വിശപ്പകറ്റുന്ന ലങ്കറുകൾ, കരുതലിന്റെ ഗുരുദ്വാരകൾ; സ്നേഹത്തിന്റെ സിഖ് മാതൃക

sikh-faith-and-importance-of-gurudwara-and-langar
SHARE

‘ഞങ്ങൾ മോഡേൺ റിലീജിയനാണ്’– ഇന്ദ്രപ്രീത് കൗർ പറയുകയാണ്.. ‘ഞങ്ങൾക്കറിയാം മനുഷ്യർക്ക് ഭക്ഷണം വളരെ പ്രധാനമാണെന്ന്.’

പതിനൊന്നരയുടെ കോഫിബ്രേക്കിൽ സ്നാക്സ് പങ്കിട്ടു കഴിക്കുകയാണ് ഞങ്ങൾ. ഞാനെന്തു വീട്ടിൽനിന്ന് കൊണ്ടു വന്നാലും അവൾ രുചിച്ച്, ആസ്വദിച്ച് കഴിക്കും. തീരെ പരിചയമില്ലാത്ത നേന്ത്രപ്പഴം പുഴുങ്ങിയതായാലും അങ്ങനെ തന്നെ.

‘നിനക്കറിയാമോ, ഞങ്ങൾക്ക് ഭക്ഷണത്തോടു നിഷേധം പറഞ്ഞു കൂടാ.. അത് വാഹെ ഗുരുവിനോടുള്ള (ദൈവം) നിഷേധമാണ്.

അതെ, അവർ വീണ്ടും കണ്ണു നിറയ്ക്കുകയാണ്. സിഖുകാർ.... കലാപത്തിൽ പകച്ചു നില്ക്കുന്ന സഹോദരങ്ങൾക്ക് തങ്ങളുടെ ഗുരുദ്വാരകളുടെ വാതിലുകൾ തുറന്നിട്ട്,  ഭക്ഷണം വിളമ്പി, നിങ്ങൾക്ക് ഞങ്ങൾ കാവലാകാം എന്ന് വാഗ്ദാനം ചെയ്ത്....

sikhism-5

ലോകത്തിന്റെ ഏതു കോണിലായാലും കലാപത്തിലും ലഹളയിലും പ്രകൃതിദുരന്തങ്ങളിലും അവർ ‘ലങ്കറും’ കൊണ്ടെത്തും. നമ്മുടെ കേരളത്തിലെ പ്രളയത്തിനും ദാലും സബ്ജിയും ചൂടു ചപ്പാത്തിയുമായി അവരുടെ ‘ലങ്കർ’ എത്തിയതോർമയില്ലേ.

ഏറ്റവും പുരാതനമായ  സുമേറിയൻ പ്രാർഥനകൾ പോലും അന്നത്തിനു വേണ്ടിയുള്ള അർഥനകളായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. മിക്ക മതപാരമ്പര്യങ്ങളിലും ഭക്ഷണവും പങ്കുവയ്ക്കലുകളും തുടക്കത്തിൽ വളരെ പ്രധാനമായിരുന്നുവെങ്കിലും കാണെക്കാണെ രൂപകങ്ങൾ മാത്രമായി ചുരുങ്ങിപ്പോയി. അതിനെ ഇപ്പോഴും ഏറ്റവും ‘raw’ (യഥാതഥം) ആയിട്ട് നിലനിർത്തുന്നത് ഒരു പക്ഷേ സിഖുകാർ മാത്രമാണ്.

കഴിഞ്ഞ ഗുരുനാനാക്ക് ജയന്തിക്ക് കുഞ്ഞുങ്ങളുമൊത്ത് ലങ്കറിൽനിന്ന് ഭക്ഷണം കഴിക്കാമെന്നു തീരുമാനിച്ചത് അതുകൊണ്ടാണ്. മക്കൾ ഈ അന്നത്തിന്റെ പാരമ്പര്യവുമായി  പരിചയപ്പെടട്ടെ. 

ഉത്സവമായിട്ട് ഗുരുദ്വാര മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ചെരിപ്പു പുറത്തൂരിയിട്ട് കാലു കഴുകി വേണം ഉള്ളിൽ കയറാൻ. ഇനി തലയിൽ ദുപ്പട്ട വലിച്ചിടുക. മോന് ഒരു തൂവാല കൊണ്ട് തല മൂടിക്കൊടുത്തു.

sikhism-6

നടുത്തളത്തിൽ പീഠത്തിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന 'ഗുരു ഗ്രന്ഥസാഹിബ് ' - ആദി ഗ്രന്ഥമെന്നും പറയും. സിഖ്മതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്. അവരതിനെ ജീവിക്കുന്ന ഗുരുവായി കണ്ടാണ് ആരാധിക്കുക. ‘ഗുരു ബാണി’ മണി കിലുങ്ങുന്ന പോലുള്ള പഞ്ചാബിയിൽ ഈണത്തിൽ ചൊല്ലുന്ന ഗ്രന്ഥി.

(ഗ്രന്ഥിയെന്നാൽ പുരോഹിതനല്ല. വിശുദ്ധ ഗ്രന്ഥം വായിക്കുന്ന ആൾ ആണ്. സ്ത്രീയോ പുരുഷനോ ആകാം. വാഹെ ഗുരുവിനും മനുഷ്യർക്കും ഇടയിൽ ഇടനിലക്കാരില്ലെന്നുള്ള വിശ്വാസമാണവർക്ക്) തളത്തിൽ പടിഞ്ഞിരുന്ന് താളത്തിൽ  തലയാട്ടി പാടുന്നവരിൽ എല്ലാ മതക്കാരും ഉണ്ട്.

വരികയാണെങ്കിൽ അടുക്കളയിൽ കയറി കണ്ടിട്ടു പോകണമെന്ന് കൂട്ടുകാരി രജീന്ദർ കൗർ  പറഞ്ഞിരുന്നു. അവൾക്കിന്ന് അടുക്കളയിലാണ് ശുശ്രൂഷ. എന്തു വൃത്തിയാണ് അടുക്കളയെന്നോ.. ഗോതമ്പിന്റെ  നിറമുള്ള  സർദാർണിമാരും പഗഡിയും  കൃപാണും*1  ധരിച്ച അവരുടെ പുരുഷൻമാരും  ഊഴമിട്ട് ആട്ട കുഴയ്ക്കുകയും പച്ചക്കറി അരിയുകയും ചപ്പാത്തി ചുടുകയും ചെയ്യുന്നു* 2. അവർക്കിത് മതാനുഷ്ഠാനവും ഈശ്വരസേവയുമാണ്. വിയർത്ത് നിന്ന് സൂഖാ റൊട്ടി പൊള്ളിക്കുന്നതിനിടയിൽ രജീന്ദർ  കൈ വീശിക്കാണിച്ചു. ഏറ്റവും ഗുണനിലവാരമുള്ള ധാന്യവും പരിപ്പുവർഗങ്ങളും പച്ചക്കറികളുമാണ് സിഖുകാർ ഗുരുദ്വാരയിലെത്തിക്കുക. പണമായിട്ടല്ല, അടുക്കള സാധനങ്ങളായാണ് ഇവരുടെ കാണിക്ക.

sikhism-3

ഇനി ലങ്കറിൽ നിലത്ത് ചമ്രം പടിഞ്ഞിരിക്കാം. മതി എന്നു പറയുന്നതു വരെ ഇവർ സ്നേഹപൂർവം വിളമ്പും. നല്ല രുചിയാണ് ദാലിനും സബ്ജികൾക്കും. ‘ഖീർ’ എന്നു വിളിക്കുന്ന പാൽപായസവും ഉണ്ട്. വിളമ്പാനും പാത്രം കഴുകാനും അടുക്കള വൃത്തിയാക്കുവാനും ഒക്കെ ആൾക്കാർ ഊഴം കാത്തു നില്ക്കുകയാണ്. അപ്പുറത്ത് ഊരിയിട്ട ചെരിപ്പുകൾ തുടച്ചു കൊടുക്കുന്നു കുറെപ്പേർ. അവരുടെ കൂടെ ബോസിനെ കണ്ടുമുട്ടിയപ്പോൾ ചെറിയൊരു ചമ്മൽ. ബോസിന് പ്രശ്നമൊന്നുമില്ല. ചെരിപ്പു തുടയ്ക്കുന്നതിനിടയിൽ അദ്ദേഹം താടിയുഴിഞ്ഞ് ചിരിക്കുന്നു.

തിരിച്ചു പടിയിറങ്ങുമ്പോൾ വയറു മാത്രമല്ല മനസ്സും നിറഞ്ഞതു പോലെ. ജലാലുദ്ദീൻ റൂമിയുടെ വരികളോർത്തു. ‘Every man is a guest room’... ‘ജീവിക്കുന്ന അതിഥിമന്ദിരമാകുന്ന മനുഷ്യർ’. തലപ്പാവ് കെട്ടി താടി വളർത്തിയ ഈ പരുക്കൻ മനുഷ്യരിൽ ആ വരികൾ കൂടുതൽ പകിട്ടോടെ മുഴങ്ങുന്നതു പോലെ.. ആതിഥ്യമായിരിക്കുമോ വരും കാലത്തിന്റെ ആത്മീയത, ആരാധനാലയങ്ങൾ ഏറ്റവും നല്ല അതിഥിമന്ദിരങ്ങളും..

‘കഠിനമായി ജോലി ചെയ്യുക, സത്യസന്ധമായി അദ്ധ്വാനിച്ചുണ്ടാക്കിയതിന്റെ ഫലം കഴിയുന്നിടത്തോളം പേരുമായി പങ്കു വയ്ക്കുക’ എന്നു പഠിപ്പിച്ചതിന്റെ പ്രായോഗിക പാഠമായി  സിഖ് മതത്തിന്റെ ആദ്യഗുരു ഗുരുനാനാക്കാണ് 1515-ൽ  കർത്താപ്പൂരിൽ (ഇപ്പോൾ പാക്കിസ്ഥാനിൽ) ആദ്യത്തെ ‘ലങ്കർ’ തുടങ്ങിയത്. ഇപ്പോഴവർ അത് ലോകം മുഴുവൻ ചെയ്യുന്നു.

2008-ൽ ലങ്കർ – langar എന്ന പദം ഓക്സ്ഫഡ് ഇംഗ്ലിഷ് ഡിക്‌ഷണറിയിൽ കയറി. പടിഞ്ഞാറൻ ലോകത്ത്  അത്ര പ്രസിദ്ധമാണവരുടെ ലങ്കറുകൾ.

വീടില്ലാത്ത അയ്യായിരത്തിലധികം പേർക്ക് ബ്രിട്ടനിലെ 250 ഗുരുദ്വാരകളിൽ ഭക്ഷണം വിളമ്പുന്നു. ലൊസാഞ്ചലസിലും കാനഡയിലും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ ലങ്കറിൽനിന്ന് കഴിക്കുന്നു. അങ്ങനെ ഒരുപാട്...

sikhism-4

അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ഒരു ദിവസം 50,000 ത്തിനു മീതെ ആൾക്കാർക്ക് ഭക്ഷണം നൽകുന്നു. വിശേഷ ദിവസങ്ങളിൽ ഇത് ഒരു ലക്ഷം വരെയാകുമത്രേ. ലോകത്തിൽ ഏറ്റവുമധികം സന്ദർശകരുള്ള സ്ഥലമാണിത്. ഇറാക്ക് - സിറിയ ബോർഡറിൽ ഐഎസ് അധിനിവേശ പ്രദേശത്ത് ജീവൻ പണയം വച്ചാണവർ യസീദികൾക്കും അസീറിയൻ ക്രിസ്ത്യൻസിനും ഭക്ഷണം വിളമ്പിയത്. പരുക്കേറ്റ മനുഷ്യരെ അണച്ചു പിടിക്കാനീ താടിക്കാർ

എപ്പോഴുമെത്തുന്നു; ലോകത്തിന്റെ നല്ല സമരിയാക്കാരായി, മതമോ വർണമോ ലിംഗമോ നോക്കാതെ. വിശപ്പും വേദനയും എല്ലാ മനുഷ്യർക്കും  ഒരു പോലെയാണെന്നുള്ള പരമമായ സത്യം തിരിച്ചറിഞ്ഞവർ.

അന്നത്തിന്റെ അനന്യതയെ പ്രകാശിപ്പിക്കാൻ അവർ തലമുറകളിലൂടെ കൈമാറുന്ന ഒരു കഥ ഇന്ദ്രപ്രീത് പറഞ്ഞു തന്നു. ഗുരുനാനാക്ക് യാത്ര ചെയ്യുകയായിരുന്നു. ലാലൊ എന്നു പേരുള്ള ഒരു മരപ്പണിക്കാരന്റെ വീട്ടിൽ ലളിതമായ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന അദ്ദേഹത്തെ ആ നഗരത്തിലെ ഗവർണർ മാലിക് ഭാഗോ ആളയച്ച് വിളിപ്പിച്ചു. ആദ്യം നിരസിച്ചുവെങ്കിലും വിളിക്കുവാൻ വന്ന ദൂതന്റെ നിർബന്ധം കാരണം അദ്ദേഹം മാളികയിലെത്തി. പക്ഷേ വിഭവസമൃദ്ധമായ ഭക്ഷണത്തിൽ പങ്കു ചേരാതെ ധ്യാനത്തിലിരുന്നുവത്രേ. അഹങ്കാരം വ്രണപ്പെട്ട മാലിക് അദ്ദേഹത്തെ കുറ്റപ്പെടുത്തി. താണ ജാതിക്കാരനായ ആശാരിയുടെ വീട്ടിൽനിന്ന് കഴിച്ച അങ്ങ് ഏറ്റവും രുചികരവും വിലയേറിയതുമായ എന്റെ ആഹാരം നിരസിച്ചുവല്ലോയെന്ന് കയർത്തു.

എന്താണു കാരണമെന്നു  മനസ്സിലാക്കിത്തരാമെന്നു പറഞ്ഞ ഗുരുജി രണ്ടു വീട്ടിൽ നിന്നും ഓരോ ചപ്പാത്തി കൊണ്ടു വരാൻ പറഞ്ഞു. രണ്ടു കൈകളിലും പിടിച്ച ചപ്പാത്തി അദ്ദേഹം പിഴിഞ്ഞു. ലാലോയുടെ ചപ്പാത്തി പിഴിഞ്ഞപ്പോൾ പാലു വന്നു. പക്ഷേ മാലികിന്റെ ചപ്പാത്തിയിൽനിന്ന് രക്തവും. എല്ലാവരും നടുങ്ങി.

ഗുരുജി പറഞ്ഞു: ‘ലാലോ സത്യസന്ധമായി അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണം അദ്ദേഹത്തിന്റെ ഭാര്യ സ്നേഹത്തോടെ പാകം ചെയ്തു. കരുണയോടും സമർപ്പണത്തോടും കൂടി രണ്ടാളും ചേർന്ന് വിളമ്പി. മാലികിന്റെ ഭക്ഷണമാവട്ടെ വേലക്കാർ ഭയത്തോടെയാണ് പാകം ചെയ്തത്; രുചി കുറഞ്ഞു പോയാൽ യജമാനൻ ശിക്ഷിക്കുമല്ലോ എന്ന പേടിയോടെ..’ സ്നേഹം ചേർത്ത ഭക്ഷണം മാത്രമേ ശരീരത്തിനു ഗുണമാവൂ എന്ന് ഗുരുനാനാക്ക് പറഞ്ഞവസാനിപ്പിച്ചുവത്രേ...

sikhism-0

‘നീയേതെങ്കിലും നാട്ടിൽ എപ്പോഴെങ്കിലും രാത്രിയിൽ ഒറ്റയ്ക്കായിപ്പോയാൽ അടുത്തുള്ള ഗുരുദ്വാരയിലേക്കു പോകണം..’–  ഇന്ദ്ര പ്രീത് പറയുന്നു. ‘രാത്രി ഭക്ഷണവും ഉറങ്ങാനുള്ള സൗകര്യവും സംരക്ഷണവും അവിടെ തീർച്ചയായും ഉണ്ടാവും.’

ചെറിയൊരു കുറ്റബോധത്തിന്റെ വകുപ്പ് തെളിയുന്നുണ്ട്. സ്വയം അന്നമായി വിളമ്പിയ ഒരാളുടെ ദീപ്തമായ ഓർമ കൊണ്ടു കൂടിയാണത്‌...

......................................................................................

*1. സിക്കുകാർ അണിയുന്ന ‘പാഞ്ച് കകാറി’ൽ പെടുന്നവ .

   1– കേശ് : പഗഡി (തലപ്പാവ്) കൊണ്ട് മറയ്ക്കേണ്ട ഒരിക്കലും മുറിക്കാത്ത മുടി)

   2– കട: ഇരുമ്പുവള

   3– കച്ച: പരുത്തി അടിവസ്ത്രം

   4–കങ്ക: മുടി ഒതുക്കുവാൻ മരത്തിന്റെ ചീപ്പ്

   5– കൃപാൺ: സ്വയം പ്രതിരോധത്തിന് ഇരുമ്പു വാൾ

2 * - സിക്ക് വിശ്വാസത്തിൽ സ്ത്രീയും പുരുഷനും തുല്യരാണ്. ഗുരുദ്വാരയിലെ എല്ലാ കർമങ്ങളും അവർ പങ്കിട്ട് ചെയ്യണമെന്നാണ്. ഋതുവായിരിക്കുമ്പോഴും സ്ത്രീകൾക്ക് മതകർമങ്ങൾ അനുഷ്ഠിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA