ADVERTISEMENT

വർഷങ്ങളോളം കൊണ്ടുനടന്ന ആത്മാർഥ പ്രണയം തർന്നു തരിപ്പണമായശേഷം ഇനി എന്ത് എന്നു ചിന്തിച്ചു ജീവിതം നശിപ്പിക്കുന്നവരാണ് ഭൂരിഭാഗം പേരും. ചിലർ താടി വളർത്തി പ്രതിഷേധിക്കുമ്പോൾ ചിലർ മദ്യപിച്ച് വിഷമം തീർക്കുന്നു. പെൺകുട്ടികളാണെങ്കിൽ പ്രതിഷേധം വാട്സാപ് ഡിപി മാറ്റിയും വിഷമം നിറയുന്ന സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്തും അറിയിക്കുന്നു. ചിലർ ബ്രേക്കപ് പാർട്ടി നടത്താൻ തിരഞ്ഞെടുക്കുന്ന സ്ഥലം ടിക് ടോക് ആണ്. ഇങ്ങനെ ബ്രേക്കപ് ആഘോഷമാക്കുന്നവർക്കുവേണ്ടിയാണ് ഫെബ്രുവരി 21 ലോക ബ്രേക്കപ് ദിനമായി ആചരിക്കാൻ ഒരു കൂട്ടർ തീരുമാനിച്ചത്. ബ്രേക്കപ് ആഘോഷത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ചില ടിപ്സ്.

∙പ്ലീസ് ബ്ലോക് ദം

ബ്രേക്കപ് ആയിക്കഴിഞ്ഞാലും കാമുകിയോ കാമുകനോ എന്തു ചെയ്യുന്നു എന്നറിയാൻ ആഗ്രിക്കുന്നവരാണ് ഭൂരിഭാഗം പേരും. നേരിട്ടു ചോദിക്കാൻ മടി ആയതിനാൽ അന്വേഷണം മുഴുവൻ നടക്കുന്നത് സമൂഹ മാധ്യമങ്ങൾ വഴി ആണ്. വാട്സാപ് ഡിപിയും സ്റ്റാറ്റസുകളും ലാസ്റ്റ് സീനും മാറി മാറി നോക്കും. വെറുതേ ഇൻസ്റ്റഗ്രാം പ്രൊഫൈൽ എടുത്തു നോക്കും. ഫെയ്സ്ബുക്കിലെ പുതിയ പോസ്റ്റുകൾ നോക്കും. ഇങ്ങനെ മുൻ കാമുകന്റെയോ കാമുകുയുടേയോ ഓരോ ചലനവും സമൂഹമാധ്യമങ്ങൾ വഴി നിരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇതു മനഃശാസ്ത്രപരമായി  തെറ്റാണെന്നാണ് ഒരു കൂട്ടം ഗവേഷകരുടെ വാദം. സമൂഹമാധ്യമങ്ങൾ വഴി പഴയ കാമുകനയോ കാമുകിയേയോ നിരീക്ഷിക്കുന്നതിലൂടെ നമ്മളുടെ മാനസിക സംതുലിതാവസ്ഥ തെറ്റാൻ ഇടയുണ്ട്. അവർ എന്തു ചെയ്യുന്നു എന്നു അറിയാതിരിക്കുമ്പോൾ അത് നമ്മളിലെ ടെൻഷനും സമ്മർദവും വർധിപ്പിക്കും. അതുകൊണ്ടുതന്നെ ബ്രേക്കപ് ആയാൽ അവരെ എല്ലാ സമൂഹ മാധ്യമങ്ങളിലും ബ്ലോക് ചെയ്യാനാണ് പല മനഃശാസ്ത്രജ്ഞരും കൗൺസിലർമാരും ആദ്യം നിർദേശിക്കുന്നത്. 

∙ ആത്മവിശ്വാസം അത്യാവശ്യം

ഒരാളുമായി ബ്രേക്കപ് ചെയ്യാൻ തീരുമാനിക്കുന്നതിനു മുൻപ് 100 തവണ ആലോചിക്കണം. പക്ഷേ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ ഒരിക്കൽ പോലും അതിനെക്കുറിച്ച് ആലോചിക്കാൻ പാടില്ല. നമ്മൾ എടുത്ത തീരുമാനത്തിൽ 100 ശതമാനം ഉറപ്പുണ്ടായിരിക്കണം. തീരുമാനം തെറ്റിപ്പോയോ എന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചാൽ ജീവിതകാലം മുഴുവൻ അത് നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ബ്രേക്കപ് തീരുമാനത്തെക്കുറിച്ച് വീണ്ടും ചിന്തിക്കുന്നത് ഒഴിവാക്കുക. കുറച്ചുകാലത്തേങ്കിലും ബ്രേക്കപ്പുമായി ബന്ധുപ്പെട്ട ജീവിത സന്ദർഭങ്ങളും സിനിമകളും മറ്റും ഒഴിവാക്കാനും ശ്രമിക്കുക.

