ADVERTISEMENT

ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് നിസാര കാര്യമെന്നുമല്ല. ഈ തീരുമാനത്തിലെ ചെറിയൊരു പാളിച്ച പോലും ജീവിതത്തിന്റെ മനസമാധാനവും സന്തോഷവും ഇല്ലാതാക്കും. അമേരിക്കയിലെ ക്ലാര്‍ക്ക് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം അനുസരിച്ച് 18നും 29നും ഇടയിൽ പ്രായമുള്ളവരിൽ 86 ശതമാനം പേരും തങ്ങളുടെ വിവാഹം ജീവിതാവസാനം വരെ നീളണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ, അങ്ങനെ സംഭവിക്കണമെങ്കില്‍ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പിഴവ് വരാന്‍ പാടില്ല. പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പുരുഷന്മാര്‍ സാധാരണ വരുത്തുന്ന അബദ്ധങ്ങള്‍ ഇവയാണ്.

സൗന്ദര്യത്തിന് അമിത പ്രാധാന്യം

കാണാന്‍ സുന്ദരിയായ ഭാര്യ എന്നത് പല പുരുഷന്മാരുടെയും സ്വപ്നമാണ്. എന്നാല്‍ സൗന്ദര്യം പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലുള്ള പ്രഥമ മാനദണ്ഡമാക്കിയാല്‍ മറ്റ് പല പ്രധാന സംഗതികളും വിസ്മരിക്കപ്പെടും. പരസ്പര ബഹുമാനം, കഠിനാധ്വാനം, നല്ല ആശയവിനിമയം എന്നിങ്ങനെ നല്ലൊരു വിവാഹ ജീവിതത്തിന്റെ അടിത്തറപാകുന്ന നിരവധി ഘടകങ്ങളുണ്ട്. സൗന്ദര്യത്തിന് വേണ്ടി ഇവയെല്ലാം ത്യജിക്കുന്നത് ജീവിതകാലം മുഴുവന്‍ നീളുന്ന സങ്കടത്തിന്റെ തുടക്കമാകാം. 

ആശയവിനിമയം

വിവാഹത്തില്‍ മാത്രമല്ല എല്ലാ ബന്ധങ്ങളിലും ആശയവിനിമയം പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പക്വതയോടെ, സമാധാനത്തോടെ പ്രകടിപ്പിക്കുന്ന പങ്കാളികളെയാണ് പുരുഷന്മാര്‍ക്ക് ആവശ്യം. വാക്കുകള്‍ കൊണ്ടുള്ള കൊടിയ പീഡനം വിവാഹജീവിതത്തില്‍ സഹിക്കേണ്ടി വരുന്ന പല പുരുഷന്മാരും ഇന്നുണ്ട്. അതേ സമയം ആശയവിനിമയം അങ്ങോട്ടും ഇങ്ങോട്ടും ഇട്ടിട്ടുള്ള പാലമാണെന്ന ചിന്തയും വേണം. തങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ മാന്യമായ ആശയവിനിമയം ഭാര്യയോട് ഉണ്ടാകണം.

ലൈംഗികാകര്‍ഷണം

ലൈംഗിക ബന്ധത്തിന് വിവാഹജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക പൊരുത്തവും ഗൗരവമായി പരിഗണിക്കപ്പെടണം. ഇത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമുള്ള കാര്യമല്ല. പരസ്പരം ഒരു ആകര്‍ഷണമോ കെമിസ്ട്രിയോ ഇല്ലാത്തവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അത്തരം ബന്ധങ്ങള്‍ക്ക് നിലനിൽപ് ഉണ്ടാകില്ല.

സമാനമായ പശ്ചാത്തലമില്ലാത്തവര്‍

കുടുംബം, കരിയര്‍, രാഷ്ട്രീയം, സംസ്‌കാരം എന്നിവയിലെല്ലാം വളരെ വലിയ വ്യത്യാസങ്ങളുള്ളത് നീണ്ടു നില്‍ക്കുന്ന ദാമ്പത്യത്തിന് ഗുണം ചെയ്യില്ല. ഭാര്യമാരെ തേടുമ്പോള്‍ പല പുരുഷന്മാരും ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാറുണ്ടോ എന്ന് സംശയമാണ്. സമാനമായ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ചേര്‍ന്നു പോകാന്‍ എളുപ്പമായിരിക്കും. 

അടുത്തറിയാന്‍ സമയം നൽകാത്തത്

വിവാഹം കഴിക്കാന്‍ പോകുന്നവരെ അടുത്തറിയേണ്ടത് പ്രധാനമാണ്. പല പുരുഷന്മാരും പ്രഥമ ദര്‍ശനത്തില്‍ തന്നെ സൗന്ദര്യം നോക്കി പ്രണയിക്കാൻ തുടങ്ങുകയോ, വിവാഹത്തിന് സമ്മതിക്കുകയോ ചെയ്യും. പ്രണയത്തില്‍ ഏര്‍പ്പെടാന്‍ എളുപ്പമാണ്. അതില്‍ നിലനിർത്തുക  ‌എന്നതാണ് വെല്ലുവിളി. പങ്കാളിയെ അടുത്തറിയാതെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത് വലിയ അബദ്ധമാണ്. 

English Summary : men make mistakes when choosing marriage partners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com