sections
MORE

നികേഷിനും സോനുവിനും എന്നും വാലന്റൈൻസ് ഡേ; സ്പെഷലാണ് ഈ പ്രണയം

gay-couple-nikesh-sonu-velentines-day-special
SHARE

പ്രണയത്തിനു ജാതിയും മതവും സൗന്ദര്യമൊന്നും ബാധകമല്ലെന്നു പറയുമ്പോഴും പ്രണയത്തിലെ  ലിംഗവ്യത്യാസം ചർച്ച ചെയ്യാൻ പോലും നാം മടിക്കാറുണ്ട്. കേരളത്തിലെ ആദ്യത്തെ സ്വവർഗ ദമ്പതികളായ നികേഷും സോനുവും പ്രണയത്തെക്കുറിച്ചും പ്രണയദിനാഘോഷങ്ങളെക്കുറിച്ചും സംസാരിക്കുന്നു. നികേഷ് ഉഷാ പുഷ്കരൻ ബിസിനസുകാരനാണ്. എം.എസ്. സോനു ബിപിഒ സീനിയർ കൺസൽറ്റൻഡാണ്.

ഒരാൾ കുന്നംകുളത്തും മറ്റെയാൾ കൂത്താട്ടുകുളത്തും. ജനിച്ചതും വളർന്നതുമെല്ലാം വ്യത്യസ്ത സാഹചര്യങ്ങളിൽ.  പക്ഷേ, ഞങ്ങളെ രണ്ടുപേരെയും  ഒന്നിപ്പിച്ചതു പ്രണയത്തിന്റെ ശക്തി തന്നെയായിരുന്നു. ഗേയാണെന്നു ചെറുപ്പത്തിലെ ഞങ്ങൾക്കു രണ്ടു പേർക്കും  അറിയാമായിരുന്നു. എന്നാൽ അതു പുറത്തു പറഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചൊക്കെ ഓർത്തു ഭയന്നിട്ടുണ്ട്. പലപ്പോഴും സങ്കടം തോന്നയിട്ടുണ്ട്. മറ്റുള്ളവർ ഇഷ്ടം തുറന്നു പറയുന്ന എളുപ്പത്തിലൊന്നും സ്വവർഗാനുരാഗികൾക്കു അവരുടെ പങ്കാളിയെ കണ്ടെത്താനോ ഇഷ്ടം തുറന്നു പറയാനോ ഒന്നിച്ചൊരു ജീവിതം തുടങ്ങാനോ സാധിക്കില്ല. 

ഒരു ഗേ ഡേറ്റിങ് ആപ് വഴിയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഹായ് എന്ന അഭിസംബോധനയിൽ തുടങ്ങിയ ബന്ധം. അതു വളർന്നു പ്രണയമായി. പിന്നീട് വിവാഹിതരായി.

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്

ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുക. അതായിരുന്നു ഞങ്ങൾക്കിടയിൽ സംഭവിച്ചത്. പക്ഷേ, ആദ്യ കാഴ്ചയിലെ ഇഷ്ടം പ്രണയമാകാനും വിവാഹത്തിലേക്കു വളർത്താനുമൊക്കെ ഞങ്ങൾ ഒരുപാടു സമയം കൊടുത്തു. ആദ്യ കാഴ്ചയിലെ ഇഷ്ടം മാത്രം മതിയാകില്ലല്ലോ ജീവിക്കാൻ. അതിനു പരസ്പരം മനസ്സിലാക്കണം. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയണം. അങ്ങനെ സമയമെടുത്തു പരസ്പരം അറിഞ്ഞ് പിന്നീടെടുത്ത തീരുമാനമാണ് വിവാഹം എന്നത്. ഞങ്ങളുടെ വിവാഹശേഷമുള്ള രണ്ടാമത്തെ പ്രണയദിനമാണ് ഇത്. സത്യത്തിൽ ഞങ്ങൾക്കു എല്ലാ ദിവസവും വാലന്റൈൻസ് ഡേ തന്നെ. പിന്നെ പരസ്പരം സമ്മാനം കൈമാറാൻ ഒരു കാരണം കൂടി. 

പോരാട്ടമിനിയും തുടരും

വിവാഹത്തിനു  തടസ്സങ്ങളേറെയുണ്ടായിരുന്നു. ആരുമറിയാതെയാണ് ഞങ്ങൾ ഗുരുവായൂർ അമ്പലത്തിൽ പോയി മാലയിട്ടത്. ആദ്യമൊക്കെ വീട്ടുകാർക്കു എതിർപ്പുണ്ടായിരുന്നു. ഇപ്പോൾ അവരും ഞങ്ങളെ സ്വീകരിച്ചു.

പക്ഷേ, ഞങ്ങൾക്കിതുവരെ വിവാഹം റജിസ്റ്റർ ചെയ്യാൻ സാധിച്ചിച്ചില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. സെക്​ഷൻ 377 എടുത്തു കളയുന്നതിനു മുൻപാണു ഞങ്ങൾ അമ്പലത്തിൽ പോയി മാലയിട്ടത്. കോടതി വിധി വന്നതിനുശേഷം വിവാഹം റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനുള്ള നിയമമില്ല എന്നായിരുന്നു പ്രതികരണം. വിവാഹത്തിനുള്ള നിയമ സാധുത തേടിയാണ് കേസ് കൊടുത്തിരിക്കുന്നത്.

English Summary : Kerala gay couple Nikesh and Sonu Valentines day special

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA