ADVERTISEMENT

ചിത്രകാരനായ വിനയ് ലാലിന്റെ ഇളയ മകന്‍ അനുജാത് സിന്ധു വിനയ് ലാലിനെ തേടി അംഗീകാരങ്ങൾ എത്തുന്നത് ഇത് ആദ്യമല്ല. നാലാം വയസ്സിൽ നിറങ്ങളുടെ ലോകത്തേക്ക് എത്തിയ അനുജാത് 14 വയസ്സിനിടയിൽ കാൻവാസിൽ പകർത്തിയ ചിത്രങ്ങൾ ആരേയും അദ്ഭുതപ്പെടുത്തും. അവന്റെ നേട്ടങ്ങളിലെല്ലാം ഏറ്റവുമധികം സന്തോഷിച്ചതും, അളവില്ലാതെ അവനെ പ്രോത്സാഹിപ്പിച്ചതും അമ്മ സിന്ധു ആയിരുന്നു. എന്നാൽ ഇന്നവന്റെ നേട്ടങ്ങളിൽ സന്തോഷിക്കാന്‍ അമ്മ ഒപ്പമില്ല.

‘എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും’ എന്ന ചിത്രം അനുജാതിന്റെ ചിത്രം ശങ്കേഴ്സ് അക്കാദമി ഓഫ് ആർട് ആൻഡ് ബുക്ക് പബ്ലിഷിങ് സംഘടിപ്പിച്ച് രാജ്യാന്തര മത്സരത്തിൽ അവാർഡ് നേടിയത്. ആ സന്തോഷവാർത്ത തേടിയെത്തിയപ്പോൾ അവനെ ചേർത്തുപിടിക്കാൻ ആ അമ്മ ഉണ്ടായിരുന്നു. എന്നാൽ ആ പുരസ്കാരവും മെഡലും അനുജാത് വേദിയിൽ നിൽക്കുമ്പോൾ അതു കാണാൻ ആ അമ്മ ഇല്ലായിരുന്നു.

നവംബർ മാസത്തിൽ കോഴിക്കോട് മെഡിക്കൽ കോളജില്‍ ചികിത്സയിലിരിക്കെ ആണ് സിന്ധു മരിക്കുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. അനുജാത് വരച്ച നെഹ്റുവിന്റെ ചിത്രമാണ് നവംബർ 14ന് മനോരമയുടെ എഡിറ്റോറിയൽ പേജിൽ ഉള്‍പ്പെടുത്തിയിരുന്നത്. ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ഭാര്യയെ കേരളം മുഴുവൻ കണ്ട മകന്റെ ചിത്രം കാണിച്ച് സന്തോഷിപ്പിക്കാം എന്നു കരുതിയ വിനയ് ലാലിന്റെ കണക്കുകൂട്ടലുകൾ തെറ്റി. അതിനൊന്നും നിൽക്കാതെ സിന്ധു യാത്രയായി.

ഒന്‍പതാം വയസ്സിൽ ‘‘എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും’’ എന്ന ചിത്രം വരയ്ക്കുമ്പോള്‍ മത്സരമോ സമ്മാനമോ അവൻ സ്വപ്നം കണ്ടിരുന്നില്ല. സമ്മാനങ്ങൾക്കു വേണ്ടി വരയ്ക്കാൻ മകനെ ആ മാതാപിതാക്കൾ നിർബന്ധിക്കാറുമില്ല. ആസ്വദിച്ച് വരയ്ക്കുന്നതാണ് അനുജാതിന്റെ ശീലം. അമ്മയോടുള്ള സ്നേഹം മാത്രമയിരുന്നു ആ ഒന്‍പതുകാനെ അന്ന് ചിത്രം വരയ്ക്കാൻ പ്രേരിപ്പിച്ചത്. ഇന്ന് ഒപ്പമില്ലെങ്കിലും ആ സ്നേഹത്തിനാണ് തനിക്കു ലഭിച്ച പുരസ്കാരം അനുജാത് സമർപ്പിക്കുന്നത്.‌

anujath-paint

തൃശൂർ ജില്ലയിലെ കുണ്ടുവാരയാണ് അനുജാതിന്റെ സ്വദേശം. ദേവമാത സിഎംഐ പബ്ലിക് സ്കൂളിലാണ് പഠിക്കുന്നത്. 2014–ൽ പ്രഥമ ക്ലിന്റ് മെമ്മോറിയൽ ഇന്റർനാഷണൽ അവാർഡ് അനുജാതിനായിരുന്നു. അമ്മയുടെ അനുഗ്രഹത്തോടും അച്ഛന്റെ പിന്തുണയോടും കൂടി കല തൊഴിലായി സ്വീകരിക്കാനാണ് അനുജാതിന്റെ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com