∙ ഒറ്റയ്ക്കാവരുത്

 ബ്രേക്കപ്പിനു ശേഷം ഒറ്റയ്ക്കിരിക്കാനും ഏകാന്തതയിൽ ജീവിക്കാനും ആഗ്രഹിക്കുന്നവരാണ് കൂടുതൽ. മുറിയടച്ച് ഒറ്റയ്ക്കിരുന്നു കരഞ്ഞ് തീർക്കാനാണ് പിന്നെയുള്ള ജീവിതം എന്നാണ് പലരുടേയും വിചാരം. ഏകാന്തത പലപ്പോഴും നല്ലതാണെങ്കിലും ബ്രേക്കപ്പിനു ശേഷമുള്ള ഏകാന്തര നമ്മളെ മാനസികമായി തകർക്കും. അതുകൊണ്ടുതന്നെ എത്രയൊക്കെ ബുദ്ധിമുട്ടാണെങ്കിലും ബ്രേക്കപ്പിനു ശേഷം കഴിയുന്നതും ഒറ്റയ്ക്കായിപ്പോകുന്ന സന്ദർഭങ്ങൾ ഒഴിവാക്കുക. വീട്ടുകാരോടും കൂട്ടുകാരോടുമൊപ്പം പരമാവധി സമയം ചെലവഴിക്കുക. ബ്രേക്കപ്പിനെക്കുറിച്ച് ആലോചിക്കാൻ പോലും സമയം നൽകാതിരിക്കുക.

∙ കരഞ്ഞോളൂ കുഴപ്പമില്ല

 എല്ലാം ഉള്ളിലൊതുക്കി ജീവിക്കേണ്ടവരല്ല നമ്മൾ. വിഷമങ്ങൾ പറഞ്ഞും കരഞ്ഞും തീർക്കാം. ബ്രേക്കപ്പിനുശേഷം സങ്കടങ്ങൾ കൂട്ടുകാരുമായി പങ്കുവെയ്ക്കാം. വേണമെങ്കിൽ കുറച്ചു സമയം കരഞ്ഞു തീർക്കാം. പക്ഷേ ഒരിക്കൽ കരഞ്ഞാൽ പിന്നെ അതോർത്ത് വീണ്ടും കരയരുത്. ചാർലി ചാപ്ലിൻ പറഞ്ഞതുപോലെ ഒരേ തമാശയ്ക്കു വീണ്ടും വീണ്ടും ചിരിക്കാത്തതുപോലെ ഒരേ സങ്കടമോർത്ത് വീണ്ടും വീണ്ടും കരയാതിരിക്കുക.

∙ പുതിയ ജീവിതം

ബ്രേക്കപ് കഴിഞ്ഞാൽ ഇനി എന്റെ ജീവിതത്തിൽ മറ്റൊരു പങ്കാളിക്കു സ്ഥാനമില്ല എന്നു തീരുമാനിക്കാൻ വരട്ടെ. ഒരു റിലേഷൻഷിപ് വർക്ക് ഔട്ട് ആയില്ലെങ്കിൽ ജീവിതകാലം മുഴുവൻ അതോർത്ത് സിങ്കിൾ ലൈഫ് ജീവിക്കണമെന്നില്ല. വീണ്ടും പുതിയ ബന്ധങ്ങൾക്ക് വഴി തുറക്കാം. നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാം. പരസ്പരം മനസ്സിലാക്കി നല്ല പ്രണയ ബന്ധങ്ങളിലേക്ക് വീണ്ടും വഴുതി വീഴാം. നഷ്ടപ്രണയത്തെയോർത്ത് ജീവിതം നശിപ്പിക്കുന്നതിനു പകരം നല്ല പ്രണയം കണ്ടെത്തി നന്നായി ജീവിക്കാം. എല്ലാ ലവ് സ്റ്റോറീസും ട്രാജഡി ആവണമെന്നില്ലല്ലോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com