sections
MORE

അമ്മ ഉപേക്ഷിച്ചു, കാവലായി രണ്ടാനമ്മ; ആ ജീവൻ തിരിച്ചുപിടിക്കാൻ മകളുടെ പോരാട്ടം

lathifa-heart-touching-life-fb-post-at-humans-of-bombay
ലത്തീഫ രണ്ടാനമ്മ ലക്ഷ്മിയോടൊപ്പം
SHARE

അമ്മ ഉപേക്ഷിച്ചു പോയപ്പോള്‍ അച്ഛൻ മറ്റൊരു വിവാഹം ചെയ്തു. അപ്രതീക്ഷിതമായി കടന്നു വന്ന രണ്ടാനമ്മയോടൊപ്പം എങ്ങനെ ജീവിക്കണമെന്ന് ഏഴു വയസ്സുകാരി ലത്തീഫയ്ക്ക് അറിയില്ലായിരുന്നു. എന്നാൽ ഉപേക്ഷിച്ചു പോയ പെറ്റമ്മയും മദ്യപിച്ച് ലക്കുകെട്ട് കുടുംബം നോക്കാതെ നടന്ന അച്ഛനും നൽകാത്ത സ്നേഹവും കരുതലും അവൾക്കു ലഭിച്ചത് ആ അമ്മയിൽ നിന്നായിരുന്നു. സ്വന്തം കാലിൽ നിൽക്കാൻ പാകത്തിൽ ലത്തീഫ വളർന്നു. ജീവിതത്തിൽ ബുദ്ധിമുട്ടിയപ്പോഴെല്ലാം ആ അമ്മ അവൾക്കു തണലായി. 

ഇന്ന് ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് ആ അമ്മ. ലക്ഷങ്ങൾ ചെലവാകുന്ന ചികിത്സ. ഈയൊരു ജീവിത സാഹചര്യത്തിൽ ആരും തോറ്റു പോകാം. പക്ഷേ, ലത്തീഫ ഇപ്പോഴും പോരാടുകയാണ് തന്റെ ജീവനായ അമ്മയ്ക്കു വേണ്ടി. 

വേദനയും സന്തോഷങ്ങളും നിറഞ്ഞ, സ്നേഹം നിറഞ്ഞൊഴുകുന്ന ഇവരുടെ ജീവിതം ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫെയ്സ്ബുക്ക് പേജിലാണ് പങ്കുവച്ചത്.

കുറിപ്പ് വായിക്കാം; 

“എന്റെ ഏഴാം വയസ്സിലാണ് അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചതായി അറിഞ്ഞത്. എന്നെ പ്രസവിച്ച അമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ചു പോയിരുന്നു. എനിക്ക് അന്ന് ഒരു കാര്യത്തിലും ഉറപ്പില്ലായിരുന്നു. മാത്രമല്ല, രണ്ടാനമ്മയോടൊപ്പം എങ്ങനെ ജീവിക്കുമെന്ന് അറിയില്ലായിരുന്നു. അവർക്ക് സ്വന്തമായി രണ്ട് പെൺമക്കളുണ്ടായിരുന്നു. പക്ഷെ, ഞാൻ വിചാരിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നു കാര്യങ്ങൾ. 

രണ്ടാനമ്മ എന്റെ സ്വന്തം അമ്മയേക്കാൾ കൂടുതൽ സ്നേഹവും കരുതലും ശ്രദ്ധയും എനിക്ക് നൽകി. അവരുടെ രക്തത്തിൽ പിറന്ന മകളെപ്പോലെ എന്നോടു പെരുമാറി. ഒന്നിലും ഒരു കുറവും വരുത്തിയില്ല. സ്വന്തം പെൺമക്കൾക്ക് നൽകിയതെല്ലാം അവർ എനിക്കും നൽകി. എന്റെ ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസം അവർ ശ്രദ്ധിച്ചു. എന്റെ അച്ഛൻ മദ്യപാനം തുടങ്ങുകയും ഞങ്ങളെ പരിപാലിക്കുന്നത് നിർത്തുകയും ചെയ്തപ്പോൾ അവർ ഒരു പാചകക്കാരിയുടെ ജോലി ഏറ്റെടുത്തു. തുടക്കത്തിൽ അമ്മയ്ക്ക് ശമ്പളമായി കിട്ടിയിരുന്നത് കുറച്ച് ചാക്ക് അരിയായിരുന്നു. ദാരിദ്ര്യത്തിനിടയിലും അമ്മ ഞങ്ങളെ സ്കൂളിൽ ചേർത്തു. അവിടെ ഞങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും ലഭിച്ചു. 

ഒരു മാസം 6000 രൂപ വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ അതിൽ ഭൂരിഭാഗവും അമ്മ ഞങ്ങളുടെ ഭാവിക്കു വേണ്ടി കരുതിവച്ചു. പന്ത്രണ്ടാം ക്ലാസ് വരെ ഞാൻ ആ സ്കൂളിൽ പഠനം തുടർന്നു. പിന്നീട് ഹൈദരാബാദിലെ ഒരു കോൾസെന്ററിൽ ജോലി ലഭിച്ചു. ഞാൻ അവിടേക്ക് താമസം മാറി. എന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും വീട്ടിലേക്ക് അയച്ചു. അവരും എന്റെ സഹോദരിമാരും നല്ല ജീവിതം നയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം എനിക്ക് പിത്തസഞ്ചിയിൽ ഒരു ശസ്ത്രക്രിയ ആവശ്യമായിവന്നു. എന്റെ ജോലി വഴി ലഭിച്ച ഇൻഷുറൻസ് ഉണ്ടായിരുന്നു. ചെലവിന്റെ പകുതിയും ഇൻഷൂറൻസ് തുക വഹിക്കുമായിരുന്നു. പക്ഷേ, ഒരു 40,000 രൂപ കൂടി അന്ന് ആവശ്യമായി വന്നു. എന്തുചെയ്യണമെന്ന് അറിയില്ല, ഞാൻ ശരിക്കും ടെൻഷനിൽ ആയിരുന്നു. അപ്പോഴാണ് സഹായവുമായി എന്റെ രണ്ടാനമ്മ മുന്നോട്ടുവന്നത്. എന്റെ സഹോദരിമാർക്ക് വേണ്ടി അവർ കരുതിയ പണം മുഴുവൻ എനിക്കു വേണ്ടി ചെലവഴിച്ചു. അവരുടെ യഥാർത്ഥ മൂല്യം ഞാൻ തിരിച്ചറിഞ്ഞപ്പോഴാണ്. 

പക്ഷേ, ജീവിതം വീണ്ടും മോശമായി. കുറച്ച് മാസങ്ങൾക്ക് ശേഷം, എന്റെ രണ്ടാനമ്മയ്ക്ക് ഒരു വയറുവേദന പിടിപെട്ടു. കഠിനമായ ജോലി ചെയ്യുന്നതുകൊണ്ടാകാം വേദന എന്ന് ഡോക്ടർ പറഞ്ഞു. ഒരു വേദനസംഹാരി നൽകി വിശ്രമിക്കാൻ പറഞ്ഞു. പക്ഷേ, അതുകൊണ്ടൊന്നും രോഗം മെച്ചപ്പെട്ടില്ല. ഞങ്ങൾ മറ്റൊരു ഡോക്ടറുടെ അടുത്തു ചെന്നപ്പോൾ, അമ്മയുടെ സുഷുമ്‌നാ നാഡിയിൽ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. അതവരെ പതിയെ കൊന്നു കൊണ്ടിരിക്കുകയായിരുന്നു. ലക്ഷങ്ങൾ ചിലവാകുന്ന ശസ്ത്രക്രിയ മാത്രമാണ് ഇനി ഏക ആശ്രയം.  

അവർ ചെന്നൈയിലെ ഒരു ആശുപത്രിയിൽ ചികിത്സതേടി. ചികിത്സയ്ക്കായി ഞങ്ങൾക്ക് ആഭരണങ്ങൾ വിൽക്കേണ്ടി വന്നു. കൂടാതെ സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങി. എന്നിട്ടും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനായില്ല. ഞാനും എന്റെ സഹോദരിമാരും പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല. സഹായം ചോദിക്കാൻ ഞങ്ങൾക്ക് മറ്റാരുമില്ല, പക്ഷേ ഞങ്ങളുടെ അമ്മയെ രക്ഷിക്കാൻ ഞങ്ങൾ എന്തും ചെയ്യും. 

ഞങ്ങൾ കഷ്ടപ്പെടുന്നത് കാണുമ്പോൾ അമ്മ പറയും; ‘‘എന്റെ ചികിത്സയ്ക്കായി പണം ചെലവഴിക്കരുത് ലത്തീഫ. പകരം, നിങ്ങളുടെ ജീവിതത്തിനുവേണ്ടി നിക്ഷേപിക്കൂ.’’ എന്നാൽ അവരില്ലാതെ ഞാൻ ഇത്രയും കാലം അതിജീവിക്കില്ലെന്നും, അവരില്ലാതെ ഞങ്ങൾക്കൊരു ജീവിതവുമില്ലെന്നും അമ്മ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."

English Summary : Lathifas' life shared at humans of bambay

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA