‘തട്ടീം മുട്ടീം’ ജീവിതത്തിലെ വഴിത്തിരിവ്; മനസ്സുതുറന്ന് ‘മീനാക്ഷിയുടെ ആദിയേട്ടൻ’

thatteem-mutteem-actor-sagar-suryan-interview
SHARE

‘മലയാളികളുടെ കൺമുമ്പിൽ വളർന്ന കുട്ടികൾ’, മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ മീനാക്ഷിക്കും കണ്ണനും ഇതിലും മികച്ച വിശേഷണമില്ല. മോഹനവല്ലിയുടേയും അർജുനന്റേയും മക്കളായി അവർ വളർന്നു. മാത്രമല്ല, പ്രായമായപ്പോൾ മീനാക്ഷി വിവാഹിതയാവുകയും ചെയ്തു. മീനാക്ഷിയുടെ വിവാഹം എന്നു കേട്ടപ്പോൾ ആരായിരിക്കും വരൻ എന്ന കൗതുകമായിരുന്നു പ്രേക്ഷകർക്ക്. ഒടുവിൽ മീനാക്ഷിയുടെ ജീവിതത്തിലേക്ക് ആദി കടന്നു വന്നു. 

പ്രായത്തിനനുസരിച്ച് പക്വതയില്ലാത്ത, ചെറിയ പിടിവാശികളുള്ള, ജോലിക്കു പോകാൻ ഇഷ്ടമില്ലാത്ത ആദിശങ്കരൻ. മീനാക്ഷിക്ക് യോജിച്ച ഭർത്താവാണോ എന്നറിയില്ലെങ്കിലും അർജുനന് യോജിച്ച മരുമകൻ ആണ് ആദി എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് സംശയമില്ലായിരുന്നു. അങ്ങനെ ചിരിപ്പൂരം തീർക്കുന്ന ‘തട്ടീം മുട്ടീം’ കുടുംബത്തിലെ പരിചിത മുഖങ്ങൾക്കിടയില്‍ ആ പുതുമുഖവും സ്ഥാനം പിടിച്ചു. ഇന്ന് ആദി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. ഭാര്യയെ പേടിപ്പിച്ചു നിർത്താനും ബഹുമാനം നേടാനുമൊക്കെ ശ്രമിച്ച് പരാജയപ്പെടുന്ന ഒരു പാവം ഭര്‍ത്താവ്. ‘എടീ മീനാക്ഷീ’ എന്ന ആദിയുടെ വിളി സമൂഹമാധ്യമങ്ങളില്‍ സൂപ്പർഹിറ്റായിരുന്നു. 

സാഗർ സൂര്യ എന്ന തൃശൂര്‍കാരനാണ് ആദിശങ്കരൻ എന്ന കഥാപാത്രമായി എത്തിയത്. ജീവിതത്തിലെ വഴിത്തിരിവ് എന്നാണ് സാഗറിന് ‘തട്ടീം മുട്ടീം’ പരമ്പരയിലെ ആദിയെ കുറിച്ചു പറയാനുള്ളത്. ഭാഗ്യത്തിന്റെ കൂടി പിന്തുണയോടെ തനിക്കു ലഭിച്ച അവസരം. ആ കഥാപാത്രത്തെ ഒരോ ദിവസവും മെച്ചപ്പെടുത്താനും അഭിനയരംഗത്ത് നിലനിൽക്കാനുമുള്ള ശ്രമത്തിലാണ് സാഗർ. പ്രിയതാരത്തിന്റെ വിശേഷങ്ങളിലൂടെ.....

ജീവിതത്തിലെ വഴിത്തിരിവ്

കോയമ്പത്തൂരിൽ നിന്ന് മെഷീൻ ഡിസൈനിങ്ങിൽ പിജി ചെയ്തശേഷം മനസ്സിനൊരു റീഫ്രഷ്മെന്റ് എന്ന നിലയിലാണ് അഭിയം പഠിക്കാൻ തീരുമാനിച്ചത്. കാക്കനാടുള്ള ഒരു സ്ഥാപത്തിൽ ആദ്യം മൂന്നു ദിവസത്തെ ക്യാംപിനു പോയി. അതിൽ പങ്കെടുത്തപ്പോൾ സംഭവം കൊള്ളാമെന്നു തോന്നി. അങ്ങനെ രണ്ടര മാസത്തെ കോഴ്സ് ചെയ്തു. അതോടെ ആത്മവിശ്വാസം ലഭിച്ചു. എനിക്ക് അഭിനയിക്കാന്‍ സാധിക്കുമെന്ന തോന്നലുണ്ടായി. അഭിനയ മേഖലയിൽ തന്നെ നിൽക്കണം എന്നും ആഗ്രഹിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ പരമ്പരയിൽ അഭിനയിക്കാന്‍‍ ആളെ ആവശ്യമുണ്ട് എന്നറിയുന്നത്. ഞാൻ അപേക്ഷിച്ചു. ഒഡീഷനു പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതാണ് ‍എന്റെ ജീവിതത്തിലെ വഴിത്തിരിവ്. 

sagar-suryan-thatteem-mutteem-1

ആരും കൊതിക്കുന്ന തുടക്കം

ഇത്രയും അനുഭവപരിചയമുള്ള അഭിനേതാക്കളോടൊപ്പം കരിയർ തുടങ്ങാൻ അവസരം ലഭിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. ആരും കൊതിക്കുന്ന ഒരു സ്വപ്നസമാനമായ തുടക്കം. ഗംഭീര ആർടിസ്റ്റുകളാണ് എല്ലാവരും. ഒറ്റ ടേക്കിൽ എല്ലാം ശരിയാക്കും. ഇവരോടൊപ്പം പിടിച്ചു നിൽക്കുക എന്നു പറയുന്നത് എന്നപ്പോലെ ഒരു തുടക്കക്കാരന് അത്ര എളുപ്പമൊന്നുമല്ല. ഞാൻ ചിലപ്പോൾ അഞ്ചും ആറും ടേക്ക് ഒക്കെ എടുക്കും. ചിലപ്പഴൊക്കെ ചീത്തയും കേൾക്കാറുണ്ട്. നന്നാക്കാൻ വേണ്ടിയാണ് എന്ന് അതു കഴിഞ്ഞ് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും. എല്ലാവരില്‍ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ട്. 

sagar-suryan-thatteem-mutteem-4

അഭിനയം അത്ര എളുപ്പമല്ല

അഭിനയം എളുപ്പമുള്ള കാര്യമാണ് എന്ന ചിന്ത ഉണ്ടായിരുന്നു. എന്നാൽ ആ ധാരണ ഇപ്പോഴില്ല. മാത്രമല്ല നല്ല കഠിനാധ്വാനവും പരിശ്രമവും വേണമെന്നും തിരിച്ചറിഞ്ഞു. മനസ്സ് എപ്പോഴും ഫ്രഷ് ആയിരിക്കണം. കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് വേണം, സംഭാഷണങ്ങൾ ഓര്‍ത്തുവയ്ക്കാൻ സാധിക്കണം. പിന്നെ സ്വയം മെച്ചപ്പെടുത്തിയും പുതുക്കിയും മുന്നോട്ടു പോകണം. നമ്മുടെ സംസാരശൈലി, ശബ്ദത്തിന്റെ ഉപയോഗം ഇതിനെല്ലാം അഭിനയത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. പലകാര്യങ്ങളും അനുഭവത്തിലൂടെ മാത്രമേ പഠിക്കാനാവൂ. ഇങ്ങനെയുള്ള നിരവധി തിരിച്ചറിവുകൾ ഉണ്ടാവുകയും അഭിനയത്തോട് കൂടുതൽ പാഷന്‍ തോന്നുകയും ചെയ്തു. 

sagar-suryan-thatteem-mutteem-3

ഇനി അഭിനയം തന്നെ ജീവിതം

ലഭിച്ച അവസരത്തിന്റെ പ്രാധാന്യം എനിക്കിപ്പോൾ നന്നായി അറിയാം. അഭിനയമോഹവുമായി, ഒരു അവസരം സ്വപ്നം കണ്ട് നടക്കുന്ന നിരവധിപ്പേർ ചുറ്റിലുമുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിലാണ് എനിക്ക് ഈ അവസരം ലഭിക്കുന്നത്. അഭിനയത്തിൽ ഒരു നല്ല കരിയർ രൂപപ്പെടുത്തുക എന്നതാണ് ഇപ്പോഴുള്ള സ്വപ്നം. അതിനുവേണ്ടി തീവ്രമായി പരിശ്രമിക്കുന്നുമുണ്ട്.

പുതിയ അവസരങ്ങൾ

തട്ടീം മുട്ടീമിലെ പ്രകടനം കണ്ടിട്ട് ‘ഉപചാരപൂർവം ഗുണ്ട ജയൻ’ എന്ന സിനിമയിൽ അവസരം കിട്ടി. സൈജു കുറുപ്പ് ആണ് നായകൻ. വൈകാതെ ആ സിനിമ റിലീസിനെത്തും. പിന്നെ ‘ബൈസിക്കിൾ ഭായ്സ്’ എന്നൊരു കോമഡി പ്രോഗ്രാമിലേക്കും വിളിച്ചിട്ടുണ്ട്. കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിക്കുകയും അഭിനയം ജീവിതമാർഗമാക്കാൻ സാധിക്കുകയും വേണം. 

sagar-suryan-thatteem-mutteem2

പ്രേക്ഷകരോട് 

ആദിയെന്ന കഥാപാത്രത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്റേതായ ഒരിടം കണ്ടെത്താൻ ശ്രമിക്കുന്ന ആളാണ് ഞാൻ. എന്നെയും എല്ലാവരും സ്വീകരിക്കണം. എനിക്കും നിങ്ങളുടെ മനസ്സിൽ കുറച്ച് ഇടം തരണം. ഞാൻ ഒരു അഭിനേതാവായി തുടരണമോ എന്നു തീരുമാനിക്കുന്നത് പ്രേക്ഷകരും കൂടിയാണ്. എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു. പണം നൽകിയാലും ലഭിക്കാത്ത സന്തോഷമാണ് പ്രേക്ഷകരുടെ അഭിനന്ദനങ്ങളിലൂടെ ലഭിക്കുക. അത്തരം നിമിഷങ്ങളിൽ വളരെയധികം അഭിമാനം തോന്നും. നമ്മൾ കാരണം ഒരാൾ ചിരിക്കുകയാണെങ്കിൽ അതിലുപരി വേറെ എന്താണു വേണ്ടത്.

കുടുംബം

അച്ഛൻ സുരേന്ദ്രൻ നാട്ടിലൊരു കട നടത്തുകയാണ്. അമ്മ മിനി. ഒരു അനിയനുണ്ട്, സച്ചിൻ. വീട്ടുകാരുടെ പിന്തുണ ലഭിച്ചതു കൊണ്ടാണ് അഭിനയരംഗത്തേക്കു വരാൻ സാധിച്ചത്.

English Summary : Thatteem Mutteem actor Sagar Suryan Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA