ADVERTISEMENT

പ്രശസ്ത അമേരിക്കൻ എഴുത്തുകാരനും തത്വചിന്തകനുമായിരുന്ന റാൽഫ് വൽഡോ എമേഴ്സൻ ഒരു ദിവസം നടക്കാനിറങ്ങിയപ്പോൾ വഴിയരികിൽ കാത്തുനിന്ന ഒരു മധ്യവയസ്കൻ അദ്ദേഹത്തെ തടഞ്ഞു നിർത്തി. ‘നമസ്കാരം റാൽഫ്. എനിക്ക് താങ്കളുടെ ഒരു സഹായം ആവശ്യമുണ്ട്’– അയാൾ‍ പരിഭ്രാന്തിയോടെ പറഞ്ഞു. റാൽഫ് അയോളോട് കാര്യം തിരക്കി. ‘‍എനിക്ക് 50 വയസ്സ് കഴിഞ്ഞു. ഇതുവരെ മനസമാധാനം എന്താണെന്നു ഞാൻ അറിഞ്ഞിട്ടില്ല. എപ്പോഴും ഓരോരോ പ്രശ്നങ്ങൾ എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. പക്ഷേ, താങ്കൾ എപ്പോഴും സന്തോഷത്തോടെ നടക്കുന്നത് ഞാൻ കാണാറുണ്ട്. അന്വേഷിച്ചപ്പോൾ താങ്കളുടെ കയ്യിൽ ഒരു ഹാപ്പിനസ് പിൽ (സന്തോഷമുണ്ടാക്കുന്ന ഗുളിക) ഉണ്ടെന്ന് ആളുകൾ പറഞ്ഞു. ദയവായി എനിക്കു കൂടി അതു തരാമോ?– അയാൾ പറഞ്ഞു നിർത്തിയതും റാൽഫ് അല്പനേരം ചിന്തയിൽ മുഴുകി. ‘അതിനെന്താ, ഞാൻ സഹായിക്കാമല്ലോ? പക്ഷേ എന്റെ കയ്യിൽ പിൽ ഒന്നും ഇല്ല. എന്തു ബുദ്ധിമുട്ടു വരുമ്പോഴും എന്നെ സഹായിക്കുന്ന ഒരാളുണ്ട്. അയാളെ താങ്കൾക്കു ഞാൻ പരിചയപ്പെടുത്താം. ബാക്കി അയാൾ നോക്കിക്കോളും’– റാൽഫ് പറഞ്ഞു. ഇതുകേട്ടതും അയാൾക്ക് സന്തോഷമായി. റാൽഫ് തന്റെ പോക്കറ്റിൽ നിന്നു ഒരു കവർ എടുത്ത് അയാൾക്കു നൽകിയശേഷം നടന്നു നീങ്ങി. കവർ തുറന്നുനോക്കിയ അയാൾ കണ്ടത് ഒരു മുഖം നോക്കുന്ന കണ്ണാടി ആയിരുന്നു. അതിന്റെ അടിയിൽ ‘ നിങ്ങളെ സന്തോഷവാനാക്കാൻ നിങ്ങൾക്കു മാത്രമേ കഴിയൂ, സ്നേഹപൂർവം റാൽഫ് വാൽഡോ എമേഴ്സൻ’ എന്ന് എഴുതിയിരുന്നു.

മോട്ടിവേഷൻ ക്ലാസുകളിലും കൗൺസലിങ് ക്ലാസുകളിലും സ്ഥിരമായി പറഞ്ഞു കേൾക്കുന്ന ‘സന്തോഷക്കഥ’യാണ് റാൽഫിന്റേത്. സ്വന്തം സന്തോഷം തേടി മറ്റുള്ളവരിലേക്ക് ഓടുന്നതിനു മുൻപേ സ്വയം ചോദിക്കൂ. നിങ്ങൾ സന്തുഷ്ടനാണോ? അല്ലെങ്കിൽ എന്തുകൊണ്ട്? ജീവിതം സന്തോഷഭരിതമാക്കാൻ ഇതാ ചില പൊടിക്കൈകൾ..

