sections
MORE

ബൈക്ക് റേസിങ്ങിലെ പായും പുലി ഹാരിത് നോഹയുടെ പ്രണയ വിശേഷങ്ങൾ

bike-racer-harith-noah-love-story
SHARE

വേഗത്തെയാണു ഹാരിത് നോഹ ആദ്യം പ്രണയിച്ചത്. റേസിങ് ട്രാക്കിൽ ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾ ഉള്ളിലെ തീയെ വീണ്ടും ജ്വലിപ്പിച്ചു. പതിനാറിന്റെ പടി കടന്നപ്പോൾ റേസിങ് സ്പോർട്ടിനെ മനസ്സാവരിച്ചതോടെ ആദ്യ പ്രണയം സഫലം. പതിനെട്ടാം വയസ്സിൽ 2011 എംആർഎഫ് നാഷനൽ സൂപ്പർ ക്രോസ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയതോടെ ഈ ഷൊർണൂർ സ്വദേശിയുടെ ജീവിതം ശരിക്കും ‘ട്രാക്കിലായി’. പിന്നീട് ടിവിഎസ് റേസിങ് ടീമിന്റെ ഭാഗമായി 7 ദേശീയ ചാംപ്യൻഷിപ്പുകളിൽ കിരീടം നേടിയതോടെ വേഗം ശീലമായി. എന്നാൽ, യഥാർഥ പ്രണയത്തിന്റെ ട്രാക്കിലേക്കു ഹാരിത്തിനെ നയിച്ചത് ഒരു പാലക്കാട്ടുകാരിയാണ്. ഹരിത പ്രകാശ്. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തു ഫ്രീലാൻസറായ ഹരിതയെ ബെംഗളൂരുവിലാണു ഹാരിത് കണ്ടുമുട്ടിയത്.

റാലി റേസിങ്ങിൽനിന്ന് രണ്ടാഴ്ചത്തെ അവധിയെടുത്തു പ്രണയവാരം ആഘോഷിക്കാൻ ഇന്ത്യോനേഷ്യയിലെ ബാലിയിലേക്കു വിമാനം കയറാനാണു ഹാരിതും പ്രണയിനി ഹരിതയും കൊച്ചിയിലെത്തിയത്. പ്രണയദിനമാഘോഷിക്കാൻ കടൽ കടക്കുന്ന മലയാളി പ്രണയികളോ എന്നു വിസ്മയം കൂറുന്നവരോടു ഹാരിത് മറ്റൊരു അപൂർവ പ്രണയത്തിന്റെ കഥ പറയും. പതിറ്റാണ്ടുകൾക്കു മുൻപു പ്രണയസാഫല്യത്തിനായി കടൽ കടന്ന തന്റെ പിതാവ് മുഹമ്മദ് റാഫിയുടെയും ജർമൻകാരി സൂസന്നയുടെയും കഥ!

ഒരു പഴയ പ്രണയ കഥ

കലാമണ്ഡലത്തിൽ കർണാടക സംഗീതം പഠിക്കാനെത്തിയ സൂസന്നയെ മുഹമ്മദ് റാഫി ആദ്യം കാണുന്നതു തന്റെ പിതാവിന്റെ ബേക്കറിയിൽ വച്ചാണ്. പ്രണയം പറഞ്ഞ ശേഷം കണ്ടുമുട്ടലുകൾക്കു വേദിയായതും ബേക്കറി തന്നെ. പിരിയാനാവില്ല എന്നു ബോധ്യമായപ്പോഴേക്കും പഠനം പൂർത്തിയാക്കി സൂസന്നയ്ക്കു ജർമനിയിലേക്കു മടങ്ങേണ്ട സമയമായി. 

ഇതോടെ ജർമനിയിൽ ജോലി ശരിയായി എന്നു വീട്ടിൽ കള്ളം പറഞ്ഞു റാഫിയും വിമാനം കയറി. ഇരുവരും തമ്മിലുള്ള വിവാഹവും ജർമനിയിൽ വച്ചു തന്നെയായിരുന്നു. പിന്നീട് സൂസന്നയോടൊപ്പം നാട്ടിൽ മടങ്ങിയെത്തിയ റാഫി പിതാവിന്റെ ബേക്കറിയുടെ ചുമതലയേറ്റെടുത്തു. സൂസന്നയാകട്ടെ കൃഷിയിലേക്കു തിരിഞ്ഞു. നെല്ലും പച്ചക്കറികളുമൊക്കെ ഇവരുടെ കൃഷിയിടത്തിൽ സുലഭം. നാലു പശുക്കളെയും സൂസന്ന വളർത്തുന്നുണ്ട്. നല്ലൊരു ചിത്രകാരി കൂടിയാണു സൂസന്ന.

റേസിങ് സ്പോർട്ടിനോടുള്ള മുഹമ്മദ് റാഫിയുടെ താൽപര്യമാണു ഹാരിത്തിനെ ഈ രംഗത്തേക്കു നയിച്ചത്. കുട്ടിക്കാലത്ത് അച്ഛൻ മകനു സമ്മാനിച്ചതത്രയും റേസിങ് മത്സരത്തിന്റെ വിഡിയോ കസെറ്റുകളായിരുന്നു. പിന്നീട് 16 വയസ്സിൽ ആദ്യ ബൈക്കു സമ്മാനിച്ചതും അച്ഛൻ തന്നെ. മകന്റെ പ്രണയത്തിനും പ്രണയിനി ഒത്തുള്ള ജീവിതത്തിനും ‘കട്ട സപ്പോർട്ടായി’ മാതാപിതാക്കൾ ഒപ്പമുണ്ട്.  

English Summary : Bike Racer Harith Noah Love Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA