ADVERTISEMENT

ഫാഷൻ ഡിസൈനർ വെൻഡൽ റോഡ്രിക്സിന്റെ മരണത്തിൽ ദുഃഖം പങ്കുവച്ച് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര. വളരെയധികം കഴിവുള്ള ഒരാളെയാണ് നഷ്ടമായതെന്ന് മധു ചോപ്ര പ്രതികരിച്ചു. അതേസമയം, ഗ്രാമി അവാർഡ്സിൽ പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണത്തെ പരിഹസിച്ചതിൽ റോഡ്രിക്സിനോട് വിരോധം ഉണ്ടായിരുന്നില്ല എന്നും മധു ചോപ്ര വ്യക്തമാക്കി. നേരത്തെ പ്രിയങ്കയുടെ വസ്ത്രധാരണത്തെ റോഡ്രിക്സ് പരിഹസിച്ചതിനെത്തുടർന്ന് മധു ചോപ്ര മറുപടിയുമായി എത്തുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. ഒരു എന്റർടെയൻമെന്റ് പോർട്ടലിനു നൽകിയ അഭിമുഖത്തിലാണ് മധു ചോപ്ര ഇതേക്കുറിച്ച് മനസ്സു തുറന്നത്.

ലൊസാഞ്ചലസിൽ നടന്ന ഗ്രാമി അവാർഡ്സിൽ 2020ൽ റാൾഫ് ആൻഡ് റസ്സോ കലക്‌ഷനിലെ മാസ്റ്റർപീസ് ഡിസൈനർ ഗൗണാണ് പ്രിയങ്ക അണിഞ്ഞത്. ഈ ഗൗണിന്റെ ഇറക്കുമുള്ള കഴുത്താണ് വിവാദങ്ങൾക്കു കാരണമായത്. ഗൗണിന്റെ കഴുത്ത് ലൊസാഞ്ചലസിൽ നിന്ന് ക്യൂബയിലേക്ക് പോകുന്നു എന്നായിരുന്നു റോഡ്രിക്സ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ റോഡ്രിക്സ് പോസ്റ്റ് പിൻവലിച്ചു. താൻ ശരീരഘടനയെ അല്ല വസ്ത്രത്തെയാണ് പരിഹസിച്ചതെന്ന് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. എന്നാൽ പ്രിയങ്കയ്ക്കെതിരെ ഉയർന്ന് വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച മധു പോച്ര, റോഡ്രിക്സിന്റേത് ബോഡി ഷെയിമിങ് ആണെന്നും അതു തുറന്നു സമ്മതിക്കാനുള്ള ധൈര്യം അയാൾക്കില്ലെന്നും പറഞ്ഞു.

എന്നാൽ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് അദ്ദേഹത്തിന്റെ മരണവാർത്തയാണ് പുറത്തു വന്നത്. ഫെബ്രുവരി 12ന് ഗോവയിലെ വസതിയിലായിരുന്നു അന്ത്യം. റോഡ്രിക്സിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ബോളിവുഡിലെയും സാംസ്കാരിക രംഗത്തെയും പ്രമുഖർ വേദന പങ്കുവച്ച് രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് മധു ചോപ്രയും വേദന അറിയിച്ചത്. വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണ്. അത് എല്ലാക്കാലവും അങ്ങനെ തന്നെ നിലനിൽക്കണമെന്നില്ല. റോഡ്രിക്സ് നല്ല മനുഷ്യനായിരുന്നു. പ്രിയങ്ക അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്തായാലും ഫാഷൻ മേഖലയ്ക്ക വലിയൊരു നഷ്ടമാണ് സംഭവിച്ചതെന്നും മധു ചോപ്ര കൂട്ടിച്ചേർത്തു.

English Summary : Priyanka Chopra’s mom Madhu mourns Wendell Rodricks’ death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com