ADVERTISEMENT

കോവിഡും വിവാഹമോചനവും തമ്മിൽ എന്തു ബന്ധം? എയ് ഒരു ബന്ധവുമില്ല എന്ന് ഉറപ്പിച്ചു പറയാൻ വരട്ടെ. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വിവിധ പ്രദേശങ്ങളിൽ നിന്നു വരുന്ന വാർത്തകൾ കേട്ടാൽ ചില ബന്ധങ്ങളൊക്കെയുണ്ടന്ന് മനസ്സിലാകും. രാജ്യത്ത് കൊറോണ വ്യാപനം തുടങ്ങിയതു മുതൽ ദിവസേന ഓരോ റജിസ്റ്റർ ഓഫിസുകളിലും കെട്ടുകണക്കിന് ഡിവോഴ്സ് ആപ്ലിക്കേഷനുകളാണ് ലഭിച്ചികൊണ്ടിരിക്കുന്നത്. ചൈനയിലെ പ്രമുഖ മാധ്യമമായ ദ് ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡാസ്യു പ്രവിശ്യയിൽ നിന്നു മാത്രം ഒരു മാസത്തിനുള്ളിൽ 300ൽ അധികം വിവാഹമോചന കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞു. ഒരോ ദിവസവും ഇതേ ആവശ്യവുമായി എത്തുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടാവുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡാസ്യുവിൽ മാത്രമല്ല, ചൈനയിൽ കോവിഡ് രൂക്ഷമായ പല പ്രവിശ്യകളിലും സമാന സ്ഥിതിയാണ് ഉള്ളത്. മാസത്തിൽ ശരാശരി 10ൽ താഴെ വിവാഹമോചന കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ചൈനയിലെ പല പ്രദേശങ്ങളിലും ഇപ്പോൾ ദിനംപ്രതി ശരാശരി 20 മുതൽ 30 കോസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. വിവാഹമോചനങ്ങളുടെ എണ്ണത്തിലെ ഈ അപ്രതീക്ഷിത കുതിച്ചുചാട്ടത്തിന് കാരണങ്ങൾ പലതാണ്.

∙ തൊട്ടരുമ്മിയിരുന്നു മതിയായി

കോവിഡ് വ്യാപനത്തോടെ ചൈന ആഴ്ചകളായി പൊതു അവധിയിലാണ്. ജനങ്ങളെല്ലാം വീട്ടിൽ കഴിയുന്നു. സാധാരണയായി ദിവസം മൂന്നു മണിക്കൂറിൽ മാത്രം ഒരുമിച്ച് ചെലവഴിക്കുന്ന ദമ്പതിമാർ ഇതോടെ ദിവസം മുഴുവൻ ഒന്നിച്ചായി. ഇത്തരത്തിൽ ഒരുമിച്ചിരിക്കുന്ന സമയത്തിലുണ്ടായ വർധനയാണ് വിവാഹമോചനം കൂടാനുള്ള പ്രധാന കാരണമായി അധികൃതർ കാണുന്നത്. സാധാരണ വളരെക്കുറച്ചു സമയം മാത്രം ഒന്നിച്ചു ചെലവഴിക്കാൻ കിട്ടുമ്പോൾ പങ്കാളിയോട് കൂടുതൽ അടുപ്പവും സ്നേഹവും ഉണ്ടാകുന്നു. എന്നാൽ സ്ഥിരമായി ഒന്നിച്ചിരിക്കുമ്പോൾ അത് മടുപ്പിലേക്കും വിരസതയിലേക്കും വഴിമാറുന്നു. ഈ വിരസതയാണ് വിവാഹമോചനത്തിലേക്ക് എത്തുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ചുരുക്കിപ്പറഞ്ഞാൽ അധികമായാൽ അമൃതും വിഷം!

∙ ഞങ്ങൾ അസ്വസ്ഥരാണ്

കോവിഡ് ഭീതിമൂലം വീട്ടിലിരിക്കേണ്ടി വന്നതോടെ പലരും സാമ്പത്തികമായി തകർന്നുപോയി. ഇത് അവരുടെ മാനസിക സംഘർഷം വർധിപ്പിക്കുകയും അപകർഷതാ ബോധത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നതായി മനഃശാസ്ത്ര‍ജ്‍ഞർ പറയുന്നു. സാമ്പത്തിക ഭാരത്തോടൊപ്പം വീട്ടിലെ പ്രശ്നങ്ങൾ കൂടി വരുമ്പോൾ ആളുകൾ അസ്വസ്ഥരാവുകയും ഇതുമൂലം ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ വരെ വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്യുന്നു.

∙ ലോകാവസാനമായോ?

മഹാമാരി വന്നു ലോകം അവസാനിക്കാൻ പോവുകയാണെന്ന ഭയമാണ് ചിലരെ വിവാഹമോചനത്തിനു പ്രേരിപ്പിക്കുന്നതെന്നാണ് മറ്റൊരു രസകരമായ കണ്ടെത്തൽ. ഇത്തരം ഉട്ടോപ്യൻ തിയറികളിൽ വിശ്വസിക്കുന്നവരിൽ ചിലർ ലോകാവസാനത്തിനു മുൻപു എല്ലാം ത്യജിച്ച് ഏകാകിയാവണമെന്നു കരുതുന്നുണ്ടന്നും അതിന്റെ ഭാഗമായി അവർ പങ്കാളിയെ ഉപേക്ഷിക്കുകയാണെന്നും നിരീക്ഷണങ്ങളുണ്ട്. എന്നാൽ ഇവ എത്രമാത്രം വിശ്വാസയോഗ്യമാണെന്നു കണ്ടുതന്നെ അറിയണം.

കോവിഡ് വ്യാപവനം കണക്കിലെടുത്ത് ചൈനയിലെ എല്ലാ ഓഫിസികളും അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഡിവോഴ്സ് ആപ്ലിക്കേഷനിലെ ഈ ഞെട്ടിപ്പിക്കുന്ന പെരുപ്പം കാരണം റജിസ്റ്റാർ ഓഫിസുകളും കുടുംബ കോടതികളും തുറന്നു പ്രവർത്തിക്കേണ്ട സ്ഥിതിയാണ്. ഒരുദിവസം പരമാവധി 10 ഡിവോഴ്സ് കേസുകൾ മാത്രമേ പരിഗണിക്കൂ എന്ന് അധികൃതർ അറിയിച്ചെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിൽ ദിനംപ്രതി ഉണ്ടാകുന്ന വർധന കാരണം ഈ നടപടി പ്രായാഗികമല്ലെന്നും ആക്ഷേപമുണ്ട്.

English Summary : Coronavirus driving divorce rates up in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com