം ഷിയാസ് കരിം, മാമുക്കോയ, കൈലാഷ്, ജാഫർ ഇടുക്കി, നീന കുറുപ്പ്, കുളപ്പുള്ളി ലീല, അംബിക പിള്ള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA