ADVERTISEMENT

മലയാള സീരിയിൽ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ജിഷിൻ മോഹനും വരദയും. അഭിനയരംഗത്തും ജീവിതത്തിലും പരസ്പര ബഹുമാനത്തോടെ മുന്നേറുന്ന ഇവര്‍ക്ക് നിരവധി ആരാധകരുണ്ട്. സീരിയൽ സെറ്റിൽ നിന്നു തുടങ്ങിയ പ്രണയം ഇപ്പോൾ ഒരു സ്നേഹക്കൂടായി മാറിയിരിക്കുന്നു. ജിഷിനും വരദയ്ക്കുമൊപ്പം മകൻ ജിയാനും ഇന്ന് ആ കൂട്ടിലെ അംഗമാണ്. വിവാഹം വളരെ വേഗത്തിലായിരുന്നതു കൊണ്ട് ഒരുപാട് പ്രണയിച്ചു നടക്കാനൊന്നും സാധിച്ചില്ല. പക്ഷേ, ഇപ്പോള്‍ ശരിക്കും പ്രണയം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹദിവസം എടുത്ത ചില പ്രതിഞ്ജകളാണ് ജീവിതം ഇത്രയും രസകരമായി മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുന്നതെന്ന് ജിഷിൻ പറയുന്നു. ഇവരുടെ പ്രണയവിശേഷങ്ങൾ ജിഷിന്റെ വാക്കുകളിലൂടെ.... 

ആദ്യ പ്രണയം 

ആദ്യ പ്രണയം എന്നു പറയുമ്പോൾ അത് വരദയാണ് എന്നു തെറ്റിദ്ധരിക്കരുത്. എന്റെ ആദ്യ പ്രണയം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു. പിന്നെ ഓരോ ക്ലാസിലും ഓരോ പ്രണയങ്ങൾ. പത്താം ക്ലാസ് വരെ അങ്ങനെ പോയി. എന്നാൽ അതൊന്നും പ്രണയമല്ല, പ്രായത്തിന്റേതായ ഒരു ആകർഷണം മാത്രമാണ് എന്നറിയാൻ അൽപം വൈകിപ്പോയി. 

jishin-varada-2

കോളജിൽ പഠിക്കുന്ന കാലഘട്ടത്തിൽ വളരെ സീരിയസ് ആയ ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാൽ ചില ചില കാരണങ്ങൾ കൊണ്ട് അത് മുന്നോട്ടു പോയില്ല. ആ പ്രണയം പരാജയം എനിക്ക് എല്ലാവരോടും, പ്രത്യേകിച്ച് പെൺകുട്ടികളോട് ദേഷ്യം തോന്നാന്‍ കാരണമായി. അതെല്ലാം പ്രായത്തിന്റേതായ എടുത്തു ചാട്ടം മാത്രമായിരുന്നു.

പ്രണയ സങ്കൽപം മാറ്റിയ വരദ 

പഞ്ചാരയടി, കറക്കം എന്നിങ്ങനെയുള്ള അപക്വമായ സങ്കൽപമായിരുന്നു പ്രണയത്തെക്കുറിച്ച് എനിക്ക് ഉണ്ടായിരുന്നത്. എന്നാൽ അതെല്ലാം മാറിയത് വരദ ജീവിതത്തിലേക്ക് വന്നതോടെയാണ്. അമല സീരിയലിന്റെ ലൊക്കേഷനും അതിന്റെ ഡയറക്ടറുമാണ് ഞങ്ങളുടെ പ്രണയത്തന് കാരണമായത്. ഷൂട്ട് ഇല്ലാത്ത സമയത്ത് ഞാനും വരദയും സംസാരിച്ചിരിക്കുമായിരുന്നു. ഞങ്ങൾക്ക് ഇഷ്ടമുള്ള പാട്ടുകൾ പലതും ഒന്നായിരുന്നു എന്നതാണ് ഇതിനു കാരണം. അങ്ങനെയിരിക്കുമ്പോഴാണ് ഡയറക്ടർ വരദയ്ക്ക് എന്നോട് എന്തോ പ്രത്യേക താൽപര്യം ഉണ്ടെന്ന് പറയുന്നത്. ഇതു തന്നെ അദ്ദേഹം അവളോടും പറഞ്ഞു. അങ്ങനെ ഞങ്ങൾ പരസ്പരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെയായിരുന്നു ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കം. 

സെറ്റിൽ വാർത്ത പരക്കുന്നു

പരസ്പരം ഇഷ്ടം തുറന്നു പറയുന്നതിനു മുൻപേ ഞങ്ങൾ പ്രണയത്തിലാണ് എന്ന രീതിയിൽ സെറ്റിൽ വാർത്ത പരന്നു. അതോടെ ഞങ്ങൾ സംസാരിക്കാതെയായി. സെറ്റിൽ അവളുടെ കൂടെ മാതാപിതാക്കൾ വരാറുണ്ട്. അങ്ങനെ സംസാരിക്കാൻ സാധിക്കാതെ വന്നതോടെ, എന്നാൽ നമുക്ക് കെട്ടിയാലോ എന്നായി ഞാൻ. അവൾ അതിനു സമ്മതം പറഞ്ഞതോടെ ഞങ്ങളുടെ പ്രണയം ‘ലീഗൽ’ ആയി. പക്ഷേ, അതുകൊണ്ടൊന്നും തീർന്നില്ല. രണ്ടുപേരുടെയും വീട്ടുകാരെയും പറഞ്ഞു സമ്മതിപ്പിക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ സമ്മതം കിട്ടി, ഞങ്ങളുടെ പ്രണയത്തിന്റെ രണ്ടാം ഘട്ടത്തിന് അങ്ങനെ തുടക്കമായി.

jishin-varada-3

ലളിതമായ വിവാഹം

‘അമല’ സീരിയൽ കഴിയും മുന്‍പ് വിവാഹം കഴിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. വലിയ ആർഭാടങ്ങളിലൊന്നും താൽപര്യമില്ലായിരുന്നു. ചടങ്ങുകൾ ലളിതമായി നടത്താൻ തീരുമാനിച്ചു. അങ്ങനെ ആഗ്രഹിച്ചതു പോലെ ഒരു ചടങ്ങിൽ ഞങ്ങൾ വിവാഹിതരായി.

തിരുവനന്തപുരം, തൃശൂർ, എറണാകുളം

തിരുവനന്തപുരത്താണ് ഞങ്ങൾ ജീവിതം തുടങ്ങിയത്. മകൻ ജനിച്ചശേഷം തൃശൂരിലേക്ക് താമസം മാറി. അവിടെ കുഞ്ഞിനെ നോക്കാൻ അമ്മയുണ്ടല്ലോ. വരദ വീണ്ടും അഭിനയിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ എറണാകുളത്തേക്ക് മാറി.

jishin-varada-6

പ്രണയ സമ്മാനങ്ങൾ

ആദ്യ പ്രണയദിനത്തിന് ഞാൻ വരദയ്ക്ക് ഒരു വാച്ച് ആണ് സമ്മാനിച്ചത്. അവൾ എനിക്ക് കാർഡുകള്‍, ഡയമണ്ട് കമ്മൽ എന്നിവ നൽകിയിട്ടുണ്ട്. ആ കമ്മൽ ആണ് ഞാൻ സ്ഥിരമായി ഇടുന്നത്. വരദ സർപ്രൈസിന്റെ ആളാണ്. പിറന്നാൾ ഉൾപ്പടെ എല്ലാ വിശേഷങ്ങളും കൃത്യമായി ഓർത്തു‌വച്ച് ആശംസിക്കും, സമ്മാനങ്ങൾ നൽകും. അതുപോലെ ചെയ്യാൻ എനിക്ക് പലപ്പോഴും സാധിക്കാറില്ല. തലേദിവസം വരെ ഓർത്തുവച്ച് കൃത്യം ആ ദിവസം ഞാൻ പലതും മറക്കും. ഇതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ അടിയും ഇടിയും ഒക്കെ ഉണ്ടാകാറുണ്ട്.

വിവാഹശേഷമുള്ള പ്രണയം

കല്യാണത്തിന് മുൻപ് പ്രണയിക്കാൻ വലിയ അവസരമൊന്നും കിട്ടിയില്ല. രണ്ടു പേരും കരിയറിന്റെ തിരക്കിൽ ആയിരുന്നു. കല്യാണം കഴിഞ്ഞ ഉടൻ മകനുണ്ടായി. പിന്നെയും തിരക്ക്. ഇപ്പോൾ അവൻ കുറച്ചു വലുതായി. ശരിക്കും പറഞ്ഞാൽ ഇപ്പോഴാണ് ഞങ്ങള്‍ പ്രണയിക്കാൻ തുടങ്ങിയത്. രണ്ടുപേർക്കും ഷൂട്ട് ഉള്ളതിനാൽ മാസത്തിൽ മൂന്നോ നാലോ ദിവസമാകും ഒരുമിച്ചുണ്ടാകുക. ആ സമയം ഞങ്ങൾ യാത്രകൾ പോകും. സിനിമയ്ക്ക് പോകും. കഴിയുന്നത്ര ഒരുമിച്ചിരിക്കാൻ ശ്രമിക്കും. പിന്നെ ഇപ്പോൾ ജിയാൻ കൂടി ഉൾപ്പെടുന്നതാണ് ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ. അവന്റെ കുസൃതി ഞാൻ ഏറെ ആസ്വദിക്കും. വരദയ്ക്ക് അക്കാര്യത്തിൽ എന്റെ അത്ര ക്ഷമയില്ല. 

jishin-varada-4

പ്രണയം എന്നെന്നും നിലനിൽക്കാൻ 

പ്രണയം എന്നെന്നും ജീവിതത്തിൽ നിലനിൽക്കണമെങ്കിൽ വഴക്കുകൾ ഒരു ദിവസത്തിനപ്പുറം പോകരുത്. വിവാഹം കഴിഞ്ഞയുടൻ ഞങ്ങൾ എടുത്ത തീരുമാനമായിരുന്നു അത്. എന്നും ഉറങ്ങും മുൻപായി പരസ്പരം കെട്ടിപ്പിടിച്ചു ഒരു ഉമ്മ നൽകണം. വഴക്കിട്ട് ഇരിക്കുമ്പോൾ അതിന് കഴിയില്ലല്ലോ. അതിനാൽ ഏത് വിധേനയും വഴക്ക് മാറ്റിയിട്ട് ഉമ്മയും നൽകിയാണ് ഉറങ്ങാൻ കിടക്കുക. അതിനാൽ ജീവിതത്തിൽ വലിയ വഴക്കുകളില്ല. പരസ്പരം മനസിലാക്കാനും സ്നേഹിക്കാനും ഏറെ സമയമുണ്ട് താനും.

English Summary : Varada - Jishin Love Story, Valentines day special story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com