∙ നമ്മൾ നമ്മളായിരിക്കണം

പരസ്പരം താരതമ്യം ചെയ്തും മത്സരിച്ചുമാണ് ഭൂരിഭാഗം ആളുകളും ജീവിക്കുന്നത്. അവന് അത് ഉണ്ടല്ലോ, ഇവൾക്ക് ഇതുണ്ടല്ലോ തുടങ്ങി അടുത്തയാളുടെ കഴിവുകളിലും നേട്ടങ്ങളിലും അസൂയപ്പെട്ട്, ആകുലപ്പെട്ട് സ്വന്തം സന്തോഷങ്ങൾ നശിപ്പിക്കുന്നവരാണ് നമ്മളിൽ പലരും. സ്വന്തം ന്യൂനതകൾ കണ്ടെത്തി കരയുന്നത് നിർത്തൂ. ചെറുതെങ്കിലും സ്വന്തം കഴിവിൽ സന്തോഷിക്കാൻ ശീലിക്കൂ.

∙ അവർ എന്തുവിചാരിക്കും?

നാളത്തെ സച്ചിൻ തെൻഡുൽക്കറേയും ഐസക് ന്യൂട്ടനേയും ഷാറൂഖ് ഖാനെയും ഇന്നു മുളയിലേ നുള്ളുന്ന ചോദ്യമാണ് അവർ എന്തു വിചാരിക്കും എന്ന ടെൻഷൻ. നമ്മൾ ഏതൊരു കാര്യം ചെയ്യുന്നതിനു മുൻപും ഒരു നൂറു തവണ മറ്റുള്ളവർ എന്തു വിചാരിക്കും എന്നോർത്ത് വ്യാകുലപ്പെടാറുണ്ട്. ഈ ചിന്ത കാരണം പദ്ധതികൾ ഉപേക്ഷിക്കുന്നവരും കുറവല്ല. സ്വന്തം സന്തോഷത്തെയും സമാധാനത്തെയും മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്തയ്ക്കു വിട്ടുകൊടുത്താൽ പിന്നെ നമുക്കുവേണ്ടി ജീവിക്കാൻ എവിടെ സമയം?

∙ ചിരിച്ചുകൊണ്ട് തുടങ്ങാം

ചിരി ആയുസ് വർധിപ്പിക്കുമെന്നു ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതാണ്. ദിവസം ചിരിച്ചുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കൂ. എഴുന്നേറ്റപാടെ നേരെ കണ്ണാടിയുടെ മുന്നിൽ ചെന്ന് അൽപനേരം ചിരിക്കാൻ ശ്രമിക്കൂ. വീട്ടുകാർ നിങ്ങൾക്ക് വട്ടാണെന്നു കരുതുമായിരിക്കും. പക്ഷേ, ചിരിച്ചുകൊണ്ടു തുടങ്ങുന്ന ദിവസം ഏറ്റവും സന്തോഷകരമായ ദിവസമായി മാറുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്.

∙ വ്യായാമം നിർബന്ധം

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നു പറയുന്നതുപോലെ സന്തോഷമുള്ള ശരീരത്തിലേ സന്തോഷമുള്ള മനസ്സുണ്ടാകൂ. ശരീരം എപ്പോഴും ഫിറ്റ് ആണെങ്കിൽ മനസ്സും ഫിറ്റ് ആയിരിക്കും. ദിവസേനയുള്ള വ്യായാമം ശരീരത്തോടൊപ്പം മനസ്സിനെയും ഫ്രഷ് ആയി നിൽക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 

∙ മരുന്നുകൾ ഇല്ല

സന്തോഷം കണ്ടെത്താൻ സത്യത്തിൽ മരുന്നുകൾ ഒന്നും തന്നെ ഇല്ല. നമ്മുടെ സന്തോഷം നമ്മുടെ കൈകളിലാണെന്ന തിരിച്ചറിവാണ് ഏറ്റവും വലുത്. അത് എന്നു മനസ്സിലാക്കുന്നുവോ അന്നുമുതൽ നമ്മളായിരിക്കും ഈ ലോകത്തെ ഏറ്റവും സന്തോഷവനായ വ്യക്തി.

English Summary : Ways to find Happiness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com